മുതലയുടെ ഒരു അടുത്ത വീക്ഷണം
കെനിയയിലെ ഉണരുക! ലേഖകൻ
അമേരിക്കക്കാരനായ വിനോദയാത്രികൻ മാറാ നദിയിൽ ഉത്സാഹത്തോടെ ഹിപ്പൊപ്പൊട്ടാമസിന്റെ ചിത്രങ്ങൾ എടുക്കുകയായിരുന്നു, അപ്പോൾ അയാൾ പാറകളിൽ കാൽ വഴുതി വെള്ളത്തിൽ വീണു. ഇത് ആ സമയത്തു വെയിൽകായുകയായിരുന്ന കട്ടിത്തോലുള്ള ഒരു മൃഗത്തിന്റെ, മുതലയുടെ, ശ്രദ്ധയിൽപ്പെട്ടു. സാധാരണ മീൻ മാത്രം തിന്നുന്ന ഈ ഉരഗത്തിന് രുചികരമായ ഈ ഭോജ്യം കണ്ടപ്പോൾ മടിച്ചുനിൽക്കാനായില്ല. പെട്ടെന്നുതന്നെ അത് ഇരയെ അന്വേഷിച്ചു വെള്ളത്തിലേക്കു വഴുതിയിറങ്ങി. ഏതായാലും, അനുഗ്രഹമെന്നു പറയട്ടെ, മുതല വരുന്നതു കണ്ട വിനോദയാത്രികൻ അതിവേഗം കരയ്ക്കുകയറിയതായി കാണപ്പെട്ടു—വെള്ളത്തിൽ തൊട്ടുതൊട്ടില്ല എന്നപോലെ!
ആഫ്രിക്കയിലെ നദികളും തടാകങ്ങളും ചതുപ്പുനിലങ്ങളും സന്ദർശിക്കാനെത്തുന്നവർക്കു പലപ്പോഴും മുതലയെ കാണാം. എന്നാൽ പേടിച്ചരണ്ട മേൽപ്പറഞ്ഞ വിനോദയാത്രികന് ആ കൂടിക്കാഴ്ച അൽപ്പം അടുത്തുനിന്നായിപ്പോയി. കെനിയയാണ് നൈൽ മുതലയുടെ ഭവനം. ആ പ്രദേശത്തെ സ്വാഹിളി ഭാഷയിൽ അത് അറിയപ്പെടുന്നത് കേവലം മാംബ എന്നാണ്. 7 മീററർവരെ നീളമുള്ള മുതലകൾ കരയിലും വെള്ളത്തിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ഉരഗങ്ങളാണ്. പരന്ന്, തുഴയുടെ ആകൃതിയിലുള്ള വാലുള്ളതുകൊണ്ട് വെള്ളത്തിൽ അവയ്ക്കു വലിയ വേഗത കൈവരിക്കാൻ കഴിയും. അവയ്ക്കു മണിക്കൂറിൽ 40 കിലോമീററർവരെ വേഗത്തിൽ നീന്താൻ കഴിയും! രണ്ടു മണിക്കൂർ, എന്തിന് മൂന്നു മണിക്കൂർപോലും വെള്ളത്തിനടിയിൽ ഇരിക്കുന്നത് അവയെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. കരയിൽ അവയ്ക്ക് അൽപ്പദൂരം ഓടാൻ കഴിയും, അതും വളരെ വേഗത്തിൽ.
അപ്പോൾ പ്രത്യക്ഷത്തിൽ, ദൈവത്തിന്റെ ഭയജനകമായ സൃഷ്ടിക്ക് ഒരു ഉദാഹരണമെന്നനിലയിൽ ലിവ്യാഥാൻ എന്നു വിളിക്കപ്പെടുന്ന മുതലയെ ബൈബിൾ പരാമർശിക്കുന്നത് അതിശയമല്ല. ഇയ്യോബ് 41:8, 10 ഇപ്രകാരം പറയുന്നു: “അതിനെ [ലിവ്യാഥാനെ] ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല. . . . അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല.” വളരെ ജ്ഞാനപൂർവകമായ മുന്നറിയിപ്പുകൾ! മോറിസ് റിച്ചാർഡ്സൻ എഴുതിയ ഉരഗങ്ങളുടെ വശ്യത (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് മുതലകൾ യന്ത്രവൽകൃത ബോട്ടുകൾ ആക്രമിക്കുന്നതുപോലും പ്രസിദ്ധമാണ്! ഇയ്യോബ് 41:25 ഉചിതമായി ഇപ്രകാരം പറയുന്നു: “അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു.”
ശൽക്കധാരിയായ ഈ ജന്തുവിനെ കാണുമ്പോൾ ആളുകളെന്തിനാണു പേടിച്ചോടുന്നത്? 14-ാം വാക്യം ഒരു കാരണം വിശദമാക്കുന്നു: “അതിന്റെ മുഖത്തെ കതകു ആർ തുറക്കും? അതിന്റെ പല്ലിന്നു ചുററും ഭീഷണം ഉണ്ടു.” മുതലയുടെ താടിയെല്ലുകളിലോരോന്നിലും, അതായത് മേൽത്താടിയിലും കീഴ്ത്താടിയിലും വിവിധ വലിപ്പങ്ങളിലുള്ള 24-ഓളം പല്ലുകളുണ്ട്. അവയോരോന്നും അതിന്റെ ജീവിതകാലത്തു തുടർച്ചയായി മാററിവെക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രസാവഹമായി, മുതലയുടെ കീഴ്ത്താടിയിലെ നാലാമത്തെ പല്ല് മേൽത്താടിയിലെ ഒരു പൊഴിയിൽ ചേർന്നിരിക്കത്തക്കവണ്ണം ഉന്തിനിൽക്കുന്നു. താടിയെല്ലുകൾ കൂട്ടിയടച്ചുകഴിയുമ്പോൾ ഇത് അനായാസം കാണാൻ കഴിയും. അതിന്റെ അടുത്തബന്ധുവായ ചീങ്കണ്ണിയിൽനിന്ന് അതിനെ വേർതിരിച്ചറിയാൻ ഇതു സഹായിക്കുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്. ഈ ചെറിയ ദന്ത പരിശോധന നടത്തി അങ്ങ് അടുത്തുചെന്നാലുണ്ടല്ലോ മുതലയുടെ എല്ലാ പല്ലുകളും നിങ്ങൾക്ക് അകത്തുനിന്നു പരിശോധിക്കാൻ കഴിഞ്ഞേക്കും!
സുരക്ഷിതമായ ഒരു ദൃഷ്ടിസ്ഥാനത്തുനിന്നുകൊണ്ട് മുതലയെ അടുത്തു നിരീക്ഷിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നതിന്റെ കാരണമിതാണ്. ഇതിനു സൗകര്യമുള്ള അനവധി സ്ഥലങ്ങൾ കെനിയയിലുണ്ട്. ഉദാഹരണത്തിന്, മോംബസയിലെ മാംബ ഗ്രാമം മുതലകളെ കൂട്ടിലിട്ടു വളർത്തുന്ന ഒരു സ്ഥലമാണ്.
‘എന്നാൽ ആദ്യംതന്നെ, മുതലകളെ വളർത്താൻ എന്തുകൊണ്ടാണ് ആരെങ്കിലും ആഗ്രഹിക്കുന്നത്?,’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അവയെ വംശനാശത്തിൽനിന്നു സംരക്ഷിക്കുകയെന്നതാണ് ഒരു ലക്ഷ്യം. വനത്തിൽ മുതലകൾക്ക് ആദ്യത്തെ വയസ്സിൽ 99 ശതമാനം മരണനിരക്കുണ്ട്. ഉടുമ്പുകളും മരാബോ കൊക്കുകളും ചില ആളുകൾപോലും മുതല മുട്ടകളുടെയും മുട്ടവിരിഞ്ഞുവരുന്ന ചെറിയ കുഞ്ഞുങ്ങളുടെയും സ്വാദ് ഇഷ്ടപ്പെടുന്നതായി തോന്നുന്നു. എന്നിരുന്നാലും, ഒരു മുതല വളർത്തൽ കേന്ദ്രത്തിൽ നന്നായി സംരക്ഷിക്കപ്പെടുന്ന മുതലയുടെ മരണനിരക്ക് 10 ശതമാനത്തിൽ താഴെയായി കുറയുന്നു. ഒരു വർഷംകൊണ്ട് മുതലക്കുഞ്ഞുങ്ങൾക്ക് 1.5 മീററർ നീളം വയ്ക്കും—തീർച്ചയായും മിക്ക ഭീഷണികളെയും തടഞ്ഞുനിർത്താൻ പററിയ വലിപ്പം. വനത്തിൽ അതേ നീളമെത്തണമെങ്കിൽ മുതലക്കുഞ്ഞുങ്ങൾക്കു മൂന്നു വർഷംവരെ വേണം.
മുതല വളർത്തൽ കേന്ദ്രങ്ങൾ വ്യാപാര ഉദ്ദേശ്യങ്ങൾക്കുവേണ്ടിയും ഈ ജീവികളെ വളർത്തുന്നു. മുതലയുടെ ഉദരഭാഗത്തെ മൃദുലമായ തോൽകൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഷൂകളും ബെൽററുകളും ഹാൻഡ്ബാഗുകളും മററു ഫാഷൻ ഇനങ്ങളും നിങ്ങൾക്ക് അന്തർദേശീയ വിപണിയിൽ കണ്ടെത്താൻ കഴിയും. വർഷംതോറും 2,000-ത്തോളം തോലുകൾ മാംബ ഗ്രാമത്തിൽനിന്ന് ഇററലി, ഫ്രാൻസ് തുടങ്ങിയ മററു രാജ്യങ്ങളിലേക്ക് ഊറയിടലിനായി കയററിയയക്കുന്നു. ജന്തുവിന്റെ ബാക്കി ഭാഗമോ? കെനിയയിൽ മുതലയുടെ മാംസം ഒരു വിദേശ ഭോജ്യമായി ടൂറിസ്ററ് വ്യവസായത്തിൽ ഉപയോഗിച്ചുവരുന്നു.
മുതലയുടെ വംശവർധന ഒക്ടോബർമുതൽ ഏപ്രിൽവരെയുള്ള കാലത്താണ്. ഒരു പെൺ മുതല വനത്തിലെവിടെയെങ്കിലും 20 മുതൽ 80 വരെ മുട്ടയിടും. ഈ സമയത്ത് കൂട്ടിലിട്ടു വളർത്തുന്ന മുതലകൾ പല കുളങ്ങൾക്കു ചുററുമുള്ള മുട്ടയിടൽ പ്രദേശങ്ങളിൽ 36-ഓളം മുട്ടയിടുന്നു. ഈ മുട്ടകൾ പിന്നീട് ശേഖരിക്കുകയും വിരിയിക്കാനായി മുട്ടവിരിയിക്കൽ യന്ത്രത്തിൽ വെക്കുകയും ചെയ്യുന്നു. ഇതിന് മൂന്നുമാസത്തോളമെടുക്കുന്നു.
മാംബാ ഗ്രാമം ആകർഷകമായ ഈ സൃഷ്ടികളെ സുരക്ഷിതമായിനിന്നു നിരീക്ഷിക്കുന്നതിനുള്ള വിശിഷ്ടമായ ഒരവസരം നൽകുന്നു. മുതല വളർത്തൽ കേന്ദ്രം, സസ്യശാസ്ത്ര പൂന്തോട്ടം, സമുദ്രജീവിശാല, വിനോദ സഞ്ചയം എന്നിങ്ങനെ പലവിധത്തിൽ പ്രവർത്തിക്കുന്നതിനു പുനഃരൂപകൽപ്പനചെയ്യപ്പെട്ടിരിക്കുന്ന 20 ഏക്കറുള്ള ഒരു കൽമടയിലാണ് അതു സ്ഥിതിചെയ്യുന്നത്. ഈ ഉരഗങ്ങളിൽ 10,000-ത്തിലധികം എണ്ണം ഇവിടെ ജീവിക്കുന്നു. തീർച്ചയായും, നിങ്ങൾക്ക് അവയെല്ലാററിനെയും കാണാൻ കഴിയില്ല. എന്നാൽ രണ്ടു മുട്ടയിടൽ പ്രദേശങ്ങളിൽ പൂർണവളർച്ചയെത്തിയ നൂറിലധികം മുതലകളെ നിങ്ങൾക്കു കാണാൻ കഴിയും. വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള നൂറുകണക്കിനു മുതലക്കുഞ്ഞുങ്ങളെ മററു പ്രദേശങ്ങളിൽ കാണാൻ കഴിയും.
തീററ കൊടുക്കുന്ന സമയത്ത് മുതലകളെ ഒന്നു കാണേണ്ടതുതന്നെയാണ്. കുളത്തിനു മുകളിൽ തൂക്കിയിട്ടിരിക്കുന്ന മാംസം എടുക്കുന്നതിനുവേണ്ടി ചിലതു വെള്ളത്തിൽനിന്നു ചാടുകപോലും ചെയ്യുന്നു. ഇവിടെ നിങ്ങൾക്കു വലിയ ഡാഡി എന്നു പേരുള്ള കുപ്രസിദ്ധനായ മുതലയെ കാണാൻ കഴിയും. വളർത്തൽ കേന്ദ്രത്തിലേക്കു പിടിച്ചുകൊണ്ടുവരുന്നതിനുമുമ്പ് കുറഞ്ഞത് 5 പേരെയെങ്കിലും കൊന്നുകൊണ്ടു ററാന നദീ പ്രദേശത്തുള്ള ആളുകളെ നടുക്കിയവനാണ് അവൻ. മുതലകളെ മുഖാമുഖം കാണുന്നതു നിങ്ങൾക്കു പേടിയാണെങ്കിൽ വീഡിയോ തിയേറററിൽ പോയി നിങ്ങൾക്ക് അവയെ നന്നായി കാണാവുന്നതാണ്.
മുതലയുടെ അടുത്ത നിരീക്ഷണം നിങ്ങൾക്ക് ആകർഷകമോ ഭയാനകമോ ആയിരിക്കാം. എന്നാൽ ഇയ്യോബ് 41:34-ൽ ബൈബിൾ മുതലയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾക്കു മെച്ചമായി മനസ്സിലാകും: “മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.”
[17-ാം പേജിലെ ചിത്രം]
വലത്ത്: മാംബാ ഗ്രാമത്തിന്റെ മുകളിൽനിന്നുള്ള വീക്ഷണം
[17-ാം പേജിലെ ചിത്രം]
വലത്തേ അററം: തീററി സമയത്ത് ഒരു മുതല മാംസത്തിനായി വെള്ളത്തിൽനിന്നു ചാടുന്നു