ഒരു ഭക്തികെട്ട ലോകത്തിൽ സത്യത്തിനുവേണ്ടി വാദിക്കുന്നു
“നിന്റെ വചനം സത്യമാകുന്നു.”—യോഹന്നാൻ 17:17.
1. (എ) സത്യം എപ്പോൾ, എങ്ങനെ ഒരു വിവാദപ്രശ്നമായി? (ബി) ഏദനിൽ ഏതു മഹത്തായ പുതിയ സത്യം പ്രസ്താവിക്കപ്പെട്ടു?
സത്യം ദീർഘനാളായി വിവാദവിഷയമായിരുന്നിട്ടുണ്ട്! മനുഷ്യവർഗ്ഗചരിത്രത്തോളം പഴക്കമുള്ള ഈ വിവാദവിഷയം ആദ്യപാമ്പ് പരമാധികാരിയാം കർത്താവായ യഹോവയുടെ സത്യതയെ ചോദ്യം ചെയ്തപ്പോൾ ഏദനിൽ വച്ചാണ് ഉന്നയിക്കപ്പെട്ടത്. പരീക്ഷാസമയത്ത് നമ്മുടെ ആദ്യമാതാപിതാക്കൾ സ്വതന്ത്രമായി ചിന്തിക്കുന്നതിനും സ്വാർത്ഥമാർഗ്ഗത്തിൽ നീങ്ങുന്നതിനും തീരുമാനിച്ചു. അവർ നിർമ്മലത പാലിക്കുന്ന, സത്യത്തിന്റെ വാക്താക്കളായിരുന്നില്ല. എന്നാൽ ദൈവം അവിടെ പുതിയ സത്യങ്ങളിൽ അതിമഹത്തായത് അറിയിച്ചു, പിശാചിന്റെ പ്രവൃത്തികളെ അഴിക്കാൻ ഒരു രാജ്യ“സന്തതി”യെ ആനയിക്കുമെന്നുതന്നെ.—ഉല്പത്തി 3:1-6, 14, 15.
2. (എ) പ്രളയത്തിനു മുമ്പത്തെ ലോകത്തിൽ സത്യം എങ്ങനെ ആക്രമിക്കപ്പെട്ടു? (ബി) നോഹക്കും അവന്റെ കുടുംബത്തിനും യഹോവയുടെ പ്രീതി ലഭിച്ചതെന്തുകൊണ്ട്?
2 ഇപ്പോൾ സത്യം ആക്രമണത്തിനു വിധേയമായി. ഭൂമിയെ നശിപ്പിക്കന്നതിന് മുഖ്യ വഞ്ചകൻ മത്സരികളായ, ദൈവത്തിന്റെ മററ് ആത്മപുത്രൻമാരുടെ പിന്തുണ ആർജ്ജിച്ചു. പ്രളയത്തിനു മുമ്പത്തെ അധാർമ്മികതലമുറ നോഹ മുഴക്കിയ ദൈവത്തിന്റെ മുന്നറിയിപ്പ് അനുസരിക്കുന്നതിൽ പരാജയപ്പെടത്തക്കവണ്ണം ‘സ്വന്തം കാര്യം’ ചെയ്യുന്നതിൽ മുഴുകി. അവർ നശിച്ചു. എന്നാൽ നോഹയും കുടുംബവും അവരുടെ അന്യൂനമായ നിർമ്മലത നിമിത്തം അതിജീവിച്ചു. സത്യത്തിന്റെ ഈ വാക്തക്കാൾ സംരക്ഷണത്തിന്റെ പെട്ടകത്തിൽ നിന്ന് ഇറങ്ങിയപ്പോൾ അവരുടെ ആദ്യചിന്ത നന്ദിപ്രകടനമായി യാഗങ്ങൾ അർപ്പിക്കുകയെന്നതായിരുന്നു.—“യഹോവയ്ക്ക് ഒരു പ്രശാന്ത സുഗന്ധം”തന്നെ.—ഉല്പത്തി 6:4-12; 8:18-21; ലൂക്കോസ് 17:26, 27; 2 പത്രോസ് 2:5.
അസത്യത്തിന്റെ കെടുതികൾ
3. മഹാബാബിലോൻ എന്താണ്, അത് തുടക്കമിട്ടതെങ്ങനെ?
3 എന്നിരുന്നാലും, ആ പഴയ പാമ്പായ പിശാച് സത്യത്തിന്റെ വെള്ളത്തിൽ ചെളി കലക്കാൻ ശ്രമം തുടർന്നു. പുരാതന ബാബിലോൻ പണിയപ്പെട്ടത് സാത്താന്റെ മാർഗ്ഗനിർദ്ദേശ പ്രകാരമായിരുന്നുവെന്നതിന് സംശയമില്ല. ‘ബാബിലോനിലെ മർമ്മങ്ങൾ’ വ്യാജമതലോകസാമ്രജ്യത്തിന്റെ അടിസ്ഥാനമായിത്തീർന്നു. വെളിപ്പാട് 17:5-ൽ അതിനെ “വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവായ മഹാബാബിലോൻ” എന്ന് വർണ്ണിക്കുന്നു. അതിന്റെ നിരവധി ഭാഗങ്ങൾ അവയുടെ വിരുദ്ധ വിഭാഗീയ ഉപദേശങ്ങളോടുകൂടെ ഇന്നോളം മതപരമായ അബദ്ധത്തിന്റെ ഒരു മഹത്തായ കലവറയായി നിലനിന്നിരിക്കുന്നു.—ഉല്പത്തി 10:8-10; യിരെമ്യാവ് 51:6.
4. യേശു സത്യത്തിനുവേണ്ടി വാദിച്ചതെങ്ങനെ, എന്തു ഫലത്തോടെ?
4 യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ അവൻ സധൈര്യം സത്യത്തിനുവേണ്ടി വാദിച്ചു. തന്റെ നാളിലെ കപടഭക്തരെ സംബോധന ചെയ്തുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവരാണ്. . . . അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല, എന്തുകൊണ്ടെന്നാൽ അവനിൽ സത്യമില്ല.” പിന്നീട്, മുൻകൂട്ടിപറയപ്പെട്ടിരുന്ന വാഗ്ദത്ത “സന്തതി”യായ യേശു പൊന്തിയോസ് പീലാത്തോസിനോട് പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ സത്യത്തിന്റെ പ്രാധാന്യത്തിന് ഊന്നൽകൊടുത്തു: “ഞാൻ ഒരു രാജാവാണെന്ന് നീതന്നെ പറയുന്നു. സത്യത്തിന് സാക്ഷ്യം വഹിക്കേണ്ടതിന് ഞാൻ ജനിച്ചിരിക്കുന്നു. അതിനായി ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നു.” യേശു സത്യത്തിനുവേണ്ടി—രാജ്യസത്യത്തിനുവേണ്ടി—വാദിക്കുന്നതിൽ തന്റെ ജീവൻ അർപ്പിച്ചു.—യോഹന്നാൻ 8:44; 18:37; ഉല്പത്തി 3:2-5.
5, 6. (എ) സാത്താൻ സത്യത്തോടുള്ള തന്റെ യുദ്ധം തുടർന്നതെങ്ങനെ? (ബി) ഏതു മലിനീകരണം ഉണ്ടായി, അതിൽനിന്ന് എന്ത് അസത്യങ്ങൾ ഉത്ഭവിച്ചു? (സി) നാം സത്യത്തിന്റെ തീക്ഷ്ണതയുള്ള വക്താക്കളായിരിക്കേണ്ടതെന്തുകൊണ്ട്?
5 അസത്യം അധർമ്മവുമായി കൈകോർത്തു നീങ്ങുന്നു. അതുകൊണ്ട്, സത്യത്തിനെതിരായ സാത്താന്റെ തുടർച്ചയായ യുദ്ധത്തിൽ അവൻ വിശ്വാസത്യാഗികളായ ഒരു വൈദികവർഗ്ഗത്തെ എഴുന്നേൽപ്പിച്ചിരിക്കുന്നത് ആശ്ചര്യമല്ല. അവരെയാണ് 2 തെസ്സലോനീക്യർ 2:3-ൽ “അധർമ്മമനുഷ്യൻ” എന്നു വിളിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെ മരണത്തെ തുടർന്ന് ഈ അധർമ്മികളായ വിശ്വാസത്യാഗികൾ തങ്ങളേത്തന്നെ അയ്മേനികൾക്കു മീതെ ഉയർത്തുകയും ശുദ്ധമായ ക്രിസ്തീയ ഉപദേശത്തെ ബാബിലോന്യ മർമ്മങ്ങളോടും ഗ്രീക്ക് തത്വശാസ്ത്രത്തോടും—മുഖ്യമായി മനുഷ്യദേഹി അമർത്ത്യമാണെന്നുള്ള പ്ലേറേറായുടെ സിദ്ധാന്തത്തോട്—ഉരുക്കിച്ചേർത്തു ദുഷിപ്പിച്ചു.
6 ഈ അസത്യം ‘എല്ലാ നല്ല ആളുകളും സ്വർഗ്ഗത്തിലേക്കു പോകുന്നു,’ ‘അത്ര നല്ലവരല്ലാത്തവർ ശുദ്ധീകരണ സ്ഥലത്തുപോകുന്നു,’ ‘ദുഷ്ടൻമാർ നരക ദണ്ഡനത്തിൽ എന്നേക്കും പൊരിക്കപ്പെടുന്നു’ എന്നിങ്ങനെ കൂടുതലായ അസത്യങ്ങൾക്കുള്ള അടിസ്ഥാനം നൽകി. ബാബിലോന്യ മതമണ്ഡലത്തിൽ ഇത്രയധികം അബദ്ധോപദേശം ഉള്ളതുകൊണ്ട് യേശു ഇങ്ങനെ വാഗ്ദത്തം ചെയ്തതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യൻമാരാകുന്നു, നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും!”. നാം സ്വാതന്ത്ര്യദായകമായ സത്യത്തിന്റെ തീക്ഷ്ണതയുള്ള വാക്താക്കളായിരിക്കാൻ ആഗ്രഹിക്കേണ്ടതാണ്.—യോഹന്നാൻ 8:31, 32.
ഒരു വലിയ അസത്യം വിരിച്ചെടുക്കുന്നു
7. (എ) സാത്താന്റെ ലക്ഷ്യമെന്താണ്, അവൻ അതു നേടാൻ ശ്രമിക്കുന്നതെങ്ങനെ? (ബി) ഏതു വ്യാജോപദേശം 19-ാം നൂററാണ്ടിൽ മുൻപന്തിയിലേക്കുവന്നു?
7 എന്നിരുന്നാലും, പിശാച് സത്യത്തെ എതിർക്കുന്നതിന് സകല ശ്രമവും ചെയ്യുന്നു. ദൈവത്തിന്റെ സത്യവചനമായ വിശുദ്ധബൈബിളിൽ ആരെങ്കിലും കുറെ വിശ്വാസമർപ്പിക്കുമ്പോൾ അവൻ കുപിതനാകുന്നു. അവന്റെ ലക്ഷ്യം ക്രിസ്തുവിനെക്കുറിച്ചുള്ള മഹത്തയ സുവാർത്ത അറിയാതിരിക്കാൻ ‘അവിശ്വാസികളുടെ മനസ്സുകളെ കുരുടാക്കുക’യെന്നതാണ്. ക്രൈസ്തവലോകത്തിലെ “അധർമ്മ മനുഷ്യനെ”ക്കൊണ്ട് ബൈബിളിൻമേൽ വ്യാജമതോപദേശങ്ങൾ കെട്ടിവെപ്പിക്കാൻ ശ്രമിക്കുന്നതിനാൽ മാത്രമല്ല, പിന്നെയോ ബൈബിൾ കെട്ടുകഥയിലും ഐതിഹ്യത്തിലും അധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്നതിനാലും പിശാച് സത്യത്തെ അവമതിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. അതുകൊണ്ട്, ആ പഴയപാമ്പ് 19-ാം നൂററാണ്ടിൽ വഞ്ചനാത്മകമായ മറെറാരു വ്യാജോപദേശം വിരിച്ചെടുത്തു. അത് പരിണാമസിദ്ധാന്തം എന്നു വിളിക്കപ്പെട്ടിരിക്കുന്നു.—2 കൊരിന്ത്യർ 4:4.
8. ഡാർവ്വിന്റെ സിദ്ധാന്തം എന്താണ്?
8 ബൈബിൾപരമായ “അന്ത്യകാലം” അടുത്തുവരവേ, 1859-ൽ ചാൾസ് ഡാർവ്വിൻ പ്രാകൃതിക പരിണാമം മുഖേനയുള്ള ജന്തുഗണങ്ങളുടെ ഉത്ഭവം സംബന്ധിച്ച് അഥവാ ജീവിതപോരാട്ടത്തിൽ അനുഗൃഹീത ഗണങ്ങളുടെ സംരക്ഷണം എന്ന ശീർഷകത്തിലുള്ള തന്റെ പുസ്തകം പ്രസിദീകരിച്ചു. (ദാനിയേൽ 12:4) ജീവികൾ സൃഷ്ടിക്കപ്പെട്ടതല്ല, പിന്നെയോ “നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിൻ ഫലമായുള്ള പ്രാകൃതിക പരിണാമത്താൽ” മുൻ ജീവരൂപങ്ങളിൽനിന്ന് പരിണമിച്ചതാണ് എന്ന് ഡാർവ്വിൻ സിദ്ധാന്തിച്ചു. ഒടുവിൽ, മനുഷ്യൻ ഒരുതരം ആൾക്കുരങ്ങിൽ നിന്നു പരിണമിച്ചു. അത് “അർഹതമായതിന്റെ അതിജീവന”മാണെന്ന് ഡാർവ്വിൻ അവകാശപ്പെട്ടു.
9. (എ) പരിണാമം ഒരു സത്യമാണെങ്കിൽ, യേശു പഠിപ്പിച്ച ഏതു ബൈബിൾ സത്യങ്ങൾ നിരർത്ഥകമായിത്തീരും? (ബി) “അർഹതമായതിന്റെ അതിജീവനം” എന്ന സങ്കല്പം മനുഷ്യവർഗ്ഗത്തിന് വലിയ തകരാറു വരുത്തിക്കൂട്ടിയിരിക്കുന്നതെങ്ങനെ?
9 ഈ സിദ്ധാന്തം സൃഷ്ടി സംബന്ധിച്ച ബൈബിൾ വിവരണത്തിന്റെയും പാപത്തിലേക്കുള്ള മമനുഷ്യന്റെ വീഴ്ചയുടെയും ഒരു അതിദുഷ്ടമായ നിരസനംതന്നെയാണ്. അത് യേശുവിന്റെ മറുവിലയാഗത്തെയും രാജ്യം, പുനരുത്ഥാനം, നിത്യജീവൻ, ഒരു പരദീസാഭൂമി, എന്നിങ്ങനെയുള്ള ബൈബിളുപദേശങ്ങളെയും നിരർത്ഥകമാക്കും. തന്നെയുമല്ല, പരിണാമസിദ്ധാന്തം സത്യമെങ്കിൽ, അത് സ്രഷ്ടാവിനോടുള്ള ഏതൊരു ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നും മനുഷ്യവർഗ്ഗത്തെ ഒഴിവാക്കും.a “അർഹതമായതിന്റെ അതിജീവനം” മുന്നോട്ടുവച്ചതിനാൽ ഈ സിദ്ധാന്തം മാർക്സിസവും ഫാസിസവും മററു പ്രത്യയശാസ്ത്രങ്ങളും വേരുപിടിക്കുന്നതിനുള്ള കളമൊരുക്കിയെന്നതിനു സംശയമില്ല. പരിണാമവാദികൾ ലോകത്തിൽ ഇന്നുള്ള അഭക്തിയുടെയും കഷ്ടപ്പാടിന്റെയും അധികപങ്കിനും ഭാരിച്ച ഉത്തരവാദിത്തം വഹിക്കേണ്ടതാണ്.—സങ്കീർത്തനം 14:1-4.
അസത്യത്തിന്റെ വാക്താക്കൾ
10. ഡാർവ്വിന്റെ സംഗതിയിൽ വൈദികർ ഏതു വിധങ്ങളിൽ അസത്യത്തിന്റെ വക്താക്കളെന്നു തെളിഞ്ഞു?
10 ഡാർവ്വിന്റെ കാലത്തെ വൈദീകർ ദൈവത്തെ അപമാനിക്കുന്ന ഈ സിദ്ധാന്തത്തിനെതിരെ പോരാടിയോ? ആശ്ചര്യമെന്നു പറയട്ടെ, ഒരു കേംബ്രിഡ്ജ് യൂണിവേഴ്സിററി പ്രൊഫസ്സർ ഇങ്ങനെ എഴുതുന്നു. “ആദ്യം ഡാർവ്വിന്റെ സിദ്ധാന്തത്തോടുള്ള എതിർപ്പിൽ അധികവും തിരുവെഴുത്തുപരമായ കാരണങ്ങളാൽ ദൈവശാസ്ത്രജ്ഞൻമാരിൽ നിന്നുണ്ടാകാതെ, തെളിവിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞൻമാരിൽ നിന്നാണുണ്ടായത്.” മറെറാരു പണ്ഡിതനായ ഡോക്ടർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചുരുക്കം ചില വ്യത്യസ്തതകളൊഴിച്ചാൽ ഗ്രേററ് ബ്രിട്ടനിലെയും അമേരിക്കയിലെയും പ്രമുഖ ക്രിസ്തീയ ചിന്തകർ ഡാർവ്വിനിസത്തോടും പരിണാമത്തോടും അനായാസം യോജിച്ചു.” 1882-ൽ വെസ്ററ് മിനിസ്ററർ ആബിയിലെ ആംഗ്ലിക്കൻ ഡീനുമായി ചെയ്ത പ്രത്യേക ഏർപ്പാടു വഴി ഡാർവ്വിൻ അവിടെ രാജാക്കൻമാരുടെ ഇടയിൽ അടക്കം ചെയ്യപ്പെടുകപോലും ചെയ്തു!—പ്രവൃത്തികൾ 20:30; 2 തിമൊഥെയോസ് 4:3, താരതമ്യപ്പെടുത്തുക.
11. ഡാർവ്വിന്റെ നിരീശ്വര സിദ്ധാന്തം സംബന്ധിച്ചു വൈദികർ ഏതു പ്രസ്താവനകൾ ചെയ്തിരിക്കുന്നു?
11 ഡാർവ്വിന്റെ നിരീശ്വര സിദ്ധാന്തത്തെ ഇപ്പോൾ ക്രൈസ്തവലോകത്തിലെ ദൈവദീകരിലനേകർ ‘സുവിശേഷസത്യം’പോലെ സ്വീകരിച്ചിരിക്കുകയാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ടാം സ്ഥാനീയനായ ആർച്ച് ബിഷപ് ഓഫ് യോർക്ക് ജീവശാസ്ത്രപരമായ പരിണാമ സിദ്ധാന്തം “ആധുനിക ജീവശാസ്ത്രത്തിന്റെ മനസ്സിലാക്കാവുന്ന ഏക അടിസ്ഥാന”മായിരിക്കത്തക്കവണ്ണം അത്ര സുസ്ഥാപിതമാണെന്ന് കരുതുന്നു. അടുത്ത കാലത്ത്, ഒരു വത്തിക്കാൻ മീററിംഗിൽ കത്തോലിക്കാസഭയിലെ അത്യുന്നത ശാസ്ത്രസംഘത്തെ പ്രതിനിധാനം ചെയ്യുന്ന 12 പണ്ഡിതൻമാർ ഇങ്ങനെ പ്രസ്താവിച്ചു: “തെളിവിന്റെ കൂട്ടങ്ങൾ പരിണാമസങ്കല്പത്തെ മനുഷ്യനും മററ് ഉയർന്ന സ്തന്യപജന്തുഗണങ്ങൾക്കും അവിതർക്കിതമായി ബാധകമാക്കാവുന്നതാക്കിത്തീർക്കുന്നുവെന്ന് ഞങ്ങൾക്കു ബോധ്യപ്പെട്ടിരിക്കുന്നു.” ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മനുഷ്യശരീരത്തിന്റെ പോലും പൊതു പരിണാമം ഉത്ഭവങ്ങൾ സംബന്ധിച്ച് ഏററം സംഭവ്യമായ ശാസ്ത്രീയവിവരണമാണെന്ന് തോന്നുന്നു.” എന്നാൽ അത് യഥാർത്ഥത്തിൽ ശാസ്ത്രീയമാണോ? പരിണാമത്തെ വിശ്വസനീയമായ ശാസ്ത്രീയ തെളിവു പിന്താങ്ങുന്നുണ്ടോ? ഈ സംഗതിയുടെ സത്യത നിശ്ചയിക്കുന്നതിലാണ് നിങ്ങളുടെ ജീവൻ തന്നെ ആശ്രയിച്ചിരിക്കുന്നത്.—യോഹന്നാൻ 14:6; 16:13; 17:17.
12. മൗലികസൃഷ്ടിവാദം തിരുവെഴുത്തുവിരുദ്ധവും അവിശ്വാസ്യവുമാണെന്ന് നാം പറയേണ്ടതെന്തുകൊണ്ട്?
12 അടുത്ത കാലത്ത് ചില മൗലികവാദമതങ്ങൾ പരിണാമത്തിന് ഉത്തരമായി സൃഷ്ടിവാദത്തെത മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ അവർ തിരുവെഴുത്തുവിരുദ്ധവും അവശ്വസനീയവുമായ ഒരു അവകാശവാദമാണ് പുറപ്പെടുവിക്കുന്നത്. അത് ആകാശവും ഭൂമിയും ഭൂമിയിലുള്ള സകലവും 24 മണിക്കൂർ അടങ്ങിയ 6 ദിവസം കൊണ്ട് ദൈവം സൃഷ്ടിച്ചുവെന്നതാണ്—അതെ, വെറും 144 അക്ഷരീയ മണിക്കൂർ കൊണ്ട്! ഈ പഠിപ്പിക്കൽ അനേകർ ബൈബിളിനെ പരിഹസിക്കാനിടയാക്കിയിരിക്കുന്നു. എന്നാൽ ബൈബിളിൽ ഒരു “ദിവസ”ത്തിന് എല്ലായ്പ്പോഴും 24 മണിക്കൂർ നീളമാണോ ഉള്ളതു? ഉല്പത്തി 2:4 “യഹോവയാം ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച ദിവസ”ത്തെക്കുറിച്ചു പറയുന്നു. ഈ ഒരു ദിവസത്തിൽ ഉല്പത്തി 1-ാം അദ്ധ്യായത്തിലെ 6 സൃഷ്ടി ‘ദിവസങ്ങളും’ ഉൾപ്പെടുന്നു. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നപ്രകാരം ഒരു “ദിവസം” അളവുള്ള ഒരു കാലഘട്ടം മാത്രമാണ്. യഹോവക്ക് ഒരു “ദിവസം” ആയിരം വർഷമാകാം, അല്ലെങ്കിൽ പല ആയിരവർഷങ്ങളാകാം—സൃഷ്ടി ‘ദിവസങ്ങൾ’ അങ്ങനെയായിരുന്നു. അതുകൊണ്ട് ഈ സംഗതിയിൽ ബൈബിൾ വിവരണം ന്യായയുക്തവും യഥാർത്ഥശാസ്ത്രത്തോട് പൊരുത്തപ്പെടുന്നതുമാണ്.—2 പത്രോസ് 3:8.
ജീവന്റെ ഉത്ഭവം
13. (എ) പരിണാമത്തിന്റെ വക്താക്കൾ ജീവന്റെ ഉത്ഭവത്തെ വിശദീകരിക്കുന്നതെങ്ങനെ? (ബി) ജീവകോശം അതിനെത്തന്നെ യാദൃച്ഛികമായി സൃഷ്ടിച്ചുവെന്ന് പറയുന്നത് മൗഢ്യമായിരിക്കുന്നതെന്തുകൊണ്ട്?
13 പരിണാമവാക്താക്കൾ ജീവന്റെ യഥാർത്ഥ ഉത്ഭവത്തെ വിശദീകരിക്കുന്നതെങ്ങനെയാണ്? ശതകോടിക്കണക്കിനു വർഷം മുമ്പ് ഭൂമിക്കു ചുററുമുള്ള സമുദ്രം ഒരു “ജൈവസൂപ്പ്” ആയിത്തീർന്നിരിക്കാമെന്ന് അവർ പറയുന്നു; അപ്പോഴും അത് ജീവരഹിതമായിരുന്നു. പിന്നീട്, ‘ഏററം അസംഭവ്യമായ ഒരു യാദൃച്ഛികസംഭവത്താൽ വിശേഷാൽ ശ്രദ്ധേയമായ ഒരു തൻമാത്ര നിർമ്മിതമായി’ എന്ന് അവർ വിശദീകരിക്കുന്നു. അത്ഭുതകരമായി ഇതു സ്വയം പുനരുല്പാദിപ്പിക്കുകയും മററു തൻമാത്രകളെ ഉളവാക്കുകയും ചെയ്തു, അവ ഒരുമിച്ചുകൂടി ഒരു ജീവകോശം ഉളവാക്കി. ഇത്ര വിചിത്രമായി തോന്നുന്ന മറെറന്തെങ്കിലുമുണ്ടോ? ഈ വർണ്ണന നൽകിയ എഴുത്തുകാരൻ തന്റെ ആമുഖത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: “ഈ പുസ്തകം മിക്കവാറും ഒരു ശാസ്ത്ര കഥപോലെ വായിക്കേണ്ടതാണ്.” അതെ, കഥ, എന്നാൽ അശേഷം ശാസ്ത്രമായിരിക്കുന്നില്ല! “ഒരു ചെറിയ കോശത്തിലെ പ്രോഗ്രം ചെയ്ത നിർദ്ദേശങ്ങൾ (DNA) “എഴുതപ്പെടുകയാണെങ്കിൽ 600 പേജുള്ള ഒരായിരം പുസ്തകങ്ങൾ നിറയെ ഉണ്ടായിരിക്കും”എന്ന് നാഷനൽ ജ്യോഗ്രാഫിക്ക് പറഞ്ഞിരിക്കുന്നു. ഏതോ ആദിമ സൂപ്പിൽ ജീവകോശം യാദൃച്ഛികമായി സ്വയം സൃഷ്ടിച്ചുവെന്ന് പറയുന്നത് എത്ര മൗഢ്യമാണ്!
14. സത്യത്തിന്റെ വക്താക്കളെന്ന നിലയിൽ നാം ഏതു ബൈബിളുപദേശത്തെ ഉയർത്തിപ്പിടിക്കണം?
14 ബൈബിളെഴുത്തുകാരനായ ദാവീദ് നൽകുന്ന വിശദീകരണം വളരെയേറെ ന്യായയുക്തവും മനസ്സിലാക്കാവുന്നതുമാണ്. അവൻ സങ്കീർത്തനം 36-ന്റെ 5-ഉം 9-ഉം വാക്യങ്ങളിൽ ഇങ്ങനെ എഴുതി: “യഹോവേ, . . . നിന്നിൽ ജീവന്റെ ഉറവുണ്ടല്ലോ.” സത്യത്തിന്റെ വാക്താക്കളെന്ന നിലയിൽ നാം ആ അടിസ്ഥാന ബൈബിളുപദേശത്തെ പിന്താങ്ങേണ്ടതാണ്.—സങ്കീർത്തനം 100:3; യെശയ്യാവ് 42:5, 8 ഇവ കൂടെ കാണുക.
ക്രമാനുഗതമായ പരിണാമമോ നേരിട്ടുള്ള സൃഷ്ടിയോ?
15. (എ) പരിണാമം സത്യമാണെങ്കിൽ, ഫോസിൽ രേഖ അതിനെ എങ്ങനെ പിന്താങ്ങുമായിരുന്നു? (ബി) രേഖ എന്തു പ്രകടമാക്കുന്നു, ഡാർവ്വിന്റെ ഏതു സമ്മതത്തിന് പ്രാബല്യം നൽകുന്നു?
15 എന്നിരുന്നാലും, ജീവാസ്തിക്യം കൊടുക്കപ്പെട്ടാൽ ജീവികളുടെ വ്യത്യസ്ത ഗണങ്ങൾ മററു ഗണങ്ങളായി ക്രമേണ പരിണമിക്കുകയില്ലേ? ശരി, അതു സംഭവിച്ചിരുന്നെങ്കിൽ, കഴിഞ്ഞയുഗങ്ങളിലെ അശ്മക രേഖ (ഫോസിൽ) അത് പ്രകടമാക്കുമായിരുന്നു. എന്നാൽ പ്രകടമാക്കുന്നുണ്ടോ? കാബ്രിയൻ കാലഘട്ടം എന്നുവിളിക്കപ്പെടുന്നതിനെക്കുറിച്ച് പരിചിന്തിക്കുക ഇവിടെ നട്ടെല്ലില്ലാത്ത മുഖ്യകൂട്ടങ്ങളുടെ ഫോസിലുകൾ ജീവികളുടെ പകിട്ടേറിയ ഒരു “സ്ഫോടന”ത്തോടൊപ്പമാണ് കാണപ്പെടുന്നത്. ഗണ്യമായി വ്യത്യസ്തമായ ഈ കൂട്ടങ്ങളെല്ലാം ഒരേസമയത്ത് ജീവനിലേക്ക് പൊട്ടിത്തെറിച്ചതാണെങ്കിൽ അവയ്ക്ക് ഒന്നിൽനിന്ന് മറെറാന്നായി പരിണമിക്കുക സാദ്ധ്യമാകുന്നതെങ്ങനെ? ഡാർവ്വിൻ തന്നെ തുറന്ന് സമ്മതിച്ചപ്രകാരം: “നിരവധി ഗണങ്ങൾ . . . യഥാർത്ഥത്തിൽ പെട്ടെന്ന് ജീവനിൽ തുടക്കമിട്ടെങ്കിൽ ആ വസ്തുത പരിണാമവാദത്തിന് മാരകമായിരിക്കും.” തീർച്ചയായും മാരകം തന്നെ!—1 കൊരിന്ത്യർ 3:19, 20.
16. (എ) ജീവരൂപങ്ങളുടെ പ്രത്യക്ഷത സംബന്ധിച്ച്, ഫോസിൽ രേഖ പരിണാമം വ്യാജമാണെന്ന് തെളിയിക്കുന്നതെങ്ങനെ? (ബി) ഉല്പത്തി 1:25-ൽ യഥാർത്ഥ സത്യം പ്രസ്താവിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
16 വ്യത്യസ്തവും വളരെ സങ്കീർണ്ണവുമായ ജീവികൾ പെട്ടെന്നും പൂർണ്ണവികസിതമായും പ്രത്യക്ഷപ്പെട്ടുവെന്ന് ഫോസിൽ രേഖ വെളിപ്പെടുത്തുന്നു. ഒരു പ്രകൃതിശാസ്ത്ര പ്രൊഫസ്സർ പറഞ്ഞപ്രകാരം: “തിമിംഗലങ്ങൾ, വവ്വാലുകൾ, കുതിരകൾ, ഉയർന്ന സ്തന്യപഗണങ്ങൾ, ആനകൾ, മുയലുകൾ, അണ്ണാൻ മുതലായവയെല്ലാം അവ പ്രത്യക്ഷപ്പെട്ടപ്പോഴത്തെപ്പോലെതന്നെ ഇപ്പോഴും വേർതിരിച്ചറിയാവുന്നവയാണ്. ഒരു പൂർവ്വീക പിതാവിന്റെ യാതൊരു ലാഞ്ചനയുമില്ല, ഏതെങ്കിലും ഇഴജന്തുവായ ഒരു സാങ്കൽപ്പിക പൂർവ്വീകനുമായുള്ള ഒരു കണ്ണി അത്രയും കൂടെയില്ല.” ജിറാഫുകളുടെ കഴുത്തിന്റെ സാധാരണനീളത്തിൽ മൂന്നിൽ രണ്ടോ നാലിൽമൂന്നോ നീളമുള്ള കഴുത്തോടുകൂടിയ ജിറാഫുകളുടെ ഏതെങ്കിലും ഫോസിലുകൾ ഉണ്ടോ? ഇല്ല. സംഗതിയുടെ യാഥാർത്ഥ്യം ഉല്പത്തി 1:25-ൽ പ്രസ്താവിച്ചിരിക്കുന്നു: “ദൈവം ഭൂമിയിലെ കാട്ടുമൃഗത്തെ അതിന്റെ തരമനുസരിച്ചും വീട്ടുമൃഗത്തെ അതിന്റെ തരമനുസരിച്ചും നിലത്തു ചരിക്കുന്ന ഓരോ മൃഗത്തെയും അതിന്റെ തരമനുസരിച്ചും ഉണ്ടാക്കാൻ തുടങ്ങി. അതു നല്ലതെന്നു ദൈവം കണ്ടു.” അതെ, വളരെ നല്ലത്!
17. ജീവരൂപങ്ങളുടെ ഇടയിൽ ഏതു മനോഹര വൈവിദ്ധ്യവും രൂപ സംവിധാനവും കാണാനുണ്ട്, ഇത് ആരിൽനിന്നു മാത്രമേ ഉത്ഭവിക്കാൻ കഴിയൂ?
17 ഇവിടെ ഭൂമിയിലെ ജീവികളുടെ ഇടയിൽ കാണപ്പെടുന്ന ആവേശജനകമായ വൈവിധ്യത്തെക്കുറിച്ചും പരിചിന്തിക്കുക! റോസപ്പുവിനും ചിത്രശലഭത്തിനും ഹമ്മിംഗ് ബേർഡിനും മയിലിനും ഒരായിരം മററു ജീവരൂപങ്ങൾക്കും അവയുടെ പ്രത്യേകമായ ഭംഗി യാദൃച്ഛികമായി കിട്ടിയതാണോ, അർഹതമായതിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ? അതോ തന്റെ പ്രവൃത്തികളിൽ മനുഷ്യവർഗ്ഗം ഉല്ലാസം കണ്ടെത്താനാഗ്രഹിച്ച സ്നേഹവാനായ ഒരു ദൈവത്തിന്റെ വിദഗ്ദ്ധ രൂപസംവിധാനമാണോ അവ? അതിശയമാർന്ന ഭൂമിയിലുടനീളം കാണുന്ന അത്യാകർഷകമായ മനോഹാരിതയെ നാം വീക്ഷിക്കുമ്പോൾ തീർച്ചയായും “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര അനവധിയാകുന്നു! അവയെയെല്ലാം നീ ജ്ഞാനപൂർവ്വം ഉണ്ടാക്കിയിരിക്കുന്നു. ഭൂമി നിന്റെ ഉല്പന്നങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു” എന്നു നാം ഉദ്ഘോഷിക്കേണ്ടതാണ്.—സങ്കീർത്തനം 104:24.
18. പ്ലാററിപ്പസിനെ രൂപകല്പനചെയ്യാൻ ദൈവത്തെക്കൊണ്ടു മാത്രമേ കഴികയുള്ളുവെന്ന് നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
18 രൂപസംവിധാനം എല്ലായ്പ്പോഴും ഒരു ബുദ്ധിമാനായ രൂപസംവിധായകന്റെ ആവശ്യമുളവാക്കുന്നു. ജീവികളിൽ വിസ്മയാവഹമായ രൂപസംവിധാനമുണ്ട്. ആസ്ത്രലിയായിൽ ജീവിക്കുന്ന പ്ലാററിപ്പസിനെപ്പററി പരിചിന്തിക്കുക. അതിന് ഒരു മുയലിന്റെ വലിപ്പമാണുള്ളത്, ഒരു നീർനായുടേതുപോലുള്ള രോമമുണ്ട്, താറാവിനുള്ളതുപോലെ ചുണ്ടുണ്ട്, പൂവൻ കോഴിയുടേതുപോലുള്ള കട്ടുമുള്ളുമുണ്ട്; നഖങ്ങളോടുകൂടിയ തോൽചുവടുകളുണ്ട്. അത് ഒരു ഇഴജന്തുവിനെപ്പോലെ മുട്ടയിടുന്നു., ഒരു സസ്തനജന്തുവിനെപ്പോലെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. അതു കരയിലും വെള്ളത്തിനടിയിലും സുഖേന കഴിയുന്നു. പ്ലാററിപ്പസ് എന്തിൽനിന്നാണ് പരിണമിച്ചത്? പ്ലാററിപ്പസ് രാത്രിയിൽ മാത്രം പുറത്തുവരുന്നതുകൊണ്ട് അതിനെ പരിണാമവാദിയുടെ പേടിസ്വപ്നമെന്നു വിളിക്കാവുന്നതാണ്. ഒരു ഹാർവാർഡ് യൂണിവേഴ്സിററി ജീവശാസ്ത്രജ്ഞൻ അതിനെ “പ്രത്യേകവും അസാധാരണവുമായ ഒരു ജീവിതരീതിക്കുവേണ്ടി അതിവിശിഷ്ടമായി രൂപസംവിധാനം ചെയ്യപ്പെട്ട ജീവി” എന്നു വർണ്ണിക്കുന്നു. ഈ അതിവിശിഷ്ട രൂപസംവിധായകൻ ആരായിരുന്നു? അത് “കാട്ടിലെ സകല വന്യമൃഗവും എനിക്കുള്ളതാണ്” എന്നു പറയുന്ന ദൈവമായിരിക്കാനേ കഴിയൂ.—സങ്കീർത്തനം 50:10.
19. (എ) ചെറിയ വാർബ്ലർ ഏത് അത്ഭുതകരമായ അഭ്യാസം നടത്തുന്നു? (ബി) അതിന് ഇതു ചെയ്യാൻ കഴിയുന്നതെങ്ങനെ?
19 കൂടാതെ അനേകം ജീവികളിൽ നിർമ്മിതമായിരിക്കുന്ന സഹജ വാസന സംബന്ധിച്ചെന്ത്? ദൃഷ്ടാന്തമായി ബ്ലാക്ക്പോൾ വാർബ്ലർ എന്ന ഒരു ചെറിയ പക്ഷിയുണ്ട്. അതിന് മുക്കാൽ ഔൺസ് (21 ഗ്രാം) മാത്രമേ തൂക്കമുള്ളു. അതിന് അലാസ്ക്കായിൽ നിന്ന് ന്യൂ ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിനു പററിയ ശരൽക്കാല കാലാവസ്ഥ തെരഞ്ഞെടുക്കാനറിയാം. അവിടെ അത് നല്ലതീററി തിന്ന് തടിക്കുകയും ഒരു തണുത്ത കാലാവസ്ഥക്കുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. പിന്നീട് അത് പറക്കാൻ തുടങ്ങുന്നു. അത് 20,000 ത്തിൽ പരം (6100 മീ.) അടി ഉയരത്തിൽ പറന്ന് ആഫ്രിക്കയിലേക്ക് നീങ്ങുന്ന വായു പ്രവാഹത്തിൽ എത്തുപെടുന്നു. ഒടുവിൽ പ്രബലമായി അടിച്ചുകൊണ്ടിരിക്കുന്ന ഒരു കാററ് വാബറ്ളിനെ സൗത്ത് അമേരിക്കയിലെ അതിന്റെ ലക്ഷ്വത്തിലേക്ക് അടിച്ചുനീക്കുന്നു. വാബറ്ളിന്റെ സഹജജ്ഞാനം ഒരു പയർമണിയുടെ വലിപ്പമുള്ള തലച്ചോറിൽ പ്രോഗ്രാം ചെയ്തിരിക്കുകയാണ്. അങ്ങനെയുള്ള സഹജജ്ഞാനം എങ്ങനെയുണ്ടായി എന്ന് പരിണാമവാദിക്ക് വിശദീകരിക്കാൻ കഴിയുമോ? കഴികയില്ല. എന്നാൽ “ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും” “സഹജജ്ഞാനമുള്ള” ജീവികൾ ഉൾപ്പെടെ “അവയിലുള്ള സകലത്തിന്റെയും” സർവ്വജ്ഞാനിയായ “നിർമ്മാതാവ്” യഹോവയാണെന്ന് ബൈബിൾ ചൂണ്ടിക്കാണിക്കുന്നു.—സങ്കീർത്തനം 146:5, 6; സദൃശവാക്യങ്ങൾ 30:24-28.
നിങ്ങൾക്ക് നന്ദിയുണ്ടോ?
20. (എ) നമുക്കു ചുററുമുള്ള അത്ഭുതങ്ങളുടെ വിശദീകരണം എന്തായിരിക്കണം? (ബി) നമ്മുടെ സ്രഷ്ടാവിന്റെ സ്നേഹദയ നമ്മോടു പ്രകടമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ? (സി) സത്യത്തിന്റെ വക്താക്കളെന്ന നിലയിൽ നാം എങ്ങനെ പ്രതിവർത്തിക്കണം?
20 സംഗതിയുടെ യാഥാർത്ഥ്യം ഇതാണ്: ആകാശത്തിലും നമുക്ക് ചുററുമുള്ള ഭൂമിയിലും മനോഹരവും പ്രായോഗികവും ഭയജനകവുമായ വളരെയധികം കാര്യങ്ങൾക്ക്, സ്നേഹവാനും സർവ്വശക്തനുമായ ഒരു രൂപസംവിധായകനാലുള്ള സൃഷ്ടി മാത്രമേ വിശദീകരണമായിരിക്കുന്നുള്ളു. സാധാരണഗതിയിലുള്ള അവസ്ഥകളിൽ, എത്ര അതിശയകരമായി ദൈവദത്തമായ നമ്മുടെ ഇന്ദ്രീയങ്ങൾ നമ്മുടെ സാധാരണ ചുററുപാടുകളോട് ഇടകലരുകയും ജീവിതത്തെ ആസ്വദ്യമാക്കുകയും ചെയ്യുന്നു! നാം കാണുന്ന ശോഭായമാനമായ സൂര്യാസ്തമയങ്ങൾ, നാം മണക്കുന്ന സുഗന്ധവാഹികളായ പുഷ്പങ്ങൾ, നാം ആസ്വദിക്കുന്ന സ്വാദിഷ്ടങ്ങളായ പഴങ്ങൾ, നമ്മെ തലോടുന്ന ശാന്തിദമായ കാററ്, നാം കേൾക്കുന്ന വനസംഗീതം—ഇവയെല്ലാം നമ്മുടെ സ്രഷ്ടാവും ദൈവവുമായവന്റെ സ്നേഹദയയെ എങ്ങനെ പ്രകടമാക്കുന്നു! (സങ്കീർത്തനം 136:1-6, 25, 26) ഈ ഭക്തികെട്ട ലോകത്തിൽ സത്യത്തിനുവേണ്ടി വാദിച്ചുകൊണ്ട് നാം എത്ര ആത്മാർത്ഥമായി നമ്മുടെ നന്ദി പ്രകടമാക്കേണ്ടതാണ്! തിർച്ചയായും, ദൈവത്തിന്റെ “വചനം സത്യമാകുന്നു.! (w86 4/1)
[അടിക്കുറിപ്പുകൾ]
a വെളിപ്പാട് 4:11; മത്തായി 19:4; ലൂക്കോസ് 24:46, 47; മത്തായി 20:28; 6:10; യോഹന്നാൻ 5:28, 29; 17:3; ലൂക്കോസ് 23:43 എന്നിവിടങ്ങളിൽ യേശു പഠിപ്പിച്ച ബൈബിൾ സത്യം താരതമ്യപ്പെടുത്തുക.
കാറൾമാക്സ് ഇങ്ങനെ പറഞ്ഞു: “ഡാർവ്വിന്റെ പുസ്തകം വളരെ പ്രധാനമാണ്, അത് ചരിത്രത്തിലെ വർഗ്ഗസമരത്തിന്റെ ഒരു അടിസ്ഥാനമായി എനിക്ക് പ്രയോജകീഭവിക്കുന്നു.”
സത്യത്തിനുവേണ്ടി വാദിക്കുമ്പോൾ, നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ സത്യം ഒരു വിവാദവിഷയമായതെങ്ങനെ?
◻ ബൈബിൾ സത്യം ബാബിലോന്യാബദ്ധത്തെ തുറന്നുകാട്ടുന്നതെങ്ങനെ?
◻ ജീവന്റെ ഉത്ഭവത്തെയും വിവിധ ജീവതരങ്ങളെയും എങ്ങനെ മാത്രമേ വിശദീകരിക്കാൻ കഴിയൂ?
◻ ജീവികളിലെ രൂപസംവിധാനം നമ്മോട് എന്തു പറയുന്നു?
◻ നാം നമ്മുടെ സ്രഷ്ടാവിന് എങ്ങനെ നന്ദികൊടുക്കേണ്ടതാണ്?
[10-ാം പേജിലെ ചിത്രം]
യേശു സത്യത്തിന്റെ എതിരാളികളോട് “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവരാകുന്നു” എന്നു വ്യക്തമായി പറഞ്ഞു
[12-ാം പേജിലെ ചിത്രം]
ചാൾസ് ഡാർവ്വിൻ—കുരങ്ങു-മനുഷ്യസിദ്ധാന്തത്തിന്റെ വക്താവ്
[13-ാം പേജിലെ ചിത്രം]
ചർച്ച് ഓഫ് ഇംഗ്ലണ്ട് വെസ്ററ് മിനിസ്ററർ ആബിയിൽ ഡാർവ്വിനെ പുണ്യസ്ഥാനത്തു പ്രതിഷ്ഠിച്ചു
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
U.S. Fish & Wildlife Service