ലോകത്തെ വീക്ഷിക്കൽ
വിക്കുള്ളവർക്കു പ്രത്യാശ
ഒരു ഓസ്ട്രേലിയൻ മാതാവു കുട്ടിക്കാലത്തു വിക്കലിന്റെ നാണക്കേട് അനുഭവിച്ചിരുന്നു, എന്നാൽ തന്റെ കുട്ടികൾ ചെറുപ്രായത്തിൽത്തന്നെ വിക്കിവിക്കി പറയാൻ തുടങ്ങുന്നതു കേട്ടപ്പോൾ തകർന്നുപോയി. അതുകൊണ്ട്, ന്യൂ സൗത്ത് വെയിൽസിലെ സിഡ്നി ആശുപത്രിയിലെയും സിഡ്നി യൂണിവേഴ്സിററിയിലെയും സംസാര ചികിത്സകർ ചേർന്നു വികസിപ്പിച്ചെടുത്ത ഒരു പരിപാടിയിൽ അവൾ ചേർന്നു. വിജയരഹസ്യം കുട്ടികളെ എത്രയും ചെറുപ്പത്തിലേ ചികിത്സിക്കാൻ കഴിയുമോ അത്രയും ചെറുപ്പത്തിലേ ചികിത്സിക്കുന്നതിലാണ്. കുട്ടികൾ വളർന്നുവലുതാകുമ്പോൾ ഈ ശീലം മാറിക്കൊള്ളും എന്ന തെററിദ്ധാരണ നിമിത്തം പല മാതാപിതാക്കളും ഈ പ്രശ്നം കൈകാര്യം ചെയ്യാൻ വൈകുന്നു. ദ സിഡ്നി മോണിങ് ഹെറാൾഡിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതുപോലെ, ഈ പരിപാടി “വളരെയധികം വിജയപ്രദമാണ്, വിക്ക് പൂർണമായും തുടച്ചുനീക്കാവുന്നതാണെന്ന പ്രതീക്ഷ അത് ആദ്യമായി വെച്ചുനീട്ടുകയും ചെയ്യുന്നു.” കൊച്ചുകുട്ടികളെ ചികിത്സിക്കാൻ ചികിത്സകർക്കു പത്തു മണിക്കൂർ മാത്രമേ വേണ്ടിവന്നുള്ളൂ, എന്നാൽ മുതിർന്നവരെയും പ്രായമായ കുട്ടികളെയും ചികിത്സിക്കുന്നതിനു മാതാപിതാക്കൾ വീട്ടിൽ ചെലവഴിക്കുന്ന സമയത്തിനു പുറമേ നൂറുകണക്കിനു മണിക്കൂറുകൾ ആവശ്യമായി വന്നുവെന്നും അത് അഭിപ്രായപ്പെടുന്നു. “രണ്ടു വയസ്സിനും അഞ്ചു വയസ്സിനും ഇടയിൽ പ്രായമുള്ള 43 കുട്ടികളെ ചികിത്സിച്ചതിൽ, ചികിത്സയ്ക്കുശേഷം ഒരു വർഷത്തിനും ആറു വർഷത്തിനുമിടയിൽ ഗവേഷകർ അന്വേഷണം നടത്തിയപ്പോൾ ആ കുട്ടികളിലാർക്കും പ്രശ്നമുള്ളതായി ഇപ്പോഴും തുടരുന്ന ഒരു പഠനം കണ്ടെത്തിയില്ല” എന്ന് ആ പത്രം പറഞ്ഞു.
മതപരമായ ടൂറിസമെന്ന “ബിസിനസ്സ്”
“മതപരമായ ടൂറിസം ഇററലിയിലും ലോക[ത്തിന്റെ ശേഷിച്ച ഭാഗ]ത്തും വർധിച്ചുവരികയാണ്” എന്ന് ലാ റിപ്പബ്ലിക്ക എഴുതുന്നു. കണക്കുകൂട്ടിയപ്പോൾ, 1994 “എല്ലാ മുൻ റെക്കോഡുകളെയും കവിയു”മെന്നു വിദഗ്ധർ കണക്കാക്കുന്നു. ഇററലിയിലെ കത്തോലിക്കാ മതമന്ദിരങ്ങളിലേക്കു മാത്രം 3 കോടി 50 ലക്ഷം മുതൽ മൂന്നു കോടി 70 ലക്ഷം വരെ സന്ദർശകർ ഉണ്ടായിരുന്നു. ഇററലിയുടെ വിജയം അവളുടെ “30,000 പള്ളികളെ കലാമൂല്യമുള്ളതായി പട്ടികപ്പെടുത്തിയതുകൊണ്ടും 1,500 വിശുദ്ധ മന്ദിരങ്ങളും 700 ഇടവക മ്യൂസിയങ്ങളും ഡസ്സൻ കണക്കിനു സന്ന്യാസിമഠങ്ങളും കന്യാസ്ത്രീമഠങ്ങളും കോൺവെൻറുകളും” ഉള്ളതുകൊണ്ടുമാണെന്ന് ആ പത്രം പറയുന്നു. മതപരമായ ടൂറിസം 4 ലക്ഷം കോടിയിലധികം [250 കോടി യു.എസ്. ഡോളർ] ലീറ വരുമാനമുള്ള ഒരു “ബിസിനസ്” ആയി മാറിയിരിക്കുകയാണ്, “മററു രാജ്യങ്ങളിലും മതപരമായ ടൂറിസത്തിന് അത്ഭുതാവഹമായ വിജയമാണുള്ളത്” എന്നും ആ പത്രം കൂട്ടിച്ചേർക്കുന്നു.
ഭക്ഷണക്രമക്കേടുകൾ വർധിക്കുന്നു
വളരെയധികം ആഹാരം കഴിക്കുകയും തീരെ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യുന്ന ഭക്ഷണക്രമക്കേടുകളുള്ളവരുടെ സംഖ്യ വർധിക്കുന്നത് എന്തുകൊണ്ടാണ്? “ഞെട്ടിക്കുന്നതും നിയന്ത്രണം വിട്ടതു”മെന്നു തോന്നുന്ന ഒരു ലോകത്തിൽ ആഴമായ ഉത്കണ്ഠയ്ക്കു കാരണമായ വൈകാരിക സംഘട്ടനങ്ങൾ നിമിത്തമാണ് അവയുണ്ടാകുന്നതെന്ന് നിങ്ങളുടെ കുടുംബം (ഇംഗ്ലീഷ്) എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. അവരുടെ ഉത്കണ്ഠകൾക്കുള്ള കാരണങ്ങൾ സങ്കീർണമാണ്, കൂടുതൽ നേട്ടം കൈവരിക്കാനുള്ള മാതാപിതാക്കളുടെ സമ്മർദം, മാതാപിതാക്കളുടെ വിവാഹമോചനം, ദ്രോഹം തുടങ്ങിയവയാണ് ഇവയിൽപ്പെട്ടവ. അവയ്ക്കു പുറമേ, നാഷണൽ ഈററിങ് ഡിസോർഡേഴ്സ് കമ്മിററി എന്ന സംഘടനയിലെ ഒരംഗമായ ഡോ. ഡാനി ലെ ഗ്രാൻജ് വിശദീകരിക്കുന്നതനുസരിച്ച്, വണ്ണം കുറയ്ക്കാനുള്ള ഒരു ജ്വരംകേറുമ്പോൾ ഫാഷൻ മാസികകൾ ധാരാളം വായിക്കുകയും ഭക്ഷണക്രമങ്ങളെക്കുറിച്ചു പഠിക്കുകയും ചെയ്യുന്നതുകൊണ്ടോ ക്രമരഹിതമായ തീററിശീലങ്ങൾ അവലംബിക്കുന്നതുകൊണ്ടോ പലരും ഈ ക്രമക്കേടുകൾക്ക് ഇരകളായിത്തീരുന്നു. ഇതിന് ഏററവും വശംവദരാകാൻ പ്രവണതയുള്ളത് 18-നും 22-നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ്, എന്നിരുന്നാലും 8 വയസ്സുള്ള പ്രായംകുറഞ്ഞവർവരെയുള്ള രോഗികൾ വിദഗ്ധ സഹായം തേടിയിട്ടുണ്ട്. രോഗികൾ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രമേ അവരെ വിജയപ്രദമായി ചികിത്സിക്കാൻ കഴിയുകയുള്ളൂ എന്ന് ഡോ. ലെ ഗ്രാജ് പറയുന്നു, “പൂർണമായ സൗഖ്യമാക്കൽ സാധ്യമാണ്” എന്നു സൂചിപ്പിച്ചുകൊണ്ടുതന്നെ. എന്നിരുന്നാലും, ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകൾക്ക് ഇരകളായിത്തീരുന്നവരിൽ 18 ശതമാനത്തോളം പേർ മരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു.
ഡൽഹിയിൽ കാണാതാകുന്നവർ
ഓരോ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ 10,000-ത്തിലധികമാളുകൾ കാണാതാകുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഇവരിൽ മൂന്നിലൊന്നു പേരെ മാത്രമേ എന്നെങ്കിലും കണ്ടുപിടിക്കാനാകുന്നുള്ളൂ. അമ്പതു ശതമാനം പേരും 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. 2:1 എന്ന അനുപാതത്തിൽ ആണുങ്ങളുടെ സംഖ്യ പെണ്ണുങ്ങളുടേതിനെക്കാൾ കൂടുതലാണ്. ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തതുപോലെ, ആയിരക്കണക്കിനു പെൺകുട്ടികൾ ചെന്നുചേരുന്നതു വേശ്യാലയങ്ങളിലാണ്. ഭിക്ഷയാചന നടത്താൻ ആൺകുട്ടികളെ കുററവാളി സംഘങ്ങൾ നിർബന്ധിക്കുന്നു, അല്ലെങ്കിൽ ചെറിയ റെസ്റെറാറൻറുകളിൽ തുച്ഛമായ കൂലിക്ക് വളരെ നേരം ജോലിചെയ്യാൻ അവർ നിർബന്ധിതരാകുന്നു.
ക്യൂബയിലെ യഹോവയുടെ സാക്ഷികൾ
ക്യൂബയിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ അടുത്തകാലത്തു കൂടുതൽ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ആളുകളുമായി ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പങ്കുവെക്കാൻ ഇത് അവരെ പ്രാപ്തരാക്കിയിരിക്കുന്നു. വേലയ്ക്ക് ഔദ്യോഗിക അംഗീകാരമോ നിയമാംഗീകാരമോ ലഭിച്ചിട്ടില്ലെങ്കിലും തങ്ങളുടെ മുൻ ഓഫീസുകൾ ഉപയോഗിക്കാനും കൂടുതൽ സ്വതന്ത്രമായി ആരാധനയ്ക്കു കൂടിവരാനും അവർ അനുവദിക്കപ്പെട്ടിട്ടുണ്ട്—ചെറിയ, ചെറിയ സമ്മേളനങ്ങൾ നടത്തുന്ന ഘട്ടത്തോളം അത് എത്തിയിരിക്കുന്നു. മാസികകൾ അച്ചടിക്കാൻ അവർക്ക് അനുവാദമുണ്ട്. സമീപകാലത്തെ ഈ സംഭവങ്ങളാൽ സന്തോഷവും ഉത്സാഹവും നിറഞ്ഞവരായി ഈ സാക്ഷികൾ തങ്ങളുടെ പ്രസംഗവേല തുടരുന്നു, ബൈബിളിന്റെ പ്രത്യാശാസന്ദേശം ആളുകളുടെ അടുക്കൽ എത്തിക്കാൻ ഉത്സാഹിച്ചുകൊണ്ടുതന്നെ.
അൻറാർട്ടിക്ക—ഒരുകാലത്ത് ചൂടും സസ്യങ്ങളും ഉണ്ടായിരുന്നിടം
ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും ഒരുകൂട്ടം ശാസ്ത്രജ്ഞർ “ദക്ഷിണധ്രുവത്തിൽനിന്നു വെറും 500 കിലോമീററർ [300 മൈൽ] മാറി . . . പായൽ, പ്രാണികളുടെ മുട്ടകൾ എന്നിവയോടൊപ്പം ഇലകൾ, തടി, പൂമ്പൊടി എന്നിവ അടങ്ങിയ” ഫോസിലുകൾ കണ്ടെത്തി. “ഇന്നത്തെക്കാൾ 20-25 സെൽഷ്യസ് [35°-45° ഫാരെൻഹീററ്] ചൂടു കൂടുതലുള്ള ഒരു കാലാവസ്ഥയെ അതു സൂചിപ്പിക്കുന്നു” എന്ന് ദി ഓസ്ട്രേലിയൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. വണ്ടിൻമുട്ടകളുടെ കണ്ടുപിടിത്തം സ്ഥിരീകരിച്ചത് പ്രാണികൾക്കു ജീവിക്കാനാവശ്യമാംവിധം കാലാവസ്ഥ ചൂടുള്ളതായിരുന്നു എന്നാണ്. മാത്രമല്ല, വെള്ളം ദ്രാവകരൂപത്തിൽ നിലനിന്നിരിക്കണം. ചെടികൾ പുഷ്പിച്ച് വിത്തുണ്ടാകുന്നതുവരെ വളർച്ചാ കാലഘട്ടം നീണ്ടുനിന്നിരുന്നു. അതേ കാലത്തുതന്നെ, ടാസ്മാനിയയിൽ (വൻകരയ്ക്കു തെക്കുള്ള ഓസ്ട്രേലിയൻ ദ്വീപസംസ്ഥാനം) വളർന്നിരുന്ന ചെടികൾ അവിടെനിന്നും 1,600 കിലോമീററർ വടക്കു മാറി സ്ഥിതിചെയ്യുന്ന മധ്യ ന്യൂ സൗത്ത് വെയിൽസ് കഴിഞ്ഞ് തെക്കോട്ടു മാറി ഇന്നു വളർന്നുകാണുന്നില്ല—ഒരുകാലത്ത് ഇവിടെ ചൂടു കൂടുതലുള്ള കാലാവസ്ഥ ഉണ്ടായിരുന്നു എന്നതിന് ആധികാരികമായി പരോക്ഷമായിട്ടെങ്കിലും നൽകുന്ന തെളിവുകളാണ് ഇവയെല്ലാം.
റേഡിയൽ കെരാറേറാററമി പരിഷ്കരണം
ഹ്രസ്വദൃഷ്ടി (ദൂരത്തിലുള്ളവ കാണുന്നതിലെ ക്രമക്കേട്) പരിഹരിക്കാൻ ഓരോ വർഷവും ഐക്യനാടുകളിൽ 2,50,000 പേരിൽ നടത്തുന്ന, പ്രചാരത്തിലിരിക്കുന്ന ഒരു ശസ്ത്രക്രിയാരീതിയാണു റേഡിയൽ കെരാറേറാററമി. 30 ശതമാനത്തിലധികം കേസുകളിലും ആദ്യ ശസ്ത്രക്രിയയെ ഏറെ ഫലപ്രദമാക്കാൻ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണ്. “ഈ രീതി ന്യായമായി സുരക്ഷിതവും ഫലപ്രദവുമാണ്, എന്നാൽ വസ്തുക്കളെ അടുത്തു കാണാനുള്ള പ്രാപ്തിയെ പെട്ടെന്നു കുറച്ചുകളയുന്നതിലേക്ക് ഇതു നയിച്ചേക്കാം” എന്ന് ദേശീയ നേത്രരോഗ ഇൻസ്ററിററ്യൂട്ട് സംഘടിപ്പിച്ച പത്തു വർഷത്തെ ഒരു പഠനം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഈ ശസ്ത്രക്രിയയുടെ അനന്തരഫലത്തെക്കുറിച്ചു വിശദമായി നടത്തിയ പഠനം നേരത്തെ അറിയപ്പെടാതിരുന്ന ഒരു അനന്തരഫലം വെളിവാക്കിയിരിക്കുന്നു: സമീപക്കാഴ്ച അനുക്രമം ഏറെ മങ്ങിയതാക്കിത്തീർക്കുന്ന കണ്ണിലെ ക്രമേണയുള്ള മാററങ്ങൾ. ഈ ശസ്ത്രക്രിയയ്ക്കു വിധേയരായ 43 ശതമാനം പേരിലും ഈ കാഴ്ചക്കുറവു കാണപ്പെട്ടു. അതിന്റെ കാരണം കുറച്ചൊക്കെ സാധാരണഗതിയിൽ പ്രായമാകുന്നതിൽ ആരോപിക്കാൻ കഴിയുമെന്നിരിക്കെ, ചിലവ “റേഡിയൽ കെരാറേറാററമി പ്രക്രിയയോടു ബന്ധപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു, അതു ചിലരിൽ നേരത്തെതന്നെയുള്ള മാററത്തിനു കാരണമാകുന്നതായി തോന്നി” എന്ന് ആ ലേഖനം പറഞ്ഞു. “പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഇനിയും ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കണ”മെന്ന് ആ പഠനത്തിന്റെ സഹചെയർമാനായ ഡോ. പീററർ മാക്ഡോണൽ പറഞ്ഞു. “സമ്പൂർണ കാഴ്ച ലഭിക്കുമെന്നു യാതൊരു ഉറപ്പുമില്ല.”
അലർജിയുള്ളവർക്ക് ആശ്വാസം
ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ചു ലോകജനസംഖ്യയിൽ 20 ശതമാനം പേർക്ക് ഏതെങ്കിലും തരത്തിലുള്ള അലർജിയുണ്ട് എന്ന് ബ്രസീലിയൻ മാസികയായ ഗ്ലോബോ സിയെൻഷ്യ റിപ്പോർട്ടു ചെയ്യുന്നു. “നഗരവത്കരണം നിമിത്തമുണ്ടാകുന്ന ഒരസുഖമാണ് അലർജികൾ എന്നുള്ളതിനു സർവ സൂചനകളുമുണ്ട്” എന്നു പ്രതിരോധവത്കരണ ശാസ്ത്രജ്ഞനായ ജൂലിയോ ക്രോസ് പറയുന്നു. “വായുവിൽ പതിനായിരത്തിലധികം ഹാനികരമായ പദാർഥങ്ങളുണ്ട്.” ചെറുപ്രാണികൾ, മലിനീകരണം തുടങ്ങിയ സാമാന്യ കാരണങ്ങൾ കൂടാതെയുള്ളവയാണു സമ്മർദം, മരുന്നിന്റെ അമിതോപയോഗം, ഭക്ഷണത്തിലും സൗന്ദര്യവർധകവസ്തുക്കളിലും ലഹരിപാനീയങ്ങളിലും ഉപയോഗിക്കുന്ന രാസോത്പന്നങ്ങൾ എന്നിവ. അമിതമായ ശാരീരിക വ്യായാമത്തിനുപോലും ആസ്ത്മയിലേക്കു നയിക്കാനോ അതിനെ ഗുരുതരമാക്കാനോ കഴിയും. എന്നിരുന്നാലും, ആളുകൾ ശരിയായി ശ്വാസോച്ഛ്വാസം ചെയ്യാൻ പഠിക്കുകയാണെങ്കിൽ “രോഗത്തിന്റെ ആവർത്തനത്തെയും തീവ്രതയെയും കുറയ്ക്കാൻ വ്യായാമത്തിനു കഴിയും,” ഡോ. ക്രോസ് പറയുന്നു. അലർജിയുള്ളവർ തങ്ങളുടെ മുറികൾ വൃത്തിയുള്ളതും വായൂസഞ്ചാരമുള്ളതുമായി സൂക്ഷിക്കണം, പട്ടി, പൂച്ച, പക്ഷികൾ തുടങ്ങിയ വളർത്തുമൃഗങ്ങളുമായും അതുപോലെതന്നെ സുഗന്ധദ്രവ്യങ്ങളും തീവ്രഗന്ധമുള്ള ഉത്പന്നങ്ങളുമായുള്ള സമ്പർക്കവും അവർ ഒഴിവാക്കണം. മാത്രമല്ല, പെട്ടെന്നുള്ള താപീയ മാററങ്ങളും പുകവലിയും ലഹരിപാനീയങ്ങളും അവർ ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ നിർദേശിച്ചിരിക്കുന്ന മരുന്നു മാത്രമേ കഴിക്കാവൂ.
ജപ്പാനിലെ ഭരണമേധാവിത്വത്തിന്റെ അവ്യക്തതയെ വ്യാഖ്യാനിക്കൽ
“നിങ്ങളുടെ അഭിപ്രായം വിലയേറിയ ഒരു ഉപദേശമാണ്,” അല്ലെങ്കിൽ “നിങ്ങളുടെ നിർദേശത്തോടു യുക്തമായി ഞങ്ങൾ പ്രതികരിക്കും” എന്നോ മറേറാ ഭരണമേധാവികൾ പറയുമ്പോൾ അതിന്റെ അർഥം യാതൊരു നടപടിയും കൈക്കൊള്ളാൻ സാധ്യതയില്ല എന്നാണ്. അതുപോലെതന്നെ, “സവിസ്തരം പരിഗണിക്കാം” അല്ലെങ്കിൽ “പല വീക്ഷണകോണങ്ങളിൽനിന്നു പരിഗണിക്കാം” എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും അനുകൂലമായ ഫലങ്ങൾ ചെയ്യാൻ സാധ്യത കുറവാണ്. “ഞങ്ങൾ നിങ്ങളുടെ നിർദേശത്തെക്കുറിച്ചു പഠിക്കാം” എന്നു പറഞ്ഞാൽ അതിന്റെ പൊതുവായ അർഥം അടുത്ത ഭാവിയിലൊന്നും ഒരു മാററവും ഉണ്ടാകാൻ പോകുന്നില്ല എന്നാണ്. “പഠിക്കാം” എന്നു പറയുന്നതിനെക്കാൾ അൽപ്പം കൂടെ പ്രതീക്ഷയുള്ളതാണ് “പരിഗണിക്കാം” എന്ന വാഗ്ദാനങ്ങൾ. “സമ്പൂർണമായി പരിഗണിക്കാം” എന്നതിന്റെ അർഥം ഒരു സംഗതി പ്രയോഗത്തിൽ വരുത്തുകപോലും ചെയ്തേക്കാം എന്നാണ്. ടോക്കിയോ നഗര അസംബ്ലി യോഗങ്ങളിൽ സാധാരണമായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ ഒരു മുതിർന്ന ഭരണമേധാവി വിശദീകരിച്ചതായി ദ ഡെയ്ലി യൂമിയൂറി പറയുന്നു. സമർപ്പിക്കപ്പെട്ട നിർദേശങ്ങളോട് “ഗവൺമെൻറ് അനുകൂലമാണോ പ്രതികൂലമാണോ എന്നു വ്യക്തമായ തിട്ടമില്ലെ”ന്ന പൗരൻമാരുടെ പരാതിയോടുള്ള പ്രതികരണമായിട്ടായിരുന്നു ഇത്. “അസംബ്ലി അംഗങ്ങളുടെ നിർദേശങ്ങൾ പാടേ തള്ളിക്കളഞ്ഞുകൊണ്ട് അവരെ അപമാനിക്കാതിരിക്കാൻ ഭരണമേധാവികൾ ശ്രദ്ധയുള്ളവരാണ്” എന്നതാണ് ഈ അവ്യക്തതയ്ക്കു കാരണമെന്ന് ആ പത്രം പ്രസ്താവിക്കുന്നു.
ചപ്പുകൂനയിൽ മരുന്നുകൾ
ജർമനിയിലെ ഒരു ആരോഗ്യ ഇൻഷ്വറൻസ് കമ്പനി പറയുന്നതനുസരിച്ച് ആ രാജ്യത്തു വിൽക്കുകയോ കുറിച്ചുകൊടുക്കുകയോ ചെയ്യുന്ന മരുന്നുകളുടെ അളവ് വളരെ ഉയർന്നതാണ്, അതനുസരിച്ച് ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും പ്രതിദിനം 1,250 ഗുളികവെച്ച് കഴിക്കാനുണ്ട് അവ. ഈ ഉത്പന്നങ്ങളെല്ലാം ആളുകൾ എന്താണ് ചെയ്യുന്നത്? അവയിൽ വളരെയധികം ഉപയോഗിക്കാതെ കളയുകയാണു ചെയ്യുന്നതെന്ന് സ്യൂററ്ഡോയിച്ച് സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. “ദശലക്ഷങ്ങൾ വിലവരുന്ന മരുന്നുകൾ ഓരോ വർഷവും കുപ്പയിൽ തള്ളുന്നതു താങ്ങാൻ നമുക്കാവില്ല” എന്ന് ആരോഗ്യ ഇൻഷ്വറൻസ് കമ്പനികളുടെ ഒരു അസോസിയേഷന്റെ മേധാവി വിലപിച്ചു. ഡോക്ടർമാരും മരുന്നുവ്യാപാരികളും തങ്ങൾക്കു ലഭിക്കുന്ന മരുന്നുകൾ സംബന്ധിച്ച വിശദവിവരങ്ങൾ “മനസ്സിലാവുന്ന ജർമൻഭാഷ”യിൽ രോഗികൾക്കു നൽകാൻ ആ ഇൻഷ്വറൻസ് കമ്പനികൾ അഭ്യർഥിച്ചിട്ടുണ്ട്.”