ചവച്ചുചവച്ചു നാശത്തിലേക്ക്
ഇന്ത്യയിലെ ഉണരുക! ലേഖകൻ
റേഡിയോയിൽ കേൾക്കാറുള്ള ശ്രദ്ധ പിടിച്ചുപറ്റുന്ന ഗാനശകലങ്ങൾ അത് ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. സിനിമാതാരങ്ങൾ ടിവി-യിലും മാസികകളിലും വർത്തമാനപത്രങ്ങളിലും ആവേശം തുടിപ്പിക്കുന്നതും പേരും പേരുമയും ഉള്ളതുമായ ഒരു ജീവിതത്തിലേക്കു നയിക്കുന്നതായി അതിനെ വിശേഷിപ്പിക്കുന്നു. എന്നാൽ, ചെറിയ അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്ന കുറിപ്പ്, ഈ ഉത്പന്നം ഉപയോഗിക്കുന്നതു നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരമായേക്കാമെന്ന മുന്നറിയിപ്പു നൽകുന്നു. എന്താണത്? മുറുക്കാൻ എന്നറിയപ്പെടുന്ന ആസക്തിയുളവാക്കുന്നതും ഹാനികരവുമായ ഒരു പദാർഥം.
മുറുക്കാൻ ഏഷ്യയിൽ ഉപയോഗിക്കപ്പെടുന്നു—ഇന്ത്യയിലാകട്ടെ വളരെ വ്യാപകമായും. പരമ്പരാഗത രൂപത്തിലുള്ളതാണെങ്കിൽ പൊടിച്ച അടയ്ക്കയുടെയും പുകയിലയുടെയും രസവർധിനികളായ മറ്റു ചേരുവകളുടെയും മിശ്രിതം അതിൽ അടങ്ങിയിരിക്കും. പുകയിലയും അടയ്ക്കയും നിമിത്തം മുറുക്കാൻ ആസക്തിയുളവാക്കുന്ന ഒന്നായിത്തീരുന്നു. ചുണ്ണാമ്പിന്റെയും ചവർപ്പുരസമുള്ള ഒരു സസ്യ ഉത്പന്നമായ കാറ്റക്യൂവിന്റെയും ഒരു മിശ്രിതം തേച്ച വെറ്റിലയിൽ ഇത് വെക്കുന്നു. ഇതെല്ലാം ഉള്ളിലാകത്തക്കവിധം ഇല മടക്കുന്നു. എന്നിട്ട് ആ ചെറിയ പൊതി വായിലേക്കിടുന്നു. പ്രചാരത്തിലുള്ള ഒന്നാണ് പാൻ മസാല. ഇതേ ചേരുവകൾ ഉണക്കി മിശ്രിതമാക്കി ചെറിയ പായ്ക്കറ്റിലാക്കിയതാണിത്. കൊണ്ടുനടക്കാൻ എളുപ്പവും ഏതു സമയത്തും ഉപയോഗിക്കാൻ പറ്റിയതുമാണിത്.
ചവയ്ക്കാൻ ഏറെ സമയം വേണമെന്നു മാത്രമല്ല, ഇത് വളരെയധികം ഉമിനീർ ഉത്പാദിപ്പിക്കുകയും ചെയ്യും. കൂടെക്കൂടെ ഇത് തുപ്പിക്കളയണം. മുറുക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഭവനങ്ങളിൽ കോളാമ്പികളുണ്ടായിരിക്കും. എന്നാൽ വീടിനു വെളിയിൽ നടപ്പാതയോ ചുവരോ തുപ്പാനുള്ള സ്ഥലമായി മാറുന്നു. ഇന്ത്യയിലെ പല കെട്ടിടങ്ങളുടെയും ചവിട്ടുപടികളിലും ഇടനാഴികളിലും കാണപ്പെടുന്ന ബ്രൗൺ നിറത്തിലുള്ള കറകൾക്കുള്ള കാരണമിതാണ്.
അടിസ്ഥാന ഗവേഷണത്തിനുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പഠനമനുസരിച്ച് ഇന്ത്യയിലെ വർഷംതോറുമുള്ള പുതിയ കാൻസർ കേസുകളിൽ 10 ശതമാനം—ലോകശരാശരിയുടെ ഇരട്ടി—വായിലെ കാൻസറാണ്. വായുടെയും താടിയെല്ലുകളുടെയും സർജനായ ഡോ. ആർ. ഗുണശീലൻ, മുറുക്കാൻ ചവയ്ക്കലിനെ കുറ്റപ്പെടുത്തുന്നതിൽ ഇന്ത്യയിലൊട്ടാകെയുള്ള മറ്റു സർജന്മാരോടൊപ്പം കൂടുന്നു. ഇന്ത്യൻ എക്സ്പ്രസിൽ അദ്ദേഹം പ്രസ്താവിക്കുന്നു: “എല്ലാത്തരം മുറുക്കാനും വായ്ക്കു ഹാനികരമാണ്.” മുറുക്കാൻ, “തീർച്ചയായും വായിലെ കാൻസറിന് ഇടയാക്കു”മെന്നും “അതു ചവയ്ക്കുന്നതു മുഖത്തിനു വൈകല്യങ്ങൾ ക്ഷണിച്ചുവരുത്തുന്നതുപോലെയാ”ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് മുറുക്കുക എന്നാൽ ചവച്ചുചവച്ചു നാശത്തിലേക്കു പോകുക എന്നായിരിക്കും അർഥം.
[31-ാം പേജിലെ ചിത്രം]
ഇന്ത്യയിലെ പുതിയ കാൻസർ കേസുകളിൽ പത്തു ശതമാനം വായിലെ കാൻസറാണ്
[കടപ്പാട്]
WHO photo by Eric Schwab