ഒരു പുസ്തകം ലോകത്തെ ഞെട്ടിക്കുന്നു
പുസ്തകം: വർഗങ്ങളുടെ ഉൽപ്പത്തി. “ബൈബിൾ കഴിഞ്ഞാൽ പിന്നെ മറ്റൊരു കൃതിക്കും ഇത്രയും സ്വാധീനമുണ്ടായിരുന്നിട്ടില്ല” എന്നു നരവംശശാസ്ത്രജ്ഞനായ ആഷ്ലി മോൺടഗു പറയുകയുണ്ടായി.
ഗ്രന്ഥകാരൻ: ചാൾസ് ഡാർവിൻ, അക്കാലത്ത് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത് “യൂറോപ്പിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ” എന്നായിരുന്നു.
വിഷയം: പരിണാമസിദ്ധാന്തം. “പ്രകൃതിനിർധാരണം,” “ഏറ്റവും അനുയോജ്യമായവയുടെ അതിജീവനം,” “പരിണാമം” എന്നിങ്ങനെയുള്ള വാക്കുകളും പ്രയോഗങ്ങളും ഇപ്പോൾ സുസ്ഥാപിതമായിത്തീർന്നിട്ടുണ്ട്. എന്നാൽ ഈ സിദ്ധാന്തം നിങ്ങളുടെ ഭാഷയെ ബാധിച്ചതിലധികം സ്വാധീനിച്ചിട്ടുണ്ടോ?
ചാൾസ് ഡാർവിന്റെ വർഗങ്ങളുടെ ഉൽപ്പത്തി 1859-ൽ പ്രകാശനം ചെയ്യപ്പെട്ടതോടെ അത് ശാസ്ത്ര-മത മണ്ഡലങ്ങളിൽ ചൂടുപിടിച്ച വാദപ്രതിവാദത്തിനു തിരികൊളുത്തി.a ആ വാദപ്രതിവാദം സാമ്പത്തിക-സാമൂഹിക മണ്ഡലങ്ങളെക്കൂടി ബാധിക്കുകയുണ്ടായി. ഏതാണ്ട് 136 വർഷം കഴിഞ്ഞിട്ടും ഇന്നും അതു തുടരുകയാണ്.
പരിണാമത്തിന്റെ ഒരു കഥാരത്നച്ചുരുക്കം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ, ഡാർവിന്റെ, വർഗങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ചു സി. ഡബ്ലിയു. ഗ്രൈംസ് ഇങ്ങനെ എഴുതി: “അച്ചടിക്കപ്പെട്ടിട്ടുള്ള മറ്റൊരു പുസ്തകവും ചിന്തിക്കുന്ന ആളുകളുടെ ഇടയിൽ ഇത്രയധികം കോളിളക്കം ഉയർത്തിവിട്ടിട്ടില്ല. മാനവചരിത്രത്തിൽ മറ്റൊരു വിഷയവും പരിണാമംപോലെ പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിക്കുകയും ജീവലോകത്തെ മാറ്റിമറിക്കുകയും മനുഷ്യചിന്തയെ രൂപപ്പെടുത്തുകയും മരവിപ്പിക്കുകയും ക്രിസ്റ്റലീകരിക്കുകയും ചെയ്തിട്ടില്ല.”
പരിണാമസിദ്ധാന്തത്തിനു തുടക്കമിട്ടതു ഡാർവിനല്ല എന്നതു സത്യംതന്നെ; ആ ആശയത്തിന്റെ വേരുകൾ പ്രാചീന ഗ്രീസ്സുവരെ ചെന്നെത്തുന്നു. വർഗങ്ങളുടെ ഉൽപ്പത്തിയുടെ വ്യാപകമായ സ്വീകാര്യതയ്ക്കു വഴിയൊരുക്കിയ ഡാർവിന്റെ മുൻഗാമികൾ 18-ാം നൂറ്റാണ്ടിൽ ധാരാളമുണ്ടായിരുന്നു.
എന്നുവരികിലും, ആധുനിക പരിണാമ ചിന്തയ്ക്ക് അടിസ്ഥാനമായിത്തീർന്നതു ഡാർവിന്റെ പുസ്തകമായിരുന്നു. അതു ലോകത്തെ ഞെട്ടിച്ചു, വാസ്തവത്തിൽ അതിനെ പ്രകമ്പനം കൊള്ളിച്ചു. കാരണം, അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തം തിരികൊളുത്തിയതു ജീവശാസ്ത്രത്തിലെ വിപ്ലവത്തിനു മാത്രമായിരുന്നില്ല, പിന്നെയോ സമൂഹത്തിന്റെ അസ്ഥിവാരങ്ങളുടെമേൽ—മതം, രാഷ്ട്രീയം, സാമ്പത്തികരംഗം, സാമൂഹിക ജീവിതം, ചരിത്രം, ഭാവിയെക്കുറിച്ചുള്ള വീക്ഷണം എന്നിവയുടെയെല്ലാം മേൽ—ഒരു കൊടുങ്കാറ്റുപോലെ അത് ആഞ്ഞടിച്ചു.
ആ സിദ്ധാന്തം ഇപ്പോൾ ഒരു നൂറ്റാണ്ടിലേറെക്കാലമായി ലോകത്തെ എങ്ങനെയാണു ബാധിച്ചിരിക്കുന്നത്? അതു നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണു ബാധിച്ചിരിക്കുന്നത്? അതിന്റെ പൈതൃകം എന്താണ്? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിശോധിക്കും.
[അടിക്കുറിപ്പുകൾ]
a ജീവനു വേണ്ടിയുള്ള പോരാട്ടത്തിൽ പ്രകൃതിനിർധാരണത്തിലൂടെയോ അനുകൂലമായ ജാതികളുടെ സംരക്ഷണത്തിലൂടെയോ ഉള്ള വർഗങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ച് എന്നതാണ് ഡാർവിന്റെ പുസ്തകത്തിന്റെ പൂർണ ശീർഷകം.