ശാസ്ത്ര കൽപ്പിതകഥ—ജനപ്രീതിയിലേക്കുള്ള അതിന്റെ ഉയർച്ച
അമേരിക്കൻ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചിടത്തോളം, 1982 എന്ന വർഷം ഒരു പ്രഥമസംഭവത്തിനു സാക്ഷ്യം വഹിച്ചു. 1982/83-ലെ സീസണിൽ ഏറ്റവും പേരുകേട്ട “ചലച്ചിത്രതാരം” ഒരു വ്യക്തി ആയിരുന്നില്ല. ദി ഇല്ലസ്ട്രേറ്റഡ് ഹിസ്റ്ററി ഓഫ് ദ സിനിമ പറയുന്നതനുസരിച്ച്, ഇറ്റി: ദി എക്സ്ട്രാടെറസ്ട്രിയൽ എന്ന ചലച്ചിത്രത്തിൽ താരമായി തിളങ്ങിയ, ബഹിരാകാശത്തുനിന്നുള്ള, വിചിത്രമെങ്കിലും ഏതോ വിധത്തിൽ അഴകുള്ള, ഇറ്റി എന്ന കഥാപാത്രമായിരുന്നു അത്.
സമീപ വർഷങ്ങളിൽ ശാസ്ത്ര കൽപ്പിതകഥയ്ക്കു (science fiction—എസ്എഫ്) ലഭിച്ചുകൊണ്ടിരിക്കുന്ന വർധിച്ച ജനപ്രീതിയുടെ ഒരു തെളിവു മാത്രമാണു ശ്രദ്ധേയമായ ഈ സാഹചര്യം. ഒരിക്കൽ നിലവാരം കുറഞ്ഞ മാസികകൾക്ക് അയച്ചുകൊടുത്തിരുന്നതും ഏകാന്തരും സ്വപ്നജീവികളും ഇഷ്ടപ്പെട്ടിരുന്നതുമായ ശാസ്ത്ര കൽപ്പിതകഥ ഇപ്പോൾ മുഖ്യധാരാവിനോദത്തിന്റെ ഒരു സുസ്ഥാപിത ഭാഗമായിത്തീർന്നിരിക്കുകയാണ്. എന്നാൽ നാടകീയമായ ഈ ജനപ്രീതി ലഭിച്ചതിന്റെ പിന്നിലുള്ള കാരണമെന്താണ്?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന്, ആദ്യമായി ശാസ്ത്ര കൽപ്പിതകഥയുടെ ചരിത്രം നാം പരിശോധിക്കേണ്ടതുണ്ട്. അമ്പരപ്പും മതിപ്പും ഉളവാക്കുന്ന തിനു വേണ്ടിയോ വെറും വിനോദത്തിനു വേണ്ടിയോ ആളുകൾ സ്മരണാതീതകാലം മുതൽതന്നെ സങ്കൽപ്പകഥകൾ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ യൂറോപ്പ് ശാസ്ത്രീയവും ഭൗതികവുമായ പുരോഗതിയുടെ ഒരു കാലഘട്ടത്തിൽ പ്രവേശിച്ചു. പരമ്പരാഗതമായ ആശയങ്ങളും അധികാരങ്ങളും പഴഞ്ചനാണെന്നു പറഞ്ഞ് പലരും വിവാദമുയർത്താൻ തുടങ്ങി. അത്തരമൊരു സാഹചര്യത്തിൽ, ഭാവിയിൽ ശാസ്ത്ര പുരോഗതി മനുഷ്യവർഗത്തെ എങ്ങനെ സ്വാധീനിക്കുമെന്നതു സംബന്ധിച്ചു ചിലർ ഊഹാപോഹങ്ങൾ നടത്താൻ തുടങ്ങി.
കൃത്യമായി പറഞ്ഞാൽ, ആരാണു ശാസ്ത്ര കൽപ്പിതകഥയ്ക്കു തുടക്കമിട്ടത് എന്നുള്ളത് ഒരു തർക്കവിഷയമാണ്. പതിനേഴാം നൂറ്റാണ്ടിലെ ഗ്രന്ഥകർത്താക്കളായ ഫ്രാൻസിസ് ഗോഡ്വിനും സിറനോഡെബർഷെറാക്കും, ബഹിരാകാശയാത്ര ഉൾപ്പെട്ട കൽപ്പിത കൃതികൾ എഴുതുകയുണ്ടായി. 1818-ൽ മേരി ഷെല്ലി ഫ്രാങ്കെൻസ്റ്റീൻ, ഓർ ദ മോഡേൺ പ്രൊമിത്യൂസ് എന്ന തന്റെ പുസ്തകത്തിൽ ജീവനെ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഒരു ശാസ്ത്രജ്ഞനെ ചിത്രീകരിക്കുകയും അതിന്റെ ഭീതിദമായ പ്രത്യാഘാതങ്ങളെ വരച്ചുകാട്ടുകയും ചെയ്തു.
മനുഷ്യസമൂഹത്തിന്റെ പിഴവുകളെ എടുത്തുകാട്ടാൻ ചില എഴുത്തുകാർ ഇത്തരം സങ്കൽപ്പത്തെ ഉപയോഗിച്ചു. അങ്ങനെ ജോനഥൻ സ്വിഫ്റ്റ് 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സമുദായത്തെ പരിഹസിച്ചപ്പോൾ, അദ്ദേഹം തന്റെ കൃതികളിലൂടെ ഒരു കൂട്ടം സാങ്കൽപ്പിക സമുദ്രയാത്രകൾ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ അനന്തരഫലമായിരുന്നു ഗളിവറുടെ യാത്രകൾ. അതു ശാസ്ത്ര കൽപ്പിതകഥയിലെ “ആദ്യത്തെ സാഹിത്യ മാസ്റ്റർപീസ്” എന്നു വിളിക്കപ്പെട്ട, ശക്തമായ സ്വാധീനം ചെലുത്തിയ, ഒരു ദൃഷ്ടാന്തകഥയായിരുന്നു.
എന്നാൽ, ശാസ്ത്ര കൽപ്പിത നോവലിനെ ആധുനിക രൂപത്തിലാക്കിയതിന്റെ ബഹുമതി സാധാരണമായി ആരോപിക്കപ്പെടാറുള്ളത് ജൂൾസ് വേണിനും എച്ച്. ജി. വെൽസിനുമാണ്. 1865-ൽ വേൺ ഭൂമിയിൽനിന്നു ചന്ദ്രനിലേക്ക് എന്ന കൃതിക്കു ജന്മം കൊടുത്തു—അതു വിജയപ്രദമായ നോവലുകളുടെ ഒരു പരമ്പരയായിരുന്നു. 1895-ൽ എച്ച്. ജി. വെൽസിന്റെ പ്രസിദ്ധ ഗ്രന്ഥമായ കാലയന്ത്രം രംഗപ്രവേശം ചെയ്തു.
കൽപ്പിതകഥ യാഥാർഥ്യമാകുന്നു
1900-ത്തിന്റെ തുടക്കത്തിൽ ഈ ദാർശനികന്മാരുടെ സ്വപ്നങ്ങളിൽ ചിലതിനു സാക്ഷാത്കാരം നൽകാൻ തുടങ്ങുകയായിരുന്നു ശാസ്ത്രകാരന്മാർ. ഡി ഗ്രോസ്സൻ (മഹാന്മാർ) എന്ന പുസ്തകം പറയുന്നതനുസരിച്ച്, മനുഷ്യരുടെ ബഹിരാകാശയാത്ര എന്ന ജൂൾസ് വേണിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിൽ ജർമൻ ഭൗതികശാസ്ത്രജ്ഞനായ ഹെർമാൻ ഓബെർത്ത് വർഷങ്ങൾ ചെലവഴിക്കുകയുണ്ടായി. ബഹിരാകാശയാത്രയ്ക്ക് ഒരു ശാസ്ത്രീയ അടിസ്ഥാനമിടാൻ ഓബെർത്തിന്റെ കണക്കുകൂട്ടലുകൾ സഹായിച്ചു. എന്നിരുന്നാലും, ശാസ്ത്രകൽപ്പിതകഥ സ്വാധീനം ചെലുത്തിയ ശാസ്ത്രജ്ഞൻ അദ്ദേഹം മാത്രമായിരുന്നില്ല. ശാസ്ത്ര കൽപ്പിതകഥയുടെ പ്രസിദ്ധ എഴുത്തുകാരനായ റേയ് ബ്രാഡ്ബറി ഇങ്ങനെ പറയുന്നു: “ജർമനിയിൽ വേൺഹെർ ഫോൺ ബ്രാവ്ണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഹൂസ്റ്റണിലെയും കേപ്പ് കെന്നടിയിലെയും എല്ലാവരും ചെറുപ്പകാലത്ത് എച്ച്. ജി. വെൽസിന്റെയും ജൂൾസ് വേണിന്റെയും കൃതികൾ വായിക്കുകയുണ്ടായി. തങ്ങൾ വളർന്നുവലുതാകുമ്പോൾ അതെല്ലാം യാഥാർഥ്യമാക്കുമെന്ന് അവർ തീരുമാനിച്ചിരുന്നു.”
വാസ്തവത്തിൽ, പല രംഗങ്ങളിലെയും പുതിയ കണ്ടുപിടിത്തങ്ങളുടെ ചവിട്ടുപടിയായി മാറിയിരിക്കുന്നു ശാസ്ത്ര കൽപ്പിതകഥ. “ശാസ്ത്ര കൽപ്പിതകഥ മുന്നമേ പ്രവചിക്കാത്ത കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും” അധികമില്ലെന്നു ഗ്രന്ഥകാരനായ റെണെ ഓത്ത് അവകാശപ്പെടുന്നു. അന്തർവാഹിനികൾ, റോബോട്ടുകൾ, മനുഷ്യർ കയറിയ റോക്കറ്റുകൾ തുടങ്ങിയവയൊക്കെ യാഥാർഥ്യങ്ങളായിത്തീരുന്നതിനു വളരെ മുമ്പുതന്നെ ശാസ്ത്ര കൽപ്പിതകഥയിലെ സാധാരണഘടകങ്ങളായിരുന്നു. “ശാസ്ത്ര കൽപ്പിതകഥ വായിക്കുകയെന്നാൽ മനസ്സിനെ വലിച്ചുനീട്ടുക” എന്നതാണെന്നു ശാസ്ത്ര കൽപ്പിതകഥകളുടെ എഴുത്തുകാരനായ ഫ്രെഡറിക് പോൾ തറപ്പിച്ചുപറയുന്നു.
യഥാർഥത്തിൽ എല്ലാ ശാസ്ത്ര കൽപ്പിതകഥയും ശാസ്ത്രത്തെക്കുറിച്ചുള്ളതല്ല എന്നതു തീർച്ചയാണ്. ഏറ്റവും പ്രസിദ്ധിയുള്ള ചില ശാസ്ത്ര-കൽപ്പിത കഥാപുസ്തകങ്ങളും ചലച്ചിത്രങ്ങളും വാസ്തവത്തിൽ ചിലർ ശാസ്ത്രസങ്കൽപ്പം എന്നു വിളിക്കുന്നതിന്റെ രൂപങ്ങളായിരിക്കാം. ശാസ്ത്ര കൽപ്പിതകഥയിൽ പലപ്പോഴും ശാസ്ത്രീയ യുക്തിയാണ് അതിന്റെ മുഖമുദ്ര, അതേസമയം സങ്കൽപ്പകഥകൾ അവയുടെ ഗ്രന്ഥകർത്താവിന്റെ സങ്കൽപ്പത്തിൽ മാത്രം ഒതുങ്ങുന്നവയാണ്. മാജിക്കും മാന്ത്രികവിദ്യയും പോലും ഒരു പങ്കു വഹിച്ചേക്കാം.
എന്നിരുന്നാലും, ഭാവിയെ സംബന്ധിച്ച ശാസ്ത്ര കൽപ്പിതകഥയുടെ വീക്ഷണങ്ങൾ എത്ര കൃത്യതയുള്ളതാണ്. എല്ലാ ശാസ്ത്ര കൽപ്പിതകഥയും വായിക്കാനും കാണാനും തക്ക മൂല്യമുള്ളതാണോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങളെക്കുറിച്ചു പരിചിന്തിക്കും.
[3-ാം പേജിലെ ചിത്രം]
ജൂൾസ് വേണിന്റെ “ഭൂമിയിൽനിന്നു ചന്ദ്രനിലേക്ക്” എന്ന നോവൽ ബഹിരാകാശ യാത്രയിലുള്ള താത്പര്യത്തിനു തിരികൊളുത്താൻ വളരെ സഹായിച്ചു
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Rocket Ship: General Research Division/The New York Public Library/Astor, Lenox and Tilden Foundations