പരിണാമവും നിങ്ങളും
ദിവ്യ ഇടപെടൽ കൂടാതെയാണു മനുഷ്യൻ അതിജീവിച്ചതെന്നും അത് അങ്ങനെതന്നെ തുടരുമെന്നും 19-ാം നൂറ്റാണ്ടിൽ വർഗങ്ങളുടെ ഉൽപ്പത്തി ജനതതികളെ ബോധ്യപ്പെടുത്തി. മേലാൽ ദൈവത്തിന്റെ ആവശ്യമില്ലെന്നും മാനവജാതിയെ രക്ഷിക്കാൻ ശാസ്ത്രത്തിനു കഴിയുമെന്നും ശാസ്ത്രീയ മുന്നേറ്റങ്ങളാൽ അമ്പരന്നുപോയ അനേകർക്കും തോന്നി. “യുക്തിവൈഭവത്തോടെ ചെലുത്തുന്ന മാനുഷശ്രമത്തിനു ലോകത്തിൽ പരിവർത്തനം വരുത്താൻ കഴിയുമെന്ന ഒരു ബോധ്യത്താൽ സജീവമായിരുന്നു” 19-ാം നൂറ്റാണ്ട് എന്ന് പുരോഗതിയുടെ യുഗം (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും, ആ നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ചാൾസ് ഡാർവിൻ പോലും തന്റെ ശുഭാപ്തിവിശ്വാസത്തിൽ ചഞ്ചലചിത്തനായിത്തീർന്നു. ഒരു ചരിത്രകാരൻ പറയുന്നതനുസരിച്ച്, പരിണാമസിദ്ധാന്തം “ദൈവത്തെ കൊന്നുവെന്നും മനുഷ്യവർഗത്തിന്റെ ഭാവിയിലെ അനന്തരഫലങ്ങൾ നിർണയാതീതമാണെന്നും” ഡാർവിൻ ഭയപ്പെട്ടിരുന്നു. ഡാർവിന്റെ ഒരു യുവസമകാലികനായിരുന്ന ആൽഫ്രെഡ് റസ്സൽ വാലസ്സ് ഇങ്ങനെ അനുസ്മരിക്കുകയുണ്ടായി: “ഡാർവിനുമായുള്ള എന്റെ അവസാനത്തെ സംഭാഷണത്തിൽ [ഡാർവിന്റെ മരണത്തിനു തൊട്ടുമുമ്പ്] മനുഷ്യവർഗത്തിന്റെ ഭാവിയെ സംബന്ധിച്ചു വളരെ മ്ലാനമായ ഒരു വീക്ഷണമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.”
മാനവോദ്യമം എന്ത് ഉത്പാദിപ്പിച്ചിരിക്കുന്നു?
20-ാം നൂറ്റാണ്ടുമുതലുള്ള ചരിത്രം വെളിപ്പെടുത്തിയിരിക്കുന്നത് ഏറെ മ്ലാനമായ കാലങ്ങളാണ് ഇനി വരാനിരിക്കുന്നത് എന്നാണ്. ഡാർവിന്റെ കാലംമുതലുള്ള സാങ്കേതിക നേട്ടങ്ങൾ, മാനവചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും അക്രമാസക്തവുമായ യുഗമെന്നു വ്യക്തമായി തെളിഞ്ഞ ഒന്നിനെ മറച്ചുപിടിക്കുക മാത്രമാണു ചെയ്തത്. “ഒരു യഥാർഥ ധാർമിക വൈകൃതം” എന്ന് ചരിത്രകാരനായ എച്ച്. ജി. വെൽസ് വർണിച്ച ഒന്നിൻ മധ്യേയാണു നാം ജീവിക്കുന്നത്.
(ഏതാണ്ട് 75 വർഷം മുമ്പ്) വെൽസ് ആ പ്രസ്താവന നടത്തിയതുമുതൽ ലോകത്തിൽ കൂടുതൽ ധാർമിക വൈകൃതം തുടർന്ന് അനുഭവപ്പെട്ടിരിക്കുകയാണ്. ശാസ്ത്രജ്ഞൻമാരോ സാമ്പത്തിക വിദഗ്ധരോ സാമൂഹിക ഏജൻസികളോ മാനുഷ ഗവൺമെൻറുകളോ ഈ ലോകത്തിലെ മതങ്ങളോ ശ്രമിച്ചുനോക്കിയിട്ടുള്ള യാതൊന്നും ഈ സ്ഥിതിവിശേഷത്തിനു നിവാരണം വരുത്തുകയോ അതിന്റെ തിരത്തള്ളലിനെ നിയന്ത്രിക്കുകപോലുമോ ചെയ്തിട്ടില്ല. അവസ്ഥകൾ തുടർന്നും വഷളായിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ട് വാസ്തവത്തിൽ പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടത് അനിവാര്യമാണ്: മാനവോദ്യമം എന്താണ് ഉത്പാദിപ്പിച്ചിരിക്കുന്നത്? ശാസ്ത്രവും സാങ്കേതികവിദ്യയും ഒരു മെച്ചപ്പെട്ട ലോകത്തെ ആനയിച്ചിരിക്കുന്നുവോ? ജീവശാസ്ത്രജ്ഞയായ രൂത്ത് ഹവാർഡ് ഇങ്ങനെ പറഞ്ഞു: “നാം ദിനപത്രം തുറന്ന് ആനുകാലിക സംഭവങ്ങൾ നോക്കുമ്പോൾ പ്രശ്നങ്ങൾ ശാസ്ത്രത്തോടു ബന്ധപ്പെട്ടതല്ലെന്നു (മനസ്സിലാകും). സാമൂഹിക സംഘാടനം, ആകുലതയുളവാക്കുന്ന കാര്യങ്ങൾ, മനുഷ്യാവശ്യങ്ങളെ വിസ്മരിച്ചുകൊണ്ടു ലാഭത്തിനു പിന്നാലെയുള്ള മനുഷ്യരുടെ പരക്കംപാച്ചിൽ എന്നിവയോടു ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.” ഹബാർഡ് ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു: “ലോകത്തിലെ ആളുകളെ ഏറ്റവുമധികം ഞെരുക്കുന്ന പല പ്രശ്നങ്ങളെയോ ഏതെങ്കിലും പ്രശ്നങ്ങളെയോ വിഭവങ്ങളുടെ ന്യായയുക്തമായ പങ്കുവെക്കലിലൂടെ ശാസ്ത്രം പരിഹരിക്കാൻ സാധ്യതയുണ്ടെന്നു ഞാൻ വാസ്തവത്തിൽ കരുതുന്നില്ല.”
യഥാർഥത്തിൽ, മനുഷ്യനു ചന്ദ്രനിലേക്കു യാത്ര ചെയ്യാൻ കഴിയുകയും അതേസമയംതന്നെ മാനവകുടുംബത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയാതെവരികയും ചെയ്യുമ്പോൾ അതിന് എന്തു പ്രയോജനമാണുള്ളത്? ആറ്റംബോംബുപോലുള്ള വർധിച്ചുവരുന്ന നശീകരണായുധങ്ങളുടെ കണ്ടുപിടിത്തം യുദ്ധങ്ങൾക്കും വംശീയ അക്രമത്തിനും അറുതി വരുത്തിയോ? കുറ്റകൃത്യം, കുടുംബത്തകർച്ച, ലൈംഗികമായി പകരുന്ന രോഗങ്ങൾ, അധാർമികത, നിയമവിരുദ്ധ ജനനങ്ങൾ, ഉന്നതപദവികളിലെ അഴിമതി, ദാരിദ്ര്യം, വിശപ്പ്, ഭവനമില്ലായ്മ, മയക്കുമരുന്നു ദുരുപയോഗം, മലിനീകരണം തുടങ്ങിയ കാര്യങ്ങളെ ശാസ്ത്രത്തിന്റെ നേട്ടങ്ങൾ കാര്യമായി കുറച്ചിട്ടുണ്ടോ? ഇല്ല, പിന്നെയോ ശാസ്ത്രം ഇത്തരം കാര്യങ്ങളെ വഷളാക്കിയിട്ടേയുള്ളൂ. ദൈവത്തെ ഉപേക്ഷിച്ച് തൽസ്ഥാനത്തു പരിണാമത്തെയും ശാസ്ത്രത്തെയും പ്രതിഷ്ഠിച്ചിരിക്കുന്നതുകൊണ്ട്, മാനവകുടുംബം അതിന്റെ അവസ്ഥയെ സഹായിക്കുകയല്ല, പിന്നെയോ മുറിവേൽപ്പിക്കുകയാണു ചെയ്തിട്ടുള്ളത്.
ആദ്യ മനുഷ്യരെ സൃഷ്ടിച്ച ഒരു ദൈവം ഉണ്ടെന്നതിനു കടകവിരുദ്ധമായി, മനുഷ്യൻ കുരങ്ങുസമാന ജന്തുക്കളിൽനിന്നു പരിണമിച്ചുവെന്നുള്ള സിദ്ധാന്തത്തെ പലരും ഇപ്പോൾ പുനഃപരിശോധന നടത്തുന്നത് അതിശയമല്ല. ദിവ്യ ഇടപെടൽ കൂടാതെ മനുഷ്യൻ പരിണമിച്ചു എന്ന വിശ്വാസം വെച്ചുപുലർത്തുന്നത് 9 ശതമാനം അമേരിക്കക്കാർ മാത്രമാണെന്നും മനുഷ്യനെ അവന്റെ ഇന്നത്തെ രൂപത്തിൽ സൃഷ്ടിച്ചതു ദൈവമാണെന്ന ആശയത്തെ 47 ശതമാനം അംഗീകരിക്കുന്നുണ്ടെന്നും ഐക്യനാടുകളിലെ ഒരു അഭിപ്രായ വോട്ടെടുപ്പു വെളിപ്പെടുത്തി.
ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാര്യം
മനുഷ്യൻ പൂർണതയിലേക്കു പുരോഗമിക്കുമെന്നു വർഗങ്ങളുടെ ഉൽപ്പത്തി മുൻകൂട്ടിപ്പറഞ്ഞപ്പോൾ, ലോകത്തെ ഒരു ധാർമിക പ്രതിസന്ധി പിടിച്ചുലയ്ക്കുമെന്നാണു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞത്. (മത്തായി 24:3-12; 2 തിമൊഥെയൊസ് 3:1-5) ഈ പ്രതിസന്ധി ഒരു പാരമ്യത്തിലെത്തുമെന്നും അതിനുശേഷം വിശ്വസ്ത മനുഷ്യവർഗത്തിനു ലഭിക്കാൻ പോകുന്നത് ഇന്നത്തെ പ്രശ്നങ്ങളിൽനിന്നു മുക്തമായ ഒരു പറുദീസ ആയിരിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു.—സങ്കീർത്തനം 37:10, 11, 29; യെശയ്യാവു 11:6-9; 35:1-7; വെളിപ്പാടു 21:4, 5.
തീവ്രമായ താത്പര്യത്തോടെ പലരും ബൈബിൾ പരിശോധിക്കാൻ ഈ പ്രത്യാശ കാരണമേകിയിരിക്കുന്നു. യഥാർഥത്തിൽ ജീവിതത്തിന്റെ ഉദ്ദേശ്യം നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തെക്കാൾ കവിഞ്ഞതായിരിക്കാൻ കഴിയുമോ? മനുഷ്യന്റെ കഴിഞ്ഞ കാലത്തിന്റേതു മാത്രമല്ല, നിങ്ങളുടെ ഭാവി ഉൾപ്പെടെ, വരാനിരിക്കുന്ന കാലത്തിന്റേയും താക്കോൽ ബൈബിളിനുണ്ടായിരിക്കാൻ കഴിയുമോ? ദൈവത്തെക്കുറിച്ചും ഭൂമിയെയും അതിലെ ആളുകളെയും കുറിച്ചും അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പരിശോധിക്കുന്നതു വളരെ മൂല്യമുള്ള ഒരു സംഗതിയായിരിക്കും. കൂടുതൽ വിവരങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്.
[9-ാം പേജിലെ ചതുരം]
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?a (ഇംഗ്ലീഷ്) എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് സ്രഷ്ടാവിനെ സംബന്ധിച്ച തെളിവ് സൃഷ്ടിയിൽനിന്നു കണ്ടുപിടിക്കുന്നതിന് ഒരു പുനഃപരിശോധന നടത്താൻ കോടിക്കണക്കിനാളുകൾ സഹായിക്കപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിന്റെ മൂന്നു കോടി കോപ്പികൾ 27 ഭാഷകളിലായി ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പരിണാമസിദ്ധാന്തത്തിന്റെ സാധുത സംബന്ധിച്ച് യഥാർഥ ശാസ്ത്രത്തിന്റെ വസ്തുതകൾ കാട്ടിത്തരുന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ ഉണരുക! മാസിക തുടർന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.—
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[8, 9 പേജുകളിലെ ചിത്രം]
പരിണാമസിദ്ധാന്തത്തിനു വിരുദ്ധമായി, ബൈബിൾ ഇന്നത്തെ ധാർമിക പ്രതിസന്ധിയെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചും, അതായത് പ്രശ്നവിമുക്തമായ ഒരു പറുദീസയെക്കുറിച്ചും, മുൻകൂട്ടിപ്പറഞ്ഞു
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Coast Guard photo
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Starving child: WHO photo by P. Almasy
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Right: U.S. National Archives photo