ലോകത്തെ വീക്ഷിക്കൽ
‘അവസാനത്തെ സ്വേച്ഛാധിപത്യ വ്യവസ്ഥിതി’
“വത്തിക്കാന്റെ പരമ്പരാഗതമായ മാർഗനിർദേശത്തോടുള്ള അതൃപ്തി ജർമൻ കത്തോലിക്കാസഭയിൽ വർധിച്ചുവരികയാണ്” എന്ന് അടുത്ത കാലത്ത് ജോൺ പോൾ II-ാമൻ 30 പുതിയ കർദിനാൾമാരെ നിയമിച്ചതിനെത്തുടർന്നു റോമിലെ ദിനപത്രമായ ലാ റിപ്പബ്ലിക്ക റിപ്പോർട്ടു ചെയ്യുന്നു. അടുത്ത പാപ്പായെ തിരഞ്ഞെടുക്കുന്നതിന്, “മുഴു കത്തോലിക്കാസഭയെയും യഥാർഥമായി പ്രതിനിധാനം ചെയ്യുന്ന ഒരു സംഘം സമ്മതിദായകരുടെ അടിയന്തിര ആവശ്യം” ഉണ്ട് എന്നു പേരുകേട്ട വിമത ദൈവശാസ്ത്രജ്ഞനായ ഹാൻസ് ക്യൂം തറപ്പിച്ചു പറയുന്നു. “വിശ്വസ്തരിലെ ഭൂരിഭാഗത്തിന്റെ വിശ്വാസം പാപ്പായ്ക്കു കേവലം നഷ്ടപ്പെട്ടിരിക്കുന്നതായി” ക്യൂം വിശ്വസിക്കുന്നു. ക്യൂം തുടരുന്നു: “സ്റ്റാലിൻചിന്താഗതിയുടെ പതനത്തിനുശേഷം പാശ്ചാത്യലോകത്തു നിലനിൽക്കുന്ന അവസാനത്തെ ഏകാധിപത്യ വ്യവസ്ഥിതി റോമൻ വ്യവസ്ഥിതിയാണെന്നുള്ളതിനെ അവഗണിച്ചുകളയാൻ കഴിയില്ല.”
അകാല വാർധക്യം തടയുക
“ആളുകൾ വീടുകൾ കുട്ടികൾക്ക് അനുയോജ്യമായ വിധത്തിലുണ്ടാക്കാറുണ്ട്. പ്രായമുള്ള വ്യക്തികൾക്ക് അനുയോജ്യമായ വിധത്തിൽ അവ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ?” സവോ പൗലോ യൂണിവേഴ്സിറ്റിയിലെ വിൽസൺ ജേക്കബ് ഫിൽയോ എന്ന വാർധക്യശാസ്ത്രജ്ഞൻ ചോദിക്കുന്നു. വൃദ്ധർക്ക് ഏറെ സുരക്ഷിതമായ ഭവനങ്ങൾ ഉണ്ടാക്കുന്നതു കൂടാതെ, വീഴാനുള്ള സാധ്യത കുറയ്ക്കുന്നതിനു തങ്ങളുടെ പേശീവ്യവസ്ഥയെ ദൃഢപ്പെടുത്താൻ വ്യായാമം ചെയ്യാനും അദ്ദേഹം നിർദേശിക്കുന്നു. ദീർഘായുസ്സിന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്തൊക്കെയാണ്? സവോ പൗലോ യൂണിവേഴ്സിറ്റിയിലെ പ്ലാസ്റ്റിക് സർജനായ റൊജേറിയോ ഇസ്സാർ നെവെസ് പറയുന്നതനുസരിച്ച്, ആ ശത്രുക്കൾ “കായികാധ്വാനമില്ലാത്ത ജീവിതം, സമീകൃതമല്ലാത്ത ആഹാരം (പ്രത്യേകിച്ചും കൊഴുപ്പ് ധാരാളമുള്ള ഭക്ഷണങ്ങൾ), പുകവലി, ലഹരിപാനീയങ്ങളുടെ അമിത ഉപയോഗം, സമ്മർദം, ഉറക്കക്കുറവ്” തുടങ്ങിയവയാണ്. തീവ്രമായ സമ്മർദം രോഗപ്രതിരോധ വ്യവസ്ഥയെ ദുർബലമാക്കുന്നുവെന്ന് ജോണൽ ഡാ റ്റാർഡേ വിശദീകരിക്കുന്നു, “അത് വിവിധ രോഗങ്ങൾ ആരംഭിക്കുന്നതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു, തത്ഫലമായി വാർധക്യത്തോടും ബന്ധപ്പെട്ടിരിക്കുന്നു.” ഡോ. നെവെസ് കൂടുതലായി ഇങ്ങനെ അവകാശപ്പെടുന്നു: “അകാല വാർധക്യത്തിന്റെ മുഖ്യ കാരണം ജീവിതത്തിലുള്ള താത്പര്യമില്ലായ്മയാണ്.”
ശരീരം കുത്തിത്തുളയ്ക്കുന്നതിന്റെ ആരോഗ്യാപകടം
“വർഷങ്ങൾക്കു മുമ്പ് കുത്തിത്തുളയ്ക്കുകയില്ലായിരുന്ന ശരീരഭാഗങ്ങൾ ഇപ്പോൾ ആളുകൾ കുത്തിത്തുളയ്ക്കുന്നു.” കാനഡയിലുള്ള കാൾഗറി ഹെൽത്ത് സർവീസസ്സിനു വേണ്ടിയുള്ള പരിസ്ഥിതി ആരോഗ്യവിഭാഗത്തിന്റെ ഡയറക്ടറായ ജോൺ പെൽട്ടൺ പറയുന്നു. ദ വാൻകൂവർ സൺ പറയുന്നതനുസരിച്ച് ഇതിൽ പുരികം, ചുണ്ട്, നാക്ക്, നാഭി തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു. വർധിച്ചുവരുന്ന ഈ ഭ്രമം എയ്ഡ്സും ഹെപ്പറ്റൈറ്റിസ് ബി-യും സി-യും പകർത്തിയേക്കാമെന്ന ഭയം ശരീരം കുത്തിത്തുളയ്ക്കുന്നതു നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങൾ ആവിഷ്കരിക്കാൻ ആൽബെർട്ടാ ഹെൽത്തിലെ പരിസ്ഥിതി ആരോഗ്യ സേവനവിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുകയാണ്. “അനിയന്ത്രിതമായ വ്യക്തിഗത സേവനങ്ങളെല്ലാം ക്രമേണ പുതിയ നിലവാരങ്ങളുടെ പരിധിയിൽ വരും, അവയിൽപ്പെടുന്നവയാണ് മുദ്ര കുത്തൽ, മെഴുകുപയോഗിച്ച് രോമം പിഴുതുകളയൽ, പച്ചകുത്തൽ, വൈദ്യുത വിശ്ലേഷണം, ഇന്ദ്രിയബോധ വിച്ഛേദനം തുടങ്ങിയവ,” മാത്രമല്ല ഈ നിയന്ത്രണങ്ങളുടെ ഒരു കരടുരേഖ പൊതു ആരോഗ്യ ഉദ്യോഗസ്ഥൻമാരും വ്യവസായസംരംഭവും പരിശോധിക്കുന്നതായിരിക്കും എന്നു റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. ശരീരം കുത്തിത്തുളയ്ക്കാൻ ചെവി തുളയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം അവലംബിക്കുന്നതു സംബന്ധിച്ചാണെങ്കിൽ, ഈ നടപടി ചെയ്യുന്ന ഒരുവൻ സമ്മതിക്കുന്നു: “രോഗബാധ നിമിത്തം ആളുകൾ ആശുപത്രിയിൽ പോകുന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്. അതു വാസ്തവത്തിൽ ഭയം ജനിപ്പിക്കുന്നതാണ്.”
നിര്യാണമടയുന്ന സഭ
കാനഡയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റൻറ് വിഭാഗം യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ ആണ്. “അതിലുള്ളവരുടെ പ്രായമേറിവരികയും അംഗത്വം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്, അതിന്റെ നേതാക്കൻമാരും അയ്മേനികളും സഭയുടെ മുൻഗണനകൾ എന്തായിരിക്കണമെന്നതു സംബന്ധിച്ചു യോജിപ്പിലല്ല” എന്നു ടൊറന്റോ സ്റ്റാർ പറയുന്നു. 30,00,000 പേർ സഭയുടെ ഭാഗമായി തിരിച്ചറിയിക്കുന്നുവെന്നിരിക്കെ 7,50,000 പേർ മാത്രമേ സഭയുടെ രജിസ്റ്ററിൽ ഉള്ളൂ. അതിന്റെ ഏറ്റവും നല്ല പിന്തുണക്കാരിൽ ഭൂരിപക്ഷവും 55-നുമേൽ പ്രായമുള്ളവരാണ്. അതേസമയം, ആ സഭാംഗങ്ങളുടെ മക്കളും മക്കളുടെ മക്കളും അതിലേക്ക് ആകർഷിക്കപ്പെടുന്നില്ല. അതിന്റെ പ്രവർത്തനഗതി തിരുത്താൻ സത്വര നടപടിയെടുക്കണം അല്ലെങ്കിൽ അത് ഒടുങ്ങിപ്പോകണം എന്നു സഭയ്ക്കു മുന്നറിയിപ്പു ലഭിച്ചിരുന്നു. ആരാധനയ്ക്കും ആത്മീയതയ്ക്കും മുൻഗണന കൊടുക്കാനാണു സഭാംഗങ്ങൾ ആഗ്രഹിക്കുന്നത്, അതേസമയം സഭാനേതാക്കൻമാരാഗ്രഹിക്കുന്നത് സാമൂഹികവും ആഗോളപരവുമായ പ്രശ്നങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കാനാണ്. സഭ നിലംപതിക്കുന്നുവെങ്കിൽ, “യുണൈറ്റഡ് ചർച്ചിന് പ്രധാനമായിരിക്കുന്നത് കാനഡക്കാർക്കു പ്രധാനമല്ല എന്നു തെളിയും” എന്ന് ആൽബർട്ടയിലെ സാമൂഹികശാസ്ത്രജ്ഞനായ റെജിനാൾഡ് ബിബ്ബി മുന്നറിയിപ്പു നൽകുന്നു. “അവരുടെ സമയത്തിനോ പണത്തിനോ ശ്രദ്ധയ്ക്കോ തക്ക മൂല്യമുള്ളതായിരുന്നില്ല അത്.”
യുദ്ധപൈതൃകം
51 വർഷം മുമ്പ് യൂറോപ്പിനെ ആക്രമിച്ച സഖ്യസൈന്യത്തിലെ ഏഴായിരം പട്ടാളക്കാർ 1994 ജൂണിൽ നോർമാൻഡി ബീച്ചിൽ തിരികെ വന്നു. അവരിൽ നൂറുകണക്കിനാളുകളെ സംബന്ധിച്ചിടത്തോളം ആ ആഘോഷം കൈവരുത്തിയ ഉത്കണ്ഠയെ തരണം ചെയ്യാൻ അവർക്കു മനശ്ശാസ്ത്രചികിത്സാപരമായ സഹായം നൽകേണ്ടിവന്നു. “ചില സൈനികർ ഡി-ദിനം കഴിഞ്ഞപ്പോൾ വല്ലാതെ ദുഃഖിതരായി” എന്നു മുൻ സൈനികരെ സഹായിക്കുന്ന ഒരു ധർമസ്ഥാപനമായ കോമ്പാറ്റ് സ്ട്രെസ്സിനു വേണ്ടി സംസാരിച്ചുകൊണ്ട് ഡോ. ഗ്രഹാം ലൂക്കസ് വിശദീകരിച്ചു. “കുറ്റബോധം, മറ്റുള്ളവർ മരിച്ചുപോയപ്പോൾ അതിജീവിക്കാൻ തങ്ങൾക്കു യോഗ്യതയുണ്ടായിരുന്നില്ല എന്ന ചിന്ത എന്നിവ പോലുള്ള വികാരങ്ങൾ അവർക്കുണ്ടായിരുന്നു, മാത്രമല്ല പേടിസ്വപ്നങ്ങൾ അവരെ കഷ്ടപ്പെടുത്തിയിരുന്നു, അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു.” വർഷങ്ങളായി അത്തരം വികാരങ്ങൾ അടിച്ചമർത്തിവെച്ചത് അൾസർ, ആസ്തമ, ചർമരോഗങ്ങൾ എന്നിവയിലേക്കു നയിച്ചിരിക്കുന്നു എന്ന് ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഓർമകൾ ഇപ്പോഴും പേടിസ്വപ്നം ഉയർത്തിവിടുന്ന ഒരു പട്ടാളക്കാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ കാര്യങ്ങൾ നിങ്ങൾക്ക് അധികമധികം ചെയ്യാൻ കഴിയും. അവിടെ ഇല്ലാതിരുന്ന ആളുകൾക്ക് അത് എന്തുപോലെയാണെന്നു മനസ്സിലാക്കാൻ കഴിയില്ല.”
പരാദമത്സ്യം
ആമസോൺ താഴ്വരയിലെ നദികളിൽ പെരുകുന്ന ഒരു പരാദമത്സ്യമാണ് കാൻഡിറു. സുതാര്യമായ, ഈൽപോലുള്ള ഈ ജീവിക്ക് ഏതാണ്ട് 2.5 സെൻറിമീറ്റർ നീളമുണ്ട്. അതിനെ സാധാരണമായി കാണാറുള്ളതു വലിയ മത്സ്യങ്ങളുടെ ശ്വാസകോശാവയവങ്ങളിലാണ്, അവിടെ അത് അവയുടെ രക്തം കുടിച്ച് ജീവിക്കുന്നു. അതിനു മനുഷ്യന്റെ ഗുഹ്യഭാഗങ്ങളിൽ കടന്നുകൂടി വീക്കവും രക്തവാർച്ചയും ഉണ്ടാക്കാനും കഴിയും. ചിലപ്പോൾ ആൾക്കു മരണം പോലും. അടുത്തകാലത്തായി, കഷ്ടിച്ച് ഈ മത്സ്യത്തിന്റെ പകുതി നീളമുള്ള, കുറേക്കൂടെ ചെറിയ, കൂടുതൽ രക്തദാഹിയായ ഒരിനത്തെ ബ്രസീലിൽ കണ്ടെത്തിയിരിക്കുന്നു. വായുടെ പിറകിൽ ചൂണ്ടയാകൃതിയിലുള്ള രണ്ടു പല്ലുകൾ അതിനുണ്ട്. അവയാണ് അതിനു ശക്തമായ പിടിത്തം നൽകുന്നത്, അതുകൊണ്ട് അതിനെ കുടഞ്ഞുകളയുക അസാധ്യമാണ്. “വളരെ കുറച്ച് അല്ലെങ്കിൽ ഒട്ടുംതന്നെ വൈദ്യസൗകര്യങ്ങളില്ലാത്ത, നദീവക്കത്തു വസിക്കുന്ന, ആളുകളെ സംബന്ധിച്ചിടത്തോളം അതു ഗുരുതരമായ രോഗസംക്രമണങ്ങളിലേക്കു നയിക്കാം,” ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു.
സർവകലാശാലകൾ കുഴപ്പത്തിൽ
“ആഫ്രിക്കയിലെ അവഗണിക്കപ്പെടുന്ന സർവകലാശാലകൾ പതനത്തിന്റെ വക്കത്താണ്,” ജോഹാനസ്ബർഗിലെ വീക്കെൻഡ്സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. ഫണ്ടുകളുടെ അഭാവം നിമിത്തം കമ്പ്യൂട്ടറുകളില്ല, ചില കേസുകളിൽ ടെലഫോണുകൾ വിച്ഛേദിച്ചിരിക്കുകയാണ്. ഒരു സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 35,000 ആണ്, എന്നാൽ അതു വാസ്തവത്തിൽ രൂപകൽപ്പന ചെയ്തത് 5,000 പേർക്കു വേണ്ടിയായിരുന്നു. ഉഗാണ്ടയിലെ മുമ്പത്തെ ഒരു പേരുകേട്ട സർവകലാശാലയിൽ ലെക്ച്ചറർമാരുടെ തസ്തികകളിൽ പകുതിയിലേ അംഗങ്ങളുള്ളൂ. കാമ്പസിൽ ഒരു ലെക്ച്ചറർക്ക് ഒരു മാസം കിട്ടുന്ന വേതനം ഏതാണ്ട് 19 ഡോളറാണ്. ലെക്ച്ചറർമാരോ കുട്ടികളോ സമരം നടത്തുന്നതിന്റെ ഫലമായി ചില സർവകലാശാലകൾ മാസങ്ങളായി അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. കെനിയയിലെ ഒരു പ്രൊഫസർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആഫ്രിക്കയിലെ കലാലയ സ്വവിനാശം കൂടുതൽക്കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.”
ആരാണു വീട്ടുജോലി ചെയ്യുന്നത്?
“[പുരുഷൻമാർക്കും സ്ത്രീകൾക്കുമിടയിലെ] സമത്വം ഇനിയും കുടുംബാന്തരീക്ഷത്തിൽ കാലുകുത്തിയിട്ടില്ലാത്തതുപോലെ തോന്നുന്നു,” ഇറ്റലിയിലെ കുടുംബങ്ങൾ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചു സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയെക്കുറിച്ചു റിപ്പോർട്ടു ചെയ്തുകൊണ്ട് കൊരിയറെ ഡെല്ലാ സേറ പറയുന്നു. സ്ത്രീ പുറത്തു ജോലി ചെയ്താലും ഇല്ലെങ്കിലും “കുടുംബ സംഘാടനത്തിന്റെ ഭാരം മുഴുവൻ പേറുന്നത് ഇപ്പോഴും അവൾ തന്നെയാണ്.” കുട്ടികളുണ്ടെങ്കിൽ അവൾ വീട്ടുജോലിക്കായി ശരാശരി 7 മണിക്കൂറും 18 മിനിറ്റും ചെലവഴിക്കുന്നു, അതിനോടു താരതമ്യം ചെയ്യുമ്പോൾ അവളുടെ പങ്കാളി പ്രവർത്തിക്കുന്നത് 1 മണിക്കൂറും 48 മിനിറ്റുമാണ്. വിരോധാഭാസമെന്നു പറയട്ടെ, ഏകസ്ഥരായ മാതാക്കൾ കൂടുതൽ മെച്ചമായി ചെയ്യുന്നതായി തോന്നുന്നു, മറ്റവരെക്കാൾ രണ്ടു മണിക്കൂർ കുറവാണ് അവർ വീട്ടുജോലിക്കു ചെലവഴിക്കുന്നത്. “മാതാക്കൾ തങ്ങളുടെ കൊച്ചു പെൺകുട്ടികളെ ഇളംപ്രായം മുതൽത്തന്നെ ഗൃഹജോലികൾക്കായി ‘വിധിക്കുന്നു,’” ലാ റിപ്പബ്ലിക്ക കൂട്ടിച്ചേർക്കുന്നു.
ക്ഷയരോഗത്തോടുള്ള പോരാട്ടത്തിൽ തോൽവി
പാരീസിലെ ലാ പിറ്റ്യാ സാൽപേട്രിയാർ ആശുപത്രിയിലെ ബാക്ടീരിയോളജി-വൈറോളജി വിഭാഗത്തിലെ തലവനായ പ്രൊഫസർ ജാക്വിസ് ഗ്രോസ്സറ്റ് പറയുന്നതനുസരിച്ച്, രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടം “ലോകവ്യാപകമായ അളവിൽ സമ്പൂർണ പരാജയ”മാണ്. രോഗികളെ ചികിത്സിക്കാതിരുന്നാൽ ക്ഷയരോഗം നിമിത്തമുള്ള മരണനിരക്ക് 50 ശതമാനമാകും. ലോകത്തിൽ ടിബി ഉള്ളവരിൽ ഏതാണ്ട് പകുതി പേർക്കും രോഗനിർണയവും ചികിത്സയും ലഭ്യമല്ലാതിരിക്കെ, ആൻറിബയോട്ടിക് മരുന്നുകൾ സൗജന്യമായി ലഭ്യമായിരിക്കുന്ന, സാങ്കേതികമായി വികസിച്ച രാഷ്ട്രങ്ങളിൽ ഈ രോഗമുള്ളവരിൽ പകുതി പേർ മാത്രമേ പൂർണമായും സൗഖ്യം പ്രാപിക്കുന്നതുവരെ ചികിത്സ തുടരാറുള്ളൂ. “മറ്റേ പകുതി ചികിത്സിക്കുന്നില്ല, അഥവാ ചികിത്സിച്ചാൽത്തന്നെ ക്രമമായി ചെയ്യില്ല. അതു മരണനിരക്കു വളരെ വർധിപ്പിക്കുന്ന (ചികിത്സിക്കുന്നവരിൽ 25 ശതമാനം) ഒരു ഘടകമാണ്, മാത്രമല്ല അത് ആൻറിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ഒരു വർഗം ട്യൂബർക്കിൽ ബാസിലസിനെ ഉളവാക്കുകയും ചെയ്യുന്നു.”
വെനെസ്വേലയും എയ്ഡ്സും
ബ്രസീലും മെക്സിക്കോയും കഴിഞ്ഞാൽപ്പിന്നെ ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ളതിൽ മൂന്നാം സ്ഥാനം വെനെസ്വേലയ്ക്കാണ് എന്നു വെനെസ്വേലയിലെ കരാക്കസിലെ എൽ യൂണിവേഴ്സൽ പറയുന്നു. രാജ്യത്തു മാരകമായ ആ വൈറസ് ബാധിച്ച 3,50,000 പേർ ഉള്ളതായി ഡോ. അരെല്ലാനോ മെഡിസി കണക്കാക്കുന്നു, എങ്കിലും 3,000 മാത്രമേ ഉള്ളുവെന്നാണ് ആരോഗ്യ മന്ത്രാലയം സമ്മതിക്കുന്നത്. രോഗം ബാധിച്ച ഓരോ വ്യക്തിക്കും, രോഗം ബാധിച്ചതെങ്കിലും അത് അറിയാതെ നടക്കുന്ന നൂറ് പേർ വെച്ചു കണ്ടേക്കാം എന്നു മെഡിസി പറയുന്നു. അതിന്റെ കാരണം, “സമൂഹത്തിലെ ശ്രദ്ധേയമായ അനുവാദാത്മകതയാണ്.” രോഗം ബാധിച്ച വ്യക്തികൾ ധാർമികമായി ശുദ്ധമായ ജീവിതം നയിക്കണമെന്നു മെഡിസി ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരിലേക്കു രോഗം പരത്താനുള്ള അപകടസാധ്യത ഉള്ളതുകൊണ്ടു മാത്രമല്ല അത്, പലതരം എയ്ഡ്സ് വൈറസുകൾ ഉള്ളതുകൊണ്ടും കൂടിയാണ്. രോഗം ബാധിച്ചവരിൽ മറ്റൊരുതരം വൈറസ് എളുപ്പം കടന്നുകൂടിയേക്കാം, അങ്ങനെ ഇപ്പോഴുള്ള ആരോഗ്യപ്രശ്നത്തെ അതു കൂടുതൽ വഷളാക്കുന്നു. 2000-ാമാണ്ടോടെ ഓരോ കുടുംബത്തിലും എയ്ഡ്സുള്ള ഒരംഗം വെച്ചു കാണുമെന്ന് ഒരു സ്രോതസ്സ് കണക്കാക്കുന്നു.