“ഒരു തുല്യ-അവസര ദുരന്തം”
“ആ സന്ദേശം കൗമാരപ്രായക്കാരികളുടെ തലയിൽ കയറുന്നില്ല,” ദ ടൊറന്റൊ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. ഏതു സന്ദേശം? പുകവലി മാരകമായ ഒരു ശീലമാണെന്നുള്ള സന്ദേശം. 1991-ലെ ഒരു പഠനം വെളിപ്പെടുത്തുന്നതനുസരിച്ച് 15-നും 19-നും ഇടയ്ക്കു പ്രായമുള്ള കാനഡയിലെ പെൺകുട്ടികളുടെ 25 ശതമാനം പുകവലിക്കാരായിരുന്നു, എന്നാൽ അതേ പ്രായ ഗ്രൂപ്പിലുള്ള ആൺകുട്ടികളുടെ 19 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. മുതിർന്നവരുടെയിടയിൽപ്പോലും പുകവലിക്കാരായ സ്ത്രീകളുടെ എണ്ണം പുകവലിക്കാരായ പുരുഷൻമാരുടെ എണ്ണത്തെ കടത്തിവെട്ടുന്നു. “സ്ത്രീകളുടെയിടയിലെ പുകയില ഉപയോഗം ഒരു തുല്യ-അവസര ദുരന്തമായിത്തീർന്നിരിക്കുന്നു” എന്ന് ഒരു പുകയില വിമുക്ത കാനഡയ്ക്കുവേണ്ടി വാദിക്കുന്ന ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
കൗമാരപ്രായക്കാരികൾ പുകവലി ആരംഭിക്കുന്നതെന്തുകൊണ്ടാണ്? ജിജ്ഞാസയും സമപ്രായക്കാരിൽനിന്നുള്ള സമ്മർദവും മത്സര മനോഭാവവും അതിൽ പങ്കു വഹിക്കുന്നു. എന്നാൽ, പുകവലിക്കാരായ പെണ്ണുങ്ങളെ കൃശഗാത്രരായി ചിത്രീകരിക്കുന്ന പരസ്യവ്യവസായത്തിന്റെ കാര്യം അവഗണിക്കാവുന്നതല്ല. അതേ, അമിതതീറ്റി തടയുന്നതിനുവേണ്ടിയാണു പലരും പുകവലിക്കുന്നത്. പുകവലി നിർത്തിയാൽ തൂക്കം കൂടുമെന്ന് അവർ ഭയപ്പെടുന്നു. ദുഃഖകരമെന്നു പറയട്ടെ, ഈ സ്ത്രീകൾക്ക് കാൻസർ ഭീഷണിയെക്കാളും ചിന്ത തൂക്കം കൂടുന്നതിന്റെ ഭീഷണിയെക്കുറിച്ചാണെന്നു തോന്നുന്നു. ടൊറന്റൊ യൂണിവേഴ്സിറ്റിയിലെ ഉപ പ്രൊഫസ്സറായ റോബർട്ട് കൊയാംസ് അവരുടെ മനോഭാവം സംക്ഷിപ്ത രൂപത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: “ശ്വാസകോശാർബുദം 20 വർഷം കഴിഞ്ഞേ വരൂ. എന്നാൽ തൂക്കം കൂടുന്നത് ഉടനെയാണ്.”
പുകവലിയെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടും പുകയില വ്യവസായം സ്ത്രീകളെ നോട്ടമിടുന്നു. എന്നാൽ, യു.എസ്.-ലെ രണ്ടു സർജൻ ജനറൽമാരുടെ മുൻ ഉപദേശകയായിരുന്ന ജീൻ കിൽബോൺ ബുദ്ധിപൂർവം ഇപ്രകാരം പ്രസ്താവിച്ചു: “ആത്യന്തിക സ്വാതന്ത്ര്യമായി ഒരുവൻ മരണത്തെ കണക്കാക്കുന്നെങ്കിൽ മാത്രമേ അവന് സിഗരറ്റുവലിയെ സ്വാതന്ത്ര്യം പ്രദാനംചെയ്യുന്നതായി കണക്കാക്കാൻ കഴിയൂ.”