ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഉണരുക! നിമിത്തം രക്ഷപ്പെട്ടു!ഓരോ കുടുംബവും അഗ്നിബാധയുണ്ടായാൽ എന്തു ചെയ്യണമെന്നു ചർച്ചചെയ്യാനും ഇതു സംബന്ധിച്ച പ്രാഥമിക പരിശീലനങ്ങൾ ക്രമമായി നടത്താനും ഏതാനും വർഷം മുമ്പ് (മേയ് 8, 1984) എവേക്ക്! ശുപാർശചെയ്തിരുന്നു. ഞാനും ഭർത്താവും ഈ ഉപദേശം സ്വീകരിച്ചു. ഈ വർഷം ജനുവരിയിൽ പദ്ധതികൾ പ്രയോഗത്തിൽ വരുത്താൻ ഞങ്ങൾക്കൊരു അവസരം ലഭിച്ചു. ഞാൻ എഴുന്നേറ്റപ്പോൾ ഞങ്ങളുടെ വീടിന്റെ അടിയിലത്തെ നില ഭയങ്കരമായി കത്തുന്നതുകണ്ടു. ഞങ്ങൾ ഓരോരുത്തരും പരിശീലിച്ചതുപോലെതന്നെ ചെയ്യുകയും സുരക്ഷിതമായി പുറത്തിറങ്ങുകയും ചെയ്തു. ഏതെങ്കിലുമൊരു ഉണരുക! ലേഖനത്തോട് മുമ്പൊരിക്കലും എനിക്ക് ഇത്രയും നന്ദി തോന്നിയിട്ടില്ല!
ജി. ഇ., ജർമനി
സാക്ഷികൾ മാത്രമാണോ നിഷ്പക്ഷർ? “യഹോവയുടെ സാക്ഷികൾ മാത്രമാണ് തങ്ങളുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുകയും യുദ്ധം ചെയ്യാനും മേലിൽ അത് അഭ്യസിക്കാനും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നത്” എന്ന് നിങ്ങളുടെ 1995 മേയ് 8 ലക്കം (“അതു മേലാൽ രഹസ്യമല്ല”) പ്രസ്താവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധം ചെയ്യാൻ വിസമ്മതിച്ച 11,996 ആളുകളിൽ യഹോവയുടെ സാക്ഷികൾ 940 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ തന്നെ മനഃസാക്ഷിപരമായി പട്ടാള സേവനം ചെയ്യാൻ വിസമ്മതിച്ച വ്യക്തിയാണ്. നിങ്ങളുടെ പ്രസ്താവനയിലെ “മാത്രമാണ്” എന്ന പദം യഹോവയുടെ സാക്ഷികൾ മാത്രമേ ഈ വിശ്വാസം പിടിച്ചുകൊണ്ടുള്ളൂ എന്ന തെറ്റായ ആശയം നൽകുന്നതിനുവേണ്ടി ഉപയോഗിക്കപ്പെട്ടു.
പി. ബി., ഐക്യനാടുകൾ
യുദ്ധത്തിൽ പങ്കെടുക്കാൻ ചില വ്യക്തികൾ വിസമ്മതിച്ചുവെന്നു ഞങ്ങൾക്കറിയാം. ഇതു ഞങ്ങൾ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. (1987 സെപ്റ്റംബർ 8 “എവേക്ക്!” 7-ാം പേജു കാണുക.) എന്നിരുന്നാലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന പ്രസ്താവന പ്രത്യേകിച്ചും പരാമർശിച്ചത് അടുത്തകാലത്തു സംഘട്ടനം നടന്നിട്ടുള്ള റുവാണ്ടയിലും ലൈബീരിയയിലും ബാൾക്കൻസിലും മറ്റു സ്ഥലങ്ങളിലും തങ്ങളുടെ നിഷ്പക്ഷത നിലനിർത്താൻ പരാജയപ്പെട്ട ‘കത്തോലിക്കരും ഓർത്തഡോക്സുകാരുമായ വിശ്വാസികളെ’യാണ്. മത സംഘടനകളിൽവെച്ച് യഹോവയുടെ സാക്ഷികൾ മാത്രമാണ് ഒരു ഉറച്ച നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരിക്കുന്നത്.—പത്രാധിപർ.
ആശുപത്രി സെമിനാറുകൾ “ഡോക്ടർമാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള സെമിനാറുകൾ” എന്ന ലേഖനത്തിനു വളരെയധികം നന്ദി. (മാർച്ച് 22, 1995) ഞാൻ ആശുപത്രി ഏകോപന സമിതിയോടു വളരെ നന്ദിയുള്ളവളാണ്. എനിക്ക് 81 വയസ്സുണ്ട്, ഞാൻ വീട്ടിൽനിന്ന് അകലെയായിരുന്നപ്പോൾ എന്റെ ഇടുപ്പിനും തോളിനും പൊട്ടൽ സംഭവിച്ചു. ഞാൻ ആശുപത്രിയിൽ എത്തുന്നതിന് 30 മിനിറ്റു മുമ്പുതന്നെ പ്രാദേശിക സമിതി അവിടെയുണ്ടായിരുന്നു. എന്റെ കുടുംബം ആ പ്രദേശത്ത് ഇല്ലാതിരുന്നതിനാൽ സഹോദരൻമാരിൽ ഒരാൾ ശസ്ത്രക്രിയയുടെ സമയത്തു മുഴുവനും എന്റെ കൂടെ നിന്നു. എന്തോരാശ്വാസം! വാസ്തവത്തിൽ എച്ച്എൽസി ക്രമീകരണം യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമാണ്.
എ. ഡബ്ലിയു., ഐക്യനാടുകൾ
മന്ദമായ ഓട്ടത്തിന്റെ അപകടങ്ങൾ ഞാനൊരു സ്ഥിരം ഓട്ടക്കാരനാണ്. “മന്ദമായ ഓട്ടം ആസ്വദിക്കുക—എന്നാൽ അപകടങ്ങൾ സൂക്ഷിക്കുക!” (മാർച്ച് 22, 1995) എന്ന നിങ്ങളുടെ ലേഖനം നിമിത്തം എന്റെ സഹ ക്രിസ്ത്യാനികളിൽ പലരും എന്നെ സമനിലയില്ലാത്തയാളായി വീക്ഷിക്കുമെന്ന് എനിക്കുറപ്പാണ്. നിങ്ങൾ അതിനെ സംബന്ധിച്ച് അവതരിപ്പിച്ച മോശമായ സൂചന നിമിത്തം പലരും ഓട്ടം നിർത്തുമെന്നും ഞാൻ ഭയപ്പെടുന്നു. നിങ്ങൾ പ്രസ്താവിച്ചതുപോലെ ഓട്ടക്കാർക്ക് ഹൃദയസ്തംഭനങ്ങൾക്കുള്ള പ്രവണതയില്ല. എൻഡോർഫിൻ രൂപം കൊള്ളുന്നതു തലച്ചോറിലാണ്, അല്ലാതെ നിങ്ങൾ പറഞ്ഞതുപോലെ ശരീര പേശികളിലല്ല.
സി. ഡി., ഐക്യനാടുകൾ
ഓട്ടം മോശമാണെന്നു മുദ്രയടിക്കുകയായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. ഞങ്ങൾ വ്യായാമത്തിന്റെ പ്രയോജനങ്ങൾ സമ്മതിച്ചു. എന്നാൽ സമനിലയുള്ളവരായിരിക്കാനും ന്യായമായ അതിരുകൾക്കപ്പുറം ശരീരത്തെ ആയാസപ്പെടുത്താതിരിക്കാനും ഞങ്ങൾ വായനക്കാരെ പ്രോത്സാഹിപ്പിച്ചു. ദീർഘ ദൂര ഓട്ടം ചില വ്യക്തികൾക്ക് എത്രമാത്രം ആരോഗ്യാപകടം ഉണ്ടാക്കുമെന്ന് അറിയുന്നതിനു കൂടുതലായ ഗവേഷണം ചെയ്യേണ്ടിവരും. ഇനി എൻഡോർഫിന്റെ കാര്യത്തിൽ, അവ “നാഡീവ്യവസ്ഥയിലുടനീളം സവിശേഷ മാതൃകയിൽ വിതരണം ചെയ്യപ്പെട്ടി”രിക്കുന്നുവെന്ന് “ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക” സ്ഥിരീകരിച്ചു പറയുന്നു. കടുത്ത വ്യായാമം പൊടുന്നനെയുള്ള ഹൃദയ സ്തംഭനത്തിന്റെ മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുന്നുവെന്ന് “ദ മെഡിക്കൽ പോസ്റ്റ്” സമ്മതിച്ചുപറയുന്നു. എന്നിരുന്നാലും “യഥാർഥത്തിൽ വ്യായാമം ചെയ്യുന്ന സമയത്ത് വ്യായാമം ചെയ്യുന്നയാൾക്ക് വർധിച്ച അപകടസാധ്യത”യുണ്ടെന്ന് അതു പ്രസ്താവിക്കുന്നു.—പത്രാധിപർ.
സ്റ്റാമ്പുശേഖരണം “സ്റ്റാമ്പുശേഖരണം—ആകർഷകമായ ഹോബിയും വൻ ബിസിനസും” എന്ന ലേഖനം എനിക്കിഷ്ടമായി. (ജനുവരി 8, 1995) ഉണരുക! ഒന്നിനെയും അവഗണിക്കുന്നില്ലെന്ന് എനിക്കു ബോധ്യമായി—പോസ്റ്റേജ് സ്റ്റാമ്പുകളെ പോലും. സ്റ്റാമ്പുശേഖരിക്കുന്നത് എന്റെ ഹോബിയാണ്. ലേഖനം വളരെ പൂർണമായിരുന്നതായി എനിക്കു തോന്നി. നിങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾക്കു നന്ദി.
ആർ. സി., വെനെസ്വേല