ലോകത്തിന്റെ ഭാഗമല്ലെന്നോ?
ജർമനിയിലെ ഉണരുക! ലേഖകൻ
“ഞാൻ ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16, NW) ഈ വാക്കുകളിൽ യേശു രാഷ്ട്രീയ കാര്യങ്ങളോടുള്ള തന്റെ അനുഗാമികളുടെ പരിപൂർണ നിഷ്പക്ഷതയെപ്പററി വിവരിക്കുകയായിരുന്നു. ഇന്നത്തെ നാമധേയ ക്രിസ്ത്യാനികൾ ഈ നിലവാരത്തോട് ഒക്കുന്നുണ്ടോ?
1990-ലെ വിഘടനം വരെ കമ്മ്യുണിസ്ററ് ഗവൺമെൻറ് ഭരിച്ച മുൻ ജർമൻ ജനാധിപത്യ റിപ്പബ്ലിക്കിലെ (ജിഡിആർ) ക്രൈസ്തവലോകത്തിന്റെ ഉൾപ്പെടൽ സംബന്ധിച്ച പിൻവരുന്ന പത്രാഭിപ്രായങ്ങൾ പരിചിന്തിക്കുക.
● “ഇപ്പോൾ ജിഡിആറിലെ ലൂഥറൻ സഭ സമാധാനപൂർണമായ വിപ്ലവത്തിന്റെ മാതാവെന്ന നിലയിൽ കുറച്ചു കാലത്തേക്കു മഹിമയിൽ ആറാടിയിരിക്കുന്നതിനാൽ അതിന്റെ പൊതുജനപ്രീതി പൊടുന്നനേ കുറയുന്നതായി തോന്നുന്നു. ഭരണക്രമത്തിന് ഒരു താങ്ങും സ്ററാസിക്ക് (സംസ്ഥാന സുരക്ഷാ സേവനം) ഒരു വിഹാരസ്ഥലവുമായാണ് അതിനെ പലരും കാണുന്നത്.”—1991 നവംബറിലെ ഡീ സൈററ്.
● “സ്ററാസിയിലുള്ള സഭാജോലിക്കാരുടെയും ഇടവകക്കാരുടെയും കൈകടത്തലിൽ പല പ്രവിശ്യാ ലൂഥറൻ സഭക്കാരും . . . അമ്പരപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.”—1991 ജനുവരിയിലെ എഫാഞ്ചെലിഷെ കൊമെൻറാരെ.
● “രാഷ്ട്രീയത്തിൽ കർമനിരതരായിരിക്കുന്നതുകൊണ്ടു പുരോഹിതൻമാർ ആളുകൾക്കുവേണ്ടി മുമ്പത്തെ അത്രയും കരുതുന്നില്ലെന്നുള്ള പരാതികൾ [ലൂഥറൻ] സഭാനേതാക്കൻമാർ കേൾക്കുന്നുണ്ട്.”—1990 ഫെബ്രുവരിയിലെ സ്യൂററ്ഡോയിച്ച് ററ്സൈററുങ്.
● “ഇരു ജർമൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ ബന്ധത്തിൽ [ലൂഥറൻ] സഭ എല്ലായ്പോഴും സഹായകരമായ ഒരു പങ്കു നിർവഹിച്ചിട്ടുണ്ടെന്ന് [ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയുടെ മുൻ പ്രസിഡൻറായ] വിററ്സ്സെകർ പറഞ്ഞു.”—1992 ഫെബ്രുവരിയിലെ വെറെററൗയർ ററ്സൈററുങ്.
രാഷ്ട്രീയ കാര്യത്തിലെ തലയിടൽ തീർച്ചയായും ലൂഥറൻ സഭയുടെ മാത്രം കാര്യമല്ല. “വാസ്തവത്തിൽ സ്ററാസി ഏജൻറുമാർ എല്ലാ [പ്രൊട്ടസ്ററൻറ്] സഭാ വിഭാഗങ്ങളിലും നുഴഞ്ഞുകടന്നിട്ടുണ്ട്,” ദി യൂറോപ്യൻ റിപ്പോർട്ടു ചെയ്തു. “കമ്മ്യുണിസ്ററ് അധികാരങ്ങൾ സംബന്ധിച്ചുള്ള പ്രൊട്ടസ്ററൻറ് സഭയുടെ മുഖ്യ ഇടപാടുകാരൻ” എന്ന് ദി യൂറോപ്യൻ വർണിക്കുന്ന മാൻഫ്രെട്ട് ഷ്റെറാൾപ് തന്റെ ന്യായീകരണത്തിൽ ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ ഉദ്ദേശ്യം നടക്കുമായിരുന്നെങ്കിൽ പിശാചിനെ അഭിവാദ്യം ചെയ്യാനും ഞാൻ തയ്യാറായിരുന്നു.”
ഇററലിയിലെ പുരോഹിതവർഗവും മാഫിയയും തമ്മിലുള്ള അടുത്ത ബന്ധത്തെപ്പററി ലണ്ടന്റെ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു. അത് ഇപ്രകാരം പറഞ്ഞു: “ദുഷ്കൃത്യത്തിൽ പങ്കുചേരുന്നതിനു സഭയെ കൂടെക്കൂടെ കുററംവിധിക്കാൻ തക്കവണ്ണം സഭയും കോസാ നൊസ്ട്രായും വളരെക്കാലമായി സമാധാനപരമായി വേഴ്ച നടത്തിയിരിക്കുന്നു.”
മുൻ കെജിബിയുമായുള്ള ചില റഷ്യൻ ഓർത്തഡോക്സ് പുരോഹിതൻമാരുടെ സഹകരണത്തെപ്പററിയുള്ള ഒരു ലേഖനം റെറാറൊന്റോ സ്ററാർ പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “കമ്മ്യുണിസ്ററ് ഭരണത്തോടുള്ള സഭയുടെ സഹകരണങ്ങൾ വെളിച്ചത്തു വന്നത് ഏററവും വലിയ അടിയായിപ്പോയി. . . . മുതിർന്ന സഭാധികാരികൾ തങ്ങളുടെ സ്വന്തം തത്ത്വങ്ങളെ ഒററിക്കൊടുത്തുവെന്നു മാത്രമല്ല, വിദേശത്തുള്ള സഭാനേതാക്കൻമാരുടെ പേരു നശിപ്പിക്കാനും ഒരുക്കമുള്ളവരായിരുന്നു എന്ന് . . . കെജിബി രേഖസൂക്ഷിപ്പുമുറികളിൽനിന്നുള്ള വിവരങ്ങൾ . . . കാണിക്കുന്നു.”
ക്രൈസ്തവലോകത്തിലെ സഭകൾ രാഷ്ട്രീയത്തിൽ തലയിട്ടുകൊണ്ടിരിക്കെ യഥാർഥ ക്രിസ്ത്യാനിത്വം ലോകത്തിന്റെ ഭാഗമായിരിക്കരുതെന്നുള്ള യേശുവിന്റെ കൽപ്പനയെ മുറുകെ പിടിക്കുന്നു.