ആഫ്രിക്കൻ വാനത്തിലെ രത്നങ്ങൾ
കെനിയയിലെ ഉണരുക! ലേഖകൻ
ഭൂമധ്യരേഖാ സൂര്യന്റെ ചുട്ടുപൊള്ളുന്ന ചൂടേറ്റ് ആഫ്രിക്കൻ സാവന്ന ഉണങ്ങിക്കരിഞ്ഞു കിടക്കുന്നു. മുൾ മരങ്ങളുടെയും മുള്ളുനിറഞ്ഞ കുറ്റിച്ചെടികളുടെയുമൊക്കെ കൊളുത്തിപ്പിടിക്കുന്ന മുള്ളുകൾ വകഞ്ഞുമാറ്റിക്കൊണ്ട് നാം ആയാസപ്പെട്ട് മുന്നോട്ടു നീങ്ങുകയാണ്.
പെട്ടെന്ന്, മഴവില്ലുപോലെ വർണശബളമായ എന്തോ ഒന്ന് മിന്നിമറയുന്നതു കണ്ട് നാം നിൽക്കുന്നു. വിശ്രമിക്കുന്നതിനായി, പൂത്തുനിൽക്കുന്ന ഒരു അക്കേഷ്യാ വൃക്ഷശാഖയെ ലക്ഷ്യമാക്കി പറന്നുവരുന്ന ഒരു കൊച്ചു പക്ഷിയാണത്. അതിന്റെ വർണശോഭ കണ്ടാൽ കൊച്ചു തൂവലുകൾക്കുള്ളിൽ സൂര്യനെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നു തോന്നും. മലയാളത്തിൽ തേൻകിളി എന്നു പേരുള്ള ഈ ചിറകുള്ള രത്നത്തെ മറ്റു ചില ഭാഷകളിൽ സൂര്യപക്ഷി (sunbird) എന്നു വിളിക്കുന്നത് ഉചിതംതന്നെ.
ലോഹ ദർപ്പണങ്ങൾ
നൂറിലധികം ഇനം തേൻകിളികളുണ്ട്. അവയിൽ മിക്കതും ഉഷ്ണമേഖലാ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. എന്നാൽ അവയെ ഏഷ്യ, ഓസ്ട്രേലിയ, പസഫിക്ക് ദ്വീപുകൾ എന്നിവിടങ്ങളിലും കാണാൻ കഴിയും. തേൻകിളികളുടെ പല ഇനങ്ങൾ ഉള്ളതുപോലെ തന്നെ അവയുടെ സൗന്ദര്യവും വ്യത്യസ്തമാണ്. അവ കടുംചുവപ്പ്, മഞ്ഞ, നീല, പച്ച, താമ്രവർണത്തിന്റെ വകഭേദങ്ങൾ എന്നിങ്ങനെയുള്ള ഉജ്ജ്വല വർണങ്ങളുടെ ഒരു മഴവില്ല് പ്രദർശിപ്പിച്ചുകൊണ്ട് കൊച്ചു ലോഹദർപ്പണങ്ങൾ പോലെ സൂര്യനെ പ്രതിഫലിപ്പിക്കുന്നു.
തേൻകിളികളെ സാധാരണ ഗതിയിൽ അമേരിക്കൻ മൂളിപ്പക്ഷികളുമായി താരതമ്യം ചെയ്യാറുണ്ട്. മൂളിപ്പക്ഷികളെപ്പോലെതന്നെ അവയ്ക്ക് കമനീയമായ വർണശോഭയുണ്ട്. കൂടാതെ രണ്ടു കൂട്ടരും പൂന്തേൻ നുകരുന്നവരാണ്. എന്നാൽ തേൻകിളികൾക്ക് മൂളിപ്പക്ഷികളെക്കാൾ വലിപ്പമുണ്ട്. മാത്രമല്ല അവയ്ക്ക് വടക്കേ അമേരിക്കൻ പകർപ്പുകളെപ്പോലെ പറക്കൽ വൈദഗ്ധ്യവുമില്ല.
പൂവിന്മേലിരുന്ന് നീണ്ടു വളഞ്ഞ കൊക്ക് അതിന്റെ ഗളത്തിലേക്ക് ആഴത്തിൽ ഇറക്കിയാണ് സാധാരണ ഗതിയിൽ തേൻകിളി പൂന്തേൻ നുകരുന്നത്. എന്നാൽ കുഴലാകൃതിയിലുള്ള ഒരു പുഷ്പം അതിന് എത്താൻ പറ്റാത്തത്ര നീളമുള്ളതാണെങ്കിൽ തേൻകിളി പൂവിന്റെ അടിഭാഗം തുളച്ച് തേൻ ഊറ്റിക്കുടിക്കും. പുഷ്പങ്ങളിലും അടുത്തുള്ള ഇലപ്പടർപ്പുകളിലും മറ്റുമിരിക്കുന്ന ചെറുപ്രാണികളെയും അവ അകത്താക്കുന്നു.
പൂവന്മാർ നിപുണരായ ഗായകരാണ്. സ്യുപേർബ് തേൻകിളി, ലോഹക്കഷണങ്ങൾ തമ്മിൽ ഉരസ്സുമ്പോൾ ഉണ്ടാകുന്നതുപോലത്തെ, തുളച്ചുകയറുന്ന റ്റിസ്സ്പ് ശബ്ദമാണ് പുറപ്പെടുവിക്കുന്നതെങ്കിൽ കടുംചുവപ്പു തലപ്പാവുവെച്ച മാലക്കൈറ്റ് തേൻകിളിയുടേത് ശ്രുതിമധുരമായ റ്റ്സിക്ക്-റ്റ്സിക്ക്-റ്റ്സിക്ക്-റ്റ്സിക്ക്-റ്റ്സിക്ക് ട്രീ-ട്രീ-ടുർർർർ എന്ന ശബ്ദമാണ്. അവയുടെ പാട്ടു കേൾക്കുമ്പോഴാണ് ഇടതിങ്ങിയ കുറ്റിക്കാട്ടിൽ അവയുണ്ടെന്ന കാര്യം പലപ്പോഴും അറിയുന്നത്. ഒരിക്കൽ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആഫ്രിക്കൻ പുൽപ്രദേശത്തിന്റെ ഉണങ്ങിക്കരിഞ്ഞ പശ്ചാത്തലത്തിൽ അവ പെട്ടെന്നു കണ്ണിൽ പെടും.
വിസ്മയമുണർത്തുന്നവയല്ലെങ്കിലും പ്രയത്നശാലികൾ
പൂവനെ കാണാനും അവന്റെ ശബ്ദം കേൾക്കാനും രസമാണെങ്കിലും പിടയ്ക്ക് വലിപ്പവും നിറവും കുറവാണ്. അതുകൊണ്ട് പലപ്പോഴും അവൾ പക്ഷിനിരീക്ഷകരുടെയും ഫോട്ടോഗ്രാഫർമാരുടെയും ശ്രദ്ധയിൽ പെടാറില്ല. വാസ്തവത്തിൽ പൂവന്റെ കൂടെയായിരിക്കുമ്പോൾ മാത്രമേ സാധാരണ ഗതിയിൽ അവൾ ശ്രദ്ധിക്കപ്പെടുന്നുള്ളൂ. എന്നാൽ, അവൾക്ക് നിറം കുറവാണെങ്കിലും അതിന്റെയെല്ലാം കുറവു നികത്തുന്നതാണ് അവളുടെ പ്രയത്നശീലം.
കൂടുണ്ടാക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്ന പണിയിൽ അധികവും ചെയ്യുന്നതും സാധാരണ ഗതിയിൽ പിടയാണ്. അവൾ കൂടുകെട്ടലിൽ വ്യാപൃതയായിരിക്കുമ്പോൾ പൂവൻ നുഴഞ്ഞുകയറ്റക്കാരെ അകറ്റാനുള്ള തയ്യാറെടുപ്പോടെ അവിടെ കാവൽനിൽക്കുന്നു.
തൂങ്ങിക്കിടക്കും കൂടുകൾ
തേൻകിളികളുടെ കൂടുകൾ കാണാൻ ഒരു ഭംഗിയുമില്ല. അവ കണ്ടാൽ കാറ്റത്തു പറന്നുവന്ന് അക്കേഷ്യാ മരത്തിന്റെ മുള്ളിൽ ഉടക്കിക്കിടക്കുന്ന ചപ്പുചവറുകളുടെ കഷണങ്ങളാണെന്നേ തോന്നൂ. സസ്യനാരുകൾ നെയ്ത് അല്ലെങ്കിൽ മെടഞ്ഞ് എടുത്തിട്ട് മാറാലകൊണ്ട് ബന്ധിച്ച് ഉണ്ടാക്കുന്ന അവയുടെ കൂട്, കാഴ്ചയ്ക്ക് മഞ്ഞുതുള്ളിയുടെ ആകൃതിയുള്ള ഒരു സോക്സ് തൂങ്ങിക്കിടക്കുന്നതുപോലിരിക്കും. കൂടിന്റെ പുറംവശം ചുള്ളിക്കമ്പുകൾ, ഉണക്കിലകൾ, കൽപ്പായലിന്റെ കഷണങ്ങൾ എന്നിവകൊണ്ട് ഭംഗിയായി അലങ്കരിച്ചിരിക്കും. എല്ലാറ്റിനും പുറമേ, മിക്കപ്പോഴും ഒന്നോ രണ്ടോ നീണ്ട പയറിൻ തോടുകളും വെളിയിൽ തൂക്കിയിടാറുണ്ട്.
കൂടിനുള്ളിൽ പതുപതുത്ത സസ്യഭാഗങ്ങൾ, മാർദവമുള്ള പുല്ല്, തൂവലുകൾ, നേർമയേറിയ മറ്റു വസ്തുക്കൾ എന്നിവ വെക്കുന്നു. കൂടിന്റെ ഒരു വശത്തു മുകളിലായി ചെറിയൊരു ദ്വാരം കാണാം. അതാണ് കൂടിന്റെ പ്രവേശനദ്വാരം. മിക്കപ്പോഴും മുട്ടകൾക്കു മീതെ അടയിരിക്കുന്നത് പിടപ്പക്ഷിയാണ്. നീണ്ട പേരയ്ക്കയുടെ ആകൃതിയിലുള്ള കൂട്ടിനകത്തിരിക്കുമ്പോൾ അവളുടെ നീണ്ടുവളഞ്ഞ കൊക്ക് സാധാരണ ഗതിയിൽ കൂടിന്റെ ദ്വാരത്തിലൂടെ പുറത്തേക്കു തള്ളിനിൽക്കുന്നതു കാണാം. അവൾ ഒരു തവണ ഒന്നോ രണ്ടോ മുട്ടകളിടുന്നു. മുട്ട വിരിയാൻ 14 ദിവസത്തോളമെടുക്കും. കൂടുവിടുന്ന കുഞ്ഞുങ്ങൾക്ക് എല്ലായ്പോഴും തള്ളയെപ്പോലെ മങ്ങിയനിറമായിരിക്കും. എങ്കിലും, ആൺപക്ഷികൾക്ക് പ്രായപൂർത്തി ആകുമ്പോഴേക്കും വർണശോഭയുള്ള തൂവലുകൾ മുളച്ചു വരുന്നു. അങ്ങനെ അവ സൂര്യപക്ഷികളായി തിരിച്ചറിയപ്പെടുന്നു.
തേൻകിളി ബുദ്ധിശക്തിയുള്ള ഒരു രൂപകൽപ്പിതാവിന്റെ ദാനസമൃദ്ധിയുടെയും ബഹുമുഖത്വത്തിന്റെയും മറ്റൊരു ഉദാഹരണം മാത്രമാണ്. അവയുടെ വർണശോഭയും നൈസർഗികമായ പെരുമാറ്റരീതികളും അവയുടെ സ്രഷ്ടാവിനോടുള്ള നമ്മുടെ വിലമതിപ്പ് വർധിപ്പിക്കുന്നു. അതുകൊണ്ട് ബൈബിൾ പിൻവരുന്ന പ്രകാരം കൽപ്പിക്കുന്നവയുടെ കൂട്ടത്തിൽ തേൻകിളികളും പെടുന്നു: ‘ഇഴജന്തുക്കളും പറവജാതികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.’ “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ.” (സങ്കീർത്തനം 148:7, 10; 150:6) ആഫ്രിക്കൻ വാനത്തിലെ ഈ രത്നങ്ങൾ അവയെ രൂപകൽപ്പന ചെയ്ത സ്നേഹവാനായ സ്രഷ്ടാവിനെ സ്തുതിക്കാൻ നമ്മെയെല്ലാം പ്രേരിപ്പിക്കേണ്ടതാണ്.