ചൊറിത്തവളയും തവളയും—എന്താണു വ്യത്യാസം?
ചൊറിത്തവളയ്ക്കും തവളയ്ക്കും നൂറ്റാണ്ടുകളായി ഒരു ചീത്തപ്പേരുണ്ട്. “അവ ചൊറിയുണ്ടാക്കുന്നു.” “ആളുകളെ ചൊറിത്തവളകളും തവളകളും ആക്കി മാറ്റാൻ മന്ത്രവാദിനികൾക്കു കഴിയും.” രാജകുമാരി ചുംബിച്ചപ്പോൾ സുന്ദരനായ രാജകുമാരനായി മാറിയ വൃത്തികെട്ട തവളയുടെ കഥ ആരാണു കേട്ടിട്ടില്ലാത്തത്? പക്ഷേ, കെർമിറ്റ് പ്രസിദ്ധിയാർജിച്ചതോടുകൂടി “സിസേം സ്ട്രീറ്റ്” എന്ന കുട്ടികളുടെ ടിവി പരിപാടിയിലെയും “മപ്പെറ്റ് ഷോ”യിലെയും തവളകൾക്ക് കൂടുതൽ അനുകൂലമായ ഒരു ശ്രദ്ധ ലഭിച്ചുകൊണ്ടിരിക്കുകയാണ്. തവളകളെയും ചൊറിത്തവളകളെയും സംബന്ധിച്ച യാഥാർഥ്യം എന്താണ്? അവ തമ്മിലുള്ള വ്യത്യാസം എന്താണ്?
നമുക്ക് തെറ്റിദ്ധാരണ നേരെയാക്കാം—ചൊറിത്തവളകളല്ല വൈറസുകളാണു ചൊറിയുണ്ടാക്കുന്നത്. യക്ഷിക്കഥകൾ വെറും യക്ഷിക്കഥകളാണ്, കെട്ടുകഥയും സങ്കൽപ്പവുംതന്നെ. മന്ത്രവാദിനികൾ ഉണ്ടെങ്കിലും അവർക്ക് ഒരു വ്യക്തിയെ തവളയോ ചൊറിത്തവളയോ ആക്കി മാറ്റാൻ കഴിയുകയില്ല.
തവളകളും ചൊറിത്തവളകളും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലുമുണ്ട്. എന്നാൽ അന്റാർട്ടിക്കയിൽ തവളകളില്ല. ആർട്ടിക്കിൽ ചൊറിത്തവളകളുമില്ല. തവളകളും ചൊറിത്തവളകളും ഏകദേശം 3,800 ഇനങ്ങളുണ്ട്. അതിൽ ചൊറിത്തവളകൾ 300-ലധികം ഇനങ്ങൾ വരും. ചൊറിത്തവളയെയും തവളയെയും നിങ്ങൾക്കെങ്ങനെയാണു തിരിച്ചറിയാൻ കഴിയുക? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം ഉത്തരം നൽകുന്നു: “യഥാർഥത്തിലുള്ള മിക്ക ചൊറിത്തവളകളുടെയും ശരീരം യഥാർഥത്തിലുള്ള മിക്ക തവളകളുടേതിനെക്കാളും വീതികൂടിയതും പരന്നതുമാണ്. അവയുടെ ത്വക്ക് യഥാർഥ തവളകളുടേതിനെക്കാളും കറുത്തതും വരണ്ടതുമായിരിക്കും. സാധാരണമായി യഥാർഥത്തിലുള്ള ചൊറിത്തവളകളുടെ ശരീരം നിറയെ ചൊറിയായിരിക്കും, എന്നാൽ യഥാർഥ തവളകൾക്കു മിനുസമുള്ള ചർമമാണുള്ളത്. യഥാർഥ തവളകളിൽനിന്നു വ്യത്യസ്തമായി യഥാർഥ ചൊറിത്തവളകളുടെ ഭൂരിപക്ഷവും കരയിലാണു ജീവിക്കുന്നത്. മുതിർന്ന ചൊറിത്തവളകൾ മുട്ടിയിടാൻവേണ്ടിമാത്രമേ വെള്ളത്തിലേക്കിറങ്ങുകയുള്ളൂ.” എന്നാൽ തവളകളെ സാധാരണമായി വെള്ളത്തിനരികിലാണു കാണുന്നത്, നിങ്ങളുടെ കാലൊച്ച കേൾക്കുമ്പോൾ ചാടാനായി അവ തയ്യാറായി നിൽപ്പുണ്ടാവും. മിക്ക തവളകൾക്കും മേൽത്താടിയെല്ലിൽ മാത്രം പല്ലുകളുണ്ട്. എന്നാൽ ചൊറിത്തവളകൾക്കു പല്ലില്ല. അങ്ങനെ രണ്ടു കൂട്ടരും ഇരയെ മുഴുവനോടെ വിഴുങ്ങുകയാണു ചെയ്യുന്നത്.
മിക്ക തവളകളും ചൊറിത്തവളകളും ശക്തിയേറിയ വിഷങ്ങൾ ഉത്പാദിപ്പിക്കുന്നു. കോസ്റ്റ റിക്കയിലെ ഇളം ചുവപ്പുനിറമുള്ള വിഷശര തവള (ഡെൻഡ്രോബേറ്റ്സ് പുമിലിയോ) ഇതിനൊരു ഉദാഹരണമാണ്. ചില തവളവിഷങ്ങൾക്ക് ഒരു വ്യക്തിയെ അനായാസം കൊല്ലാൻ കഴിയും. ജീവശാസ്ത്രം എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഉഷ്ണമേഖലയിലെ നാടൻ ഗോത്രക്കാർ തങ്ങളുടെ അമ്പുകളിൽ പലപ്പോഴും വിഷം തേക്കുന്നത് ഈ തവളകളിൽ ഉരസിയാണ്.” ബൈബിൾ പുസ്തകമായ വെളിപാടിൽ “അശുദ്ധാത്മാക്ക”ളെ തവളകളോട് ഉപമിച്ചിരിക്കുന്നു. അതെന്തുകൊണ്ടായിരിക്കും? എന്തുകൊണ്ടെന്നാൽ, മോശൈക ന്യായപ്രമാണത്തിൽ തവളകൾ ഭക്ഷിക്കാൻ പറ്റാത്തവിധം അശുദ്ധമായിരുന്നു. ചൊറിത്തവളകളെക്കുറിച്ചു ബൈബിളിൽ പരാമർശനമില്ല.—വെളിപ്പാടു 16:13; ലേവ്യപുസ്തകം 11:12.
[31-ാം പേജിലെ ചിത്രങ്ങൾ]
വലത്ത്: ചൊറിത്തവള. താഴെ: തവള