ലോകത്തെ വീക്ഷിക്കൽ
പുതിയതും വീണ്ടും തലപൊക്കുന്നതുമായ രോഗങ്ങൾ
പുതിയവ ഉൾപ്പെടെയുള്ള രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലുകൾ ലക്ഷങ്ങളുടെ ജീവനു ഭീഷണിയുയർത്തുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) മുന്നറിയിപ്പു നൽകുന്നു. പത്തു വർഷം മുമ്പ് വാസ്തവത്തിൽ അജ്ഞാതമായിരുന്ന ഒരു വൈറസ് ഉണ്ടാക്കുന്ന എയ്ഡ്സ് എന്ന രോഗമാണ് ഇതിന്റെ ഏററവും നാടകീയമായ ഉദാഹരണം. തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിൽ അടുത്തകാലത്തു കണ്ടുപിടിക്കപ്പെട്ട ഹാൻറവൈറസ് ശ്വാസകോശ സാകല്യം (hantavirus pulmonary syndrome) ആണ് മറെറാന്ന്. കോളറയുടെ തികച്ചും പുതിയ ഒരു ഇനം ഏഷ്യയിൽ തലപൊക്കിയിട്ടുണ്ട്. രണ്ടു തരത്തിലുള്ള രക്തസ്രാവ പനികൾ (hemorrhagic fevers) തെക്കേ അമേരിക്കയിൽ വികാസം പ്രാപിച്ചിട്ടുണ്ട്, രണ്ടും മാരകമാണ്. 1993-ൽ പൊട്ടിപ്പുറപ്പെട്ടതും പരക്കെ അറിയപ്പെടുന്നതുമായ സാംക്രമിക രോഗങ്ങളിൽ ലാററിൻ അമേരിക്കയിലെ കോളറ, കെനിയയിലെ പിത്തപ്പകർച്ചപ്പനി (yellow fever), കോസ്ററ റിക്കയിലെ സന്ധികസന്നിപാതം (dengue), റഷ്യയിലെ തൊണ്ടമുള്ള് (diphtheria) എന്നിവയുൾപ്പെടുന്നു. പുതിയവയോ വീണ്ടും തലപൊക്കുന്നവയോ ആയ രോഗങ്ങൾ തിരിച്ചറിഞ്ഞ് അവയെ നേരിടുന്നതിനുള്ള കേന്ദ്രങ്ങളുടെ ഒരു ആഗോള ശൃംഖല രൂപീകരിക്കാൻ ഡബ്ലിയുഎച്ച്ഒ ആഗ്രഹിക്കുന്നു.
കാൽസ്യം ആവശ്യത്തിനില്ല
“അമേരിക്കയിലെ മുതിർന്നവരിൽ പകുതിപേർക്ക് വേണ്ടത്ര അളവിൽ കാൽസ്യം ലഭിക്കുന്നില്ലെന്നും ഇത് അസ്ഥികളെ ദുർബലമാക്കുന്നതും അവയ്ക്ക് പൊട്ടലുളവാക്കുന്നതുമായ ഒരു രോഗത്തിന് ഇടയാക്കുന്നു”വെന്നും ഐക്യനാടുകളിലെ ദേശീയ ആരോഗ്യ സ്ഥാപനം നിയമിച്ച വിദഗ്ധരുടെ ഒരു കമ്മിററി അടുത്തകാലത്തു നിഗമനം ചെയ്തുവെന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “ഈ രോഗത്തിന്റെ ചികിത്സക്കായി ഓരോ വർഷവും ആയിരം കോടി ഡോളർ ചെലവു വരുന്നു.” റിപ്പോർട്ടു ചെയ്യപ്പെടുന്നതനുസരിച്ച് ഐക്യനാടുകളിൽ 2.5 കോടിയിലധികം ആളുകൾ അസ്ഥിക്കുണ്ടാകുന്ന ഒരു രോഗമായ ഓസ്ററിയൊപോറോസിസിനാൽ ബാധിതരാണ്. ദിവസവും കഴിക്കാൻ ഇപ്പോൾ ശുപാർശചെയ്യപ്പെടുന്ന കാൽസ്യത്തിന്റെ അളവ് മതിയാകുന്നില്ലെന്ന് കമ്മിററി അവരുടെ റിപ്പോർട്ടിൽ വിശദമാക്കി. ആഹാരത്തിലെ കാൽസ്യത്തിന്റെ ഏററവും നല്ല ഉറവിടം “മുഖ്യമായും പാലുത്പന്നങ്ങളും പച്ചിലയുള്ള പച്ചക്കറികളുമാ”ണെന്നു വിദഗ്ധർ സൂചിപ്പിച്ചു. എന്നാൽ, “അമേരിക്കക്കാരിൽ മിക്കവരും തങ്ങളുടെ ആഹാരത്തോടൊപ്പം കാൽസ്യം ഗുളികകളോ കാൽസ്യ സമ്പുഷ്ടമായ സംസ്കരിച്ച ആഹാരപദാർഥങ്ങളോ കഴിക്കേണ്ടതാണെ”ന്ന് അവർ കൂട്ടിച്ചേർത്തു.
പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ
യൂറോപ്യൻ രാജ്യങ്ങളാണു ജനപ്രീതിയാർജിച്ച ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് കാറോട്ട മത്സരങ്ങൾക്കു പരമ്പരാഗതമായി ആതിഥ്യമരുളിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇവ ജപ്പാൻ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽവെച്ചു നടത്താനാണു സംഘാടകർക്കു താത്പര്യം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യൂറോപ്പ് പുകയില പരസ്യങ്ങളിൽ ഏറെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങളുടെ മുഖ്യ പ്രായോജകർ പുകയില കമ്പനികളാണ്. അതുകൊണ്ട് മത്സരക്കാറുകൾ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും മുഖ്യമായി പുകയിലയുടേതാണ്. ജപ്പാന്റെ ആസാഹി ഈവനിങ് ന്യൂസ് പറയുന്നതനുസരിച്ച് “രണ്ടു ടീമുകൾക്ക് ധനസഹായം നൽകുന്നതിനായി” ഒരു പുകയില കമ്പനി “വർഷംതോറും അനേക ശതകോടി യെൻ ചെലവഴിക്കുന്നു.” യൂറോപ്പിൽ മത്സരിക്കുമ്പോൾ മത്സരക്കാറുകളിലെ പരസ്യങ്ങൾ നീക്കംചെയ്യുകയോ മറയ്ക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു. സിഗരററ് പരസ്യത്തിനു നിരോധനം ഏർപ്പെടുത്തിയതു മൂലം അടുത്തകാലത്ത് ഫ്രഞ്ച് ഗ്രാൻഡ് പ്രിക്സ് റദ്ദു ചെയ്യപ്പെടേണ്ടതായിരുന്നു. മുതിർന്നവരുടെ ഏതാണ്ട് 60 ശതമാനം പുകവലിക്കുന്ന ഏഷ്യൻ രാജ്യങ്ങളെ മത്സരക്കാറുകളിൽ നടത്തുന്ന സിഗരററ് പരസ്യങ്ങൾക്കു പററിയ മെച്ചപ്പെട്ട സ്ഥലങ്ങളായി ഇപ്പോൾ കണക്കാക്കുന്നു.
ബിയർ ഇഷ്ടംപോലെ—ആഹാരം വേണ്ടത്രയില്ല
വെനെസ്വേലയിൽ ആറു വയസ്സും അതിനു താഴെയും പ്രായമുള്ള 7,26,000 കുട്ടികൾക്ക് പോഷകാഹാരക്കുറവു നിമിത്തം പ്രായത്തിനു തക്ക ശരീരവളർച്ചയില്ലെന്ന് വെനെസ്വേലൻ പത്രമായ എൽ യൂണിവേഴ്സൽ പറയുന്നു. ഇത് ആ പ്രായത്തിലുള്ള കുട്ടികളുടെ ഞെട്ടിക്കുന്ന 23.8 ശതമാനത്തിനാണ്, അതായത് ഏതാണ്ട് 4 കുട്ടികളിൽ ഒരാൾക്കു വീതം. കുട്ടികളെ പോററാൻ വേണ്ടത്ര പോഷകാഹാരമില്ലെങ്കിലും രാജ്യത്ത് ബിയർ ഇഷ്ടംപോലെയുണ്ട്. ലാററിൻ അമേരിക്കൻ രാജ്യങ്ങളിൽ ബിയറിന്റെ ഉപയോഗത്തിൽ വെനെസ്വേല ഒന്നാം സ്ഥാനത്താണെന്ന് എൽ യൂണിവേഴ്സൽ റിപ്പോർട്ടു ചെയ്യുന്നു. 1991-ൽ വെനെസ്വേലൻ നിവാസികൾ ആളൊന്നിന് ശരാശരി 75 ലിററർ ബിയർ കുടിക്കുകയുണ്ടായി.
നെതർലൻഡ്സിലെ സഭാംഗത്വം കുറയുന്നു
കഴിഞ്ഞ 40 വർഷമായി നെതർലൻഡ്സിൽ സഭാംഗത്വം കുത്തനെ താഴുകയായിരുന്നുവെന്ന് അടുത്തകാലത്തു നടത്തിയ ഒരു സർവേ പ്രകടമാക്കുന്നു. 1950-ൽ 4 ഡച്ചുകാരിൽ 3 പേർ സഭയുടെ അംഗങ്ങളായിരുന്നുവെന്ന് ഇക്യുമെനിക്കൽ പ്രസ്സ് സേർവിസ് (ഇപിഎസ്) റിപ്പോർട്ടു ചെയ്യുന്നു. 1991-ൽ ആ ശരാശരി 4 പേരിൽ 2 എന്നതിലും താഴെയായി, അധികനാൾ കഴിയുന്നതിനുമുമ്പ് പള്ളിയംഗങ്ങളുടെ എണ്ണം ഓരോ 4 ഡച്ചുകാരിലും വെറും 1 ആയിത്തീരുമെന്നു ഗവേഷകർ പ്രവചിക്കുന്നു. “സർവേ നടത്തപ്പെട്ട 15 രാജ്യങ്ങളിൽ സഭാംഗത്വങ്ങളും ദൈവവിശ്വാസവും നെതർലൻഡ്സിനെക്കാൾ കുറവുണ്ടായിരുന്ന ഏകരാജ്യം പഴയ പൂർവ ജർമനി മാത്രമായിരുന്നു” എന്ന് ഡച്ച് പത്രമായ ട്രൗ പറയുന്നതായി ഇപിഎസ് സൂചിപ്പിക്കുന്നു. അംഗത്വം കുറയുന്നുണ്ടെങ്കിലും ഡച്ചുകാരിൽ 75 ശതമാനം ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നതായി സർവേ പ്രകടമാക്കി.
യൂറോപ്പിൽ മരുഭൂമികൾ
ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ നശിച്ച് മരുഭൂമികളായിത്തീരുന്ന പ്രക്രിയയായ മരുഭൂമിവൽക്കരണം “ഗോള പരിസ്ഥിതി പ്രശ്നങ്ങളിൽ ഏററവും ഗുരുതരമായ ഒന്നാ”ണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി കാര്യപരിപാടി ഊന്നിപ്പറഞ്ഞു. ഇത് പൊതുവേ ആഫ്രിക്കയിലെ ഒരു പ്രശ്നമാണെങ്കിലും യൂറോപ്പിന്റെ കാർഷിക ഭൂമിയുടെ ഏതാണ്ട് 10 ശതമാനത്തെ ഇപ്പോൾ മരുഭൂമിവൽക്കരണം ബാധിക്കുന്നതായി ദ യൂറോപ്പിയൻ റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രശ്നം ഏററവും ഗുരുതരമായി ബാധിച്ചിട്ടുള്ള രാജ്യം സ്പെയിൻ ആണ്. കർഷകർക്കു വർഷംതോറും ഏതാണ്ട് 150 കോടി ഡോളറിന്റെ ചെലവ് വരുത്തിക്കൊണ്ട് അമിതമേയലും ജലത്തിന്റെ നഷ്ടമാക്കലും ഭൂമിയെ വരൾച്ചയും മണ്ണൊലിപ്പും ഉണ്ടാകാൻ സാധ്യതയുള്ളതാക്കിത്തീർത്തിരിക്കുന്നുവെന്നു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. പട്ടണപ്രദേശങ്ങളിലേക്കുള്ള ആളുകളുടെ കുടിയേററമാണു ഗുരുതരമായ ഒരു പരിണതഫലം. ഇത് ജനപ്പെരുപ്പത്തിനും ആഭ്യന്തര കലഹത്തിനും ഇടവരുത്തുന്നു. തെക്കൻ യൂറോപ്പിൽ മഴ ഇനിയും കുറയുന്നതായിരിക്കുമെന്നു കാലാവസ്ഥാപഠിതാക്കൾ മുന്നറിയിപ്പുനൽകുന്നു.
കണ്ണുകളിൽ പുക
സിഗരററ് പുകയിലുള്ള രാസവസ്തുക്കൾ തിമിരമുണ്ടാക്കുന്നു എന്നതിന് അവിതർക്കിതമായ തെളിവാണുള്ളത് എന്ന് ഓസ്ട്രേലിയയുടെ ദേശീയ കാഴ്ചഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രൊഫസ്സർ റോബർട്ട് ഒഗസ്ററിൻ അവകാശപ്പെടുന്നു. പുകവലിക്കുന്നവർക്ക് പുകവലിക്കാത്തവരെക്കാൾ തിമിരമുണ്ടാകാൻ രണ്ടോ മൂന്നോ ഇരട്ടി കൂടുതൽ സാധ്യതയുള്ളതായി ഒരു പഠനം പ്രകടമാക്കുന്നു. സിഗരററ് പുകയിൽനിന്നുള്ള രാസവസ്തുക്കൾ ആദ്യം നമ്മുടെ ശരീരം വലിച്ചെടുക്കുന്നു. പിന്നീട് അവ കണ്ണിലേക്കു സഞ്ചരിക്കയും അവിടെ കണ്ണിന്റെ ലെൻസിൽനിന്ന് അധികമുള്ള ലവണത്തെയും ജലത്തെയും വററിച്ചുകളയുന്ന “കുഴലുകളെ” നശിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി കണ്ണിലെ കോശങ്ങൾ വീർത്തു പൊട്ടുന്നു. ഇത് തിമിരത്തിന് ഇടയാക്കുന്നു. “എനിക്ക് നല്ല ഉറപ്പുണ്ട്. സിഗരററ് പുകയിലുള്ള എന്തോ ഒന്ന് കുഴലുകളുടെ ലെൻസിലുള്ള പ്രവർത്തനത്തെ തടയുന്നുവെന്നതിന് ഒരു സംശയവുമില്ല,” പ്രൊഫസ്സർ ഒഗസ്ററിൻ അവകാശപ്പെടുന്നു.
വർധിച്ചുവരുന്ന ബൈബിൾ അജ്ഞത
“പാശ്ചാത്യ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും ബൈബിളിനെക്കുറിച്ചുള്ള അജ്ഞത വർധിച്ചുവരുകയാണെന്നും ഇത് ഭീതിപ്പെടുത്തുന്നതാണെന്നും” സഭകളുടെ ലോക കൗൺസിലായ ഇക്യുമെനിക്കൽ പ്രസ്സ് സേർവിസ് റിപ്പോർട്ടു ചെയ്യുന്നു. പാശ്ചാത്യ ക്രിസ്ത്യാനികളുടെ 85 ശതമാനം ഇതുവരെ മുഴുവൻ ബൈബിളും വായിച്ചിട്ടില്ലെന്ന് ബൈബിൾ സൊസൈററികൾ കണക്കാക്കുന്നു. പള്ളിയിൽ പോക്കുകാരുടെ 12 ശതമാനം മാത്രമേ അവിടെ പതിവായി ബൈബിൾ വായിക്കുന്നുള്ളൂ എന്ന് ഐക്യനാടുകളിലെ ഒരു വോട്ടെടുപ്പ് പ്രകടമാക്കുന്നു. ഇന്നത്തെ യൂണിവേഴ്സിററി വിദ്യാർഥികൾക്ക് “യൂറോപ്യൻ സാഹിത്യത്തിലെ പൗരാണിക കൃതികളുടെ ഉള്ളടക്കം ഗ്രഹിക്കാൻ കഴിയാത്ത അളവോളം അബ്രഹാം, യിസ്ഹാക്ക്, യാക്കോബ് തുടങ്ങിയ ബൈബിൾ കഥാപാത്രങ്ങളും യേശുവിന്റെ അപ്പോസ്തലൻമാരുടെ പേരുകളും അപരിചിതമാണെന്ന്” സ്കോട്ട്ലൻഡിലെ ദേശീയ ബൈബിൾ സൊസൈററിയുടെ ജനറൽ സെക്രട്ടറി ഫെർഗസ് മക്ഡൊനാൾഡ് പറയുന്നു.
എവറസ്ററ് പർവതത്തിൽ തകൃതിയായ ശുചീകരണം
യുനെസ്കോ സോഴ്സസ് എന്ന മാഗസിൻ പറയുന്നതനുസരിച്ച് ലോകത്തിലെ ഏററവും ഉയരംകൂടിയ കൊടുമുടി എന്നു മാത്രമല്ല, “ചപ്പുചവറു കൂടിക്കിടക്കുന്ന” ലോകത്തിലെ “ഏററവും ഉയരംകൂടിയ പ്രദേശം” എന്നുകൂടിയാണ് എവറസ്ററ് പർവതം ഇപ്പോൾ അറിയപ്പെടുന്നത്. പർവതാരോഹകർ കഴിഞ്ഞ 40 വർഷംകൊണ്ട് എവറസ്ററിലാകെ 20 ടണ്ണോളം ഓക്സിജൻ കുപ്പികളും കൂടാരങ്ങളും ഉറങ്ങാനുപയോഗിക്കുന്ന സഞ്ചികളും ഭക്ഷണപ്പൊതികളും ചിതറിച്ചിട്ടിരിക്കുന്നു. താഴ്ന്ന ചെരിവുകളിലെല്ലാം ടിഷ്യൂ പേപ്പർ തുണ്ടങ്ങളുടെ കളിയാണ്. അവിടെ എവറസ്ററ് ബേസ് ക്യാമ്പിലേക്കുള്ള പാത ഇപ്പോൾ “കക്കൂസ് പേപ്പർ പാത എന്നാണ് അറിയപ്പെടുന്നത്.” പർവതത്തിന്റെ മുകളിലേക്കു ചെല്ലുന്തോറും ചപ്പുചവറുകളുടെ അളവ് അമ്പരപ്പിക്കുന്നതാണ്. “മനുഷ്യൻ കൈകടത്താത്ത, മനുഷ്യവാസമില്ലാത്ത ഒരു പ്രാചീന ഭൂപ്രദേശമായി എവറസ്ററിനെ ഭാവനയിൽ കാണുന്നവർക്ക് ഈ ദൃശ്യങ്ങളുടെ ഫോട്ടോകൾ ഞെട്ടലുളവാക്കു”മെന്ന് യുനെസ്കോ സോഴ്സസ് എഴുതുന്നു. കാണാൻ കൊള്ളാത്ത ഈ അവസ്ഥയിൽനിന്നു പർവതത്തെ മോചിപ്പിക്കാൻ നേപ്പാൾ ഗവൺമെൻറ് “തകൃതിയായ ശുചീകരണത്തിനുള്ള” അനേകം പര്യടനങ്ങൾക്ക് ഈ വർഷം അനുമതി നൽകുകയുണ്ടായി.
പ്രസംഗവേലയ്ക്കുള്ള പാപ്പായുടെ ആഹ്വാനം
ആളുകളോട് നേരിട്ടു സുവിശേഷം പ്രസംഗിക്കാനുള്ള സമയമായെന്ന് ഈ വർഷാദ്യം ജോൺ പോൾ രണ്ടാമൻ പാപ്പാ ഇററലിയിലെ ഒരു കൂട്ടം കത്തോലിക്കരോടു പറയുകയുണ്ടായി. ഓസ്ട്രേലിയയിലെ കത്തോലിക്കരുടെ പ്രതികരണം എങ്ങനെയായിരുന്നു? “പ്രസംഗവേലയ്ക്കുള്ള പാപ്പായുടെ ആഹ്വാനത്തിനു കത്തോലിക്കർ ചെവികൊടുക്കാൻ പോകുന്നില്ല,” ഓസ്ട്രേലിയൻ പത്രമായ ഇലവാറ മെർക്കുറിയുടെ തലക്കെട്ട് പറഞ്ഞു. “തങ്ങളുടെ വിശ്വാസത്തോടു യഹോവയുടെ സാക്ഷികളുടേതുപോലത്തെ ഒരു സമീപനം സ്വീകരിക്കാൻ” ആ രാജ്യത്തെ കത്തോലിക്കർ “ആകാംക്ഷയുള്ളവരല്ലെ”ന്ന് അത് സൂചിപ്പിച്ചു. പ്രസംഗവേലയ്ക്കുള്ള പാപ്പായുടെ ആഹ്വാനം മുഴു കത്തോലിക്കർക്കുമുള്ളതാണോ അതോ ഇററലിയിൽ മാത്രമുള്ള കത്തോലിക്കർക്കുവേണ്ടിയുള്ളതാണോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ആ പ്രദേശത്തെ ഒരു പുരോഹിതനായ ഷൊൺ കലൻ പറഞ്ഞു. “തങ്ങൾക്കറിയാവുന്ന സുവിശേഷം ജീവിതത്തിലുടനീളം ബാധകമാക്കാൻ ഞങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിൽ വീടുതോറും പോകുന്നത് ഉൾപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് വേറെ സംഗതിയാണ്.” പ്രാദേശിക നഗര കൗൺസിലിലെ ഒരു ജോലിക്കാരൻ മറുപടി പറഞ്ഞപ്പോൾ അത്രത്തോളം തടിതപ്പിയില്ല. സുവിശേഷപ്രചരണം “കത്തോലിക്കാ ചിന്താഗതിയുടെ ഭാഗമല്ല,” അദ്ദേഹം പറഞ്ഞു.
സ്ക്യൂബാ ഡൈവിങ് അപകടങ്ങൾ
ഐക്യനാടുകളിൽ “സ്ക്യൂബാ ഡൈവിങ് നടത്തുമ്പോൾ ഓരോ വർഷവും 90-ഓളം പേർ മരിക്കുന്നു”വെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ബഞ്ചീ ചാട്ടം, വിമാനം പറപ്പിക്കൽ എന്നിങ്ങനെയുള്ള അപകടംപിടിച്ച മററു ക്രിയകൾക്കുള്ളതുപോലെ സ്ക്യൂബാ ഡൈവിങ് സംരംഭത്തെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നുമില്ല എന്നുള്ള വസ്തുത ഗവൺമെൻറ് അധികാരികൾ സമ്മതിക്കുന്നില്ല. ഐക്യനാടുകളിൽത്തന്നെ 30 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയ്ക്ക് ഡൈവർമാർക്ക് സർട്ടിഫിക്കററ് ലഭിച്ചതാണ്. സ്ക്യൂബാ ഡൈവിങ് സ്ഥാപനങ്ങൾ ഓരോ വർഷവും ഏതാണ്ട് 3,00,000 മുതൽ 4,00,000 വരെ ആളുകൾക്കു സർട്ടിഫിക്കററ് നൽകുന്നു. “ഡൈവർമാർ എല്ലായ്പോഴും നിർദേശങ്ങൾ അനുസരിക്കാത്തതാണ്” പ്രശ്നമെന്ന് ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥൻ വിശദീകരിക്കുന്നു. ഡൈവിങ് അപകടങ്ങളുടെ എണ്ണം യഥാർഥത്തിൽ കുറഞ്ഞുവരുകയാണെന്ന് ഡൈവിങ് പഠിപ്പിക്കുന്നവരുടെ വിദഗ്ധ സമിതിയിലെ അൽ ഹൊൺസ്ബി അവകാശപ്പെടുന്നു. ടൈംസ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “1970-കളുടെ മധ്യത്തിൽ 1,00,000 പേർ ഡൈവ് ചെയ്താൽ 12 മരണങ്ങളായിരുന്നു സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ മരണങ്ങളുടെ എണ്ണം 1,00,000-ത്തിന് 2-ൽ അൽപ്പം കൂടുതലേ ഉള്ളെന്ന് അദ്ദേഹം പറയുന്നു.”
ലൈബ്രറിയിൽ കള്ളൻമാർ
റോമിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഗ്രന്ഥശാലകളുടെയും രേഖസൂക്ഷിപ്പുമുറികളുടെയും സമിതി അടുത്തകാലത്ത് ഒരു പഠനം നടത്തുകയുണ്ടായി. ഗവേഷകർ പറയുന്നതനുസരിച്ച് ഇററലിയിലെ ലൈബ്രറികളിൽ കുറച്ചെണ്ണം മാത്രമേ ഇപ്പോൾ കള്ളൻമാർക്കെതിരെയുള്ള കാര്യക്ഷമമായ ഇലക്ട്രോണിക് പദ്ധതികളാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ. അതിന്റെ ഫലമായി വർഷംതോറും 1,00,000-ത്തോളം പുസ്തകങ്ങൾ ഒന്നുകിൽ നന്നാക്കിയെടുക്കാൻ പററാത്തവിധം കേടുവരുത്തപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നുവെന്ന് ഇററാലിയൻ പത്രമായ ലാ റെപ്പുബ്ലിക്ക പറയുന്നു. വിപണിയിൽ ഇല്ലാത്തതും എന്നാൽ തങ്ങളുടെ പഠനങ്ങൾക്ക് ഉപയോഗപ്രദവുമായ പുസ്തകങ്ങൾ മോഷ്ടിക്കുന്നത് യൂണിവേഴ്സിററി പ്രൊഫസ്സർമാർപോലുമാണെന്ന് പത്രം പറയുന്നു.