ലോകത്തെ വീക്ഷിക്കൽ
കൂടുതൽ വിപത്തുകൾ കാത്തിരിക്കുന്നു
“പരിസ്ഥിതിവിനാശം മൂലം 2,000-ാമാണ്ടോടെ പ്രകൃതിവിപത്തുകളുടെ സംഖ്യ ഗണ്യമായി വർദ്ധിക്കും” എന്നു ജർമ്മൻ പത്രമായ ഷ്വിൻഫർട്ടർ ടഗ്ബത്ത്ള് ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസ്താവനയിൽ റിപ്പോർട്ടു ചെയ്തു. ഡബ്ലിയു. എച്ച്. ഒ. പറയുന്നതനുസരിച്ചു “മനുഷ്യൻ സ്വയം വരുത്തിക്കൂട്ടിയ കൂടുതൽ കൂടുതൽ പരിസ്ഥിതി വിപത്തുകൾ ഇപ്പോഴുണ്ട്.” ഭോപ്പാലിലെയും (ഇൻഡ്യ) സെവേസോയിലെയും (ഇററലി) രാസവിപത്തുകൾ, ചെർണോബിലിലെ (മുൻ യു. എസ്. എസ്. ആർ.) അറേറാമിക്ക് റിയാക്ടർ അപകടം, അലാസ്കായിലെ ആഴക്കടൽ എണ്ണതൂകൽ ദുരന്തം, കുവൈററിലെ കത്തുന്ന എണ്ണക്കിണറുകൾ എന്നിവ ഉദാഹരണങ്ങളായി ഉദ്ധരിച്ചിരുന്നു. ലേഖനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വായു, വെള്ളം, മണ്ണ് എന്നിവയുടെ മലിനീകരണവും ഓസോൺ പാളിയുടെ ശുഷ്കിക്കലും ഗ്രീൻഹൗസ് പ്രഭാവവും ഒക്കെ കാണിക്കുന്നതു വ്യാവസായിക വികസനം വിനാശകരമാണെന്നാണ്. ഈ നൂററാണ്ടിന്റെ ആരംഭം മുതൽ പ്രകൃതി വിപത്തുകൾ മൂലം 5 കോടിയിൽപരം ആളുകൾക്കു തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.” (g91 9⁄22)
ജീവിക്കുന്ന തലമുറകൾ
അമേരിക്കക്കാരെ 1800-കളുടെ മദ്ധ്യം മുതൽ 1920കൾ വരെയുള്ള മൂന്നു തലമുറകളായി തരംതിരിക്കുകയാണെങ്കിൽ ഓരോ തലമുറയിലും പെട്ട എത്ര പേർ ഇപ്പോൾ അമേരിക്കയിൽ ജീവനോടിരിപ്പുണ്ടായിരിക്കും? അററ്ലാൻറാ കോൺസ്ററിററ്യൂഷൻ പറയുന്നതനുസരിച്ച് മൊത്തം 3 കോടിയിലധികം. അതു താഴെപ്പറയുന്നപ്രകാരം പ്രസിദ്ധീകരിച്ചു: 1860 മുതൽ 1882 വരെയുള്ള വർഷങ്ങളിൽ ജനിച്ചവരിൽ 3,000 പേർ ഇന്നു ജീവനോടിരിപ്പുണ്ട്. 1883 മുതൽ 1900 വരെയുള്ള വർഷങ്ങളിൽ ജനിച്ചവരിൽ 11,00,000 പേർ ഇന്നു ജീവനോടിരിപ്പുണ്ട്. ആയിരത്തിത്തൊള്ളായിരത്തി ഒന്നു മുതൽ 1924 വരെയുള്ള വർഷങ്ങളിൽ ജനിച്ചവരിൽ 2,90,00,000 പേർ ജീവിച്ചിരിപ്പുണ്ട്. (g91 10⁄8)
ഉപഗ്രഹം മൂലമുള്ള വാഹനം വീണ്ടെടുക്കൽ
ദക്ഷിണാഫ്രിക്കയിൽ വാഹനം തട്ടിക്കൊണ്ടുപോകൽ ഗുരുതരമായി വ്യാപകമായിരിക്കുന്നതിനാൽ തട്ടിക്കൊണ്ടുപോക്കുകാരും കള്ളൻമാരും കൊണ്ടുപോയ വാഹനങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നവീന രീതികളിൽ ഏററവും ആധുനികമായത് ഉപഗ്രഹ-പിന്തുടരൽ ആണ്. ഈ പദ്ധതി ഇണക്കിയിട്ടുണ്ടെങ്കിൽ വാഹനം തട്ടിക്കൊണ്ടുപോകുകയോ മോഷ്ടിച്ചുകൊണ്ടുപോകുകയോ ചെയ്യുമ്പോൾ ഡ്രൈവർ ഒരു ട്രാൻസ്മിററർ പ്രവർത്തിപ്പിക്കുകയേ വേണ്ടൂ എന്നു ഒരു ജോഹന്നാസ്ബേർഗ് പത്രമായ ദ സ്ററാർ വിശദീകരിക്കുന്നു. അപ്പോൾ ഒരു ഉപഗ്രഹം വാഹനത്തെ കണ്ടുപിടിക്കുകയും അതിന്റെ സ്ഥാനം ഒരു “കൺട്രോൾ റൂമിലെ ഭൂപടത്തിൽ ഒരു ‘പ്രതിരൂപ’മായി ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കൺട്രോൾ റൂം, ക്രമത്തിൽ ഹെലിക്കോപ്റററിനോ താഴെയുള്ള സുരക്ഷാ ഘടകങ്ങൾക്കോ ആപത്സൂചന നൽകുകയും അവർ വാഹനത്തിനു പിന്നാലെ പായുകയും ചെയ്യുന്നു. “15 മിനിററിനകം വാഹനം തിരഞ്ഞുപിടിക്കാൻ കഴിയുമെന്നും . . . വീണ്ടെടുപ്പു നിരക്കു 95 ശതമാനമാണെന്നും പയലററുമാരുടെ ഇതുവരെയുള്ള പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു” എന്നു റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു.”
മയക്കുമരുന്നുകൾ സ്ക്കൂളുകളിൽ
മയക്കുമരുന്നുകളുമായി സ്ക്കൂളിലെ ചെറുപ്പക്കാരെ സമ്പർക്കത്തിൽ വരുത്തുന്നതെങ്ങനെയാണ്? “മയക്കുമരുന്നുകൾ അപരിചിതരുടെ കൈകളിലൂടെ സ്ക്കൂളുകളിൽ എത്താറില്ല പിന്നെയോ വിദ്യാർത്ഥികളിലൂടെത്തന്നെയാണ്” എന്നു ബ്രസീലിലെ റയോ ഗ്രാൻറ് ഡു സളിലെ ഒരു പോലീസ് മേധാവിയായ അബിലിയോ പെരേരാ പറയുന്നു. “തനിക്കു പരിചിതനല്ലാത്ത ഒരാളിൽ നിന്ന് ആരും മയക്കുമരുന്നുകൾ വാങ്ങുന്നില്ല. പതിനേഴു വയസ്സുള്ള ആൺകുട്ടികളുടെ പക്കൽ ഞാൻ കഞ്ചാവു കണ്ടെത്താറുണ്ടായിരുന്നു. ഇപ്പോൾ 12 വയസ്സുള്ള ആൺകുട്ടികളും 10 വയസ്സുള്ള ആൺകുട്ടികൾ പോലും ഞങ്ങൾക്കു പ്രശ്നമാകാറുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തുടക്കം കുറിക്കുന്നതിന്, വിലക്കുറവിന്റെ അന്തരീക്ഷത്തിൽ മയക്കുമരുന്നുകൾ സൗജന്യമായി നൽകപ്പെടും, എന്നാൽ അവർ ആസക്തരായിക്കഴിഞ്ഞാൽ കച്ചവടക്കാർ അവക്ക് വില വാങ്ങും. “മയക്കുമരുന്നുകൾ കടന്നുചെല്ലാത്ത സ്കൂളുകളില്ല” എന്നു സാവൊ പോളോയിലെ ഒരു പോലീസ് മേധാവിയായ ആൽബേർട്ടോ കൊറാസ്സാ പ്രസ്താവിക്കുന്നു. വേഴാ മാസിക പറയുന്നു: “സ്ക്കൂളുകളിൽ മയക്കുമരുന്നു വാങ്ങാൻ ഒരിക്കലും ഇത്ര എളുപ്പമായിരുന്നിട്ടില്ല, വിദ്യാർത്ഥികളുടെ ഇടയിൽ ഇടപാടുകാരുടെ ശൃംഖല ഒരിക്കലും ഇത്ര വ്യാപകമായിരുന്നിട്ടില്ല, ഇത്തരം വ്യാപാരം നിയന്ത്രിക്കുന്നതും മുമ്പൊരിക്കലും ഇത്ര പ്രയാസമായിരുന്നിട്ടില്ല.”
ചികിത്സകൾ താരതമ്യം ചെയ്യപ്പെടുന്നു
പരമ്പരാഗത ചികിത്സ നടത്തുന്ന മാരകമായ അർബുദമുള്ളവർ നാടൻ ചികിത്സ നടത്തുന്നവരെക്കാൾ മെച്ചമോ മോശമോ അല്ലെന്നാണ് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം പറയുന്നത്. ശരാശരി ഒരു വർഷമോ അതിൽ കുറഞ്ഞോ ജീവിച്ചേക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്ന 150 അർബുദ രോഗികൾ പഠനത്തിനു വിധേയമാക്കപ്പെട്ടു. പകുതി പേർക്കു രാസചികിത്സയും (chemotherapy) റേഡിയേഷനും പോലുള്ള പാരമ്പര്യ ചികിത്സകൾ ലഭ്യമായപ്പോൾ മറേറ പകുതിപ്പേർക്കു സസ്യാഹാരവും കോഫി എനിമയും പ്രതിരോധ വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന വാക്സിനുകളും നൽകപ്പെട്ടു. രോഗികൾക്കു പഴകിയ ശ്വാസകോശ അർബുദമോ വൻകുടൽ അർബുദമോ അഗ്ന്യാശയ അർബുദമോ (pancreatic cancer) മാരകമായ കറുത്ത മുഴയോ (melanoma) ഉണ്ടായിരുന്നു. ഒരു വർഷത്തിന്റെ അവസാനത്തിൽ ഇരു വിഭാഗങ്ങളിലും പെട്ട പകുതിയിലധികം രോഗികളും, രണ്ടു വർഷത്തിന്റെ അവസാനം 15 ശതമാനം രോഗികളും ജീവിച്ചിരിപ്പുണ്ടായിരുന്നു. “നമ്മുടെ ചികിത്സകൾ പഴകിയ അർബുദമുള്ള രോഗികളുടെ ആയുസ്സ് ഒരുപക്ഷേ ദീർഘിപ്പിക്കുന്നില്ല എന്നാണ് ഫലങ്ങൾ സുവ്യക്തമായി കാണിക്കുന്നത്” എന്ന് അതിന്റെ പത്രാധിപനായ ബാരീ കാസലെത്ത് പറഞ്ഞു. “ഈ ആളുകളെ അതീവ സുഖാവസ്ഥയിലാക്കുന്നത് എങ്ങനെയെന്നു നാം ആരായേണ്ടിയിരിക്കുന്നു. ചിലരുടെ കാര്യത്തിൽ യാതൊരു ചികിത്സയും വേണ്ടെന്നു അത് അർത്ഥമാക്കിയേക്കാം.”
അമിത ശുദ്ധമോ?
എക്സൺ വാൽഡസ് എന്ന എണ്ണക്കപ്പൽ അലാസ്ക്കാ തീരത്തു നിന്നു കുറേ അകലെ മുങ്ങിപ്പോയതിന്റെ ഫലമായി അതിൽ നിന്ന് ഒഴുകിയ എണ്ണ നിമിത്തം വളരെയധികം ജന്തുക്കൾ കൊല്ലപ്പെട്ടു—ഒടുവിലത്തെ കണക്കനുസരിച്ച് 5,80,000 പക്ഷികളും 5,500 നീർനായ്ക്കളും 22 തിമിംഗലങ്ങളും തന്നെ. സ്ഥിരനാശത്തെക്കുറിച്ചു സംസാരമുണ്ടായിരുന്നെങ്കിലും അതു ശരിയല്ലെന്നും അനേക വർഗ്ഗങ്ങളും ഏകദേശം അഞ്ചു വർഷങ്ങൾക്കുള്ളിൽ പൂർണ്ണ അളവിൽ പൂർവ്വസ്ഥിതി പ്രാപിക്കുമെന്നുമാണ് നാഷണൽ ഓഷ്യാനിക്ക് ആൻഡ് അററ്മോസ്ഫ്യറിക്ക് അഡ്മിനിസ്ട്രേഷൻ പറയുന്നത്. “പൊതുജനരോദനത്തെ ശമിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ചില ബീച്ചുകളിൽ ചൂടുവെള്ളം അടിച്ചില്ലായിരുന്നെങ്കിൽ പുനഃപ്രാപ്തി ഇതിലും വേഗമാകുമായിരുന്നു” എന്നു ഫോർച്ച്യൂൺ മാസിക പറയുന്നു. “ഏജൻസി പഠനങ്ങൾ കാണിക്കുന്നത് എണ്ണ മൂലം ചാകുന്നതിനേക്കാൾ കൂടുതൽ ചെറുപ്രാണികൾ ചൂടുവെള്ളത്താൽ ചാകുന്നുവെന്നാണ്.” മുഖ്യ ശാസ്ത്രജ്ഞയായ സിൽവിയ ഏൾ പറയുന്നതനുസരിച്ച്, “ചിലപ്പോൾ പരിസ്ഥിതി വിനാശങ്ങൾ നേരിടുമ്പോൾ ചെയ്യാവുന്ന ഏററവും നല്ല—വിരോധാഭാസമായി ഏററവും ബുദ്ധിമുട്ടുള്ള—സംഗതി ഒന്നും ചെയ്യാതിരിക്കുക എന്നതാണ്.” (g91 9⁄22)
വിചാരണകൂടാതെ അബദ്ധത്തിലുള്ള വധം
മൂന്നു കൊള്ളക്കാർ “രോഷാകുലരായ ജനക്കൂട്ടത്താൽ തെരുവിൽ പ്രഹരിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും—ഈ രംഗം വീഡിയോടേപ്പിൽ പകർത്തപ്പെടുകയും—ചെയ്ത” ജനക്കൂട്ടത്തിന്റെ അക്രമം ബ്രസീലിയൻ അധികാരികൾ മാറേറാ ഗ്രോസ്സോയിൽ പരിശോധിച്ചുകൊണ്ടിരിക്കയാണ്. വേഴാ മാസിക ഇങ്ങനെ പറയുന്നു: “ജനക്കൂട്ടത്താലുള്ള അക്രമത്തിന്റേയും കൊലപാതകത്തിന്റേയും പേരിൽ കുററം ചുമത്തപ്പെട്ടവർ നല്ല കുടുംബത്തലവൻമാരും, രാഷ്ട്രീയക്കാരും ഒരു ചെറിയ പട്ടണത്തിലെ കീർത്തികേട്ട വ്യാപാരികളുമാണ്. അവർ ഞായറാഴ്ച പള്ളിയിൽ കുർബാനക്ക് പോകുകയും, കണിശമായി കരം അടക്കുകയും, കർക്കശമായ നിലവാരമനുസരിച്ച് തങ്ങളുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നുണ്ട്.” എന്നാൽ ഒരു ജനക്കൂട്ടം നിയമം കൈയിലെടുക്കുമ്പോൾ ഭയങ്കരമായ പിഴവുകൾ സംഭവിച്ചേക്കാം. ഒ എസ്ററഡോ ഡി എസ്സ്. പോലോ എന്ന വർത്തമാനപ്പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഏകദേശം 20 പേർ ചേർന്നു 15 വയസ്സുള്ള ജോസീ നസിമെന്റോ സിൽവയെ അബദ്ധത്തിൽ അടിച്ചുകൊന്നു.” മറെറാരു സംഭവത്തിൽ ‘അക്രമികൾ പ്രത്യക്ഷപ്പെട്ടപ്പോൾ, നിർദ്ദോഷിയെന്നു തെളിയിക്കപ്പെട്ട ഒരു 13 വയസ്സുകാരൻ കുററവാളിയെന്നു സംശയിച്ച ഒരു വ്യക്തിയുമായി സംസാരിക്കാൻ ഇടയായതിനാൽ വധിക്കപ്പെട്ടു.’
ഒരു സത്യസന്ധമായ ലേബൽ
അടുത്ത കാലത്ത് അപ്രതീക്ഷിതമായ ഒരു സ്ഥാനത്ത്—ഒരു സിഗരററു കൂടിൽ—ഒരു സത്യസന്ധമായ പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ വർഷാരംഭത്തിങ്കൽ യു.എസ്.എ.യിൽ കാലിഫോർണിയായിലുള്ള ലോസ് ആഞ്ചലസ്സിൽ തലയോട്ടിയും കുറുകെ വച്ചിരിക്കുന്ന രണ്ടസ്ഥികളും ചിത്രീകരിക്കപ്പെട്ട കടും കറുപ്പു നിറമുള്ള പായ്ക്കററിൽ ഒരു പുതിയ ഇനം സിഗരററ് വിപണിയിൽ പ്രത്യക്ഷപ്പെട്ടു. അതിന്റെ സൈഡിൽ ഈ ഇനത്തിന്റെ പേരായ മരണം എന്നു വെള്ളയക്ഷരത്തിൽ വലുതായി അച്ചടിച്ചിരുന്നു. ന്യൂസ് വീക്ക് മാസിക പറയുന്ന പ്രകാരം തന്റെ ഉൽപ്പന്നത്തിന്റെ വിചിത്രമായ—എന്നാൽ കൃത്യമായ—ലേബൽ ഒഴികെ യാതൊരു പരസ്യവുമില്ലാതെ ഇപ്പോൾതന്നെ 25,000 പായ്ക്കററുകൾ വിററഴിച്ചെന്ന് അതിന്റെ നിർമ്മാതാവ് അവകാശപ്പെടുന്നു. മരണത്തെ ഭയക്കാത്ത തീരെ ചെറുപ്പമോ നിഷ്കപടരോ ആയവരെ ആകർഷിച്ചുകൊണ്ട് ദേശീയതലത്തിൽ വില്പന വിപുലമാക്കാമെന്നു അയാൾ പ്രത്യാശിക്കുന്നു. ഇത്തരം ഉപഭോക്താക്കൾ ഈ മരണ സിഗരററുകളുടെ ഓരോ പാക്കററിലുമുള്ള പിൻവരുന്ന മുന്നറിയിപ്പു അവഗണിക്കാനാണ് സാദ്ധ്യത: “നിങ്ങൾ പുകവലിക്കുന്നില്ലെങ്കിൽ തുടങ്ങരുത്. നിങ്ങൾ പുകവലിക്കുന്നെങ്കിൽ ഉപേക്ഷിക്കുക.” (g91 10⁄8)
വിഷമിപ്പിക്കുന്ന കാലനിർണ്ണയപ്പിശക്
പതിനൊന്നു വർഷം മുമ്പ്, കലാവാസനയുള്ള ജൊവാൻ ആറെൻസ് എന്നു പേരുള്ള ഒരു ദക്ഷിണാഫ്രിക്കക്കാരി വല്യമ്മ വനവാസികളുടെ പരമ്പരാഗത കലയെ അനുകരിക്കുകയും ശിലകളെ പടം വരക്കാനുള്ള തന്റെ കാൻവാസായി ഉപയോഗിച്ചുകൊണ്ട് ചില വർണ്ണചിത്രങ്ങൾ രചിക്കുകയും ചെയ്തു. പിന്നീട്, ചിത്രം വരക്കപ്പെട്ട അവരുടെ ശിലകളിൽ ഒന്നു പീററർബാരിസ്ബേർഗ് നഗരത്തിലെ തന്റെ മുൻഭവനത്തിനു സമീപത്തുള്ള പുൽമേടിൽ നിന്നു എടുക്കപ്പെട്ടു. അന്തിമമായി അത് നഗരത്തിലെ മ്യൂസിയം സൂപ്രണ്ടിന്റെ കരങ്ങളിൽ ചെന്നു പെട്ടു. ഈ ശിലാകലയുടെ ഉറവിടം അറിയാതെ സൂപ്രണ്ട് ഇംഗ്ലണ്ടിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിററി റേഡിയോ കാർബൺ ആക്സെലറേററർ യൂണിററിൽ അതിന്റെ കാലനിർണ്ണയം ചെയ്യിച്ചു. അത് 1,200 വർഷം പഴക്കമുള്ളതാണെന്നു കണക്കാക്കപ്പെട്ടു! ഇത്തരം വിഷമിപ്പിക്കുന്ന പിശക് എന്തുകൊണ്ട്? ദക്ഷിണാഫ്രിക്കയുടെ സൺഡേ റൈറംസലെ റിപ്പോർട്ടുപ്രകാരം “ആറെൻസ് ഉപയോഗിച്ച എണ്ണച്ചായത്തിൽ കാർബൺ—ഓക്സ്ഫോർഡ് കാലനിർണ്ണയം ചെയ്ത ഏക വസ്തു—അടങ്ങിയ പ്രകൃതിദത്ത എണ്ണകളുണ്ടായിരുന്നതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.”
പോക്കററ് സൈസ് ഇലക്ട്രോണിക്ക് ബൈബിളുകൾ
“ഇപ്പോൾ ഇലക്ട്രോണിക്ക് ലോകത്തിനു ചെറുതു മനോഹരമാണ്” എന്നു ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. കൈയിൽ പിടിക്കാവുന്ന ചെറിയ ആധുനിക ഉപകരണങ്ങളിൽ പെടുന്നതാണ് യു.എസ്.എ.യിലുള്ള ന്യൂ ജേഴ്സിയിലെ ഒരു സ്ഥാപനം പുറത്തിറക്കിയ റിവൈസ്ഡ് സ്ററാൻഡാർഡ് വേർഷനും കിംഗ് ജയിംസ് വേർഷനും ഉൾപ്പെടെയുള്ള 400 ഡോളറിന്റെ മൂന്ന് ബൈബിൾ ഭാഷാന്തരങ്ങൾ. “എന്തിനാണ് ഒരു ബൈബിളിന് 400 ഡോളർ ചെലവഴിക്കുന്നത്?” എന്നു ന്യൂസ് വീക്ക് ചോദിക്കുന്നു. “കാരണം അതിന് ടൈപ്പ്റൈററർ മാതിരിയുള്ള അക്ഷരക്കട്ടകളും കുറെ ബുദ്ധിയും ഉണ്ട്.” ഓർമ്മിക്കുന്ന ചില അടിസ്ഥാന വാക്കുകൾ മാത്രം ടൈപ്പ് ചെയ്താൽ മറന്നുപോയ തിരുവെഴുത്തുകൾ കണ്ടുപിടിക്കാൻ കഴിയും. ഈ സ്ഥാപനം “മറവിക്കാരായ പുരോഹിതൻമാരുടെ വിപണി കണ്ടെത്തിയിരിക്കും” എന്നു ലേഖനം പറയുന്നു. “അത് ഇതിനോടകം തന്നെ ആറു മാസങ്ങൾക്കുള്ളിൽ 50,000 ഇലക്ട്രോണിക്ക് ബൈബിളുകൾ വിററഴിച്ചിരിക്കുന്നു.” (g91 9⁄22)