ഒരു പഴയ മദിരോത്സവത്തിന് ഒരു പുതിയ പേര്
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ബ്രിട്ടൻ. തപാലിൽ ഇപ്പോൾ ലഭിച്ച ഒരു കവർ 15 വയസ്സുകാരിയായ ആൻ ഉത്സാഹത്തോടെ തുറന്നു നോക്കുന്നു. അവൾ ഒരു കാർഡ് വലിച്ച് പുറത്തെടുക്കുന്നു. അതിന്റെ മുൻവശം മധുരതരളിതമായ ഹൃദയങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. അതിന്റെ ഉള്ളിൽ പ്രേമപൂർവകമായ ഒരു സന്ദേശം അടങ്ങിയിട്ടുമുണ്ട്, “ഒരു ആരാധകനിൽനിന്ന്” എന്നെഴുതി അതിൽ ഒപ്പിട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ സ്വപ്നങ്ങൾ വിരിയുന്നു, മുഖം റോസപ്പൂപോലെ ചെമക്കുന്നു, അവളിൽനിന്ന് ഒരു ചുടുനിശ്വാസമുതിർന്നു വീഴുന്നു. അവൾ മുഖസ്തുതിക്ക് ഇരയായിരിക്കുന്നു, സ്പഷ്ടം. ഇപ്പോൾ എന്തു ചെയ്യണമെന്ന് അവൾക്കറിയില്ല. ‘ഈ വാലന്റൈൻ കാർഡ് എനിക്കയച്ചത് ആരാണ്?’ ആൻ ആശ്ചര്യപ്പെടുന്നു.
ജപ്പാൻ. യൂക്കോ ഒരു ഓഫീസിൽ ജോലിക്കു കയറിയിട്ട് അധികമായില്ല. വാലന്റൈൻ ദിവസം അടുത്തുവരികയാണ്. പുരുഷൻമാരായ തന്റെ സഹജോലിക്കാർ ഓരോരുത്തർക്കും വേണ്ടി ചോക്ലേററുകൾ അടങ്ങിയ ചെറിയ പെട്ടികൾ വാങ്ങുന്നതിന് 20,000 യെൻ (200 യു.എസ്. ഡോളർ) ചെലവാകുമെന്നാണു യൂക്കോയുടെ കണക്കുകൂട്ടലുകൾ കാണിക്കുന്നത്. ഗിറി-ചോക്കോ—കൊടുക്കാൻ കടപ്പാടുള്ള ചോക്ലേററുകൾ—എന്നു വിളിക്കപ്പെടുന്ന ചോക്ലേററുകൾ വാങ്ങി യൂക്കോ ഉച്ചഭക്ഷണസമയം കൂട്ടുകാരികളുമൊത്തു ചെലവിടുന്നു.
ഫെബ്രുവരി 14 ലോകത്തിനു ചുററും ഉത്കണ്ഠാകുലരായ കമിതാക്കൾ ഒരു വിധത്തിലല്ലെങ്കിൽ മറെറാരു വിധത്തിൽ, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നു കേൾക്കാൻ കാതോർത്തിരിക്കുന്ന ദിവസമാണ്. ഈ വിശേഷദിനം എങ്ങനെ ആരംഭിച്ചുവെന്ന് ആനിനോ യൂക്കോയ്ക്കോ യാതൊരു പിടിയുമില്ല. അതു മനസ്സിലാക്കുമ്പോൾ അവർ അമ്പരന്നുപോയേക്കാം.
ഇപ്പോൾ വാലന്റൈൻ ദിവസം എന്നു വിളിക്കുന്നതിന്റെ വേരു തേടിപ്പോയാൽ ചെന്നെത്തുന്നതു പുരാതന ഗ്രീസിലായിരിക്കും, അവിടെ പാൻ എന്ന ദേവന്റെ ആരാധന തഴച്ചുവളർന്നിരുന്നു. പകുതി മനുഷ്യനും പകുതി ആടുമായ പുരാണത്തിലെ ഫലപുഷ്ടിയുടെ ഈ ദൈവത്തിനു മനുഷ്യരിൽ ഭീതി ജനിപ്പിച്ച, വന്യമായ, പ്രവചിക്കാനാവാത്ത, ഒരു സ്വഭാവമാണുണ്ടായിരുന്നത്. “പാനിക്” [panic, പരിഭ്രാന്തിയുള്ള] എന്ന ആംഗലേയ പദത്തിന്റെ അക്ഷരീയാർഥം “പാനിനെ സംബന്ധിച്ച” (of pan) എന്നായിരിക്കുന്നത് ഉചിതമാണ്.
തന്റെ കുഴലുകൾ ഊതുമ്പോൾതന്നെ പാൻ ആട്ടിൻകൂട്ടത്തെ നോക്കേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും, എളുപ്പംതന്നെ അവന്റെ ശ്രദ്ധ പതറി. പാൻ പല അപ്സരസ്സുകളും ദേവതകളുമായി പ്രേമത്തിലേർപ്പെട്ടു. പ്രേമത്തിന്റെ ദേവതയായ അഫ്രോഡൈററിനു നേർക്ക് പാൻ ലൈംഗിക മുന്നേററങ്ങൾ നടത്തുന്നതായി കാണിക്കുന്ന ഒരു ശിൽപ്പമുണ്ട്. പ്രേമത്തിന്റെ ദേവനായ ഈറോസ് തന്റെ ചിറകിട്ടടിച്ചുകൊണ്ട് അവർക്കു മീതെ പറന്നുനിൽക്കുന്നു—ഏറെയും ഇന്ന് വാലന്റൈൻ കാർഡുകളിൽ കാണുന്ന ക്യൂപ്പിഡിനെപ്പോലെ.a
ഫൗനസ് എന്നു പേരുള്ള സമാനമായ ഒരു ദേവനെ പലരും റോമിൽ ആരാധിച്ചിരുന്നു. പകുതി മനുഷ്യനും പകുതി ആടുമായി അദ്ദേഹവും ചിത്രീകരിക്കപ്പെട്ടിരുന്നു. ഫൗനസ് ആരാധന ലൂപ്പർകാലിയയിൽ പ്രമുഖമായിരുന്നു, അത് എല്ലാ വർഷവും ഫെബ്രുവരി 15-ാം തീയതി ആചരിച്ചുപോന്ന ഒരു മദിരോത്സവമായിരുന്നു. ഈ ഉത്സവസമയത്ത് അൽപ്പം മാത്രം തുണിയുടുത്ത പുരുഷൻമാർ ആട്ടിൻതോലുകൊണ്ടുണ്ടാക്കിയ ചാട്ടവാറുകൾ ചുഴററിക്കൊണ്ട് ഒരു മലയ്ക്കു ചുററും വേഗത്തിൽ ഓടിയിരുന്നു. കുട്ടികളെ പ്രസവിക്കാൻ ആഗ്രഹിച്ച സ്ത്രീകൾ ഈ ഓട്ടക്കാർ ഓടുന്ന വഴിക്കരികിൽ നിലയുറപ്പിച്ചിരുന്നു. ഒരു സ്ത്രീയെ ചാട്ടകൊണ്ട് അടിക്കുന്നത് അവൾക്കു പുത്രസമ്പത്ത് ഉറപ്പുവരുത്തുമെന്ന് റോമാക്കാർ വിശ്വസിച്ചിരുന്നു.
ദ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, പൊ.യു. അഞ്ചാം നൂററാണ്ടിന്റെ അവസാനത്തിൽ ജെലാഷിയസ് I-ാമൻ പാപ്പാ ലൂപ്പർകാലിയ നിർത്തലാക്കി.b എന്നിരുന്നാലും “വിശുദ്ധ വാലന്റൈൻ ദിവസം” എന്ന ശീർഷകത്തിനു കീഴിൽ അതിന്റെ ആധുനികകാല പ്രതിരൂപം തഴച്ചുവളരുന്നതായി നാം കാണുന്നു. ഈ “ക്രിസ്തീയവത്കൃത” നാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ചു പല സിദ്ധാന്തങ്ങൾ നിലവിലുണ്ട്. ഒരു കഥ പറയുന്നതനുസരിച്ച്, മൂന്നാം നൂററാണ്ടിലെ റോമൻ ചക്രവർത്തിയായ ക്ലോഡിയസ് II-ാമൻ ചെറുപ്പക്കാരായ പുരുഷൻമാർ വിവാഹം കഴിക്കുന്നതു വിലക്കി. ഒരു പുരോഹിതനായിരുന്ന വാലന്റൈൻ രഹസ്യമായി യുവദമ്പതികളെ വിവാഹം കഴിപ്പിച്ചു. പൊ.യു. 269-നോടടുത്ത് ഫെബ്രുവരി 14-ന് അദ്ദേഹം വധിക്കപ്പെട്ടുവെന്നു ചിലർ പറയുന്നു. ഇതിന്റെ സത്യാവസ്ഥ എന്തായിരുന്നാലും, ഈ ഉത്സവത്തിന്റെ മോശമായ ഉത്ഭവത്തെ ഒരു “വിശുദ്ധ” ശീർഷകത്തിനു മറച്ചുവെക്കാനാവില്ല. വാലന്റൈൻ ദിവസം പുറജാതീയ ആചാരങ്ങളിൽ വേരൂന്നിയതാണ്, അതുകൊണ്ട് സത്യക്രിസ്ത്യാനികൾ അത് ആഘോഷിക്കുന്നില്ല. (2 കൊരിന്ത്യർ 6:14-18) വികാരാധീനമായ ഒരു വിശേഷദിവസത്തിലെ ക്ഷണിക സങ്കൽപ്പങ്ങളെക്കാൾ എത്രയോ പ്രതിഫലദായകമാണ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന യഥാർഥ സ്നേഹപ്രകടനങ്ങൾ.
[അടിക്കുറിപ്പുകൾ]
a പാൻ ആരാധനയെ ഈജിപ്തുകാർ സ്വാധീനിച്ചിരുന്നുവെന്ന് ഹെറോഡോട്ടസ് സൂചിപ്പിക്കുന്നുണ്ട്. അവരുടെ ഇടയിൽ അജാരാധന സർവസാധാരണമായിരുന്നു. “ആടിന്റെ ആകൃതിയിലുള്ള ഭൂതങ്ങൾ” എന്നു ബൈബിളിൽ കാണുന്ന പദപ്രയോഗം ഇത്തരം പുറജാതീയ ആരാധനയെ പരോക്ഷമായി പ്രതിപാദിക്കുന്നുണ്ടായിരിക്കാം.—ലേവ്യപുസ്തകം 17:7, NW; 2 ദിനവൃത്താന്തം 11:15, NW.
b ജെലാഷിയസ് ലൂപ്പർകാലിയയുടെ സ്ഥാനത്ത് “വിശുദ്ധീകരണ വിരുന്ന്” കേവലം പ്രതിഷ്ഠിച്ചുവെന്നു ചിലർ പറയുന്നു.
[27-ാം പേജിലെ ചതുരം]
പ്രേമം വൻ ബിസിനസ്സായിരിക്കുമ്പോൾ
ജപ്പാനിൽ വാലന്റൈൻ ദിവസം അടുത്തുവരവേ ശക്തമായ വികാരങ്ങൾ ഉണരുന്നു—പ്രേമത്തിന്റെ മാത്രമല്ല, വൻ ബിസിനസ്സിന്റെയും. ഫെബ്രുവരി 14-ന് സ്നേഹത്തിന്റെ ഒരു പ്രതീകമായി മിഠായികൾ കൊടുക്കാൻ ചോക്ലേററ് വ്യവസായം ദശകങ്ങളായി പൊതുജനത്തെ പ്രോത്സാഹിപ്പിച്ചു. വ്യാപകമായ പരസ്യത്തിന്റെ ഫലമായി ചോക്ലേററ് വിൽപ്പന കുത്തനെ ഉയർന്നു.
പാശ്ചാത്യ ലോകത്തിൽനിന്നു വ്യത്യസ്തമായി, സ്ത്രീകൾ പുരുഷൻമാർക്കു വേണ്ടി സമ്മാനങ്ങൾ വാങ്ങുകയെന്നതാണു ജപ്പാനിലെ രീതി. എന്നാൽ വാലന്റൈൻ ദിനത്തിന്റെ വിൽപ്പന ഫെബ്രുവരി 14-ന് അവസാനിക്കുന്നില്ല. ഒരു മാസത്തിനുശേഷം, മാർച്ച് 14-ന്, പുരുഷൻമാർ തിരിച്ചുകൊടുക്കണം—വെളുത്ത ചോക്ലേററ്. എന്തുകൊണ്ട്? ദ ഡെയ്ലി യോമിയൂറി ഉത്തരം നൽകുന്നു: “പിശുക്കരോ വഞ്ചിക്കുന്നവരോ ആയ പുരുഷൻമാർ തങ്ങൾക്കു കിട്ടിയിട്ട് തിന്നാതെ വെച്ചിരിക്കുന്ന ചോക്ലേററ് തിരിച്ചുകൊടുക്കുന്നത് ഒഴിവാക്കാനാണു വെള്ള സമ്മാനങ്ങൾ.”
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Old-Fashioned Romantic Cuts/Dover