വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 7/09 പേ. 20-21
  • ഞങ്ങൾ ഇവിടെ സുരക്ഷിതർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞങ്ങൾ ഇവിടെ സുരക്ഷിതർ
  • ഉണരുക!—2009
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അതിജീവനത്തിനായി മല്ലിടുന്ന ജീവജാലങ്ങൾ
  • പൂമ്പാററയുടെ ജീവിതത്തിലെ ഒരു നാൾ
    ഉണരുക!—1994
  • പർവതങ്ങൾ ഭീഷണിയിൽ
    ഉണരുക!—2005
  • പർവതങ്ങൾ—അവയുടെ പ്രാധാന്യം
    ഉണരുക!—2005
  • വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ—പ്രശ്‌നത്തിന്റെ വ്യാപ്‌തി
    ഉണരുക!—1996
കൂടുതൽ കാണുക
ഉണരുക!—2009
g 7/09 പേ. 20-21

ഞങ്ങൾ ഇവിടെ സുരക്ഷിതർ

സ്‌പെയിനിലെ ഉണരുക! ലേഖകൻ

ജീവജാലങ്ങൾ ലോകമെങ്ങും വംശനാശ ഭീഷണി നേരിടുകയാണ്‌. ഓരോ വർഷവും ആയിരക്കണക്കിനു ജീവിവർഗങ്ങളാണ്‌ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാകുന്നതെന്ന്‌ ചില ശാസ്‌ത്രജ്ഞർ പറയുന്നു. ഒരുകാലത്ത്‌ എവിടെയും ധാരാളമായി കണ്ടുവന്നിരുന്നതും എന്നാലിപ്പോൾ വംശനാശം നേരിടുന്നതുമായ സസ്യമൃഗാദികൾക്ക്‌ പർവതസാനുക്കൾ ഒരു അഭയസ്ഥാനമാണെന്നതു സന്തോഷകരംതന്നെ. പക്ഷേ അത്തരം സങ്കേതങ്ങൾപോലും മലിനീകരണവും മനുഷ്യരുടെ കടന്നുകയറ്റവുംനിമിത്തം സുരക്ഷിതമല്ലാതായിരിക്കുന്നു. ഒരുപക്ഷേ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധേയം, ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ പ്രദേശങ്ങളിലൊന്നായ യൂറോപ്പാണ്‌.

ഫ്രാൻസിനും സ്‌പെയിനിനും ഇടയ്‌ക്കായി സ്ഥിതിചെയ്യുന്ന പിറണിസ്‌ മലനിരകളിലുള്ള നിരവധി ദേശീയ പാർക്കുകൾ പ്രാദേശിക സസ്യമൃഗാദികൾക്കു സംരക്ഷണമേകുന്നു. അപകടത്തിലായ ഒട്ടനവധി ജീവിവർഗങ്ങളുടെ അഭയസ്ഥാനമായ ഈ പാർക്കുകൾ സന്ദർശിക്കുന്നത്‌ പലർക്കും അനുപമമായ ഒരനുഭവമാണ്‌. ഈ പാർക്കുകളിൽ എന്തൊക്കെയാണുള്ളതെന്നു നോക്കാം.

അതിജീവനത്തിനായി മല്ലിടുന്ന ജീവജാലങ്ങൾ

പൂച്ചെടികൾ. 5,000 അടിയിലേറെ ഉയരത്തിൽ, അതിമനോഹരമായ ചിലയിനം കാട്ടുപൂക്കളുണ്ട്‌. കടുംനിറത്തിലുള്ള സ്‌നോ ജെൻഷനും ട്രംപറ്റ്‌ ജെൻഷനും (1) വൃക്ഷരഹിതമായ മലമേടുകളെ നീലയണിയിക്കുന്നു. കുറെക്കൂടെ താഴെയായി ബീച്ച്‌ മരങ്ങളുടെ തണൽപറ്റി ലേഡീസ്‌-സ്ലിപ്പർ ഓർക്കിഡുകൾ (2) ഇടതൂർന്നുവളരുന്നു. ഓരോ വർഷവും നൂറുകണക്കിന്‌ പ്രകൃതിസ്‌നേഹികൾ ഇവിടം സന്ദർശിക്കുന്നതിനാൽ, ഈ അപൂർവസുന്ദരപുഷ്‌പങ്ങളുടെ സംരക്ഷണാർഥം വനപാലകർ ദിവസത്തിൽ 14 മണിക്കൂർ ഡ്യൂട്ടിയിലുണ്ടായിരിക്കും.

ചിത്രശലഭങ്ങൾ. വന്യപുഷ്‌പങ്ങൾ നിറംചാർത്തുന്ന പുൽമേടുകൾ ചിത്രശലഭങ്ങളുടെ നടനവേദിയാണ്‌. മുൾച്ചെടികൾക്കിടയിൽ തത്തിക്കളിക്കുന്ന കടുംചുവപ്പു പുള്ളികളുള്ള വലിയ അപ്പോളോ ചിത്രശലഭങ്ങൾ (3); കൊച്ചുകൊച്ചു പൂക്കളിൽ വിരുന്നുണ്ണാനെത്തുന്ന കോപ്പർ ശലഭങ്ങളും (4) നീല ശലഭങ്ങളും (ലൈസേനിഡേ കുടുംബം); മലഞ്ചെരുവുകളിൽ പാറിനടക്കുന്ന പെയിന്റഡ്‌-ലേഡി ശലഭങ്ങളും ടോർട്ടൊയ്‌സ്‌ഷെൽ ശലഭങ്ങളും—എല്ലാം സന്ദർശകർക്ക്‌ ഹരംപകരുന്നു.

മൃഗങ്ങൾ. വലിയ സസ്‌തനികൾ യൂറോപ്പിലെങ്ങും വിഹരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വേട്ടയാടലിന്റെ ഫലമായി അവയിൽ ചിലതെല്ലാം വംശനാശത്തിന്റെ വക്കിലാണ്‌. ചെന്നായ, കരടി, ലിൻക്‌സ്‌ (ഒരുതരം കാട്ടുപൂച്ച) (5), കാട്ടുപോത്ത്‌, ഷാമ്വാ (ഒരിനം കലമാൻ), മലയാട്‌ (6) എന്നിവ ഏതാനും മലനിരകളിലും വടക്കൻ മേഖലയിലും മാത്രമായി ഒതുങ്ങിയിരിക്കുകയാണ്‌. പിറണിസ്‌ പർവതനിരകളിലെ വന്യജീവിസങ്കേതങ്ങളിൽ ഇന്നു കാണുന്ന മൃഗങ്ങൾ, ഒരിക്കൽ ഇവിടെയുണ്ടായിരുന്ന മൃഗസമ്പത്തിനെ അനുസ്‌മരിപ്പിക്കുന്നു. ശേഷിക്കുന്ന മൃഗങ്ങളുടെ ഭാവി എന്താകുമെന്ന്‌ സന്ദർശകരിൽ ചിലർക്കെങ്കിലും ആശങ്കയുണ്ട്‌.

എന്നാൽ ആശ്വസിക്കാൻ വകയുണ്ട്‌. എല്ലാ ജീവജാലങ്ങളുടെയും കാര്യത്തിലെന്നപോലെ, പർവതങ്ങളിലെ ജീവജാലങ്ങളെക്കുറിച്ചും സ്രഷ്ടാവായ യഹോവ ചിന്തയുള്ളവനാണ്‌; “പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ” എന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 95:4) മറ്റൊരു സങ്കീർത്തനത്തിൽ ദൈവം ഇങ്ങനെ പറയുന്നു: “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു.” (സങ്കീർത്തനം 50:10, 11) ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും കാര്യത്തിൽ യഹോവയ്‌ക്ക്‌ അതീവതാത്‌പര്യമുള്ളതിനാൽ, പർവതങ്ങളിലെ ആയിരമായിരം ജന്തുജാലങ്ങൾ അന്യംനിന്നുപോകാൻ ഒരിക്കലും അവൻ അനുവദിക്കില്ല.

[21 പേജിൽ ചിത്രങ്ങൾക്ക്‌ കടപ്പാട]

La Cuniacha

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക