ആരുടെ കരവിരുത്?
മുതലയുടെ താടിയെല്ല്
ഇപ്പോഴുള്ള മൃഗങ്ങളിൽവെച്ച് ഏറ്റവും ശക്തമായി കടിക്കുന്ന മൃഗം മുതലയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ഓസ്ട്രേലിയയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരുതരം മുതലയ്ക്ക് സിംഹത്തെക്കാളും കടുവയെക്കാളും മൂന്ന് മടങ്ങ് ശക്തിയിൽ കടിക്കാൻ കഴിയും. എങ്കിലും, മുതലയുടെ താടി അവിശ്വസനീയമാംവിധം സംവേദനം അഥവാ സ്പർശബോധം ഉള്ളതാണ്, ഒരു മനുഷ്യന്റെ വിരൽത്തുമ്പിനെക്കാളും. പടച്ചട്ടപോലെ കട്ടിയായ തൊലിയാണ് മുതലക്കുള്ളത്. ആ സ്ഥിതിക്ക് ഇത് എങ്ങനെ സാധിക്കുന്നു?
സംവേദനത്തിനായുള്ള ആയിരക്കണക്കിന് അവയവങ്ങളാൽ മുതലയുടെ താടിയെല്ല് നിറഞ്ഞിരിക്കുന്നു. “തലയോട്ടിയിലെ ഒരു സുഷിരത്തിൽനിന്നാണ് ഓരോ നാഡിയും വരുന്നത്” എന്ന് അവയെപ്പറ്റി പഠിച്ചശേഷം ഗവേഷകനായ ഡൻങ്കൻ ലീച്ച് രേഖപ്പെടുത്തി. ഈ ക്രമീകരണത്തിന് താടിയെല്ലിലെ നാഡീതന്തുക്കളെ സംരക്ഷിക്കാൻ കഴിയുന്നു. അതേസമയം, യാതൊരു മനുഷ്യനിർമിത ഉപകരണങ്ങൾക്കുപോലും അളക്കാൻ കഴിയുന്നതിനെക്കാൾ അധികം സംവേദനക്ഷമതയും നൽകാൻ കഴിയുന്നു. അത്തരം സംവേദനക്ഷമത ഉള്ളതിനാൽ മുതലയ്ക്ക് അതിന്റെ വായിലുള്ളത് ആഹാരമാണോ അതോ മറ്റ് അവശിഷ്ടങ്ങളാണോ എന്ന് വേർതിരിച്ച് അറിയാനാകും. ഈ പ്രത്യേക കഴിവ് ഉള്ളതുകൊണ്ടാണ് തള്ളമുതലയ്ക്ക് തന്റെ കുഞ്ഞിനെ വായിൽവഹിച്ചുകൊണ്ടുപോകാനും അബദ്ധവശാൽ കടിക്കാതിരിക്കാനും സാധിക്കുന്നത്. അതെ, മുതലയുടെ താടിയെല്ല് അതിശയിപ്പിക്കുന്ന വിധത്തിൽ ശക്തിയുള്ളതും അതേസമയം സംവേദനക്ഷമതയുള്ളതും ആണ്!
നിങ്ങൾക്ക് എന്തു തോന്നുന്നു? മുതലയുടെ താടിയെല്ല് രൂപപ്പെട്ടത് പരിണാമപ്രക്രിയയിലൂടെയാണോ? അതോ ആരെങ്കിലും അത് രൂപകൽപ്പന ചെയ്തതാണോ? ◼ (g15-E 07)