മന്ദമായ ഓട്ടം ആസ്വദിക്കുക—എന്നാൽ അപകടങ്ങൾ സൂക്ഷിക്കുക!
“ഓട്ടത്തോടുള്ള തൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതിന്” ആ 18 വയസ്സുകാരന് “കൂടുതൽ കൂടുതൽ ദൂരങ്ങൾ” ആവശ്യമാണ് എന്ന് സ്യൂററ്ഡോയിച്ച് ററ്സൈററുങ് എന്ന ജർമൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. “സ്വസ്ഥനും സംതൃപ്തനുമായി ഉറങ്ങാൻ പോകുന്നതിനു മുമ്പ്” രാവിലെ 2:00 മണിക്കും വീണ്ടും 6:00 മണിക്കും “അവൻ രണ്ടു ഡസ്സൻ കിലോമീററർ ദൂരം” ഓടുമായിരുന്നു. ഇത് ഒരു പ്രകാരത്തിലും അസാധാരണമായ ഒരു കാര്യമല്ല, കാരണം വ്യത്യസ്ത നാടുകളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ എൻഡോർഫിനോട് ആസക്തിയുള്ള മന്ദ ഓട്ടക്കാരെ കൈകാര്യം ചെയ്തുവരികയാണ്. അത്തരം ആസക്തി എങ്ങനെ ഉടലെടുക്കുന്നു?
തുടർച്ചയായ, ദീർഘമായ ശാരീരിക അധ്വാനത്തിന്റെ ഫലമായി പേശീഞരമ്പുകളിൽ എൻഡോർഫിൻ രൂപം കൊള്ളുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എൻഡോർഫിൻസ് അന്തർജനിത (ഉള്ളിൽനിന്നുതന്നെ ഉണ്ടാകുന്ന) മയക്കുമരുന്നാണ്, അത് ഒരു സുഖാനുഭൂതി ഉളവാക്കുന്നു—മന്ദമായ ഓട്ടത്തോടു ജ്വരമുള്ളവരിൽ അത് ഒരുതരം ഉൻമത്താവസ്ഥയും സൃഷ്ടിക്കുന്നു. സ്പോർട്സ് മെഡിസിനെക്കുറിച്ചു പഠിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡൻറായ വിൽഡോർ ഹോൾമാൻ ഇങ്ങനെ അവകാശപ്പെടുന്നു: “ഈ മോർഫൈൻ ഘടകങ്ങൾക്ക് ആസക്തിയിലേക്കു നയിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം ദീർഘകാലം ഒരു വിവാദവിഷയമായിരുന്നു. എന്നാൽ ഇപ്പോഴത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്.” അതുകൊണ്ട്, വളരെ ദീർഘദൂരം മന്ദമായോ അല്ലാതെയോ ഉള്ള ഓട്ടത്തിൽ ഏർപ്പെടുന്നതിൽ, അതേ, അങ്ങേയററത്തെ കഠിനാധ്വാനം വേണ്ടിവരുന്ന ഏതു ജോലിയിലും ഏർപ്പെടുന്നതിൽ സഹജമായ അപകടം ഉള്ളതായി തോന്നുന്നു.
വളരെ കായികാധ്വാനമാവശ്യമുള്ള സ്പോർട്സ് ഇനങ്ങളോടു ബന്ധപ്പെട്ട് മററ് ആരോഗ്യ അപകടങ്ങൾ ഉണ്ടായിരുന്നേക്കാമോ? ഉവ്വ്. ഏതാണ്ട് 2,500 വർഷം മുമ്പ് മാരത്തണിൽനിന്ന് ഏഥൻസിലേക്ക് ഓടിയ ഗ്രീക്കു സന്ദേശവാഹകന്റെ കഥ നിങ്ങൾ ഓർക്കുന്നുണ്ടാവും. ഐതിഹ്യം പറയുന്നതനുസരിച്ച്, പേർഷ്യാക്കാരുടെമേലുള്ള ഗ്രീക്കുകാരുടെ വിജയവാർത്ത ഏഥൻസിൽ എത്തിച്ചശേഷം അയാൾ അവിടെത്തന്നെ വീണു മരിച്ചു. ഈ കഥയിൽ ഗവേഷകർ കണ്ടെത്തുന്നത് പേശികളിൽ ഉണ്ടാകുന്ന എൻഡോർഫിനുകളുടെ ഒരു ഉദാഹരണമാണ്. ദീർഘസമയം തീവ്രമായ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ പെട്ടെന്നുള്ള ഹൃദയസ്തംഭനത്താൽ മരണത്തിലേക്കു നയിക്കാൻ അതിനു കഴിയുമെന്ന് അവർ പറയുന്നു. കാരണം വേദന തോന്നാനുള്ള പ്രാപ്തിയെ എൻഡോർഫിൻസ് കുറച്ചുകളയുന്നു. ഉദാഹരണത്തിന്, സാധാരണ സാഹചര്യങ്ങളിൽ ഓട്ടം നിർത്താൻ കടുത്ത നെഞ്ചുവേദന ഒരു ഓട്ടക്കാരനെ പ്രേരിപ്പിക്കുന്നു, മിക്ക കേസുകളിലും ഈ വിശ്രമം ഹൃദയത്തിന്റെ സാധാരണമായ താളക്രമം പുനഃസ്ഥാപിക്കാൻ ഹൃദയത്തെ അനുവദിക്കുന്നുവെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ തീവ്രമായ ശാരീരിക പ്രവർത്തനം ഉള്ള സമയത്ത് വേദന തോന്നാനുള്ള പ്രാപ്തിയെ എൻഡോർഫിൻസ് കുറച്ചുകളയുന്നു. അപ്പോൾ ശരീരം അയയ്ക്കുന്ന മുന്നറിയിപ്പുകൾ ഓട്ടക്കാരനു മനസ്സിലാകാതെ വരുന്നു. ഇതിന്റെ ഫലങ്ങൾ വിപത്കരമായിരിക്കാൻ കഴിയും.
നേരേമറിച്ച്, സമനിലയോടു കൂടിയ ശാരീരിക വ്യായാമം ആരോഗ്യാവഹമാണ്. അത്തരം സമയങ്ങളിൽ ശരീരം പുറപ്പെടുവിക്കുന്ന എൻഡോർഫിനുകൾക്ക് ഒരു നല്ല ഫലമുള്ളതായി തോന്നുന്നു. നിരന്തരം മന്ദമായി ഓടുന്ന ഒരു സ്ത്രീ ഇങ്ങനെ വിശദീകരിക്കുന്നു: “ഞാൻ മരുന്നു കഴിച്ചിരുന്നു, എന്നാൽ എനിക്കു നല്ല മൂഡ് തോന്നാത്തപ്പോൾ ഞാൻ ഓടാൻ പോകുകയാണു ചെയ്യുന്നത്.” വേഗത്തിലുള്ള നടത്തമോ ഒരു ഓട്ടമോ വിഷാദത്തെ ഒഴിവാക്കാൻ അല്ലെങ്കിൽ അതിനെ തരണം ചെയ്യാനെങ്കിലും ഒരു വ്യക്തിയെ തീർച്ചയായും സഹായിച്ചേക്കാം. അത്തരം സമയങ്ങളിൽ എൻഡോർഫിൻസ് ഒരു പങ്കു വഹിക്കുന്നതായി തോന്നുന്നു. പരിധി വിട്ട് ചെയ്യുമ്പോൾ മാത്രമാണു ശാരീരിക വ്യായാമം അപകടകരമായിത്തീരുന്നത്.—താരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 4:8.