ലോകത്തെ വീക്ഷിക്കൽ
വാഹനമോഷണത്തിന്റെ ഉയർന്നവില
സ്റ്റാറ്റിസ്റ്റിക്സ് കാനഡാ ഈയിടെ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം 1992-ൽ കാനഡായിൽ 1,46,846 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടു, ഒരു റിക്കാർഡ് സംഖ്യ. ഇത് 1,000 വാഹനങ്ങൾക്കു 8.4 എന്ന ഒരു മോഷണ അനുപാതമാണ്, അതേസമയം ഐക്യനാടുകളിലെ അനുപാതം ഏകദേശം 8.3 ആയിരുന്നതായി ദ വാൻകുവർ സൺ പത്രം പറഞ്ഞു. മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ അവയുടെ പൂർവസ്ഥിതിയിൽ തിരിച്ചുകിട്ടാറില്ല, “വാഹനങ്ങളുടെയും അവയിലെ വസ്തുവകകളുടെയും മോഷണത്തിൽനിന്നും വാഹനങ്ങൾ നശിപ്പിക്കുന്നതിൽനിന്നും ഉണ്ടായ നഷ്ടം 1992-ൽ 160 കോടി ഡോളർ ആയിരുന്നു” എന്ന് ആ റിപ്പോർട്ടു കുറിക്കൊണ്ടു. ഈ നഷ്ടങ്ങൾ ക്രെഡിറ്റ് കാർഡ് വഞ്ചനയിൽനിന്നും മോഷണത്തിൽനിന്നും ഉണ്ടാകുന്നതിന്റെ ഏതാണ്ട് 30 മടങ്ങു കൂടുതലും ബാങ്കുകവർച്ചകളിലൂടെയുണ്ടാകുന്ന നഷ്ടത്തിന്റെ 500 മടങ്ങ് കൂടുതലും ആണ്. ഉല്ലാസസവാരി, വാഹന മോഷണങ്ങളുടെ ഏറ്റവും സാധാരണമായ കാരണമായി പരാമർശിക്കപ്പെട്ടു. “വാഹന മോഷണ കുറ്റം ചുമത്തപ്പെട്ടവരിൽ പകുതിയോളം പേർ 12-നും 17-നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളായിരുന്നു,” എന്ന് സൺ കൂട്ടിച്ചേർത്തു.
പണം കൊടുക്കാതെ ഭക്ഷിക്കുന്നവൻ
ഒരേ കുറ്റം ചെയ്തതിന് ഒരു ന്യൂയോർക്കുകാരന് 31-ലധികം തവണ ജയിലിൽ കയറിയിറങ്ങേണ്ടിവന്നിട്ടുണ്ട്: ഒരു നേരത്തെ ആഹാരം മോഷ്ടിച്ചതിന്. 36 വയസ്സുകാരനായ ആ മനുഷ്യൻ ഒരു റെസ്റ്റൊറൻറിൽ കയറും, എന്നിട്ട് ഒരു നല്ല വിരേചനൗഷധത്തിനും ഭക്ഷണത്തിനും ഓർഡർ ചെയ്യും. ഒടുവിൽ ഒരു കടുംകാപ്പിയും. ബില്ലു കിട്ടിക്കഴിയുമ്പോൾ, തന്റെ കയ്യിൽ പണമില്ലെന്നും അറസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും അയാൾ വെയിറ്ററോടു പറയും. എന്തുകൊണ്ടാണ് അയാൾ അതു ചെയ്യുന്നത്? “വെളിയിൽ വളരെ ബുദ്ധിമുട്ടാണ്,” ഭവനരഹിതനായ അയാൾ പറയുന്നു. ജയിലിലാകുമ്പോൾ ക്രമസമാധാനമുണ്ട്, സമയത്ത് ആഹാരം കിട്ടും, ഭക്ഷണവും കൊള്ളാം, അയാൾ കാരണങ്ങൾ നിരത്തുന്നു. അതു മാത്രമല്ല കാരണം, കവർച്ച ചെയ്യാനോ ആളുകളെ ഉപദ്രവിക്കാനോ അയാൾ ആഗ്രഹിക്കുന്നില്ല; നന്നായി ഭക്ഷണം കഴിക്കാനും ശുദ്ധിയുള്ള ഒരു കിടക്ക ഉണ്ടായിരിക്കാനും ശാന്തമായ ഒരു സ്ഥലത്തു കിടന്നുറങ്ങാനുമേ അയാൾ ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ട്, എല്ലായ്പോഴും അയാൾ കോടതിയിൽ കുറ്റം സമ്മതിക്കുകയും പൂർണ ശിക്ഷ തേടുകയും ചെയ്യുന്നു. അയാളെ ജയിലിൽ താമസിപ്പിക്കുമ്പോൾ, നികുതി കൊടുക്കുന്നവർക്ക്, ദിവസവും 162 ഡോളർ ചെലവാക്കേണ്ടിവരുന്നു. വാസ്തവത്തിൽ, അയാളുടെ അടുത്ത കാലത്തെ 51.31 ഡോളറിന്റെ തീറ്റ നിമിത്തം 90 ദിവസം അയാളെ ജയിലിൽ പാർപ്പിക്കാനായി അവർക്കു ചെലവായത് 14,580 ഡോളറാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി അയാൾ നിമിത്തം ന്യൂയോർക്കിലെ നികുതിദായകർക്ക് 2,50,000 ഡോളർ ചെലവാക്കേണ്ടിവന്നിട്ടുണ്ട്. “ചെറുതെങ്കിലും വലുതായിക്കൊണ്ടിരിക്കുന്ന എണ്ണം ആളുകൾ ദാരിദ്ര്യത്തിൽനിന്നും വിശപ്പിൽനിന്നുമുള്ള സംരക്ഷണത്തിനു” വേണ്ടി “ജയിലിൽ പോകാൻ ഉറച്ചുകൊണ്ട് ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി നിയമസഹായ വിഭാഗത്തിലെ വക്കീലൻമാർ മനസ്സിലാക്കിയിരിക്കുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു.
നിങ്ങളുടെ ദന്ത ഡോക്ടറോടു ചോദിക്കുക
ദന്ത ചികിത്സ സംബന്ധമായ കാര്യാദികളിലൂടെ എയ്ഡ്സ് വൈറസ് പകരാനുള്ള സാധ്യത സംബന്ധിച്ച് ഈയിടെ ഉണ്ടായ അഭ്യൂഹം ആളുകളെ ഭയവിഹ്വലരാക്കുകയാണ്. ദന്തരോഗികളിൽ 83 ശതമാനം ദന്തരക്ഷ സ്വീകരിക്കുമ്പോൾ ഒരു പകർച്ചവ്യാധി പകരുന്നതു സംബന്ധിച്ചു വ്യാകുലപ്പെടുന്നതായി അമേരിക്കൻ ഡെന്റൽ ഹൈജീനിക് അസ്സോസിയേഷൻ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. അമേരിക്കൻ ഹെൽത്ത് മാസിക പറയുന്നതനുസരിച്ച്, ദന്തപരിശോധന നടത്തുന്നവർ കയ്യുറയും മുഖംമൂടിയും ധരിക്കുന്നുവെന്നു മാത്രമല്ല അടുത്ത രോഗിയെ പരിശോധിക്കുന്നതിനു മുമ്പ് അവ മാറ്റി വേറെ ധരിക്കുന്നുവെന്നും രോഗികൾ ഉറപ്പുവരുത്തണം. ഓരോ രോഗിക്കുശേഷവും വീണ്ടും ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ചൂടാക്കി അണുവിമുക്തമാക്കണം. “ചാരായ സത്തുകൊണ്ട് ഉപകരണം കഴുകുന്ന, തണുപ്പിച്ച് അണുവിമുക്തമാക്കുന്ന വിദ്യകൾ പര്യാപ്തമല്ല” എന്ന് അമേരിക്കൻ ഹെൽത്ത് കുറിക്കൊള്ളുന്നു. “നിങ്ങളുടെ ദന്തഡോക്ടർ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മനസ്സുകാണിക്കുന്നില്ലെങ്കിൽ മറ്റൊരു ദന്തഡോക്ടറെ കണ്ടെത്തുക” എന്നു മാസിക കൂട്ടിച്ചേർക്കുന്നു.
മാലിന്യം ബാധിച്ച സഞ്ചാരികൾ
ഓരോ വർഷവും യാത്രചെയ്യുന്ന 400 കോടി ആളുകളിൽ 20-50 ശതമാനത്തിനു മിക്കപ്പോഴും മലിന വെള്ളവും ആഹാരവും നിമിത്തം അതിസാരം പിടിപെടുന്നു എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. യാത്രാ ക്ലേശമോ കാലാവസ്ഥയിലെയോ ഭക്ഷണക്രമത്തിലെയോ മാറ്റമോ സഞ്ചാരിയുടെ പ്രതിരോധശേഷി കുറച്ചുകൊണ്ട് പ്രശ്നം സൃഷ്ടിച്ചേക്കാം. അതിസാര സാധ്യത കുറയ്ക്കുന്നതിനു ലോകാരോഗ്യ സംഘടന പിൻവരുന്നവ ശുപാർശ ചെയ്യുന്നു: ആഹാരം നന്നായി വേവിച്ചതാണെന്നും വിളമ്പുമ്പോൾ ചൂടുള്ളതാണെന്നും ഉറപ്പുവരുത്തുക. കുടിവെള്ളം സുരക്ഷിതമല്ലെങ്കിൽ അതു തിളപ്പിക്കുകയോ മരുന്നുകടകളിൽ ലഭിക്കുന്ന ആശ്രയയോഗ്യമായ ഗുളികകൾ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക. തൊലി ഉരിഞ്ഞുകളയാവുന്നതോ തോടുനീക്കാവുന്നതോ ആയ പഴങ്ങളും പച്ചക്കറികളും ഒഴികെ വേവിക്കാത്ത ആഹാരസാധനങ്ങൾ ഒഴിവാക്കുക. ലോകാരോഗ്യ സംഘടന പറയുന്നു: “പ്രമാണം മനസ്സിൽ പിടിക്കുക, വേവിക്കുക, തൊലി ഉരിഞ്ഞുകളയുക, അല്ലെങ്കിൽ വേണ്ടെന്നുവെക്കുക.”
കത്തോലിക്കാ അപരാധങ്ങൾ
ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ 2,000 വർഷങ്ങളിൽ മാനവരാശിക്കെതിരെ ചെയ്ത അപരാധങ്ങൾ സംബന്ധിച്ചു പ്രായശ്ചിത്തം ചെയ്യാൻ ജോൺ പോൾ II-ാമൻ പാപ്പാ കത്തോലിക്കരെ ആഹ്വാനം ചെയ്യുകയാണ്. സഭ “അവളുടെ മക്കളുടെ പാപാവസ്ഥ സംബന്ധിച്ച് തികഞ്ഞ ബോധവതി ആയി”ത്തീരണം എന്നു പാപ്പാ പറഞ്ഞു. പ്രത്യക്ഷത്തിൽ, ഈ അപരാധങ്ങൾ ഭീകരമായ സ്പാനിഷ് മതപീഡന കാലത്തും നാസി കൂട്ടക്കൊലയിലും കത്തോലിക്കർ വഹിച്ച പങ്കിനോടു ബന്ധപ്പെട്ടവയാണ്. “കത്തോലിക്കരുടെ തെറ്റുകൾ സംബന്ധിച്ച പ്രായശ്ചിത്തത്തിന്റെ പ്രശ്നം സഹിക്കാൻ വയ്യാത്തതാണ്, കാരണം അത് സത്യം സംബന്ധിച്ച സഭയുടെ ചിത്രീകരണത്തിൽ പിഴവു സൂചിപ്പിക്കുന്നു,” എന്ന് ടൈംസ് കുറിക്കൊള്ളുന്നു. “ആധുനിക സാൻമാർഗിക പരാജയങ്ങൾ പരിശോധിക്കുന്നതാണ് കൂടുതൽ പ്രധാനമെന്ന്” ചില കർദിനാൾമാർ വിചാരിക്കുന്നതായി പത്രം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ തോക്കുകൾ
ഈയിടത്തെ ഒരു റിപ്പോർട്ടനുസരിച്ച്, ഐക്യനാടുകളിൽ പൊതുജനങ്ങളുടെ ഇടയിൽ ഏതാണ്ട് 20 കോടി തോക്കുകൾ പ്രചാരത്തിലുണ്ട്. ശരാശരിയെടുക്കുമ്പോൾ ഓരോ രണ്ടു മിനിറ്റിലും ആർക്കെങ്കിലും വെടിയേൽക്കുന്നു. ഓരോ 14 മിനിറ്റിലും ആരെങ്കിലും വെടിയേറ്റു മരിക്കുന്നു. ഓരോ 6 മണിക്കൂറിലും ഒരു കുട്ടിയോ കൗമാരപ്രായക്കാരനോ വെടിവെച്ച് ആത്മഹത്യ ചെയ്യുന്നു. ഒരു ദിവസം, അമേരിക്കൻ കുട്ടികൾ ഏതാണ്ട് 2,70,000 തോക്കുകൾ സ്കൂളിൽ കൊണ്ടുവരുന്നതായി റിപ്പോർട്ടു പ്രസ്താവിക്കുന്നു. “1979-നും 1991-നും ഇടയ്ക്ക് ഏകദേശം 50,000 കുട്ടികൾ തോക്കുപയോഗിച്ച് കൊല്ലപ്പെട്ടു—വിയറ്റ്നാം യുദ്ധത്തിൽ കൊല്ലപ്പെട്ട എല്ലാ അമേരിക്കക്കാർക്കും ഏതാണ്ട് തുല്യമായ ഒരു സംഖ്യതന്നെ” എന്ന് റെഡ്ബുക്ക് മാസിക വിശദമാക്കുന്നു.
ഇന്ത്യയിലെ ദമ്പതികൾ കടന്നാക്രമണത്തിൽ
ഇന്ത്യയിൽ, “അതിവേഗം ‘ഞാൻ മുമ്പൻ’ സമുദായമായിത്തീർന്നു കൊണ്ടിരിക്കുന്ന ഒന്നിൽ” വിവാഹം “കടന്നാക്രമണത്തിലാണ്,” എന്ന് ഇന്ത്യാ ടുഡേ മാസിക പ്രസ്താവിക്കുന്നു. കൂടുതൽ ചെറുപ്പക്കാരായ ദമ്പതികൾ തങ്ങളുടെ ശണ്ഠകൾ പരിഹരിക്കാൻ കോടതികളിലേക്ക് ഒഴുകുകയാണ്. ഇന്ത്യാ ടുഡേ പറയുന്ന പ്രകാരം, “വിവാഹശേഷം ആദ്യത്തെ ഏതാനും വർഷങ്ങളിൽ ഉപദേശം തേടി വരുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇരട്ടിച്ചിട്ടുണ്ട്” എന്ന് ഉപദേശകനായ നാരായണ റെഡി റിപ്പോർട്ടു ചെയ്യുന്നു. തങ്ങളുടെ വിവാഹദിനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചില ദമ്പതികൾ സഹായം തേടുന്നു. ഇന്ത്യൻ വിവാഹങ്ങളിൽ തകർച്ച വരുത്തുന്ന ഘടകങ്ങളുടെ കാര്യത്തിൽ യാതൊരു പുതുമയുമില്ല, അധികപങ്കും വ്യഭിചാരം, മദ്യാസക്തി, പണപരവും വസ്തുസംബന്ധവുമായ തർക്കങ്ങൾ, വൈവാഹിക ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ എന്നിവയാണ്. സംഘർഷം “ഇന്ത്യൻ ഭവനത്തിൽ സർവവ്യാപിയും അദൃശ്യനും ദ്രോഹമതിയും ആയ അതിഥിയായിത്തീർന്നിരിക്കുന്നു.”
കൊതുകുനിവാരണ റേഡിയോ?
പോളണ്ടിലെ ഒരു റേഡിയോനിലയം കൊതുക് എന്ന ആ പഴഞ്ചൻ കീടത്തെ തടുക്കുന്നതിന് ഒരു പുത്തൻ രീതി ആവിഷ്കരിക്കുകയുണ്ടായെന്ന് അവകാശപ്പെടുന്നു. പോളണ്ടിൽ കൊതുകു വർധനാകാലത്ത് കീടനാശിനികൾ ഉപയോഗിക്കാതെ ഈ ശല്യക്കാരോട് പോരാടാൻ ആയിരക്കണക്കിനു റേഡിയോ ശ്രോതാക്കൾക്കു കഴിഞ്ഞതായി ഫ്രഞ്ച് പ്രകൃതി മാസികയായ ടെർ സൊവോഷ് റിപ്പോർട്ടു ചെയ്യുന്നു. അവർ റേഡിയോ സെറ്റ് എന്നു പേരുള്ള ഒരു നിലയത്തിലേക്ക് തങ്ങളുടെ റേഡിയോ ട്യൂൺചെയ്തു വെക്കുക മാത്രം ചെയ്യുന്നു. ടെർ സൊവോഷ് പറയുന്നതനുസരിച്ച്, റേഡിയോ നിലയം മനുഷ്യർക്കു കേൾക്കാവതല്ലെങ്കിലും കൊതുകുകൾക്കു കേൾക്കാവുന്ന തുടർച്ചയായ ഒരു ശബ്ദതരംഗം പ്രക്ഷേപണം ചെയ്യുന്നു. ആ പ്രക്ഷേപണം കൊതുകിനെ പിടിച്ചുതിന്നുന്ന വവ്വാലുകൾ പുറപ്പെടുവിക്കുന്ന ഉയർന്ന ആവൃത്തിയിലുള്ള ശബ്ദത്തിന്റെ ഒരു ഇലക്ട്രോണിക് അനുകരണമായിരുന്നു—ആ ശബ്ദം കേൾക്കാവുന്ന ദൂരത്തിലുള്ള ഏതു കൊതുകിനെയും ഓടിക്കാൻ പര്യാപ്തമായതുതന്നെ.
കൂടുതൽപേർ വൃദ്ധരാകുന്നു
മനുഷ്യകുടുംബം കൂടുതൽ വൃദ്ധരാവുകയാണ്. “ഓരോ മാസവും, 65 വയസ്സും അതിലധികവും പ്രായമുള്ളവരായി ഇപ്പോൾ ലോകത്തിലുള്ള മൊത്തം 36 കോടി ആളുകൾ 8,00,000 വീതം വർധിക്കുന്നു,” എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു മാസികയായ വേൾഡ് ഹെൽത്ത് വിശദമാക്കുന്നു. അടുത്ത 30 വർഷംകൊണ്ട് വൃദ്ധരുടെ എണ്ണം 85 കോടിയിൽ എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. “കുറഞ്ഞ ഉത്പാദനക്ഷമതയും വർധിച്ച ആയുസ്സും തുടർച്ചയായി” നിൽക്കുന്നതിനാൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും വൃദ്ധരുടെ ശതമാനത്തിൽ ഗണ്യമായ വർധനവ് അനുഭവപ്പെടുന്നു എന്ന് വേൾഡ് ഹെൽത്ത് പറയുന്നു. “സ്വീഡനിലാണ് ഇപ്പോൾ ലോകത്തിൽ ‘ഏറ്റവുമധികം വൃദ്ധർ’ ഉള്ളത്, അതിലെ പൗരൻമാരിൽ 18 ശതമാനത്തിലധികം 65-ഓ അതിലധികമോ പ്രായമുള്ളവരാണ്,” എന്ന് ആ മാസിക കുറിക്കൊള്ളുന്നു.
ബ്രിട്ടനിലെ ആഹാരവും ആരോഗ്യവും
“യൂറോപ്യരിൽ ഏറ്റവും ആരോഗ്യം കുറഞ്ഞവർ ബ്രിട്ടീഷുകാരാണ്.” ബ്രിട്ടീഷ് മാസികയായ ദി ഇക്കണോമിസ്റ്റ് അപ്രകാരം അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ മുതിർന്ന ആളുകളിൽ പകുതിയോളം പേർ “വൈദ്യശാസ്ത്രപരമായി അധികഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്” എന്ന് ഈയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. “ചെക്കുകൾ കഴിഞ്ഞാൽ ബ്രിട്ടീഷുകാർ മറ്റ് ഏതു ജനതയെക്കാൾ കൂടുതൽ ഹൃദ്രോഗ സാധ്യതയുള്ളവർ ആയിരിക്കുന്നതിന്റെ കാരണം ഇതു വിശദമാക്കുന്നു” എന്ന് ദി ഇക്കണോമിസ്റ്റ് പറയുന്നു. ഭക്ഷ്യനയത്തിന്റെ വൈദ്യശാസ്ത്രവശങ്ങൾ സംബന്ധിച്ച് ഗവൺമെന്റിന്റെ ഒരു കമ്മിറ്റി അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനു നിരവധി ശുപാർശകൾ സമർപ്പിച്ചു. അതിന്റെ നിർദേശങ്ങളിൽ കൂടുതൽ “മത്സ്യവും റൊട്ടിയും പച്ചക്കറികളും ഉരുളക്കിഴങ്ങും” ഭക്ഷിക്കുന്നതും ഉപ്പും പഞ്ചസാരയും കൊഴുപ്പും ഭക്ഷിക്കൽ കുറയ്ക്കുന്നതും ഉൾപ്പെടുന്നു.
ഓസോൺ ശുഷ്ക്കിപ്പിക്കൽ
സ്വിറ്റ്സർലണ്ടിലെ ജനീവയിലുള്ള ഒഎംഎം (ലോക കാലാവസ്ഥാ സംഘടന), ഭൂമിയുടെ ഓസോൺ പാളിയുടെ നഷ്ടം കുറയ്ക്കാൻ ശ്രമങ്ങളുണ്ടായിരുന്നിട്ടും 20-ാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും ആ സംരക്ഷണ പാളിയുടെ ശുഷ്ക്കിപ്പിക്കൽ വർധിച്ചുകൊണ്ടിരിക്കുമെന്ന് പ്രവചിക്കുന്നു. ഫ്രാൻസ് പ്രസ് വാർത്ത പറയുന്നതനുസരിച്ച് ഒഎംഎം-ന്റെ നിഗമനങ്ങൾ 266 ശാസ്ത്രജ്ഞൻമാർ കഴിഞ്ഞ 4 വർഷക്കാലം 29 വ്യത്യസ്ത രാജ്യങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഓസോണിനെ നശിപ്പിക്കുന്ന വ്യാവസായിക വിസർജ്യങ്ങൾ കുറയ്ക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ പ്രതീക്ഷിച്ച ഫലം കൈവരുത്താൻ തുടങ്ങുന്നതേയുള്ളു. എന്നാൽ ഭൂമിയുടെ ബഹിരാകാശത്തിലുള്ള ഓസോൺ പാളിയുടെ കട്ടി “ആഗോളമായും തുടർച്ചയായും കുറയു”ന്നുണ്ടെന്ന് ഒഎംഎം റിപ്പോർട്ടു വെളിപ്പെടുത്തുകയും ഏറ്റവും ദുർഘടമായ ഘട്ടം “ഇപ്പോഴും നമ്മുടെ തൊട്ടുമുമ്പിൽ ആണ്” എന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.