പരിണാമസിദ്ധാന്തത്തിന്റെ ഫലങ്ങൾ
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തിൽ മതവും ശാസ്ത്രവും ഏതാണ്ട് രമ്യമായ ഒരു ബന്ധമാണ് ആസ്വദിച്ചിരുന്നത്. “മുൻകൂട്ടിയുള്ള ആസൂത്രണം, ജ്ഞാനം, മഹത്ത്വം” എന്നീ കാര്യങ്ങൾ ജീവലോകം കാട്ടിത്തരുന്നുവെന്നും പ്രകൃതിചരിത്രത്തിന്റെ മുഖ്യോദ്ദേശ്യം “അഖിലാണ്ഡത്തെ സൃഷ്ടിച്ചവന്റെ ചിന്തക”ളെ വിശകലനം ചെയ്യുക എന്നുള്ളതാണെന്നും വർഗങ്ങളുടെ ഉൽപ്പത്തി പ്രസിദ്ധീകരിക്കപ്പെടുന്നതിനു രണ്ടു വർഷം മുമ്പു ജീവശാസ്ത്രജ്ഞനും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ ലൂയിസ് അഗാസിസ് എഴുതുകയുണ്ടായി.
അഗാസിസിന്റെ വീക്ഷണഗതി അസാധാരണമായിരുന്നില്ല. ശാസ്ത്രവും മതവും തമ്മിൽ പൊരുത്തമുള്ളതായി പലരും വീക്ഷിച്ചു. മിക്കപ്പോഴും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ മഹത്സ്രഷ്ടാവ് ഉണ്ടെന്നുള്ളതിന്റെ തെളിവായിട്ടായിരുന്നു കരുതിപ്പോന്നത്. എന്നാൽ മതത്തിനും ശാസ്ത്രത്തിനുമിടയ്ക്കു പ്രകടമല്ലാത്ത ഒരു വിടവു വളർന്നുവരികയായിരുന്നു.
സന്ദേഹവാദം വേരുപിടിക്കുന്നു
ചാൾസ് ലൈലിന്റെ പ്രിൻസിപ്പിൾസ് ഓഫ് ജിയോളജി ബൈബിളിന്റെ സൃഷ്ടിപ്പിൻവിവരണത്തിൻമേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തി. ആ ഗ്രന്ഥത്തിന്റെ ആദ്യ വാല്യം പുറത്തിറങ്ങിയത് 1830-ലായിരുന്നു. സൃഷ്ടിപ്പ് ആറ് അക്ഷരീയ ദിവസംകൊണ്ടു നടക്കാൻ സാധ്യതയില്ലെന്നു ലൈൽ അവകാശപ്പെട്ടു. ഭൗതികശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ ഇപ്രകാരമെഴുതി: “പൊതുവിൽ ബൈബിൾ തെറ്റാണെന്ന്, ചുരുങ്ങിയപക്ഷം അതിന്റെ ഏതാനും ഭാഗങ്ങളെങ്കിലും തെറ്റാണെന്ന്, ലോകത്തെ ബോധ്യപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം വഹിക്കുന്നതു മുഖ്യമായും ലൈലിന്റെ ഗ്രന്ഥങ്ങളാണ്. ഇന്നുവരെ അചിന്തനീയമായ ഒരാശയമായിരുന്നു അത്.”a
അങ്ങനെ സന്ദേഹവാദത്തിന് അടിത്തറ ഇടപ്പെട്ടു. പലരുടെയും മനസ്സുകളിൽ ശാസ്ത്രത്തിനും ബൈബിളിനുമുള്ള പൊരുത്തത്തിനു മേലാൽ സ്ഥാനമില്ലാതായിത്തീർന്നു. ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതായി വന്നപ്പോൾ പലരും തിരഞ്ഞെടുത്തതു ശാസ്ത്രത്തെയാണ്. “ലൈലിന്റെ കൃതി പഴയനിയമത്തിന്റെ ആദ്യ അധ്യായങ്ങളിൽ സംശയത്തിന്റെ നിഴൽ പരത്തിയിരുന്നു. അതിനെ മാറ്റി തൽസ്ഥാനത്തു വന്നത് ഡാർവിന്റെ പുസ്തകമായിരുന്നു,” ഫ്രെഡ് ഹോയ്ൽ എഴുതി.
ബൈബിൾ ദൈവത്തിന്റെ വചനമായി സ്വീകരിക്കാൻ ആഗ്രഹിക്കാത്തവരെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഒരു സമയത്തായിരുന്നു വർഗങ്ങളുടെ ഉൽപ്പത്തിയുടെ വരവ്. അതിനോടകംതന്നെ മനുഷ്യനും ശാസ്ത്രവും തമ്മിൽ ഒരു വൈകാരിക ബന്ധം പൂത്തുലഞ്ഞിരുന്നു. ശാസ്ത്രത്തോട് ഒരു അഭിനിവേശം തോന്നിയിരുന്ന ആളുകൾ അതിന്റെ വാഗ്ദാനങ്ങളാലും നേട്ടങ്ങളാലും വശീകരിക്കപ്പെട്ടു. സൽസ്വഭാവമുള്ള ഒരു വിവാഹാർഥിയെപ്പോലെ ശാസ്ത്രം നൂതനങ്ങളായ ദാനങ്ങൾ കോരിച്ചൊരിഞ്ഞു—ദൂരദർശിനി, സൂക്ഷ്മദർശിനി, ആവിയന്ത്രം, കൂടാതെ പിൽക്കാലത്ത് വൈദ്യുതിയും ടെലഫോണും ഓട്ടോമൊബൈലുമൊക്കെ എത്തി. സാങ്കേതികവിദ്യ വ്യാവസായിക വിപ്ലവത്തെയും അതിനോടകം ഊട്ടിവളർത്തിയിരുന്നു, അത് മുമ്പത്തെക്കാളധികമായി സാധാരണക്കാരനു ഭൗതിക നേട്ടങ്ങൾ പ്രദാനം ചെയ്തു.
അതിനു വിരുദ്ധമായി, പുരോഗതിക്കുള്ള മാർഗതടസ്സമായി മതത്തെ വീക്ഷിക്കുകയുമുണ്ടായി. ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾക്കൊത്തു നീങ്ങാൻ കഴിയാതാകുമാറ് അത് ആളുകളെ അർധ അബോധാവസ്ഥയിൽ പിടിച്ചുനിർത്തിയെന്നു ചിലർ കരുതി. ധൈര്യത്തോടെ ഉച്ചത്തിൽ തങ്ങളുടെ വീക്ഷണഗതികൾ കൊട്ടിഘോഷിക്കാൻ തുടങ്ങി നിരീശ്വരവാദികൾ. വാസ്തവത്തിൽ, റിച്ചാർഡ് ഡോക്കിൻസ് ഇങ്ങനെ എഴുതി, “ബുദ്ധിപരമായി തികഞ്ഞ ഒരു നിരീശ്വരവാദിയായിരിക്കാൻ ഡാർവിൻ സഹായിച്ചു.” ശാസ്ത്രം രക്ഷയ്ക്കുള്ള മാനവജാതിയുടെ പുതിയ പ്രത്യാശയായിത്തീരുകയായിരുന്നു.
ആദ്യമൊക്കെ, മതനേതാക്കന്മാർ പരിണാമസിദ്ധാന്തത്തെ എതിർത്തു. എന്നാൽ പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, പുരോഹിതവർഗം മൊത്തത്തിൽ പരിണാമവും സൃഷ്ടിയും കൂട്ടിക്കലർത്തിയ ഒരു മിശ്രിതാശയം സ്വീകരിച്ചുകൊണ്ടു പൊതു അഭിപ്രായത്തിനു വഴങ്ങിക്കൊടുത്തു. 1938-ലെ ന്യൂയോർക്ക് ടൈംസിന്റെ ഒരു തലക്കെട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് സൃഷ്ടിപ്പിനെക്കുറിച്ചുള്ള പരിണാമസംബന്ധമായ ആശയത്തെ ഉയർത്തിപ്പിടിക്കുന്നു.” യോർക്കിലെ ആർച്ചുബിഷപ്പിന്റെ കീഴിലുള്ള ഒരു കമ്മീഷന്റെ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഉൽപ്പത്തി I-ലെയും II-ലെയും രണ്ട് സൃഷ്ടിപ്പിൻ വിവരണങ്ങളിൽനിന്നും പരിണാമസിദ്ധാന്തത്തിനെതിരായ യാതൊരു പ്രതിവാദവും കൊണ്ടുവരാനാവില്ല. കാരണം അവ തുടക്കത്തിലേതന്നെ കെട്ടുകഥകൾ നിറഞ്ഞവയാണെന്നതും നമ്മെ സംബന്ധിച്ചിടത്തോളം അവയുടെ മൂല്യം ചരിത്രപരമായിരിക്കുന്നതിനുപകരം പ്രതീകാത്മകമാണെന്നതും അഭ്യസ്തവിദ്യരായ ക്രിസ്ത്യാനികളുടെ ഇടയിൽ പൊതുവേ സമ്മതിക്കപ്പെടുന്ന ഒരു കാര്യമാണ്.” ആർച്ചുബിഷപ്പിന്റെ കമ്മീഷൻ ഈ നിഗമനത്തിലെത്തി: “ഇഷ്ടമുള്ളതു ചിന്തിക്കാൻ നിങ്ങൾക്കു കഴിയും, ഒപ്പം ക്രിസ്ത്യാനിയായി തുടരാനും.”
അനേകം ആളുകളെ സംബന്ധിച്ചിടത്തോളം, പരിണാമവുമായി ബൈബിളിനെ അനുരഞ്ജനപ്പെടുത്താനുള്ള ഉദ്യമങ്ങൾ അതിന്റെ വിശ്വാസ്യതയിൽ മായം ചേർക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. അതു ദൂരവ്യാപകമായി ബൈബിളിനെ സന്ദേഹവാദത്തോടെ വീക്ഷിക്കുന്നതിൽ കലാശിച്ചു. ഇന്നും അതങ്ങനെതന്നെ തുടരുന്നു, ചില മതനേതാക്കൻമാരുടെ ഇടയിൽപോലും. ശാസ്ത്രയുഗത്തിനു മുമ്പാണ് ബൈബിൾ എഴുതപ്പെട്ടതെന്നും അതുകൊണ്ടുതന്നെ മുൻവിധിയും അജ്ഞതയും അതിൽ പ്രതിഫലിച്ചിരിക്കുന്നു എന്നും പ്രസ്താവിച്ച ഒരു എപ്പിസ്കോപ്പൽ ബിഷപ്പിന്റെ അഭിപ്രായങ്ങൾ ഇതിനുദാഹരണമാണ്. യേശുവിന്റെ ജനനത്തെയും പുനരുത്ഥാനത്തെയും സംബന്ധിച്ച്, ബൈബിളിൽ “ചരിത്രപരമായ പിശകുക”ളും “അന്ധമായ അതിശയോക്തിക”ളും അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ പുരോഹിതവർഗത്തിലെ അംഗങ്ങൾ ഉൾപ്പെടെ പലരും ബൈബിളിന്റെ വില ഇടിച്ചുതാഴ്ത്താൻ തിടുക്കം കൂട്ടിയിരിക്കുന്നു. എന്നാൽ അത്തരം സന്ദേഹവാദം എന്തിലേക്കാണു നയിച്ചിരിക്കുന്നത്? പകരം എന്തു പ്രത്യാശയാണു വെച്ചുനീട്ടപ്പെട്ടിരിക്കുന്നത്? ബൈബിളിലുള്ള വിശ്വാസം ദുർബലമായതോടെ, ചിലർ തത്ത്വജ്ഞാനത്തിലേക്കും രാഷ്ട്രീയത്തിലേക്കും നോക്കിയിട്ടുണ്ട്.
തത്ത്വജ്ഞാനത്തിലും രാഷ്ടയത്തിലുമുള്ള ഫലങ്ങൾ
വർഗങ്ങളുടെ ഉൽപ്പത്തി മനുഷ്യപെരുമാറ്റം സംബന്ധിച്ച ഒരു പുത്തൻ വീക്ഷണം പ്രദാനം ചെയ്തു. ഒരു ജനതയെ ജയിച്ചടക്കുന്നതിൽ മറ്റൊരു ജനത വിജയിക്കുന്നത് എന്തുകൊണ്ട്? ഒരു വർഗം മറ്റൊരു വർഗത്തിൻമേൽ വിജയം വരിക്കുന്നത് എന്തുകൊണ്ട്? പ്രകൃതിനിർധാരണത്തിനും ഏറ്റവും അനുയോജ്യമായവയുടെ അതിജീവനത്തിനും ഊന്നൽ കൊടുത്ത വർഗങ്ങളുടെ ഉൽപ്പത്തി, 19-ാം നൂറ്റാണ്ടിലെ പ്രമുഖ തത്ത്വജ്ഞാനികളുടെ ശക്തമായ വികാരങ്ങൾ ഉണർത്തിവിട്ട വിശദീകരണങ്ങൾ പ്രദാനം ചെയ്യുകയുണ്ടായി.
ഫ്രെഡറിക് നിക്കയും (1844-1900) കാറൽ മാക്സും (1818-1883) രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന തത്ത്വജ്ഞാനികളായിരുന്നു. ഇരുവരും പരിണാമത്താൽ വശീകരിക്കപ്പെട്ടു. “ഡാർവിന്റെ പുസ്തകം പ്രധാനപ്പെട്ടതാണ്. അത് എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ സാമൂഹികപദവിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ സ്വാഭാവിക ശാസ്ത്ര അടിസ്ഥാനമായി ഉതകുന്നു,” മാക്സ് പറഞ്ഞു. ചരിത്രകാരനായ വിൽ ഡൂറൻറ് നിക്കയെ വിളിച്ചത് “ഡാർവിന്റെ കുട്ടി” എന്നാണ്. തത്ത്വജ്ഞാനം—ഒരു സംക്ഷിപ്തചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം നിക്കയുടെ വിശ്വാസങ്ങൾ ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “ബലിഷ്ഠരും ധീരരും മേധാവിത്വം പുലർത്തുന്നവരും അഭിമാനികളുമാണു ഭാവി സമൂഹത്തിന് ഏറ്റവും നന്നായി ഇണങ്ങുന്നത്.”
ഭാവിയിൽ “ലോകത്തുടനീളം എണ്ണമറ്റ ഒരു കൂട്ടം താഴ്ന്നതരം വർഗങ്ങൾ, സംസ്കാരമുള്ള ഉയർന്നതരം വർഗങ്ങളാൽ ഉൻമൂലനം ചെയ്യപ്പെടു”മെന്നു ഡാർവിൻ വിശ്വസിച്ചിരുന്നു—ഒരു സുഹൃത്തിനുള്ള കത്തിൽ അദ്ദേഹം അങ്ങനെ എഴുതുകയുണ്ടായി. ഇതിന്റെ ഒരു ഉദാഹരണമായി മറ്റുള്ളവരുടെ മേലുള്ള യൂറോപ്യന്മാരുടെ ജയിച്ചടക്കലിനെ അദ്ദേഹം ഉപയോഗിക്കുകയും “അതിജീവനത്തിനുള്ള പോരാട്ട”ത്തോട് അതിനെ ബന്ധിപ്പിക്കുകയും ചെയ്തു.
സ്വന്തം കാര്യലാഭത്തിനു വേണ്ടി അത്തരം പ്രസ്താവനകൾ ഉപയോഗിക്കാൻ തിടുക്കമുള്ളവരായിരുന്നു കയ്യൂക്കുള്ളവർ. എച്ച്. ജി. വെൽസ് സംക്ഷിപ്തചരിത്രത്തിൽ ഇങ്ങനെ എഴുതി: “പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രബലരായ ആളുകൾ വിശ്വസിച്ചിരുന്നത്, ബലഹീനരും രഹസ്യം തുറന്നുപറയുന്നവരുമായവരുടെമേൽ ശക്തിയും കൗശലവുമുള്ളവർ ആധിപത്യം നേടുന്ന നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്താലാണു തങ്ങൾ അവശേഷിച്ചത് എന്നാണ്. തങ്ങൾ ബലിഷ്ഠരും ഊർജസ്വലരും നിർദയരും ‘പ്രായോഗികബോധമുള്ളവരും’ അഹങ്കാരികളും ആയിരിക്കണമെന്ന് അവർ കൂടുതലായി വിശ്വസിച്ചു.”
അങ്ങനെ, “ഏറ്റവും അനുയോജ്യമായവയുടെ അതിജീവന”ത്തിനു തത്ത്വജ്ഞാനപരവും സാമൂഹികവും രാഷ്ട്രീയവുമായ അർഥങ്ങൾ കൈവന്നു, മിക്കപ്പോഴും നിരർഥകമായ ഒരു ഘട്ടത്തോളം പോലും. “ചിലരെ സംബന്ധിച്ചിടത്തോളം യുദ്ധം ‘ജീവശാസ്ത്രപരമായ ഒരു അനുപേക്ഷണീയ ഘടകം’” ആയിത്തീർന്നുവെന്നു ചരിത്രത്തിന്റെ നാഴികക്കല്ലുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അടുത്ത നൂറ്റാണ്ടിൽ “വർഗീയ മേധാവിത്വമെന്ന ഹിറ്റ്ലറിന്റെ പ്രമാണത്തിന്റെ ഒരു അവിഭാജ്യ ഘടകത്തിനു രൂപം കൊടുത്തതു ഡാർവിന്റെ ആശയങ്ങളാണ്” എന്ന് ആ പുസ്തകം അഭിപ്രായപ്പെട്ടു.
തീർച്ചയായും, ഡാർവിനോ മാക്സോ നിക്കയോ തങ്ങളുടെ ആശയങ്ങൾ എങ്ങനെ പ്രയോഗിക്കപ്പെടുമെന്ന്—അല്ലെങ്കിൽ തെറ്റായി പ്രയോഗിക്കപ്പെടുമെന്ന്—കാണാൻ ജീവിച്ചിരുന്നില്ല. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം ജീവിതത്തിലെ മനുഷ്യന്റെ ഭാഗധേയത്തെ മെച്ചപ്പെടുത്തുമെന്ന് അവർ നിശ്ചയമായും പ്രതീക്ഷിച്ചു. “ശാരീരികവും മാനസികവുമായ പ്രാപ്തികളെല്ലാം പൂർണതയിലേക്കു മുന്നേറാൻ ചായ്വു കാണിക്കും” എന്നു വർഗങ്ങളുടെ ഉൽപ്പത്തിയിൽ ഡാർവിൻ എഴുതി. ഇരുപതാം നൂറ്റാണ്ടിലെ പുരോഹിതനും ജീവശാസ്ത്രജ്ഞനുമായ പിയർ ടേയാർ ഡെ ഷാർഡൻ ഇതിനോടു യോജിച്ചു. ഒടുവിൽ ‘മുഴു മാനവരാശിയുടെയും മനസ്സിനു പരിണാമം’ സംഭവിക്കും; ‘എല്ലാവരും ഒരേ ലക്ഷ്യത്തിൽ യോജിപ്പോടെ പ്രവർത്തിക്കും’ എന്ന് അദ്ദേഹം സിദ്ധാന്തീകരിക്കുകയും ചെയ്തു.
പുരോഗതിയല്ല, അധഃപതനമാണ്
അത്തരം പുരോഗതി സംഭവിക്കുന്നതു നിങ്ങൾ കാണുന്നുണ്ടോ? ഒരു കെട്ടുകഥയെ പുണരൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഡെ ഷാർഡന്റെ ശുഭാപ്തിവിശ്വാസത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “മനുഷ്യ രക്തച്ചൊരിച്ചിലിന്റെയും ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം പോലുള്ള വർഗീയവാദ സമ്പ്രദായങ്ങളുടെയും ചരിത്രം ഡെ ഷാർഡൻ നിശ്ചയമായും മറന്നുപോയിട്ടുണ്ടായിരിക്കണം. ഈ ലോകത്തിൽ ജീവിക്കാത്ത ഒരു മനുഷ്യനാണെന്നു തോന്നും അദ്ദേഹം പറയുന്നതു കേട്ടാൽ.” ഐക്യത്തിലേക്കു മുന്നേറുന്നതിനുപകരം, വർഗീയവും ദേശീയവുമായ ഭിന്നതയാണ് ഈ നൂറ്റാണ്ടിൽ മുമ്പുണ്ടായിട്ടില്ലാത്ത അളവിൽ മാനവരാശി അനുഭവിച്ചിരിക്കുന്നത്.
മനുഷ്യൻ പൂർണതയിലേക്കു മുന്നേറും അല്ലെങ്കിൽ ചുരുങ്ങിയപക്ഷം അഭിവൃദ്ധിപ്പെടും എന്ന് വർഗങ്ങളുടെ ഉൽപ്പത്തി വെച്ചുനീട്ടിയ പ്രത്യാശ അൽപ്പം പോലും സത്യമായി ഭവിച്ചിട്ടില്ല. കാലത്തിന്റെ നീരൊഴുക്കിൽ ആ പ്രതീക്ഷ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. കാരണം പരിണാമത്തിന്റെ പൊതുവായ അംഗീകാരത്തെത്തുടർന്നു മാനുഷകുടുംബം ഒന്നടങ്കം മൃഗീയതയിലേക്ക് അധഃപതിച്ചിരിക്കുകയാണ്. ഇതു പരിചിന്തിക്കുക: ഈ നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ പത്തു കോടിയിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്, ഏതാണ്ട് 5 കോടി ആളുകൾ രണ്ടാം ലോകമഹായുദ്ധത്തിൽ മാത്രം. റുവാണ്ട, മുൻ യൂഗോസ്ലാവിയ തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായതു പോലുള്ള കൂട്ടക്കുരുതികളെക്കുറിച്ചു ചിന്തിക്കുക.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ യുദ്ധങ്ങളോ കൊടുംക്രൂരതകളോ ഇല്ലായിരുന്നുവെന്ന് ഇതർഥമാക്കുന്നുണ്ടോ? ഇല്ല, തീർച്ചയായും അന്നും ഉണ്ടായിരുന്നു. എന്നാൽ പരിണാമസിദ്ധാന്തത്തിനുള്ള അംഗീകാരം—നിലനിൽപ്പിനു വേണ്ടി മൃഗീയ പോരാട്ടം നടത്തണമെന്ന മനോഭാവം, ഏറ്റവും അനുയോജ്യമായവയുടെ അതിജീവനം എന്ന ആശയം—മനുഷ്യന്റെ ഭാഗധേയത്തെ മെച്ചപ്പെടുത്താൻ ഉതകിയിട്ടില്ല. മനുഷ്യന്റെ എല്ലാ കുഴപ്പങ്ങൾക്കും പരിണാമത്തെ പഴിചാരാനാവില്ലെന്നിരിക്കെ, എന്നത്തേതിലുമധികം വിദ്വേഷത്തിലേക്കും കുറ്റകൃത്യത്തിലേക്കും അക്രമത്തിലേക്കും അധാർമികതയിലേക്കും അധഃപതനത്തിലേക്കും മാനുഷകുടുംബത്തെ തള്ളിവിടാൻ അതു സഹായിച്ചിരിക്കുന്നു. മനുഷ്യർ മൃഗങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നു എന്ന് വ്യാപകമായി അംഗീകരിക്കപ്പെടുന്നതുകൊണ്ട് അധികമധികം ആളുകൾ മൃഗങ്ങളെപ്പോലെ പ്രവർത്തിക്കുന്നുവെന്നതിൽ അതിശയിക്കാനില്ല.
[അടിക്കുറിപ്പുകൾ]
a വാസ്തവത്തിൽ, ആറ് അക്ഷരീയ ദിവസംകൊണ്ട് (144 മണിക്കൂർകൊണ്ട്) ഭൂമി സൃഷ്ടിക്കപ്പെട്ടുവെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. ഈ അറിവു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്കു വേണ്ടി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 25-37 പേജുകൾ കാണുക.
[6-ാം പേജിലെ ആകർഷകവാക്യം]
‘ഡാർവിന്റെ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ, സാമൂഹിക പദവിക്കു വേണ്ടിയുള്ള, പോരാട്ടത്തിന്റെ ശാസ്ത്രീയ അടിസ്ഥാനമായി ഉതകുന്നു.’—കാറൽ മാക്സ്
[6-ാം പേജിലെ ആകർഷകവാക്യം]
‘താഴ്ന്നതരം വർഗങ്ങൾ സംസ്കാരമുള്ള ഉയർന്നതരം വർഗങ്ങളാൽ ഉൻമൂലനം ചെയ്യപ്പെടും.’—ചാൾസ് ഡാർവിൻ
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. National Archives photo
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Copyright British Museum