സ്ററാമ്പുശേഖരണം—ആകർഷകമായ ഹോബിയും വൻ ബിസിനസും
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
സ്ററാമ്പുശേഖരണം അഥവാ തപാൽ സ്ററാമ്പുകൾ ശേഖരിക്കൽ “ലോകത്തിലെ ഏററവും വലിയ ഹോബി”യാണെന്നു പറയപ്പെടുന്നു. ബ്രിട്ടീഷ് പോസ്ററൽ പരിഷ്കർത്താവായ സർ റോളണ്ട് ഹിൽ (1795-1879) പറയുന്നതനുസരിച്ച് ആദ്യകാല സ്ററാമ്പുകൾ ‘പിൻവശത്ത് ഒട്ടലുള്ള ഒരു ദ്രാവകം പുരട്ടിയ കടലാസ് തുണ്ടുകൾ ആയിരുന്നു, അത് ഉപയോഗിക്കുന്ന ആൾക്ക് അൽപ്പം വെള്ളം പുരട്ടി എഴുത്തിന്റെ പിൻപുറത്ത് ഒട്ടിക്കാമായിരുന്നു.’ അദ്ദേഹത്തിന്റെ ‘കടലാസ് തുണ്ടുകൾ’ വളരെ പ്രസിദ്ധമായിത്തീർന്നു. ലോകമെമ്പാടുമുള്ള ആശയവിനിമയത്തിന്റെ ഗതിതന്നെ മാററിമറിച്ച ഒരു കണ്ടുപിടിത്തമായി തപാൽ സ്ററാമ്പുകൾ ഇന്നു വാഴ്ത്തപ്പെടുന്നു.
ശേഖരിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും സംബന്ധിച്ചിടത്തോളം സ്ററാമ്പിന്റെ വിലകൾ ഏതാണ്ട് പൂജ്യത്തിൽനിന്നു ലക്ഷക്കണക്കിനോ അതിൽ കൂടുതലോ ഡോളറുകളുടെ അവിശ്വസനീയമായ തുക വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. തപാൽ സ്ററാമ്പുകൾ വളരെ സാധാരണമായിരിക്കുമ്പോൾ ഇതെങ്ങനെ സംഭവിക്കുന്നു? അവയ്ക്ക് ഇത്രയും ആകർഷകത്വവും മൂല്യവും നൽകുന്നത് എന്താണ്?
അനുപമമായ പെനി ബ്ലാക്ക്
തപാൽ ചാർജ് മുൻകൂറായി അടയ്ക്കുന്നതിനെ പ്രതീകപ്പെടുത്തുന്ന, കൈകൊണ്ടു പതിച്ച, ആദ്യത്തെ സ്ററാമ്പുകൾ കണ്ടുപിടിച്ചത് വില്യം ഡോക്ര എന്ന വ്യാപാരിയായിരുന്നു. അദ്ദേഹമാണ് 1680-ൽ ലണ്ടൻ പെനി പോസ്ററ് ആരംഭിച്ചത്. തപാൽ ഉരുപ്പിടികൾ സ്വീകരിക്കുന്നിടത്തു നിക്ഷേപിക്കപ്പെടുന്ന കത്തുകൾ, ഇരട്ടവരത്രികോണമുള്ള തപാൽമുദ്രകൊണ്ട് സ്ററാമ്പു ചെയ്തിരുന്നു. അതിൽ പെനി പോസ്ററ് പെയ്ഡ് എന്ന് ഇംഗ്ലീഷിൽ എഴുതിക്കഴിയുമ്പോൾ അതു ഡോക്രയുടെ സഞ്ചാരവാഹകർ മുഖാന്തരം അയയ്ക്കാൻ സജ്ജമായിരുന്നു. എന്നാൽ മററുള്ള സഞ്ചാരവാഹകരും പോർട്ടർമാരും ഈ ഏർപ്പാടിനെ ശക്തിയുക്തം എതിർത്തു, കാരണം തങ്ങളുടെ ഉപജീവനമാർഗം അപകടത്തിലായെന്ന് അവർ വിചാരിച്ചു. തങ്ങളുടെ കുത്തകാവകാശത്തിൻമേലുള്ള ഒരു കടന്നുകയററമായാണു ഗവൺമെൻറ് തപാൽ ഓഫീസും ഡോക്രയുടെ തപാൽ സംവിധാനത്തെ കണ്ടത്.
രാജ്യത്തുടനീളം പണം മുടക്കിയുള്ള സ്ററാമ്പുകൾ ലഭ്യമാക്കുന്നതിൽ വിജയിക്കുന്നതിനു തപാൽ പരിഷ്കരണങ്ങൾക്ക് 19-ാം നൂററാണ്ടിന്റെ ആരംഭംവരെ കാത്തിരിക്കേണ്ടിയിരുന്നു. 1840 മേയിൽ, പശയുള്ള ആദ്യത്തെ സ്ററാമ്പ് ബ്രിട്ടനിൽ വിൽക്കുകയുണ്ടായി, അത് ഉടൻതന്നെ പെനി ബ്ലാക്ക് എന്ന പേരിൽ പ്രസിദ്ധിയാർജിച്ചു. (ഫോട്ടോ കാണുക.) തുളകളിട്ടു വേർതിരിക്കാത്തതായിരുന്നതിനാൽ ഓരോ സ്ററാമ്പും ഒരു പേപ്പർ ഷീററിൽനിന്നു മുറിച്ചെടുക്കേണ്ടിയിരുന്നു.
1843-ൽ, രാജ്യത്തെമ്പാടും ഉപയോഗസാധുതയുള്ള, പശയുള്ള സ്ററാമ്പുകൾ പുറത്തിറക്കുന്നതിൽ ബ്രിട്ടൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനം ബ്രസീലിനായിരുന്നു. രാജ്യാന്തര തപാൽസേവനത്തിനു വേണ്ടി ക്രമേണ മററു രാജ്യങ്ങളും അവയുടെ ഉപയോഗം അവലംബിച്ചു. പിന്നീട്, വിദേശ രാജ്യങ്ങളിലേക്കുള്ള തപാൽവിതരണം എളുപ്പമാക്കിത്തീർക്കുന്നതിനു വേണ്ടി ഒരു ലോകവ്യാപക തപാൽ യൂണിയൻ ആവിഷ്കരിക്കപ്പെട്ടു. ഇന്നു സ്വിററ്സർലൻഡിലെ ബേണിൽ കേന്ദ്രകാര്യാലയമുള്ള യൂണിവേഴ്സൽ പോസ്ററൽ യൂണിയൻ ഐക്യരാഷ്ട്രങ്ങളുടെ ഒരു പ്രത്യേകവത്കൃത ഏജൻസിയാണ്.
ശേഖരണങ്ങൾ ഒരു കഥ പറയുന്നു
അന്താരാഷ്ട്ര ആശയവിനിയമം വർധിച്ചതോടെ ഓരോ രാഷ്ട്രവും വ്യത്യസ്തതരം സ്ററാമ്പുകൾ രൂപകൽപ്പന ചെയ്ത് അച്ചടിക്കുകയുണ്ടായി. അവയിൽ ചിലത് സ്മാരക സ്ററാമ്പുകൾ എന്നു വിളിക്കപ്പെടുന്നു, അവ സുപ്രധാന സംഭവങ്ങളെയോ വ്യക്തികളെയോ ചിത്രീകരിക്കുന്നു; മററു ചിലവയെ സാധാരണ സ്ററാമ്പുകൾ എന്നു വിളിക്കുന്നു, പല തരത്തിലുള്ള തപാൽ ആവശ്യങ്ങൾക്ക് ഉതകുംവിധം പല വിലയുള്ള, സാധാരണ ഉപയോഗത്തിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന, സ്ററാമ്പുകളാണവ. കാലാന്തരത്തിൽ, ഏതാണ്ട് 600 തപാൽ കാര്യനിർവഹണകേന്ദ്രങ്ങൾ വർഷംതോറും 10,000 പുതിയ സ്ററാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. സ്ററാമ്പുകളെക്കുറിച്ചു ഗൗരവമായി പഠിക്കുന്നയാളും (സ്ററാമ്പുശേഖരണകുതുകി) നേരമ്പോക്കിനു വേണ്ടി സ്ററാമ്പുകൾ വെറുതെ ശേഖരിക്കാൻ ഇഷ്ടപ്പെടുന്നയാളും ഇന്നോളം ഇറങ്ങിയിട്ടുള്ള രണ്ടര ലക്ഷത്തോളം സ്ററാമ്പുകളിൽ തങ്ങളുടെ അഭിരുചികൾക്ക് ഇണങ്ങുന്ന എന്തെങ്കിലും കണ്ടെത്തുന്നു!
എണ്ണത്തിലും വൈവിധ്യത്തിലും ഇത്രയധികം സ്ററാമ്പുകൾ ഉള്ളതുകൊണ്ട് സ്ററാമ്പുശേഖരണം നടത്തുന്ന ഒരാൾക്കും ഇന്നോളം പുറത്തിറങ്ങിയിട്ടുള്ള സ്ററാമ്പുകൾ എല്ലാം ഓരോന്നു വീതം പോലും സ്വന്തമാക്കാൻ സാധ്യമല്ല എന്നതു വ്യക്തം. മറിച്ച്, വിഷയങ്ങളെ അടിസ്ഥാനമാക്കിയാണു പലരും സ്ററാമ്പുശേഖരണം നടത്തുന്നത്. അഗ്നി, അൻറാർട്ടിക്ക, ഊർജം, എസ്പരാന്റോ, ഒളിമ്പിക് ഗെയിംസ്, കൽക്കരി, കൃഷി, ഗുഹകൾ, തപാൽ സേവനങ്ങൾ, തേനീച്ച, പക്ഷികൾ, പാലങ്ങൾ, പുഷ്പങ്ങൾ, ഫംഗസുകൾ, ഫോട്ടോഗ്രഫി, ഭൂമിശാസ്ത്രം, ബൈബിൾ, മതം, മൃഗങ്ങൾ, യാത്ര, യുഎൻ, യൂറോപ്പാ, രാജ്യം, വിമാനയാത്ര, വ്യവസായം, വൈദ്യശാസ്ത്രം, ശൂന്യാകാശം, സിനിമ, സംഗീതം, സ്പോർട്സ്, റെഡ് ക്രോസ്സ് തുടങ്ങിയവയും കാലാവസ്ഥ പോലും ശേഖരിക്കാൻ പററിയ വിഷയങ്ങളാണ്. നിങ്ങൾക്കു ചിന്തിക്കാൻ കഴിയുന്ന ഏതു വിഷയത്തെക്കുറിച്ചും സ്ററാമ്പുകളുണ്ട്.
ശേഖരണം നടത്തുന്ന മററുള്ളവർ സ്ററാമ്പു വൈവിധ്യത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്താണ് ഇതിൽ ഉൾപ്പെടുന്നത്? വീണ്ടും പെനി ബ്ലാക്കിന്റെ കാര്യംതന്നെ എടുക്കാം. ആ സ്ററാമ്പിന്റെ താഴത്തെ മൂലകളിൽ അച്ചടിച്ചിരിക്കുന്ന അക്ഷരങ്ങൾ നിങ്ങൾ ശ്രദ്ധിച്ചുവോ? ആദ്യമൊക്കെ ഈ സ്ററാമ്പുകൾ അച്ചടിച്ചിരുന്നത് 240 സ്ററാമ്പുകൾ കൊള്ളുന്ന ഒരു പേപ്പറിലായിരുന്നു, തിരശ്ചീനമായി 20 വരികൾ, ഓരോ വരിയിലും 12 സ്ററാമ്പുകൾ. ഏററവും മുകളിലത്തെ വരിയിലെ ആദ്യ സ്ററാമ്പിൽ AA എന്ന രണ്ടക്ഷരങ്ങൾ ഉണ്ടായിരുന്നു; ആ വരിയിലെ അവസാനത്തെ സ്ററാമ്പിൽ AL എന്നീ അക്ഷരങ്ങളും, അങ്ങനെ താഴേക്ക് അക്ഷരമാലാക്രമത്തിൽ കൊടുത്തിരുന്നു. 20-ാമത്തെ വരിയുടെ ആരംഭത്തിലുള്ളത് TA എന്ന അക്ഷരങ്ങളും അവസാനം ഉള്ളത് TL എന്ന അക്ഷരങ്ങളുമായിരുന്നു. പ്ലെയ്ററ്നിർമാണത്തിന്റെ അവസാന ഘട്ടങ്ങളിൽ മൂലകളിലുള്ള ചതുരങ്ങളിൽ ഈ അക്ഷരങ്ങൾ കൈകൊണ്ടു പതിപ്പിച്ചിരുന്നു. താൻ കൈകാര്യം ചെയ്യുന്ന നിരവധി കത്തുകളിലെ സ്ററാമ്പുകളിൽ ഒരേ രണ്ടക്ഷരങ്ങൾ വരികയാണെങ്കിൽ അതു തട്ടിപ്പാണെന്ന് ഒരു പോസ്ററ് ഓഫീസ് ജീവനക്കാരനു സംശയിക്കാൻ കഴിയുമായിരുന്നു.
6 കോടി 80 ലക്ഷം പെനി ബ്ലാക്ക് സ്ററാമ്പുകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും, ഉപയോഗിക്കാത്ത അത്തരമൊരു സ്ററാമ്പു കൈവശമുള്ള ഒരാൾക്ക് അപൂർവവും വിലയുള്ളതുമായ ഒന്നാണു കൈവശമുള്ളത്—അതിന്റെ വില 4,200 ഡോളറിന്റെയും 6,800 ഡോളറിന്റെയും ഇടയിൽ വരും.
രൂപഘടനയിലെ വിദഗ്ധമായ വ്യത്യാസങ്ങൾക്കു പുറമേ പലതരം പ്ലേററുകളിൽനിന്ന് അച്ചടിക്കുന്ന സ്ററാമ്പുകൾ, പല ജലരേഖകൾ (വെളിച്ചത്തിനെതിരെ പിടിച്ചുനോക്കുമ്പോൾ കാണാവുന്ന പേപ്പറിലെ നേർത്ത അടയാളം) ഉള്ള പേപ്പറിൽ അച്ചടിക്കുന്ന സ്ററാമ്പുകൾ, എന്തിന്, വ്യത്യസ്ത എണ്ണം ദ്വാരങ്ങൾ (വക്കുകളിൽ ഉള്ള തുളകൾ) ഉള്ള സ്ററാമ്പുകൾ പോലും സ്ററാമ്പുശേഖരണ വിദഗ്ധരുടെ താത്പര്യമുണർത്തുന്നു. വിജയിക്കുന്നതിന്, അത്തരം വിദഗ്ധർക്കു ചവണയും (ഒരിക്കലും നിങ്ങളുടെ വിരലുകൾ ഉപയോഗിക്കരുത്!) ഭൂതക്കണ്ണാടിയും മാത്രം പോര. തുളകളുടെ വ്യത്യാസങ്ങൾ കണ്ടുപിടിക്കുന്നതിനു ഗേജുകൾ ഉപയോഗിക്കുന്നു; കേടുപാടുകളും മറഞ്ഞിരിക്കുന്ന ഫോസ്ഫോറൊസെൻസും മററു സൂക്ഷ്മമായ വിശദാംശങ്ങളും കണ്ടുപിടിക്കുന്നതിന് അൾട്രാവയലററ് വിളക്കുകളും.
സ്ററാമ്പിന്റെ രൂപഘടനയിലും അച്ചടിയിലുമുള്ള തെററുകളിലാണു ശേഖരണം നടത്തുന്ന ചിലർക്കു പ്രത്യേക താത്പര്യം. അവരെ സംബന്ധിച്ചിടത്തോളം, ഏറെ കാര്യമുള്ളതു ശേഖരണം നടത്തുന്ന മററുള്ളവർ ശ്രദ്ധിക്കാതെപോയ സ്ററാമ്പുകൾ സമ്പാദിക്കാനാണ്. വിലയിലെ വ്യത്യാസം പരിഗണിക്കുക. 1990-ലെ വിലയിരുത്തലുകൾ അനുസരിച്ച്, 1841-ലെ ഒരു പെനി റെഡ് സ്ററാമ്പിൽ A എന്ന അക്ഷരം ഇല്ലായിരുന്നു, പേപ്പറിലെ രണ്ടാമത്തെ വരിയിലെ ആദ്യത്തെ സ്ററാമ്പിലായിരുന്നു ഈ പിശകു കടന്നുകൂടിയത്, ഈ പിശക് ഇല്ലാതിരുന്ന ഒരു സ്ററാമ്പിനെക്കാൾ അതിന്റെ മൂല്യം 1,300 മടങ്ങ് കൂടുതലായിരുന്നത്രേ!
സ്ററാമ്പുകൾ ഒരു വൻ ബിസിനസ്സുതന്നെ
ഇക്കാലത്തു സ്ററാമ്പ് ഹോബി അനേകം നിക്ഷേപകരെ ആകർഷിക്കുന്നു. ഒരു യഥാർഥ നിക്ഷേപകൻ വാങ്ങുന്നത് ഒരു നിശ്ചിത കാലയളവിനുള്ളിൽ വില വർധിക്കാൻ വളരെയധികം സാധ്യതയുണ്ടെന്നു വിതരണക്കാർ വിശ്വസിക്കുന്ന അപൂർവമായ ക്ലാസ്സിക് സ്ററാമ്പുകളുടെ സെററുകളാണ്. നിക്ഷേപത്തിന്റെ കാലാവധി എത്തുമ്പോൾ, തന്റെ കക്ഷികളുടെ കൈവശമുള്ള സ്ററാമ്പുകൾ ലഭ്യമായ ഏററവും ഉയർന്ന വിലയ്ക്കു വിൽക്കാൻ വിതരണക്കാർ തീരുമാനിക്കുന്നു. “തപാൽവഴി ഉപയോഗിച്ച സ്ററാമ്പുകളിൽ ചെറുതായ, വായിക്കാവുന്ന, തപാൽമുദ്രകൾ അനിവാര്യമാണ്—യഥാർഥമോ അസാധാരണമോ ആയ തപാൽമുദ്രകൾ ഉള്ള സർവസാധാരണമായ സ്ററാമ്പുകൾ മിക്കപ്പോഴും വിരളമാണ്, അവയ്ക്ക് അതിനനുസൃതമായി കൂടുതൽ വിലയുമുണ്ട്. സ്ററാമ്പിന്റെ നല്ല അവസ്ഥ അതിന്റെ വിലയ്ക്കു പ്രധാനമാണ്,” സ്ററാമ്പ് പ്രാമാണികനായ ജയിംസ് വാട്ട്സൺ എഴുതുന്നു.
“കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഓഹരികളെക്കാളും മറേറതുതരം നിക്ഷേപങ്ങളെക്കാളുമൊക്കെ വലിയ മൂല്യമായിരുന്നു ക്ലാസ്സിക് സ്ററാമ്പുകൾക്ക് (1840 മുതൽ 1870 വരെ പഴക്കമുള്ളവ); പല കേസുകളിലും സ്ഥാവരവസ്തുക്കളുടെ വിലയെക്കാൾ പോലും അധികം” എന്ന് 1979-ൽ ലണ്ടൻ ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്തു. 1974-ൽ 84,700 ഡോളർ വിലയുണ്ടായിരുന്ന അപൂർവമായ ഏഴു സ്ററാമ്പുകളുടെ ഒരു സെററിന്റെ വില 3,06,000 ഡോളറായി കുതിച്ചുയർന്നു.
1990-ൽ ഒരു ടൈം ഇൻറർനാഷണൽ പരസ്യം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “സ്ററാമ്പുകളുടെ നിക്ഷേപമൂല്യം ഏറിയും കുറഞ്ഞുമിരുന്നിട്ടുണ്ട്. 1970-കളിൽ ഊഹക്കച്ചവടക്കാർ നിക്ഷേപ സെററുകൾ പടുത്തുയർത്തിവിട്ട അപൂർവമായതരം സ്ററാമ്പുകളിൽനിന്നു ലാഭമുണ്ടാക്കാൻ നോക്കിയിരുന്നതിനാൽ വിലകൾ കുതിച്ചുയർന്നു. എന്നാൽ 1980-ലെ സ്ററാമ്പ് വേൾഡ് എക്സിബിഷന് ലണ്ടൻ വേദിയൊരുക്കിയപ്പോൾ അവരുടെ പ്രതീക്ഷകൾ ശിഥിലമായി. കമ്പോളത്തെ പിടിച്ചുനിർത്താൻ സജ്ജരായവർ സ്ററാമ്പുശേഖരണം നടത്തുന്നവർ മാത്രമാണെന്ന് ഊഹക്കച്ചവടക്കാർ മനസ്സിലാക്കി. അതുകൊണ്ട് അവർ വലിഞ്ഞുകളഞ്ഞു. ‘തങ്ങളുടെ സെററുകൾ വിററു പണമാക്കാൻ നിക്ഷേപകർ ശ്രമിച്ചപ്പോൾ പല സ്ററാമ്പുകളും തങ്ങൾ വിചാരിച്ചതുപോലെ അത്ര വിരളമല്ല എന്ന് അവർ കണ്ടെത്തുകയുണ്ടായി,’” അതുകൊണ്ട് പ്രതീക്ഷിച്ചത്രയും വില അവർക്കു കിട്ടിയില്ല. സ്ററാമ്പുകൾക്കു വേണ്ടി പണം നിക്ഷേപിക്കുന്നവർക്ക് ഇത് എത്ര വലിയൊരു മുന്നറിയിപ്പാണ്!
അതുകൊണ്ട്, സ്ററാമ്പുശേഖരണം നടത്തുന്ന ഒരാളെന്ന നിലയിൽ, അല്ലെങ്കിൽ സ്ററാമ്പുശേഖരണകുതുകി ആണെങ്കിൽപ്പോലും, സമനില കൈവരിക്കാൻ ലക്ഷ്യം വയ്ക്കുക. നിങ്ങളുടെ സ്ററാമ്പുകൾ ആസ്വദിക്കുക. അവയിൽനിന്നു ലോകത്തെയും അതിന്റെ ഭൂമിശാസ്ത്രത്തെയും ആളുകളെയും സംസ്കാരങ്ങളെയും കുറിച്ചു പഠിക്കുക. സ്ററാമ്പുശേഖരണം ഒരു ഭ്രമമായി മാറരുത്. സ്ററാമ്പുകളോടുള്ള നിങ്ങളുടെ താത്പര്യം ശ്രദ്ധാപൂർവം തൂക്കിനോക്കി ജീവിതത്തിൽ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളുമായി അതിനെ തട്ടിച്ചുനോക്കുക.
[17-ാം പേജിലെ ചിത്രം]
പെനി ബ്ലാക്ക്
[18-ാം പേജിലെ ചിത്രങ്ങൾ]
ഓസ്ട്രിയ, സ്പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള സ്ററാമ്പുകൾ