നിങ്ങളുടെ പൂന്തോട്ടത്തിൽ ഒരു ഫ്രിററിലറി ഉണ്ടോ?
ഉണ്ടെങ്കിൽ, നിങ്ങൾ അതിന്റെ ഭംഗിയിൽ ആകൃഷ്ടരാകും. ഒരു ഫ്രിററിലറി എന്താണ്? അതു നമ്മുടെ ലോകത്തെ മനോഹരമാക്കുന്ന വ്യത്യസ്തതരത്തിലുള്ള ആയിരക്കണക്കിനു ചിത്രശലഭങ്ങളിലൊന്നാണ്, അതെ, ഐക്യനാടുകളിലും കാനഡായിലും കാണാൻ കഴിയുന്ന 750 ജാതി ചിത്രശലഭങ്ങളിൽ ഒന്ന്. ഇവിടെ കാണിച്ചിരിക്കുന്ന മിന്നിത്തിളങ്ങുന്ന വലിയ പുള്ളി വെർജീനിയാസംസ്ഥാനത്തെ ഗ്രാമപ്രദേശത്തുള്ള സസ്യശ്യാമളമായ ഒരു ഉദ്യാനത്തിൽനിന്നു ക്യാമറ ഒപ്പിയെടുത്തതാണ്. ഈ വലിയ പുള്ളിക്കു പിൻചിറകിന്റെ അടിവശത്തു വെള്ളിനിറമുള്ള പുള്ളികളുണ്ട്. തോട്ടക്കാരൻ ഉയരത്തിൽ വളരുന്നതും ചിത്രശലഭങ്ങളെ ആകർഷിക്കുന്നതുമായ കാട്ടുപൂച്ചെടി മനഃപൂർവം പൂന്തോട്ടത്തിന്റെ ഒരു ഭാഗത്തെ തടത്തിൽ നട്ടിരുന്നു—മഞ്ഞ റഡ്ബക്യാസും മോവ് ഫ്ളോക്സും ഉണ്ടായിരുന്നു.
നിങ്ങളുടെ പൂന്തോട്ടത്തിലേക്കു ചിത്രശലഭങ്ങളെ ആകർഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു തടത്തിൽ കാട്ടുപൂച്ചെടി വളർത്താൻ ശ്രമിക്കുക. ഒരുപക്ഷേ ഈ കോമള സൃഷ്ടികളെ നിങ്ങളിലേക്ക് ആകർഷിക്കാൻ ഒരു ചിത്രകാരന്റെ ചായപ്പലകപോലെ വർണാഭമായി വളരുന്ന കാട്ടുപുഷ്പവിത്തുകളുടെ ഒരു പായ്ക്കററു നിങ്ങൾക്കു വാങ്ങാവുന്നതാണ്. നിങ്ങൾ ലോകത്തിലെ അനുയോജ്യ പ്രദേശത്താണു ജീവിക്കുന്നതെങ്കിൽ ബഡ്ലിയാ കുററിച്ചെടി ഒരു കാന്തംപോലെ ചിത്രശലഭങ്ങളെ ആകർഷിച്ചുവരുത്തും. അനന്തരം ഒരു ക്യാമറയും ബൈനോക്കുലറുകളും വാങ്ങി രസിക്കുക!