ലോകത്തെ വീക്ഷിക്കൽ
പാപ്പായുടെ ദണ്ഡവിമോചനം
സഹസ്രാബ്ദ ആഘോഷത്തോട് അനുബന്ധിച്ച്, ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2000-ാം ആണ്ടിനെ വിശുദ്ധ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും റോമിലേക്കു തീർഥാടനം നടത്തുന്നവർക്ക് ദണ്ഡവിമോചനം വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും ലൊസെർവാറ്റോറെ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, പാപത്തിന്റെ ശിക്ഷയിൽ നിന്നു മുക്തമാകാനുള്ള ഒരു വഴിയാണ് ദണ്ഡവിമോചനം. വത്തിക്കാൻ പത്രം ഇങ്ങനെ പറയുന്നു: “അനർഹ ദൈവകൃപയാൽ ചെയ്യാനാകുന്ന ഏതൊരു പുണ്യപ്രവൃത്തിയും പ്രതിഫലം അർഹിക്കുന്നതാണ്.” എന്നിരുന്നാലും, ദണ്ഡവിമോചന സമ്പ്രദായം പിൻവരുന്നതു പോലുള്ള ചില രസകരമായ ചോദ്യങ്ങൾ ഉയർത്തുന്നതായും ആ പത്രം അഭിപ്രായപ്പെട്ടു. “ദൈവം തന്റെ കൃപയാൽ എല്ലാവരോടും ക്ഷമിക്കുന്നെങ്കിൽ, സഭ ദണ്ഡവിമോചനം നൽകേണ്ട ആവശ്യമെന്താണ്?” കൂടാതെ, “സമ്പൂർണ ദണ്ഡവിമോചനം നൽകാൻ സഭയ്ക്കു കഴിയുമെങ്കിൽ, ഈ ഭാഗികമായ ദണ്ഡവിമോചനത്തിന് എന്തു പ്രസക്തിയാണുള്ളത്?”
ഒരു നിശ്ശബ്ദ രോഗം
അസ്ഥിദ്രവീകരണം എന്ന നിശ്ശബ്ദ രോഗം, “ഏകദേശം മൂന്നു കോടി അമേരിക്കക്കാരെയും 14 ലക്ഷത്തോളം കാനഡക്കാരെയും പിടികൂടിയിരിക്കുന്ന”തായി ടൊറന്റോ സ്റ്റാർ പത്രം റിപ്പോർട്ടു ചെയ്യുന്നു. ഈ രോഗം സ്ത്രീകളെയും പുരുഷന്മാരെയും ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്നു. “പുതിയ അസ്ഥികോശങ്ങൾ ഉണ്ടായിവരുന്നതിനു മുമ്പേ പഴയ അസ്ഥികോശങ്ങൾ നശിച്ചുപോകുന്നതാണു രോഗകാരണം.” അസ്ഥിക്ക് ഒടിവുപറ്റുമ്പോഴാണു തങ്ങൾക്ക് ഇങ്ങനെയൊരു രോഗം ഉണ്ടെന്നു മിക്കവരും അറിയുന്നതു തന്നെ. കൗമാരപ്രായക്കാർ, കോളെജ് തലത്തിലെ കായികതാരങ്ങൾ എന്നിവരുടെ ഇടയിൽ ആഹാര കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പാലിക്കുന്നവരുടെ സംഖ്യ വർധിച്ചു വരികയാണ്. അതിന്റെ ഫലമായി, അവരുടെ “അസ്ഥികൾക്കു പൂർണവളർച്ച പ്രാപിക്കാൻ കഴിയുന്നതിനു മുമ്പേ ദ്രവീകരണം സംഭവിക്കുന്നു” എന്നാണ് വിദഗ്ധർ കരുതുന്നത്. “ആഹാര കാര്യത്തിൽ നിയന്ത്രണങ്ങൾ വെക്കുന്ന ഈ ചെറുപ്പക്കാർ തങ്ങളുടെ അസ്ഥികളെ ബലപ്പെടുത്തുന്നതിനു വേണ്ട ഭക്ഷണസാധനങ്ങൾ മിക്കപ്പോഴും കഴിക്കാറില്ല.” ആ റിപ്പോർട്ട് അനുസരിച്ച്, “18 വയസ്സാകുമ്പോഴേക്കും അസ്ഥിവളർച്ചയുടെ ഏകദേശം 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞിരിക്കും. 30 വയസ്സാകുമ്പോഴേക്ക് അതു പൂർണമാകും.” അസ്ഥിസാന്ദ്രത പരമാവധിയാക്കുന്നതിന്, എല്ലാവരും ‘ആവശ്യത്തിന് കാൽസ്യവും വിറ്റാമിൻ ഡി-യും ശരീരത്തിനു ലഭ്യമാക്കുന്നതോടൊപ്പം ക്രമമായി വ്യായാമം ചെയ്യുകയും പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുകയും വേണം’ എന്ന് ആ റിപ്പോർട്ടു ശുപാർശ ചെയ്യുന്നു.
കുഴപ്പക്കാരായ വിമാനയാത്രികർ
“വിമാനത്തിനുള്ളിലെ രോഷാഗ്നി”—വിമാനയാത്രികരുടെ അനിയന്ത്രിത പെരുമാറ്റം—“കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 400 ശതമാനം വർധിച്ചിരിക്കുന്ന”തായി ബിസിനസ്സ് ട്രാവലർ ഇന്റർനാഷണൽ എന്ന മാഗസിൻ പറയുന്നു. കുത്തനെയുള്ള ഈ വർധനവിന്റെ കാരണമെന്താണ്? ഒരു പ്രധാന ഘടകം മാനസിക പിരിമുറുക്കമാണ്. വിമാനങ്ങൾ വൈകിയെത്തുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുക, വിമാനത്തിനുള്ളിൽ വേണ്ടത്ര സ്ഥലമില്ലാതെ വരിക, വിമാനയാത്രയോടു ഭയം ഉണ്ടായിരിക്കുക, ഇതെല്ലാം ആളുകളിൽ ഉത്കണ്ഠ ജനിപ്പിക്കുന്നു. അതു രോഷത്തിന്റെ രൂപം പൂണ്ട് വെളിയിൽ വരുന്നു. “വേഗത്തിൽ, സുഗമമായി യാത്ര ചെയ്യാനുള്ള ഒരു മാർഗമായാണു വിമാനക്കമ്പനിക്കാർ വിമാനയാത്രയെ വർണിക്കാറുള്ളത്. എന്നാൽ അത് അങ്ങനെയല്ല” എന്ന് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനിലെ സ്റ്റുവാർട്ട് ഹോവാർഡ് പറയുന്നു. വിമാനത്തിനുള്ളിൽ പുകവലി നിരോധിക്കാൻ തുടങ്ങിയതും ‘വിമാനത്തിനുള്ളിലെ രോഷാഗ്നി’ക്കു കാരണമായിട്ടുണ്ടെന്ന് ഒരു പ്രമുഖ വിമാനക്കമ്പനിയുടെ വക്താവ് വിശ്വസിക്കുന്നു. 1997-ൽ ഒരു വിമാനക്കമ്പനിയുടെ വിമാനങ്ങളിൽ “യാത്രികർ മൂലം ഉണ്ടായ പ്രശ്നങ്ങളുടെ പകുതിയിലധികവും പുകവലിക്കാൻ പറ്റാതെ വലഞ്ഞ യാത്രികർ നിമിത്തമായിരുന്നു” എന്നു റിപ്പോർട്ടു പറയുന്നു. മറ്റൊരു ഘടകം മദ്യപാനമാണ്. വിമാനം ഉയരത്തിലേക്കു പോകുന്തോറും ശരീരത്തിൽ അത് ഉളവാക്കുന്ന ഫലവും കൂടും. ഒരു സഹയാത്രികൻ ബഹളം വെക്കുകയാണെങ്കിൽ എന്തു ചെയ്യാനാണ് ആ റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്? “വിമാനജോലിക്കാരെ അങ്ങോട്ടു വിളിക്കുന്നതിനു പകരം, സീറ്റിൽ നിന്നെഴുന്നേറ്റ് ഒതുക്കത്തിൽ പ്രശ്നം അവരുടെ ശ്രദ്ധയിൽ പെടുത്തുക.” പ്രസ്തുത റിപ്പോർട്ട് ഇങ്ങനെയും നിർദേശിക്കുന്നു: “ആരും നിങ്ങളോടു ബഹളത്തിനു വരാതിരിക്കാൻ, വായിക്കുന്നതിന് എന്തെങ്കിലും കൂടെ കരുതുക,” അല്ലെങ്കിൽ കൊണ്ടുനടക്കാവുന്ന ഒരു സ്റ്റീരിയോയിൽ നിന്നു “മനസ്സിനെ തണുപ്പിക്കുന്ന തരം സംഗീതം ശ്രവിക്കുക.”
ഏറിവരുന്ന ശവസംസ്കാര ചെലവുകൾ
ശവം അടക്കുന്നതിന്റെ ചെലവു കുറയ്ക്കാനായി, അതു ദഹിപ്പിക്കാൻ താത്പര്യം കാട്ടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. 1996-ൽ ഐക്യനാടുകളിൽ, പരമ്പരാഗത രീതിയിലുള്ള ഒരു ശവമടക്കിന് ഏകദേശം 2 ലക്ഷം രൂപ ചെലവു വരുമായിരുന്നു എന്ന് ശവസംസ്കാര നിർവാഹകരുടെ ദേശീയ സമിതി പറയുന്നു. എന്നാൽ, “ശവം ദഹിപ്പിക്കുകയാണെങ്കിൽ 20,000-ത്തിനും 80,000-ത്തിനും ഇടയ്ക്കു രൂപയേ ചെലവു വരികയുള്ളൂ. ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന പെട്ടിയുടെയും ഭസ്മം എടുക്കുന്നതിനുള്ള കുടത്തിന്റെയും വിലയെ ആശ്രയിച്ചിരിക്കും ചെലവിലെ ഈ വ്യത്യാസം” എന്ന് ഷിക്കാഗോ സൺ-ടൈംസ് പറയുന്നു. മാത്രമല്ല, ശവസംസ്കാരത്തിനായി വേണ്ടിവരുന്ന ശ്മശാനസ്ഥലവും സ്മാരകശിലയുമൊന്നും ശവം ദഹിപ്പിക്കുകയാണെങ്കിൽ ആവശ്യമില്ല. ഇവയ്ക്ക്, പരമ്പരാഗത രീതിയിൽ നടത്തുന്ന ഒരു ശവസംസ്കാരത്തിനു ചെലവാകുന്ന തുകയുടെ 40 ശതമാനം കൂടെ വീണ്ടും മുടക്കേണ്ടിവരും. 1997-ൽ ഐക്യനാടുകളിൽ മരണമടഞ്ഞ 23.6 ശതമാനം പേരെയും ദഹിപ്പിക്കുകയാണു ചെയ്തത്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇത് 42 ശതമാനം ആകുമെന്നു കരുതപ്പെടുന്നു.
അപകടത്തിലായ ഫോസിലുകൾ
ആയിരക്കണക്കിനു വർഷങ്ങളായി നിലനിന്നുപോന്ന, ഫോസിലുകൾ ഉള്ള സ്ഥലങ്ങൾ ഇപ്പോൾ മോഷണം, നശീകരണപ്രവണത, അത്യുത്സാഹികളായ വിനോദസഞ്ചാരികൾ എന്നീ ഭീഷണികളെ നേരിടുകയാണ് എന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. “അങ്ങേയറ്റം വിലപിടിപ്പുള്ള ഫോസിലുകൾ, മ്യൂസിയങ്ങളിലേക്കു മാറ്റുകയോ അവ ഉള്ള സ്ഥലങ്ങളിൽ സന്ദർശകരെ നിരോധിക്കുകയോ ചെയ്യണമെന്നാണ് ചില ഭൂവിജ്ഞാനീയരുടെ അഭിപ്രായം” എന്നു ആ മാഗസിൻ പറയുന്നു. എന്നാൽ, ഈ ഫോസിലുകളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ കാണാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നു കരുതുന്നവരാണ് മറ്റു ചിലർ. പ്രശ്നം പരിഹരിക്കുന്നതിന്, അന്താരാഷ്ട്ര പുരാജീവിശാസ്ത്ര സമിതി ഇപ്പോൾ ഭീഷണി നേരിടുന്ന ഫോസിലുകൾ ഉള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ, ഈ ലിസ്റ്റിൽ 50 സ്ഥലങ്ങളുടെ പേരുകളേ ഇതുവരെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
വേദനിപ്പിക്കാത്ത ദന്തഡോക്ടറോ?
ദന്തഡോക്ടർമാർ പല്ലു തുരക്കാൻ സാധാരണ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ സ്ഥാനത്ത് മറ്റെന്തെങ്കിലും ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ദന്തരോഗികൾ അനവധിയാണ്. അധികം വൈകാതെ ആ ആഗ്രഹം ഒരളവോളം സഫലമായേക്കും എന്നാണ് എഫ്ഡിഎ കൺസ്യൂമർ മാഗസിൻ അഭിപ്രായപ്പെടുന്നത്. യെർബിയം:യാഗ് ലേസർ ഉപയോഗിച്ചു ദന്തശസ്ത്രക്രിയ നടത്താൻ ഈ അടുത്തകാലത്ത് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകുകയുണ്ടായി. തുരക്കാനുള്ള ഒരു ചെറിയ യന്ത്രം ഉപയോഗിച്ചു പല്ലിന്റെ കേടുവന്ന ഭാഗം നീക്കം ചെയ്യുന്നതിനു പകരം, ഇപ്പോൾ ലേസർ ഉപയോഗിച്ചു ദന്തഡോക്ടർമാർക്ക് കേടായ ഭാഗം കരിച്ചുകളയാൻ കഴിയും എന്ന് മാഗസിൻ പറയുന്നു. സാധാരണ ഉപയോഗിക്കുന്ന യന്ത്രത്തെ അപേക്ഷിച്ച് ഈ ലേസർ വിദ്യയ്ക്കു ധാരാളം പ്രയോജനങ്ങളുണ്ട്. ലേസർ ചികിത്സയ്ക്ക് ഒട്ടും തന്നെ വേദനയുണ്ടാകില്ല എന്നതാണ് അതിലൊന്ന്. അതിനാൽ, മിക്ക രോഗികൾക്കും ഇനി മുതൽ അനസ്തേഷ്യയോ മരവിപ്പിക്കാൻ വേണ്ടിയുള്ള കുത്തിവെപ്പുകളോ ആവശ്യമായി വരില്ല. രണ്ടാമതായി, രോഗിയുടെ വായ് മരവിക്കുന്നതു വരെ ഡോക്ടർക്കു കാത്തുനിൽക്കേണ്ട ആവശ്യമില്ലാത്തതിനാൽ, ചികിത്സ ഉടൻ തുടങ്ങാൻ കഴിയും. അതിനു പുറമേ, അപാരവേഗത്തിൽ പ്രവർത്തിക്കുന്ന തുരക്കൽ യന്ത്രത്തിന്റെ അലോസരപ്പെടുത്തുന്ന കമ്പനങ്ങളും ഒഴിവായിക്കിട്ടും. ഇങ്ങനെയൊക്കെയാണെങ്കിലും, ഈ വിദ്യയ്ക്കു സാരമായ ഒരു ന്യൂനതയുണ്ട്. ഒരിക്കൽ അടപ്പിച്ച പല്ലുകളിൽ ഇത് ഉപയോഗിക്കാനാവില്ല.
ആണവ മാലിന്യങ്ങൾ
1960-കൾ മുതൽ, ലോകത്തിലെ ആണവ വ്യവസായങ്ങൾ 2,00,000 മെട്രിക് ടണ്ണിലധികം ആണവ മാലിന്യമാണു പുറന്തള്ളിയിരിക്കുന്നത് എന്ന് ന്യൂ സയന്റിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷവും ഈ കൂനയിലേക്ക് 10,000 മെട്രിക് ടൺ ആണവ മാലിന്യങ്ങൾ കൂടി വന്നടിയുന്നു. ഈ മാരകമായ മാലിന്യങ്ങൾക്ക് എന്താണു സംഭവിക്കുന്നത്? “അതിൽ ഭൂരിഭാഗവും വെറുതെ ആണവ റിയാക്ടറുകളിൽ ഇട്ടിരിക്കുകയാണ്” എന്നു മാഗസിൻ പറയുന്നു. എന്നിരുന്നാലും, റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങൾ ഏതാനും പതിറ്റാണ്ടുകൾ മാത്രം സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആണവ റിയാക്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ, ഈ മാലിന്യങ്ങൾ ഒരു ഘട്ടത്തിൽ ദീർഘകാല സംഭരണ സ്ഥലത്തേക്കു മാറ്റേണ്ടി വരും. എന്നാൽ, അപ്പോഴും ഒരു പ്രശ്നമുണ്ട്. റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങൾ ഇടുന്നതിന് ഭൂമിക്കടിയിൽ സുരക്ഷിതമായ സ്ഥാനങ്ങളൊന്നും വിജയകരമായി സ്ഥാപിക്കാൻ ഇതുവരെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. അങ്ങനെ, “താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണിരിക്കുന്നു എന്നതാണ് ആണവ വ്യവസായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ” എന്ന് ന്യൂ സയന്റിസ്റ്റ് പറയുന്നു.
ആംഗ്യങ്ങൾ—ശരിയായ വാക്ക് കിട്ടാൻ
“കൃത്യമായ വാക്കുകൾ ഓർത്തെടുക്കുന്നതിന് പ്രസംഗകർക്ക് മിക്കപ്പോഴും ആംഗ്യങ്ങൾ തുണയാകുമെന്ന് പുതിയ ഗവേഷണം തെളിയിക്കുന്ന”തായി ന്യൂസ്വീക്ക് റിപ്പോർട്ടു ചെയ്യുന്നു. ഒരു വസ്തുവിന്റെ ആകൃതിയെയോ വലിപ്പത്തെയോ കുറിച്ച് സദസ്യർക്ക് ഒരു ധാരണ നൽകുന്നതിനാണു സാധാരണഗതിയിൽ വർണനാത്മക ആംഗ്യങ്ങൾ ഉപയോഗിക്കാറുള്ളത്. എന്നാൽ, “വെട്ടുന്ന രീതിയിൽ കൈ താളാത്മകമായി വായുവിൽ ചലിപ്പിക്കുന്ന”തു പോലുള്ള മറ്റ് ആംഗ്യങ്ങൾ വ്യത്യസ്തമായ ഒരു കാര്യത്തിനു സഹായിച്ചേക്കാം. “ഓർമിക്കാൻ പ്രയാസമുള്ള വാക്കുകൾ ഓർത്തെടുക്കാൻ” ഇത്തരം ആംഗ്യങ്ങൾ “ആളുകളെ സഹായിക്കുമെന്നാണ്” കൊളംബിയ സർവകലാശാലയിൽ മനഃശാസ്ത്ര വിഭാഗം പ്രൊഫസറായ റോബർട്ട് ക്രാവുസ്സ് പറയുന്നത്. “ശബ്ദകോശ ഓർമ” എന്ന് അദ്ദേഹം വിളിക്കുന്നതിന്റെ പൂട്ടു തുറക്കാൻ ഇത്തരം ആംഗ്യങ്ങൾക്കു കഴിവുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു പ്രത്യേക സംഭവത്തോടു ബന്ധമുള്ള വാസനയ്ക്കോ രുചിക്കോ ശബ്ദത്തിനോ ഉണർത്താൻ കഴിയുന്ന ഓർമയോടാണ് ഗവേഷകർ അത്തരം ഓർമയെ താരതമ്യം ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരു പ്രത്യേക പരിമളതൈലത്തിന്റെ സുഗന്ധം മുത്തശ്ശിയെ കുറിച്ചുള്ള ഓർമകളായിരിക്കാം നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവരിക. അതുപോലെ, ഒരു വാക്കിലേക്കുള്ള “വാതിൽ” തുറക്കാൻ ആംഗ്യങ്ങൾക്കു കഴിയുമെന്നാണ് നാഡീശാസ്ത്രജ്ഞനായ ബ്രയൻ ബട്ടർവർത്തിന്റെ അഭിപ്രായം.
ജോലിക്കിടയിലെ അത്യാഹിതങ്ങൾ
ലോകവ്യാപകമായി, ജോലിയോടു ബന്ധപ്പെട്ടുണ്ടാകുന്ന അത്യാഹിതങ്ങളിൽ ഓരോ ദിവസവും 3,000 പേരാണു മരിക്കുന്നത് എന്നു ഫ്രഞ്ച് ദിനപ്പത്രമായ ല മോൺട് റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷവും ഏകദേശം 25 കോടി തൊഴിലാളികൾക്കു പരിക്കു പറ്റുന്നുണ്ടെന്നും ഇത് 10 ലക്ഷത്തിലധികം ആളുകളുടെ മരണത്തിൽ കലാശിക്കുന്നുവെന്നും അന്തർദേശീയ തൊഴിൽ ബ്യൂറോ പറയുന്നു. “ഓരോ വർഷവും, റോഡ് അപകടങ്ങളിൽ മരിക്കുന്നവർ (9,90,000), സായുധ സംഘട്ടനങ്ങളിൽ മരിക്കുന്നവർ (5,02,000), മറ്റ് അക്രമങ്ങളിൽ മരിക്കുന്നവർ (5,63,000), അതുപോലെ എയ്ഡ്സ് മൂലം മരിക്കുന്നവർ (3,12,000) എന്നിവരുടെ ശരാശരി സംഖ്യയെക്കാൾ കൂടുതലാണ് ജോലിയോടു ബന്ധപ്പെട്ട അത്യാഹിതങ്ങളിൽ മരണമടയുന്നവർ” എന്ന് ആ പത്രം പ്രസ്താവിക്കുന്നു.
വായിലെ അർബുദം എന്ന പകർച്ചവ്യാധി
ഡൽഹിയിൽ വായിൽ അർബുദം ബാധിച്ചവരുടെ എണ്ണം കാലിഫോർണിയയിലെ ലോസാഞ്ചലസിൽ ഉള്ളതിനെക്കാൾ നാലിരട്ടിയാണെന്ന് ദി ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. ഡൽഹിയിൽ, പുരുഷന്മാർക്കിടയിൽ പുതുതായി ഉണ്ടാകുന്ന അർബുദങ്ങളുടെ 18.1 ശതമാനവും വായിലെ അർബുദമാണ്. 1995-ൽ ഇത് 10 ശതമാനമായിരുന്നു. ബീഡി വലിക്കുന്നതും പുകയില, പാൻ മസാല (പുകയിലയും ചതച്ചെടുത്ത അടയ്ക്കയും മറ്റും ചേർത്തു വെറ്റിലയിൽ പൊതിഞ്ഞെടുത്തത്) എന്നിവ ചവയ്ക്കുന്നതുമാണ് വായിലെ അർബുദത്തിന്റെ പ്രധാന കാരണങ്ങൾ. പാൻ മസാല ഉപയോഗിക്കുമെന്നു നാം സ്വപ്നത്തിൽ പോലും കരുതാത്ത സ്കൂൾകുട്ടികളുടെ ഇടയിൽ, അതിന്റെ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ് എന്നു പത്രം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെങ്ങും “വായിലെ അർബുദം എന്ന പകർച്ചവ്യാധി” പടർന്നുപിടിക്കാൻ പോകുകയാണ് എന്ന് ഒരു വിദഗ്ധൻ മുന്നറിയിപ്പു നൽകി.