ലോകത്തിലെ ഏറ്റവും വലിയ കശുമാവ്
ബ്രസീലിലെ ഉണരുക! ലേഖകൻ
ലോകത്തിലെ ഏറ്റവും വലുതോ? ഗിന്നെസ് ഒ ലിവ്റൊ ഡോസ് റിക്കൊർഡ്സ് 1994 പറയുന്നതനുസരിച്ച് അത് അങ്ങനെതന്നെയാണ്. ഇവിടെ ചിത്രീകരിച്ചിരിക്കുന്ന, റിയൊ ഗ്രാൻഡെ ഡൊ നൊർട്ടെ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ കശുമാവാണു നിശ്ചയമായും ബ്രസീലിലെ ഏറ്റവും വലിയ കശുമാവ്. വാസ്തവത്തിൽ ഈ ഒരു മരം ഇപ്പോൾ ഒരു വലിയ നഗര ബ്ലോക്കിന്റെ പ്രദേശം ഉൾക്കൊള്ളുന്നു—ശരാശരി വലിപ്പമുള്ള 70 കശുമാവുകൾക്കു തുല്യം!
കശുമാവ് ഒരു നിത്യപത്രിയാണ്. അതു വലിപ്പത്തിൽ സാധാരണമായി ഒരു ചെറിയ കുറ്റിച്ചെടി മുതൽ 20 മീറ്ററോളം ഉയരമുള്ള ഒരു വൃക്ഷംവരെ വ്യത്യാസപ്പെടുന്നു. കശുമാവിന്റെ ചെറിയ പുഷ്പങ്ങൾ അതിന്റെ വലുതും തോലുപോലുള്ളതുമായ ഇലകളിൽനിന്നു തികച്ചും വ്യത്യസ്തമാണ്. അതിന്റെ ഭക്ഷ്യയോഗ്യമായ വിത്താണു സ്വാദിഷ്ടമായ കശുവണ്ടിപ്പരിപ്പ്. അതു കശുമാങ്ങായെന്നു വിളിക്കപ്പെടുന്ന പേയർ പഴത്തിന്റെ ആകൃതിയിലുള്ള പഴത്തിലേക്കു തള്ളിക്കയറ്റി വച്ചിരിക്കുന്നതുപോലെ കാണുന്നു. വിചിത്രമെന്നു പറയട്ടെ, കശുമാവിനു വിഷവള്ളിപ്പന്നയുമായി (poison ivy) ബന്ധമുണ്ട്. അതു കൈകാര്യം ചെയ്യുന്നവർ ശ്രദ്ധയുള്ളവരായിരിക്കണം. കശുവണ്ടിക്കു രണ്ടു തോടുകളുണ്ട്. ഈ തോടുകളുടെ ഇടയിൽ ഒരു എണ്ണയുണ്ട്. അതിനു ചർമത്തിൽ കുമിളകൾ ഉണ്ടാക്കാൻ കഴിയും. വറക്കൽ പ്രക്രിയ കശുവണ്ടിയുടെ വിഷാംശങ്ങളെ നീക്കംചെയ്യുമെന്നതു നല്ലതുതന്നെ.
വിചിത്രമെന്നുപറയട്ടെ, സ്രഷ്ടാവു കശുവണ്ടിയുടെ കാര്യം മറന്നുപോയിട്ടു പിന്നീട് ഒട്ടിച്ചുചേർത്തതുപോലെ, വൃക്കയുടെ ആകൃതിയിലുള്ള അത് കശുമാങ്ങയുടെ പുറത്ത് വളരുന്നതായി കാണുന്നു. കശുമാങ്ങാ കശുവണ്ടിക്കു താങ്ങു നൽകുന്നു. അതുകൊണ്ട് ചിലർ മാവിന്റെ യഥാർഥ ഫലം എന്നു വിളിക്കുന്നതു കശുവണ്ടിയെയാണ്. ഏതായാലും, ഒന്നു ചിന്തിക്കുക, അടുത്തതവണ നിങ്ങൾ കശുവണ്ടിപ്പരിപ്പു തിന്നുമ്പോൾ—ലോകത്തിലെ ഏറ്റവും വലിയ കശുമാവിന്റെ ഫലമായിരിക്കാം നിങ്ങൾ തിന്നുന്നത്!