ആഫ്രിക്കയിലെ കത്തോലിക്കാ സഭ
ഇററലിയിലെ ഉണരുക!ലേഖകൻ
കത്തോലിക്കാ സഭയ്ക്ക് ആഫ്രിക്കയിൽ കോടിക്കണക്കിന് അംഗങ്ങളുണ്ട്, അവിടത്തെ അതിന്റെ പ്രശ്നങ്ങൾ പ്രാധാന്യമുള്ളതാണുതാനും. ആ പ്രശ്നങ്ങളിൽ ചിലതിനെക്കുറിച്ചു ചർച്ച ചെയ്യാൻ 300-ലധികം സഭാനേതാക്കൻമാർ ഈ വർഷമാദ്യം റോമിലെ വത്തിക്കാനിൽ കൂടിവന്നു, ആ പ്രത്യേക കർദിനാൾയോഗം ഒരു മാസം നീണ്ടുനിന്നു.
ലോസെർവാറേറാറെ റോമാനോ റിപ്പോർട്ടു ചെയ്തപ്രകാരം പരിപാടികൾക്കു തുടക്കം കുറിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു: “മുഴു ഭൂഖണ്ഡവും ഉൾപ്പെടുന്ന ആഫ്രിക്കൻ സഭയുടെ ഒരു കർദിനാൾയോഗം ഇന്ന് ആദ്യമായി നടക്കുകയാണ്. . . . ഇന്ന് സെൻറ് പീറേറഴ്സ് ബെസിലിക്കയിൽ ആഫ്രിക്ക മുഴുവനും സന്നിഹിതമാണ്. ആഴമായ വാത്സല്യത്തോടെ റോമിലെ ബിഷപ്പ് ആഫ്രിക്കയെ അഭിവാദനം ചെയ്യുന്നു.”
വർഗീയ യുദ്ധം
പലർക്കും അറിയാവുന്നതുപോലെ, ബുറൂണ്ടി, റുവാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രത്യേകിച്ചും വലുതാണ്. ആ രാജ്യങ്ങളിൽ അധികപങ്കും കത്തോലിക്കരാണ്. അവിടെ നടന്ന വർഗീയ യുദ്ധം ഈ കഴിഞ്ഞ വസന്തത്തിൽ അന്തർദേശീയ വാർത്ത പിടിച്ചുപററി. അവിടെ ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ അയൽക്കാരാൽ അരുങ്കൊല ചെയ്യപ്പെട്ടു. ഒരു ദൃക്സാക്ഷി ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “മുതുകത്തു കൊച്ചുകുട്ടികളെയും പേറിനടക്കുന്ന സ്ത്രീകൾ കൊലപാതകം നടത്തുന്നതു ഞങ്ങൾ കണ്ടു. കുട്ടികൾ കുട്ടികളെ കൊല ചെയ്യുന്നതു ഞങ്ങൾ കണ്ടു.”
നാഷണൽ കാത്തലിക് റിപ്പോർട്ടർ കത്തോലിക്കാ ഭരണനേതൃത്വത്തിന്റെ അതിവേദനയെക്കുറിച്ചു പറയുകയുണ്ടായി. “ആഫ്രിക്കയിലെ കൊച്ചുരാഷ്ട്രത്തിൽ [ബുറൂണ്ടിയിൽ] നടന്ന പോരാട്ടത്തെക്കുറിച്ചുള്ള പുത്തൻ റിപ്പോർട്ടുകൾ കേട്ടപ്പോൾ” പാപ്പായ്ക്കു “‘തീവ്രവേദന തോന്നി’യതായി” അതു പറഞ്ഞു. “അവിടത്തെ ജനസംഖ്യയിലധികവും കത്തോലിക്കരാണ്.”
റുവാണ്ടയിൽ നടന്ന കൂട്ടക്കുരുതികൾ കത്തോലിക്കാ ഭരണനേതൃത്വത്തെ സംബന്ധിച്ചിടത്തോളം അതിലും കൂടുതൽ വിനാശകമായിരുന്നു. “70% കത്തോലിക്കരുള്ള രാഷ്ട്രത്തിലെ നരഹത്യയെ പാപ്പാ അപലപിക്കുന്നു” എന്നതായിരുന്നു അതേ ദിനപത്രത്തിലെ ഒരു തലക്കെട്ട്. ആ ലേഖനം ഇപ്രകാരം അഭിപ്രായപ്പെട്ടു: “ആഫ്രിക്കൻ രാഷ്ട്രത്തിലെ പോരാട്ടത്തിൽ ‘യഥാർഥ നരഹത്യ ഉൾപ്പെടുന്നു, നിർഭാഗ്യകരമെന്നു പറയട്ടെ, അതിനു കത്തോലിക്കർ പോലും ഉത്തരവാദികളാണ്,’ പാപ്പാ പറഞ്ഞു.”
റുവാണ്ടയിലെ കൊടുംക്രൂരതകൾ അരങ്ങേറിയതും ചരിത്രപ്രധാനമായ കത്തോലിക്കാ കർദിനാൾയോഗം റോമിൽ നടന്നതും ഒരേ സമയത്തായതുകൊണ്ട് സ്പഷ്ടമായും ബിഷപ്പുമാരുടെ ശ്രദ്ധ റുവാണ്ടയിലെ സ്ഥിതിവിശേഷത്തിൽ കേന്ദ്രീകരിച്ചിരുന്നു. നാഷണൽ കാത്തലിക് റിപ്പോർട്ടർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “റുവാണ്ടയിലെ പോരാട്ടം ഞെട്ടിക്കുന്ന ഒരു കാര്യമാണു വെളിപ്പെടുത്തുന്നത്: വർഗീയചിന്തയെ മറികടക്കാൻ മതിയായ ആഴത്തിൽ ക്രിസ്തീയ വിശ്വാസം ആഫ്രിക്കയിൽ വേരുപിടിച്ചിട്ടില്ല.”
സമ്മേളിതരായ ബിഷപ്പുമാരുടെ ഉത്കണ്ഠയെ പ്രതിപാദിച്ചുകൊണ്ട് നാഷണൽ കാത്തലിക് റിപ്പോർട്ടർ ഇങ്ങനെ തുടർന്നു പറഞ്ഞു: “കർദിനാൾയോഗത്തോടു സംസാരിക്കവേ നൈജീരിയയിലെ ഓക്കയിലുള്ള ബിഷപ്പായ ആൽബെർട്ട് കാനെൻ ഓബീയെഫ്യൂണ ഈ വിഷയം [വർഗീയചിന്ത] കൈകാര്യം ചെയ്തു.” തന്റെ പ്രസംഗത്തിൽ ഓബീയെഫ്യൂണ ഇങ്ങനെ വിശദീകരിച്ചു: “ഒരു സാധാരണ ആഫ്രിക്കക്കാരൻ കുടുംബജീവിതവും ക്രിസ്തീയ ജീവിതവും നയിക്കുന്നത് തന്റെ വർഗീയ താത്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്.”
ഓബീയെഫ്യൂണ കർദിനാൾയോഗത്തിൽ, റുവാണ്ടയെ മനസ്സിൽ പിടിച്ചുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്നതിനു സംശയമില്ല: “ഈ മനോഭാവം വളരെ വിപുലവ്യാപകമാണ്, അതുകൊണ്ടുതന്നെ ഗൗരവമുള്ള ഒരു തീരുമാനം ചെയ്യേണ്ടിവരുമ്പോൾ, സഭയൊരു കുടുംബം എന്ന ക്രിസ്തീയ പ്രമാണത്തിനല്ല, പിന്നെയോ ‘രക്തം വെള്ളത്തെക്കാൾ കട്ടിയേറിയതാണ്’ എന്ന പഴഞ്ചൊല്ലിനാണു മുൻഗണന എന്ന് ആഫ്രിക്കക്കാരുടെ ഇടയിൽ ഒരു ചൊല്ല് സാധാരണ കേൾക്കാം. ഇവിടെ പരാമർശിച്ചിരിക്കുന്ന വെള്ളത്താൽ ഒരു സഭയെന്ന കുടുംബത്തിലേക്കു ജനിക്കുന്ന മാമ്മോദീസാ വെള്ളവും ഉൾപ്പെടുന്നു എന്ന് ഒരുവനു നിഗമനം ചെയ്യാൻ കഴിയും. ക്രിസ്ത്യാനി ആയിത്തീർന്നിട്ടുള്ള ഒരു ആഫ്രിക്കക്കാരനെ സംബന്ധിച്ചു പോലും രക്തബന്ധമാണു കൂടുതൽ പ്രധാനം.”
വിശ്വാസികൾ ചെയ്യണമെന്ന് യേശുക്രിസ്തു പഠിപ്പിച്ചതുപോലെ അന്യോന്യം യഥാർഥത്തിൽ സ്നേഹിക്കുന്ന ഒരു ക്രിസ്തീയ സാഹോദര്യം പടുത്തുയർത്തുന്നതിൽ കത്തോലിക്കാ വിശ്വാസം ആഫ്രിക്കയിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ആ ബിഷപ്പ് സമ്മതിച്ചത്. (യോഹന്നാൻ 13:35) എന്നാൽ ആഫ്രിക്കയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം “രക്തബന്ധമാണു കൂടുതൽ പ്രധാനം.” എല്ലാ പരിഗണനകൾക്കുമുപരിയായി വർഗീയ വിദ്വേഷത്തെ പ്രതിഷ്ഠിക്കുന്നതിൽ ഇതു കലാശിച്ചിരിക്കുന്നു. പാപ്പാ സമ്മതിച്ചതുപോലെ, അടുത്ത കാലത്തു നടന്നിട്ടുള്ള ഏററവും ഹീനമായ കൊടുംക്രൂരതകളിൽ ചിലതിന്റെ ഉത്തരവാദിത്വം ആഫ്രിക്കയിലെ കത്തോലിക്കർ വഹിക്കേണ്ടിയിരിക്കുന്നു.
അതിജീവനം അപകടത്തിൽ എന്നു സംസാരം
ആഫ്രിക്കയിൽ കത്തോലിക്കാമതം അതിജീവിക്കുമോ എന്നതു സംബന്ധിച്ച ഭയപ്പാടുകൾ കർദിനാൾയോഗത്തിൽ പങ്കെടുത്ത ആഫ്രിക്കൻ ബിഷപ്പുമാർ പ്രകടിപ്പിച്ചു. “എന്റെ രാജ്യത്തു സഭ തുടർന്നും നിലനിൽക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ സാംസ്കാരിക സമന്വയം (inculturation) വേണോ എന്ന കാര്യത്തിനു ഗൗരവാവഹമായ പരിഗണന നാം കൊടുക്കേണ്ടതുണ്ട്,” നമീബിയയിൽനിന്നുള്ള ഒരു ബിഷപ്പായ ബോണിഫേഷ്യസ് ഹൗഷിക്കൂ പറഞ്ഞു.
സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ഇററലിയിലെ കത്തോലിക്കാ വാർത്താ ഏജൻസിയായ ആഡിസ്ററാ ഇങ്ങനെ പറഞ്ഞു: “ആഫ്രിക്കയിൽ സുവിശേഷത്തിന്റെ ‘സാംസ്കാരിക സമന്വയ’ത്തെക്കുറിച്ചു സംസാരിക്കുക എന്നു പറഞ്ഞാൽ അതിന്റെ അർഥം ആ ഭൂഖണ്ഡത്തിൽ കത്തോലിക്കാ സഭയുടെ ഭാഗധേയത്തെക്കുറിച്ച്, അതിജീവിക്കാനോ അതിജീവിക്കാതിരിക്കാനോ ഉള്ള അതിന്റെ സാധ്യതകളെക്കുറിച്ച്, സംസാരിക്കുക എന്നാണ്.”
“സാംസ്കാരിക സമന്വയം” എന്നതിനാൽ ബിഷപ്പുമാർ എന്താണ് അർഥമാക്കുന്നത്?
സഭയും “സാംസ്കാരിക സമന്വയ”വും
“അതേ യാഥാർഥ്യത്തെ സൂചിപ്പിക്കുന്നതിനു ദീർഘകാലം ഉപയോഗിച്ചുപോന്നിട്ടുള്ള പദം അനുരൂപീകരണം (adaptation) എന്നതാണ്” എന്ന് ജോൺ എം. വാളിഗ്ഗോ വിശദീകരിച്ചു. ഏറെ ലളിതമായി പറഞ്ഞാൽ, “സാംസ്കാരിക സമന്വയ”ത്തിന്റെ അർഥം പുരാതന കർമങ്ങൾക്കും വസ്തുക്കൾക്കും ആംഗ്യങ്ങൾക്കും സ്ഥലങ്ങൾക്കും പുതിയ പേരും പുതിയ അർഥവും കൊടുത്തുകൊണ്ടു ഗോത്രമതങ്ങളുടെ പാരമ്പര്യങ്ങളും ആശയഗതികളും കത്തോലിക്കാ കർമാനുഷ്ഠാനങ്ങളിലേക്കും ആരാധനയിലേക്കും സ്വീകരിക്കുക എന്നതാണ്.
നല്ല നിലയിലുള്ള കത്തോലിക്കരായിരിക്കാനും അതേസമയംതന്നെ തങ്ങളുടെ ഗോത്രമതങ്ങളുടെ ആചാരരീതികളും കർമാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വച്ചുപുലർത്താനും സാംസ്കാരിക സമന്വയം ആഫ്രിക്കക്കാരെ അനുവദിക്കുന്നു. ഇതിനോട് എന്തെങ്കിലും എതിർപ്പുണ്ടായിരിക്കണമോ? ഉദാഹരണത്തിന്, ഇററലിയിലെ വർത്തമാനപത്രമായ ലാ റെപ്പൂബ്ലിക്ക ഇങ്ങനെ ചോദിച്ചു: “യൂറോപ്പിൽ ക്രിസ്മസ് ഡിസംബർ 25-നു നടന്നിരുന്ന സോളിസ് ഇൻവിക്ററി എന്ന ഉത്സവത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നതു സത്യമല്ലേ?”
ആളുകളുടെ പക്കൽ സുവിശേഷം എത്തിക്കുന്നതിനു വേണ്ടിയുള്ള സഭയുടെ കർദിനാളായ യോസഫ് കാർഡിനൽ റേറാംകോ അഭിപ്രായപ്പെട്ടതുപോലെ തീർച്ചയായും “സാംസ്കാരിക സമന്വയം എന്ന പദം ഉപയോഗിക്കപ്പെടുന്നതിനു ദീർഘകാലം മുമ്പുതന്നെ മിഷനറി സഭ അത് ആചരിച്ചുപോന്നു.” ലാ റെപ്പൂബ്ലിക്ക അഭിപ്രായപ്പെട്ടതുപോലെ ക്രിസ്മസ് ആഘോഷം അക്കാര്യം വളരെ നന്നായി വരച്ചുകാട്ടുന്നു. പ്രാരംഭത്തിൽ അതൊരു പുറജാതീയ ആഘോഷമായിരുന്നു. “ഡിസംബർ 25 എന്ന തീയതി ക്രിസ്തുവിന്റെ ജനനത്തോടല്ല ഒത്തുവരുന്നത്, പിന്നെയോ സൂര്യായനകാലത്തു റോമാക്കാർ കൊണ്ടാടിയ നാതാലീസ് സോളിസ് ഇൻവിക്ററി എന്ന സൂര്യോത്സവത്തോടാണ്.”
പുറജാതീയമതത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന അനേകം സഭാചാരങ്ങളിൽ ഒന്നു മാത്രമാണ് ക്രിസ്മസ്. അത്തരത്തിൽ പെട്ടവയാണു ത്രിത്വം, ദേഹിയുടെ അമർത്ത്യത, മരണാനന്തരമുള്ള മാനുഷദേഹികളുടെ നിത്യദണ്ഡനം തുടങ്ങിയവ. “ആവശ്യമായി വന്നാൽ ആളുകളുടെ നിലവിലുള്ള കർമാനുഷ്ഠാനങ്ങളെയും ആചാരരീതികളെയും സ്വീകരിക്കാനോ അനുകരിക്കാനോ അനുവദിക്കാനോ സജ്ജരായിരുന്നു ആരംഭകാലം മുതൽത്തന്നെ സഭയുടെ ഭരണാധികാരികൾ” എന്ന് 19-ാം നൂററാണ്ടിലെ ജോൺ ഹെൻട്രി കാർഡിനൽ ന്യൂമാൻ എഴുതുകയുണ്ടായി. സഭയുടെ അനേകം ആചാരരീതികളെയും വിശേഷദിനങ്ങളെയും പട്ടികപ്പെടുത്തിക്കൊണ്ട് അവ “എല്ലാം പുറജാതീയ ഉത്ഭവമുള്ളതാണെന്നും സഭ സ്വീകരിച്ചതിനാൽ അവ വിശുദ്ധീകരിക്കപ്പെട്ടതാണെന്നും” അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയുടെ ചില ഭാഗങ്ങൾ പോലെ ക്രൈസ്തവേതര പ്രദേശങ്ങളിൽ കത്തോലിക്കർ പ്രവേശിക്കുമ്പോൾ തങ്ങളുടെ സഭയുടേതിനോടു സമാനതയുള്ള മതപരമായ ആചാരരീതികളും വിശ്വാസങ്ങളും ആളുകൾ പുലർത്തിപ്പോരുന്നതായി അവർ കണ്ടെത്തുന്നു. അതിന്റെ കാരണം മുൻ നൂററാണ്ടുകളിൽ സഭ ക്രൈസ്തവേതര ജനങ്ങളിൽനിന്ന് ആചാരരീതികളും പഠിപ്പിക്കലുകളും സ്വീകരിച്ച് കത്തോലിക്കാ മതത്തിലേക്കു കൊണ്ടുവന്നതായിരുന്നു. അത്തരം ആചാരരീതികളും പഠിപ്പിക്കലുകളും “സഭയിലേക്കു കൊണ്ടുവരികവഴി ശുദ്ധീകരിക്കപ്പെട്ടു” എന്ന് കാർഡിനൽ ന്യൂമാൻ അവകാശപ്പെട്ടു.
അങ്ങനെ, കഴിഞ്ഞ വർഷം ജോൺ പോൾ II-ാമൻ പാപ്പാ ആഫ്രിക്കയിലെ ക്രൈസ്തവേതര ജനങ്ങളെ സന്ദർശിച്ചപ്പോൾ അദ്ദേഹം പിൻവരുന്നപ്രകാരം പറഞ്ഞതായി ലോസെർവാറേറാറെ റോമാനോ ഉദ്ധരിക്കുന്നു: “കോണ്ടനുവിൽ [ആഫ്രിക്കയിലെ ബനിൻ] വൂഡൂമതത്തിലെ അംഗങ്ങളെ ഞാൻ കാണുകയുണ്ടായി. സഭ അവർക്കു വാഗ്ദാനം ചെയ്യാനാഗ്രഹിക്കുന്നത് ഒരളവിൽ അവരുടെ മനോഭാവത്തിലും കർമാനുഷ്ഠാനങ്ങളിലും പ്രതീകങ്ങളിലും സ്വഭാവരീതികളിലും അവർക്കുണ്ടെന്ന് അവർ സംസാരിച്ച വിധത്തിൽനിന്നു വ്യക്തമായിരുന്നു. ഒരർഥത്തിൽ മാമ്മോദീസയ്ക്കു മുമ്പുതന്നെ അവർ അനുസരിച്ചു ജീവിച്ചുപോന്നതും അനുഭവിച്ചുകൊണ്ടിരുന്നതുമായ കാര്യങ്ങൾതന്നെ കവാടം കടന്നുചെന്ന് മാമ്മോദീസയിലൂടെ അനുസരിച്ചു ജീവിക്കാൻ ആരെങ്കിലും വന്ന് തങ്ങളെ സഹായിക്കാൻ മാത്രമായിരുന്നത്രേ അവർ കാത്തിരിക്കുന്നത്.”
നിങ്ങൾ എന്തു ചെയ്യണം?
ആഫ്രിക്കയിലെ ആളുകളെ മായം ചേർക്കാത്ത, യഥാർഥമായ, ക്രിസ്ത്യാനിത്വം പഠിപ്പിക്കുന്നതിൽ സഭയ്ക്കു നേരിട്ട പരാജയത്തിന്റെ അനന്തരഫലങ്ങൾ വിപത്കരമായിരുന്നു. വർഗീയചിന്താഗതി തുടർന്നുപോന്നിരിക്കുന്നു, മററു ചിലടങ്ങളിൽ ദേശീയ ചിന്താഗതി തുടർന്നുപോന്നിട്ടുള്ളതുപോലെ. അതിന്റെയെല്ലാം ഫലം കത്തോലിക്കർ പരസ്പരം കൊലയിൽ ഏർപ്പെടുന്നതാണ്. ക്രിസ്തുവിന് എന്തൊരു അപമാനം! അന്യോന്യം അത്തരം ഹീനമായ കൊലപാതകങ്ങളിൽ ഏർപ്പെടുമ്പോൾ അത് ആളുകളെ “പിശാചിന്റെ മക്കൾ” ആയി തിരിച്ചറിയിക്കുമെന്നു ബൈബിൾ പറയുന്നു, അത്തരക്കാരെ സംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ.”—1 യോഹന്നാൻ 3:10-12; മത്തായി 7:23.
അതുകൊണ്ട് ആത്മാർഥഹൃദയരായ കത്തോലിക്കർ എന്തു ചെയ്യേണ്ടതുണ്ട്? തങ്ങളുടെ ആരാധനയെ ദൈവദൃഷ്ടിയിൽ അശുദ്ധമാക്കിത്തീർക്കുന്ന ആചാരരീതികളോടും വിശ്വാസങ്ങളോടും അനുരഞ്ജനപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. “അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു” എന്നു ബൈബിൾ പറയുന്നു. ദൈവത്തിന്റെ പ്രീതി ആസ്വദിക്കണമെങ്കിൽ നിങ്ങൾ ‘അവരുടെ ഇടയിൽനിന്നു വേർപെട്ടിരിക്കുകയും അശുദ്ധമായതൊന്നും തൊടാതിരിക്കുകയും’ വേണം.—2 കൊരിന്ത്യർ 6:14-17.
[20-ാം പേജിലെ ആകർഷകവാക്യം]
‘റുവാണ്ടയിലെ യുദ്ധം ഒരു യഥാർഥ നരഹത്യയാണ്, അതിനു കത്തോലിക്കർ പോലും ഉത്തരവാദികളാണ്,’ പാപ്പാ പറഞ്ഞു
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Jerden Bouman/Sipa Press