‘നദിയുടെ കണ്ണു’കളെ സൂക്ഷിക്കുക!
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഓസ്ട്രേലിയയുടെ വടക്കുപ്രദേശമായ കകാഡൂ നാഷണൽ പാർക്ക് എന്നറിയപ്പെടുന്ന ചതുപ്പുനിലത്തെ ഈസ്ററ് അലിഗേററർ നദിയുടെ ഒരു പോഷകനദിയിലൂടെ, അവധിക്കാലം ചെലവഴിക്കാനെത്തിയ ഒരു സാഹസിക യാത്രക്കാരി ശാന്തമായി തന്റെ ചെറുവള്ളം തുഴഞ്ഞുനീങ്ങുകയായിരുന്നു. പെട്ടെന്ന്, ഒഴുകിനടക്കുന്ന നിരുപദ്രവകരമായ തടിക്കഷണമെന്ന് അവൾ വിചാരിച്ചിരുന്നതെന്തോ അത് അവളുടെ ചെറുവള്ളത്തെ പ്രഹരിക്കാൻ തുടങ്ങി. അതൊരു ഭയാനകമായ ഉപ്പുവെള്ള മുതലയായിരുന്നു. മാത്രവുമല്ല, വിനോദസഞ്ചാരി ചെന്നുപെട്ടിരിക്കുന്നത് വർഷത്തിലെ ഏററവും അപകടകരമായ സമയത്ത് അതിന്റെ നിർദിഷ്ടപ്രദേശത്തു തന്നെയായിരുന്നു.
ഒരു കൂട്ടം വൃക്ഷങ്ങളുടെയിടയിലേക്ക് അവൾ ഭ്രാന്തമായി തുഴഞ്ഞു നീങ്ങി. ആദ്യം കണ്ട ശിഖരത്തിലേക്ക് അവൾ കാലെടുത്തുവെച്ചതേ മുതല വെള്ളത്തിൽനിന്നുപൊന്തി അവളെ പുറകോട്ടുവലിച്ചെടുത്തു മൊത്തം മൂന്നുപ്രാവശ്യം ഉരുട്ടി. ഓരോ പ്രാവശ്യവും മുതല അതിന്റെ പിടുത്തം മാറ്റിക്കൊണ്ടിരുന്നു. സ്ത്രീ ചെളിനിറഞ്ഞ നദീതീരത്തണയാൻ ആഞ്ഞുശ്രമിച്ചു. മൂന്നാമത്തെ ശ്രമത്തോടെ അവൾക്ക് എഴുന്നേറ്റുനിൽക്കാറായി. രണ്ടു കിലോമീറ്ററോളം അവൾ ഏന്തിവലിഞ്ഞുനീങ്ങി. അവസാനം സഹായത്തിനായുള്ള അവളുടെ ദീനരോദനം ഒരു ഫോറസ്ററ് ഓഫീസർ കേട്ടു. കഠിനമായ മുറിവുകളുണ്ടായിരുന്നിട്ടും ആ സ്ത്രീ അതിജീവിച്ചു.
ഒരു ദുരന്തമാകുമായിരുന്ന ഈ സംഭവം നടന്നത് 1985-ലായിരുന്നു. രണ്ടുവർഷത്തിനുശേഷം ഒരു അമേരിക്കൻ വിനോദസഞ്ചാരിണിക്കുണ്ടായ അനുഭവം ദുഃഖകരമായിരുന്നു. സുഹൃത്തുക്കളിൽനിന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അവൾ പശ്ചിമ ഓസ്ട്രേലിയയിലെ മുതലയുടെ ഉപദ്രവമുള്ള പ്രിൻസ് റീജൻറ് നദിയിൽ നീന്താൻ തീരുമാനിച്ചു. ഒരു ഉപ്പുവെള്ള മുതലയുടെ ആക്രമണത്തിൽ അവൾ കൊല്ലപ്പെട്ടു. ജലത്തിൽ മുതലക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു തന്റെ കുഞ്ഞുങ്ങളെ സംരക്ഷിച്ചുകൊണ്ടിരുന്ന ഒരു പെൺമുതല അവിടെ ഉണ്ടായിരുന്നിരിക്കാമെന്നാണ്.
മാരകമായ ‘നദിയുടെ കണ്ണുകൾ’
സ്ഫടികംപോലുള്ള ജലോപരിതലത്തിൽ പ്രാണികളെത്തി തത്തിക്കളിക്കുന്ന പ്രതീതിയാണു നിലാവിൽ ഒരു നദീമുഖ മുക്കുവനുണ്ടാകുന്നത്. അപ്പോൾപോലും, കാണപ്പെടാത്തതിനെക്കുറിച്ച്, അതായത് ‘നദിയുടെ കണ്ണുകളെ’ക്കുറിച്ച്, ഓസ്ട്രേലിയയുടെ വടക്കേയറ്റത്തുള്ള മുക്കുവനും എല്ലായ്പോഴും ബോധവാനാണ്. അവൻ തന്റെ ഫ്ളാഷ്ലൈറ്റ് തെളിച്ചിരുന്നുവെങ്കിൽ മുതലക്കണ്ണുകൾ നിശബ്ദമായി ജലോപരിതലത്തെ കീറിമുറിച്ചുകൊണ്ട് ചുവപ്പുനിറത്തിൽ തേജോമയമായി ജ്വലിക്കുമായിരുന്നു. അയാൾ ഈ പുരാതന ഇരപിടിയന്റെ പ്രദേശത്തേക്കുള്ള ഒരു നുഴഞ്ഞുകയറ്റക്കാരനാണ്.
മറ്റെവിടെയും കാണപ്പെടുന്ന ഓസ്ട്രേലിയയിലെ ഉപ്പുവെള്ള മുതല ഏറ്റവും വലതും ഏറ്റവും അപകടകാരിയുമായ ലോകത്തിലെ 12 മുതലവർഗങ്ങളിൽ ഒരെണ്ണമാണ്. അതിന് ഏഴു മീറ്റർ നീളത്തിൽ വളരാൻ കഴിയും. ഒരു സംശയവും തോന്നാത്ത ഇര അതിന്റെ തിളങ്ങുന്ന കണ്ണുകൾ കാണുന്നതിനുമുമ്പുതന്നെ പെട്ടെന്നുള്ള ആക്രമണം നടന്നിരിക്കും. പിടിമുറുക്കി വെള്ളത്തിൽ മുക്കിയും കറക്കിയും കൊല്ലുന്ന അതിന്റെ വിദ്യയിൽനിന്ന് അതിനു രക്ഷപ്പെടാനാവില്ല. വെള്ളം കുടിക്കാനെത്തിയ പോത്ത്, കന്നുകാലികൾ, കുതിരകൾ എന്നിവയോളം വലിപ്പമുള്ള ഇരകൾ നദീതീരത്ത് ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ആഡംബരം നിമിത്തം അവയുടെ അതിജീവനം ഭീഷണിയിൽ
മുതലകൾ തങ്ങളുടെ ഇരകളുടെമേൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ടു കപടക്കണ്ണീർ പൊഴിക്കുന്നുവെന്ന ഐതിഹ്യം “മുതലക്കണ്ണീർ” എന്ന പദപ്രയോഗത്തിലൂടെ ആധുനിക സംസ്കാരത്തിലും കടന്നുകൂടിയിരിക്കുന്നു. എന്നാൽ മുതലകളുടെമേൽ മനുഷ്യക്കണ്ണീർ പൊഴിക്കപ്പെട്ടിട്ടില്ല. പകരം, ഈ ജലസ്നേഹിയായ ഇഴജന്തു അതിന്റെ വിലയേറിയ തുകലിനോ ചർമത്തിനോ വേണ്ടി നിർദയമായി വേട്ടയാടപ്പെട്ടിട്ടുണ്ട്.
ആളുകളുടെ ഹരമായി മാറിയ ലെതർ ഉത്പന്നങ്ങളുടെ രൂപത്തിൽ സ്ത്രീ ഫാഷൻ ഡിസൈനർമാരുടെ പ്രദർശനശാലയിലേക്ക് അരങ്ങേറ്റം നടത്തുന്നത് എത്രയെത്ര മുതലകളാണ്, കാരണം ഉപ്പുവെള്ള മുതലയുടെ ചർമം—ലോകത്തിലെ ഏറ്റവും നല്ല ലെതർ—ഏറ്റവും മൃദുവായതും ലഭ്യമായിരിക്കുന്നതിൽ ഏറ്റവും ഈടുറ്റതും ആണെന്നു ചിലർ കണക്കാക്കുന്നു. അടുത്തയിടെ ലണ്ടനിൽ കുറഞ്ഞവിലയ്ക്ക് വില്പനയ്ക്കുവെച്ചിരുന്ന ഒരു ലേഡീസ് ഹാൻഡ്ബാഗിന്റെ വില 15,000 ഡോളറായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും മുതലയുടെ തോൽ ഇപ്പോഴും ഒരു അന്തസിന്റെ ചിഹ്നം തന്നെയാണ്.
വൻലാഭത്തിന്റെ പകിട്ട് ഓസ്ട്രേലിയയിലെ ഉപ്പുവെള്ള മുതലയുടെ അതിജീവനത്തിനു ഭീഷണിയായിരിക്കുകയാണ്. 1945-നും 1971-നും ഇടയ്ക്ക് വടക്കൻമേഖലയിൽ മാത്രമായി ഈ ഇഴജന്തുക്കളിൽ ഏതാണ്ട് 1,13,000 എണ്ണം കൊല്ലപ്പെട്ടു. അവയെ തുടച്ചുനീക്കുന്നതു തടയാനായി 1970-കളുടെ പ്രാരംഭത്തിൽ മുതലവേട്ടയ്ക്കു നിബന്ധനകൾ ഏർപ്പെടുത്തി. തത്ഫലമായി, 1986-ഓടെ അവയുടെ എണ്ണം വീണ്ടെടുക്കപ്പെട്ടു. ഓസ്ട്രേലിയയിൽ മേലാൽ മുതലകൾക്ക് അപകടമില്ല, അവ ജീവിക്കുന്ന പ്രദേശം അപകടത്തിലാണെന്നു ചിലർ വാദിക്കുന്നെങ്കിലും.
നൂറ്റാണ്ടുകളോളം ഓസ്ട്രേലിയൻ ആദിവാസികളുടെ സമൂഹം അറിഞ്ഞോ അറിയാതെയോ മുതലയുടെ വർധനവിനെ സംരക്ഷിച്ചിരുന്നു. ചില വർഗങ്ങൾ വിദഗ്ധരായ മുതല വേട്ടക്കാരായിരുന്നപ്പോൾ, മറ്റുവർഗങ്ങൾ മതപരമായ കാരണങ്ങൾ നിമിത്തം അവയെ വേട്ടയാടുന്നതു നിരോധിച്ചു.
അടുത്തകാലത്ത് മുതലവളർത്തലിനോടൊപ്പം വിദ്യാഭ്യാസത്തിനു ലഭിച്ച ഊന്നലും കൂടിയായപ്പോൾ അതു മുതലകളുടെ സംരക്ഷണത്തിനു സഹായമായി. തങ്ങളുടെ സാമ്പത്തികവിജയം ഉറപ്പുവരുത്തിക്കൊണ്ടു വിനോദസഞ്ചാരികൾ മുതലവളർത്തൽ കേന്ദ്രങ്ങളിലേക്ക് ഇപ്പോൾ തടിച്ചുകൂടുന്നു. അതേസമയം, വന്യമൃഗ സമൂഹത്തിനു വംശനാശം സംഭവിക്കാത്ത രീതിയിൽ മുതലത്തോലും മാംസവും ഉപയോഗപ്പെടുത്താനും കഴിയുന്നു.
ജനങ്ങൾ തങ്ങൾ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന സംഗതികളെയേ സംരക്ഷിക്കുകയുള്ളൂ, അവയ്ക്കേ അവർ സ്ഥലവും സമയവും കൊടുക്കുകയുള്ളൂ എന്നാണു മുതലവളർത്തലുകാരന്റെ വിശ്വാസം. “മുതലകൾക്കു കൂടുതലായ ഒരു വിജയസാധ്യത ലഭിക്കുന്നില്ല. എന്നാൽ അവയുടെ പരിസ്ഥിതിവിജ്ഞാനീയമൂല്യം അഴകേറിയ മറ്റേതു സാധനങ്ങളോടും തുല്യമാണ്.”
ഒരു മുതലവളർത്തൽകേന്ദ്രം സന്ദർശിക്കുന്നതും ഒരുവൻ ഈ ചതുപ്പുവർണത്തിലുള്ള, പരുക്കനായ ചർമത്തോടുകൂടിയ ഇഴജന്തുക്കളെ സമീപത്തുനിന്ന്—എന്നാൽ ഒരു സുരക്ഷിതമായ കമ്പിവേലിയുടെ പിന്നിൽനിന്ന്—വീക്ഷിക്കുന്നതും ആഹ്ളാദപ്രദമാണ്. കളിക്കുന്നതിനായി അവയെ ക്ഷണിച്ചുകൊണ്ടും നല്ല കോഴിയിറച്ചിയും മറ്റു മാംസങ്ങളും അവയ്ക്കു പ്രതിഫലമായി നൽകിക്കൊണ്ടും അവിടത്തെ ജോലിക്കാർ യാതൊരു ഭയവുമില്ലാതെ വേലിക്കുള്ളിലേക്കു പ്രവേശിക്കുന്നു. എന്നിരുന്നാലും, മുതലയെ അലക്ഷ്യമായി കൈകാര്യംചെയ്യരുതെന്ന് ഒരു ജോലിക്കാരൻ അടുത്തകാലത്ത് ഒരു കയ്പ്പേറിയ അനുഭവത്തിലൂടെ പഠിച്ചു. അപ്രതീക്ഷിതമായി, ഇഴജന്തു അയാളുടെമേൽ ചാടിവീണ് ഇടതുകൈ പൂർണമായും കടിച്ചുകീറി!
നേരേമറിച്ച്, 12 മാസം പ്രായമുള്ള ഒരു മുതലയെ പിടിച്ചുകൊണ്ടിരിക്കുകയെന്നതു തികച്ചും ഒരനുഭൂതിയാണ്, വളരെ സന്തോഷകരവുമാണ്. അതിന്റെ അടിവയറിന്റെ ചർമം അസാധാരണമാംവിധം മൃദുവാണ്, അതേസമയം ഓസ്റ്റിയോഡെറംസ് എന്നു വിളിക്കപ്പെടുന്ന പുറത്തെ അസ്ഥിപൂർണമായ ശല്ക്കങ്ങൾ ജലമർദകവചത്തിനു രൂപംകൊടുക്കുന്നു. അവയുടെ തുകലിന് ഇത്രമാത്രം വിലയുള്ളതെന്തുകൊണ്ടെന്ന് ഇപ്പോൾ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഈ “പിച്ചവെച്ചുനടക്കുന്ന ശിശു”വിനെ സൂക്ഷിക്കുക. സുരക്ഷിതമായി താടിയെല്ലുകൾ ബന്ധിച്ചിരിക്കുന്ന 12 മാസം പ്രായമുള്ള മുതലപോലും അതിന്റെ വലിപ്പമനുസരിച്ച് ശക്തനാണ്.
മുട്ടവിരിഞ്ഞു പുറത്തുവരാത്ത മുതലക്കുഞ്ഞുങ്ങൾ അവയുടെ തോടിനുള്ളിൽനിന്നു കുരയ്ക്കുകയും അവയുടെ നീണ്ട മൂക്കിന്റെ അഗ്രത്തിലുള്ള ഒരു താത്ക്കാലിക പല്ലിന്റെ സഹായത്താൽ പെട്ടെന്നു തോടുപൊട്ടിച്ചു പുറത്തുവരുകയും ചെയ്യുന്നതു കാണികളെ സന്തോഷിപ്പിക്കുന്നു. ഒരു മുതല ശരിക്കും ഓമനത്തമുള്ളതായിത്തോന്നുന്ന ഒരേയൊരു സമയം ഇതുമാത്രമായിരിക്കുമെന്നു മിക്കവാറുമെല്ലാവരുംതന്നെ സമ്മതിക്കുന്നു!
ദീർഘനാളായി മുറുകെപ്പിടിച്ചിരുന്ന ചില ഐതിഹ്യങ്ങൾ ദൂരീകരിക്കപ്പെടുന്നു
മുതലവളർത്തൽകേന്ദ്രത്തിൽ വളരുന്ന ഈ പേടിപ്പെടുത്തുന്ന ഇഴജന്തുക്കളുടെ സ്വഭാവരീതികളെ അടുത്തു നിരീക്ഷിക്കുന്നത്, വളരെനാളായി നിലനിന്നുപോരുന്ന ചില ഐതിഹ്യങ്ങളെ ദൂരീകരിക്കാൻ സഹായിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി മിന്നൽവേഗത്തിൽ കടന്നാക്രമിക്കുന്നതിനുമുമ്പ് ഒരു മുതല ക്ഷമയോടെ ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളംപോലും അതിന്റെ ഇരയെ പതുങ്ങി പിൻപറ്റുന്നുവെന്നു വർഷങ്ങളായി വിചാരിച്ചിരുന്നു. എന്നിരുന്നാലും, മുതലകൾ ഇണചേരുന്ന കാലഘട്ടത്തിൽ, അതായത് കാലവർഷസമയത്ത്, പ്രാദേശികമായി അക്രമാസക്തരായിത്തീരുന്നുവെന്ന് ഇപ്പോഴത്തെ നിരീക്ഷണം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ഇര തന്റെ പ്രദേശത്തു പ്രവേശിക്കുന്നെങ്കിൽ മുതല അക്രമാസക്തനായി അതിന്റെ പിന്നാലെ പോയേക്കാം. അതേസമയം, വർഷത്തിന്റെ മറ്റൊരുസമയത്ത് മുതല അതേ മൃഗത്തെത്തന്നെ അകലെനിന്നു നിസ്സംഗഭാവത്തോടെ വീക്ഷിക്കുകമാത്രം ചെയ്തേക്കാം.
ഇന്നു വിനോദമേഖലകളെ നോക്കുകയാണെങ്കിൽ തൊഴിലധിഷ്ഠിത മുതലവേട്ടക്കാർ മുതലകളെ നീക്കംചെയ്തിരിക്കുന്നതായും മറ്റൊരു സ്ഥലത്താക്കിയിരിക്കുന്നതായും കാണാം. തിരിയുന്ന കീഴ്ത്താടി കുരുക്കിലാക്കിയുയർത്തുകയും പെട്ടെന്നു മേൽത്താടിയുമായി ഒരുമിച്ചു കൂട്ടിക്കെട്ടുകയുമാണ് അവരുടെ വിദ്യയുടെ ഭാഗം. ഫലത്തിൽ ഇതു മുതലയുടെ താടിയെല്ലിനെ അശക്തമാക്കിത്തീർക്കുന്നു, കാരണം കീഴ്ത്താടിയുടെ അടയ്ക്കാവുന്ന മാംസപേശികൾ അത്യന്തം ശക്തമായിരിക്കുമ്പോൾ, തുറക്കാവുന്ന മാംസപേശികൾ ദുർബലമാണ്. എന്നിരുന്നാലും, വേട്ടക്കാരൻ ശ്രദ്ധാലുവല്ലെങ്കിൽ, മുതലയുടെ ശക്തമായ വാലുകൊണ്ട് അവനെ എളുപ്പത്തിൽ നിലത്തേക്കു ശക്തമായി അടിച്ചിടാൻ കഴിയും.
എല്ലാം ക്രൂരതയും അക്രമവും അല്ല
ഗുരുതരമായി പരുക്കേൽപ്പിക്കാൻ കഴിയുന്ന അതേ താടിയെല്ലുകൾതന്നെ സമർഥമായി ചലിപ്പിക്കാവുന്നതുമാണ്. ജനിക്കാത്ത മുതലക്കുഞ്ഞുങ്ങൾ അവയുടെ തോടുപൊട്ടിച്ചു പുറത്തുവരാൻ മടിയുള്ളവരാണെങ്കിൽ, അവയെ പ്രവർത്തിക്കുന്നതിന് ഇളക്കിക്കൊണ്ടു തള്ളമുതല അവയെ സാവധാനം ഉരുട്ടും.
ഇരയെ മുറിക്കുന്നതിനു പകരം മുറുകെപ്പിടിക്കാവുന്ന വിധത്തിലാണു മുതലയുടെ പല്ലുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇര ചെറുതാണെങ്കിൽ മുതല അതിനെ മുഴുവനായും വിഴുങ്ങുന്നു; അല്ലാത്തപക്ഷം അതിനെ വലിച്ചുകീറുകയും കഷണംകഷണമായി തിന്നുതീർക്കുകയും ചെയ്യുന്നു. മുതലകളുടെ ജഡം പരിശോധിച്ചതിൽനിന്ന് അവയുടെ വയറ്റിൽ കല്ലുകളുള്ളതായി വെളിപ്പെട്ടിട്ടുണ്ട്. മനഃപൂർവം തിന്നുന്നതാണെങ്കിലും അല്ലെങ്കിലും ഈ കല്ലുകൾ അടിഭാരം നിലനിർത്താൻ ഉതകുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.
മുതലകൾ അവയുടെ വലിപ്പമേറിയ താടിയെല്ലുകൾ തുറന്നുപിടിച്ചുകൊണ്ടു നദീതീരങ്ങളിൽ കിടക്കുന്നതായി സന്ദർശകർ പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. ഈ നില ആക്രമണത്തിന്റെ അടയാളമാണെന്നാണു മിക്കവാറും എല്ലാവരും വിചാരിക്കുക. നേരേമറിച്ച്, ഇതു പുറത്തെ താപനിലയോടു പൊരുത്തപ്പെടാൻ അതിനെ അനുവദിക്കുന്നു. എല്ലാ ഇഴജന്തുക്കളെയുംപോലെ, മുതലകളും അതിന്റെ ശരീരതാപനില സ്ഥിരമായി ക്രമീകരിച്ചുകൊണ്ടിരിക്കുന്നു.
ഒരു ഇഴജന്തുവാണെങ്കിലും തികച്ചും അത്ഭുതകരമായി ഒരു മുതലയ്ക്ക് ഒരു സസ്തനജീവിയുടേതുപോലെതന്നെ നാല് അറകളോടുകൂടിയ ഒരു ഹൃദയമുണ്ട്. എന്നിരുന്നാലും, ഒരു മുതല ജലത്തിലേക്ക് ഊളിയിടുമ്പോൾ ഒരു മാറ്റം സംഭവിക്കുകയും ഹൃദയം മൂന്നറകളോടുകൂടിയ ഒന്നുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.
നീണ്ടുകൂർത്ത മൂക്കുള്ളതും വായടയ്ക്കുമ്പോൾ കീഴ്ത്താടിയിലെ പല്ലുകൾ ദൃശ്യമാകുന്നതുമായ ഒരു ചീങ്കണ്ണിയിൽനിന്ന് ഒരു ഉപ്പുവെള്ള മുതല വ്യത്യസ്തനാണ്. കുറിയ മുതലകൾ ജീവിക്കുന്ന ആഫ്രിക്കയിൽ തുടങ്ങി ഇന്ത്യയിലും ഏഷ്യയിലും പാപ്പുവ ന്യൂ ഗിനിയിലും വരെ യഥാർഥ മുതലകളെ കാണാൻ കഴിയും. തെക്ക് ഓസ്ട്രേലിയവരെ കാണപ്പെടുന്ന ഇവയ്ക്കിഷ്ടം കണ്ടൽചെടികളുള്ള തീരദേശ ഭൂപ്രദേശങ്ങളും ഉഷ്ണമേഖലയിലെ ഈർപ്പമുള്ള പ്രദേശങ്ങളുമാണ്. കാരണം വെള്ളത്തിനരികിലാണ് അവ കൂടുണ്ടാക്കുന്നത്. ഇതിന്റെ പൊതുവേയുള്ള ദോഷം പ്രളയജലം പലപ്പോഴും വലിയ അളവിൽ മുതലകളുടെ ഭ്രൂണങ്ങളെ മുക്കിക്കളയുന്നുവെന്നതാണ്. വളർച്ചയെത്തിയ മുതലകൾ, ബാരമുൺടി മത്സ്യം, നാൻക്കിൻ പക്ഷി, മുതലായ ഇരപിടിയൻമാർ മൂലം മുതലക്കുഞ്ഞുങ്ങളുടെ 50 ശതമാനം മാത്രമേ അവയുടെ ആദ്യവർഷത്തെ അതിജീവിക്കുന്നുള്ളൂ.
മുതലക്കുഞ്ഞുങ്ങൾ തങ്ങളുടെ സ്വന്തം ഭക്ഷ്യ സംഭരണവുമായി ജനിക്കുന്നുവെന്നത് അത്ഭുതകരമാണ്. ആദ്യത്തെ ചില ആഴ്ചകളിൽ അവയുടെ ശരീരത്തിലുള്ള മഞ്ഞക്കരുവടങ്ങിയ സഞ്ചിയിൽനിന്ന് അവ പോഷിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും, മാതാവ് അവയെ പതുക്കെ തന്റെ വായിൽ എടുക്കുകയും വെള്ളത്തിനരികിലേക്കു കൊണ്ടുപോകയും ചെയ്യുമ്പോൾതന്നെ തങ്ങൾക്ക് എത്തുന്നതെന്തും കടിച്ചുമുറിച്ചുകൊണ്ട് അവ നീണ്ടുകൂർത്ത വായുടെ പരിശീലനം തുടങ്ങുന്നു.
‘നദിയുടെ കണ്ണുകൾ’ എന്ന പദപ്രയോഗം വളരെ ഉചിതമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, മുതലക്കുഞ്ഞുങ്ങളായാൽപോലും അവയുടെ ചെറിയ കണ്ണുകൾ രാത്രിയിലെ കൃത്രിമവെളിച്ചത്തിൽ ചുവന്നു പ്രകാശിക്കുന്നു. റെറ്റിനയ്ക്കു പിന്നിലെ ക്രിസ്റ്റലുകളുടെ ഒരു പാളി രാത്രികാഴ്ചയെ വർധിപ്പിക്കുകയും ചുവന്ന പ്രകാശത്തിനു കാരണമാകുകയും ചെയ്യുന്നു.
ഉവ്വ്, മുതല സത്യമായും അമ്പരപ്പിക്കുന്ന ഒരു ഇഴജന്തുവാണ്. പക്ഷേ, സാമാന്യം ഭേദപ്പെട്ട അകലം സൂക്ഷിക്കുക. ഏതൊരു മുക്കുവനും നന്നായി അറിയാവുന്നതുപോലെ ഒരു ലിവ്യാഥാനെ ഇണക്കുവാനുള്ള ശ്രമങ്ങൾ നിഷ്ഫലമാണ്.
ഇയ്യോബിനെക്കുറിച്ചുള്ള പദ്യം ഉചിതമായി മുതലയെ ഒരു “ലിവ്യാഥാൻ” ആയി വർണിക്കുന്നു. “മഹാനക്രത്തെ (ലിവ്യാഥാൻ, NW) ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ടു അമർത്താമോ? അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ? അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ? പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ? മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ? നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ? അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല.”—ഇയ്യോബ് 41:1-8.
അശ്രദ്ധരെയും ജിജ്ഞാസുക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ടുള്ള ജ്ഞാനപൂർവമായ ജാഗ്രതാവാക്കുകൾ: ‘നദിയുടെ കണ്ണുകളെ’ സൂക്ഷിക്കുക—ശക്തനായ, ഭയമുളവാക്കുന്ന മുതല!
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
By courtesy of Australian International Public Relations
[25-ാം പേജിലെ ചിത്രം]
രാത്രിയിൽ ജലത്തിൽ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ മുതലയുടേതായ ‘നദിയുടെ കണ്ണുകൾ’ ചുവന്നു ജ്വലിക്കുന്നു
[കടപ്പാട്]
By courtesy of Koorana Crocodile Farm, Rockhampton, Queensland, Australia
[26-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: ഒരു മുതലക്കുഞ്ഞു പെട്ടെന്നു മുട്ടത്തോടു പൊട്ടിച്ചു പുറത്തുവരുന്നു
[കടപ്പാട്]
By courtesy of Koorana Crocodile Farm, Rockhampton, Queensland, Australia
ഇൻസെറ്റ്: ഒരു വളർച്ചയെത്തിയ മുതല ചെളിനിറഞ്ഞ മേരിനദിയുടെ തീരത്തു വെയിൽകായുന്നു
[കടപ്പാട്]
By courtesy of Australian International Public Relations