വാസ്തവത്തിൽ ഭാവി എന്തു വെച്ചുനീട്ടുന്നു
ശാസ്ത്ര-കൽപ്പിത കഥയിൽ കുതുകികളായ അനേകർക്കും അന്വേഷണത്വരയുള്ള ഒരു മനസ്സും മനുഷ്യസമൂഹത്തിൽ മാറ്റം വരുത്താനുള്ള ആഗ്രഹവും ഭാവി എന്തു കൈവരുത്തുമെന്നറിയാനുള്ള വലിയ താത്പര്യവും ഉണ്ട്. ഭാവിയെക്കുറിച്ചു ബൈബിളിനു ധാരാളം കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, മമനുഷ്യന്റെ ഭാഗധേയത്തെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം ശാസ്ത്ര-കൽപ്പിത എഴുത്തുകാരുടെ ഊഹാപോഹങ്ങളുമായി യാതൊരു സാമ്യവും പുലർത്തുന്നില്ല.
ഭാവി എന്തായിരിക്കുമെന്നതു സംബന്ധിച്ച് വ്യത്യസ്തമായ പല പല വിവരണങ്ങളാണു ശാസ്ത്ര കൽപ്പിതകഥ നമുക്കു പ്രദാനം ചെയ്യുന്നത്. എന്നാൽ അതിലേതിനെങ്കിലും വേണ്ടി നിങ്ങൾ നിങ്ങളുടെ ജീവൻ അപകടപ്പെടുത്താൻ തയ്യാറാകുമോ? നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം എന്തായിരിക്കും? ഈ സാങ്കൽപ്പിക രംഗങ്ങൾക്കെല്ലാം അഥവാ എടുത്തുകാട്ടപ്പെടുന്ന സംഭവഗതികൾക്കെല്ലാം സത്യമായിരിക്കാൻ കഴിയില്ല. വാസ്തവത്തിൽ, അവയിലെല്ലാം ഊഹാപോഹം—കൽപ്പിതകഥ—അടങ്ങിയിരിക്കുന്നതുകൊണ്ട് അവയിൽ ഒരെണ്ണമെങ്കിലും സത്യമായിരുന്നേക്കാമെന്നു നിങ്ങൾക്ക് ഉറപ്പോടെ പറയാൻ കഴിയുമോ? അവയിലേതെങ്കിലും അങ്ങനെയായിരിക്കാൻ സാധ്യത ഒട്ടുമില്ല.
നടക്കാതെ പോകുന്നു
ഇപ്പോൾതന്നെ, പല ശാസ്ത്ര-കൽപ്പിത രംഗങ്ങളും നടക്കാതെ പോകുകയാണ്. ഏതു വിധത്തിൽ? അതായത്, ശാസ്ത്രത്തിനു ഭൂമിയിൽ മെച്ചപ്പെട്ട സംസ്കാരത്തിലേക്കുള്ള വഴി എങ്ങനെ നയിക്കാൻ കഴിയുമെന്നു പ്രതിപാദിക്കുന്ന രംഗങ്ങൾ യാഥാർഥ്യമായി ഭവിച്ചിട്ടില്ല. ഒരു മെച്ചപ്പെട്ട സംസ്കാരമായിത്തീരുന്നതിനുപകരം ഇന്നത്തെ അവസ്ഥ അതിന്റെ കടകവിരുദ്ധമാണ്. ജർമൻ എഴുത്തുകാരനായ കാൾ മീഖായേൽ ആർമർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഭാവി നമ്മെ അമ്പരപ്പിച്ചുകളഞ്ഞിരിക്കുന്നു.” “ആറ്റോമിക മരണം, പരിസ്ഥിതി വിപത്തുകൾ, വിശപ്പ്, ദാരിദ്ര്യം, ഊർജപ്രതിസന്ധികൾ, രാഷ്ട്രം പിന്തുണയ്ക്കുന്ന ഭീകരപ്രവർത്തനം എന്നിങ്ങനെയുള്ള ആഗോള ഭീഷണിക”ളിലേക്ക് അദ്ദേഹം വിരൽ ചൂണ്ടുന്നു.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, പല ശാസ്ത്ര-കൽപ്പിത കഥകളിലും വിവരിച്ചിരിക്കുന്ന ഭൂമിയുടെയും മനുഷ്യകുടുംബത്തിന്റെയും ഭാവി വാസ്തവമായി പരിണമിക്കുന്നില്ല. നേരേമറിച്ച്, ഭൂമിയിലെ അവസ്ഥകൾ വഷളാകവേ മമനുഷ്യന്റെ സ്ഥിതിവിശേഷം ഒരു വിപരീതഗതിയിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയവും സാങ്കേതികവുമായ അനേകം നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, ലോകമെമ്പാടും മനുഷ്യസമൂഹം അധികമധികം കുറ്റകൃത്യവും അക്രമവും ദാരിദ്ര്യവും വംശീയ വിദ്വേഷവും കുടുംബത്തകർച്ചയും നേരിട്ടുകൊണ്ടിരിക്കുകയാണ്.
ചില ശാസ്ത്രോദ്യമങ്ങൾ മമനുഷ്യന്റെ കഷ്ടതകൾ വളരെയധികം വർധിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക: നമ്മുടെ വായുവിനും ജലത്തിനും ഭക്ഷണത്തിനും നേരിടുന്ന രാസമലിനീകരണം; ഇന്ത്യയിലെ ഭോപ്പാൽ ദുരന്തം, അവിടെ 2,000 ആളുകളുടെ മരണത്തിനും വേറെ 2,00,000 പേരുടെ ഹാനിക്കും ഇടവരുത്തിക്കൊണ്ട് വിഷവാതകച്ചോർച്ച ഉണ്ടായി; ഉക്രെയിനിലുള്ള ചെർണോബിളിലെ ആണവനിലയം ഉരുകിപ്പോയതിന്റെ ഫലമായി അനേകർ മരിക്കുകയും വ്യാപകമായ ഒരു പ്രദേശത്ത് ക്യാൻസറിന്റെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും വർധനവുണ്ടാകുകയും ചെയ്തു.
ബഹിരാകാശത്തിൽ കോളനി സ്ഥാപിക്കൽ?
ഭാവിയെ സംബന്ധിച്ചുള്ള അനേകം ശാസ്ത്ര-കൽപ്പിത കഥകൾ, ജീവിതത്തിലെ കഷ്ടപ്പാടുകളിൽനിന്നും ഭൂമിയിലെ മനുഷ്യപദ്ധതികളുടെ പരാജയത്തിൽനിന്നും മറ്റൊരു വിധത്തിൽ ആശ്വാസം വാഗ്ദാനം ചെയ്യുന്നു. അവ ഉത്സാഹവാനായ ഒരുവനെ ബഹിരാകാശത്തിലെ സാങ്കൽപ്പിക രംഗങ്ങളിലേക്കു കൊണ്ടുപോകുന്നു. ഗ്യാലക്സികൾക്കിടയിലുള്ള യാത്രയ്ക്കു വേണ്ടി ബഹിരാകാശവാഹനങ്ങൾ ഉപയോഗിച്ചുകൊണ്ടു മനുഷ്യർ പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളിലേക്കും ഇതരഭാഗങ്ങളിലേക്കും കുടിയേറുന്നതു സാധാരണ പ്രതിപാദ്യവിഷയങ്ങളാണ്. അത്തരം കാര്യങ്ങൾ, ഒരു ന്യൂയോർക്ക് പത്രത്തിന്റെ പത്രാധിപർക്ക് എഴുതിയ ഒരു വ്യക്തിക്കു തോന്നിയപോലെ തോന്നാൻ പലരെയും വശീകരിക്കുന്നുണ്ട്: “ബഹിരാകാശ പര്യവേക്ഷണത്തിലാണു മനുഷ്യവർഗത്തിന്റെ ഭാവി കുടികൊള്ളുന്നത്.”
ഭൂമിയുടെ സമീപത്തേക്ക് ബഹിരാകാശ പേടകങ്ങൾ യാത്ര ചെയ്യുന്നു, പ്രപഞ്ചത്തെ ഗവേഷണം ചെയ്യാനുള്ള ഉപകരണങ്ങൾ വിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ബഹിരാകാശ പര്യവേക്ഷണം തുടരുന്നു എന്നതു സത്യംതന്നെ. എന്നാൽ ബഹിരാകാശത്തു ജീവിക്കുന്നതു സംബന്ധിച്ചോ? മനുഷ്യരാലുള്ള വ്യാപകമായ ബാഹ്യാകാശ യാത്രയെക്കുറിച്ചു സംസാരമുണ്ടെങ്കിലും, ചന്ദ്രനിലോ അടുത്തുള്ള ഏതെങ്കിലും ഗ്രഹങ്ങളിലോ കുടിയേറുന്നതിനുള്ള പ്രായോഗികമായ യാതൊരു സുനിശ്ചിത ആസൂത്രണങ്ങളും ഇപ്പോഴില്ല—അപ്പോൾപ്പിന്നെ മറ്റു ഗ്യാലക്സികളിൽ കുടിയേറുന്ന കാര്യം പറയുകയേ വേണ്ട. വാസ്തവത്തിൽ, ബഹിരാകാശത്തു കുടിയേറിപ്പാർക്കാനുള്ള മനുഷ്യശ്രമങ്ങൾ സമീപ ഭാവിയിലെങ്ങും വാസ്തവികമായ ഒരു പ്രതിവിധിയല്ല. ബഹിരാകാശ പരിപാടികൾ വെട്ടിച്ചുരുക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്യത്തക്കവണ്ണം പല രാജ്യങ്ങളുടെയും അത്തരം പരിപാടികൾ വളരെ ചെലവേറിയതാണ്.
മനുഷ്യർ പ്രോത്സാഹിപ്പിക്കുന്ന ബഹിരാകാശ ദൗത്യങ്ങളിലല്ല മനുഷ്യവർഗത്തിന്റെ ഭാവി, നിങ്ങളുടെ ഭാവി, കുടികൊള്ളുന്നത് എന്നതാണു വാസ്തവം. നിങ്ങളുടെ ഭാവി ഇവിടെ ഭൂമിയിൽതന്നെയാണ്. ആ ഭാവി നിശ്ചയിക്കുന്നതു ശാസ്ത്രജ്ഞരോ മനുഷ്യ ഗവൺമെൻറുകളോ കഥയെഴുത്തുകാരോ ആയിരിക്കില്ല. നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
കാരണം ഭാവി നിശ്ചയിക്കുന്നതു ഭൂമിയുടെ സ്രഷ്ടാവായ യഹോവയാം ദൈവമാണ്. ബൈബിളിൽ വെച്ചുനീട്ടിയിരിക്കുന്ന വാഗ്ദാനങ്ങളെ അനുകരിക്കാൻ യാതൊരു ശാസ്ത്ര-കൽപ്പിത രംഗത്തിനും സാധ്യമല്ല. ദൈവം മനുഷ്യവർഗത്തിനു നൽകിയിരിക്കുന്ന ദൈവനിശ്വസ്ത വചനമായ ആ പുസ്തകത്തിൽ മനുഷ്യരുടെ ഭാവി എന്തായിരിക്കുമെന്ന് അവൻ നമ്മോടു പറയുന്നു. (2 തിമൊഥെയൊസ് 3:16, 17; 2 പത്രൊസ് 1:20, 21) അത് എന്താണു പറയുന്നത്?
മനുഷ്യകുടുംബത്തിന്റെ ഭാവി
യേശുക്രിസ്തുവിന്റെ കൈകളിലെ ഒരു പുതിയ ഗവൺമെൻറ് മുഖാന്തരം മനുഷ്യസമുദായത്തിനു സമൂലമായ ഒരു നവീകരണം വരുത്താനുള്ള സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ദൈവവചനം വ്യക്തമായി വിവരിക്കുന്നു. ബൈബിളിൽ ആ സ്വർഗീയ ഗവൺമെൻറിനെ വിളിച്ചിരിക്കുന്നതു ദൈവരാജ്യം എന്നാണ്.—മത്തായി 6:9, 10.
ആ രാജ്യത്തെ സംബന്ധിച്ചു ദാനീയേൽ 2:44-ലെ നിശ്വസ്ത പ്രവചനം ഇപ്രകാരം പ്രഖ്യാപിക്കുന്നു: “[നിലവിലിരിക്കുന്ന] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു [ഇപ്പോഴത്തെ] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.”
ദൈവരാജ്യത്തിൻ കീഴിലുള്ള ഭൂമിയിലെ ഭാവിജീവിതത്തെക്കുറിച്ചു ദൈവത്തിന്റെ ശക്തമായ കർമനിരത ശക്തിയുടെ നിശ്വസ്തതയിൻ കീഴിൽ അപ്പോസ്തലനായ പത്രോസും എഴുതുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും [ദൈവത്തിന്റെ സ്വർഗീയ രാജ്യം] പുതിയ ഭൂമിക്കുമായിട്ടു [ആ രാജ്യത്തിൻ കീഴിലെ ഒരു പുതിയ മനുഷ്യസമുദായം] കാത്തിരിക്കുന്നു.”—2 പത്രൊസ് 3:13.
ദൈവത്തിന്റെ സ്വർഗീയ രാജ്യഭരണത്തിൻ കീഴിൽ ജീവിക്കാൻ പദവി ലഭിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം ജീവിതം എങ്ങനെയിരിക്കും? സ്രഷ്ടാവിന്റെ വാഗ്ദത്തം ഇതാണ്: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.”—വെളിപ്പാടു 21:4, 5.
സ്രഷ്ടാവു വെച്ചുനീട്ടുന്നതരം ഭാവി വിസ്മയകരമായ ഒന്നാണ്. ശാസ്ത്ര-കൽപ്പിത എഴുത്തുകാരോ ശാസ്ത്രജ്ഞരോ ഉളവാക്കുന്ന, ഒട്ടുമിക്കപ്പോഴും മാന്ത്രികവും സാങ്കൽപ്പികവുമായ ചുറ്റുപാടുകൾ സവിശേഷതയായിരിക്കുന്ന, ഏതെങ്കിലും കൽപ്പിത രംഗങ്ങളിൽനിന്നും തീർത്തും വിഭിന്നവുമാണ്. സത്യക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം വെക്കുന്നതു ഭാവിയെ സംബന്ധിച്ച ദൈവത്തിന്റെ ഉറപ്പുള്ള വാഗ്ദാനങ്ങളിലാണ്. തീർച്ചയായും അവർ അതിലുമധികം ചെയ്യുന്നു. അവയ്ക്കു വേണ്ടി തങ്ങളുടെ ജീവൻവരെ ബലി കൊടുക്കാൻ അവർ ഒരുക്കമാണ്.
ഇത്രയധികം ഉറപ്പോടെ അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതെന്തുകൊണ്ട്? എന്തെന്നാൽ ഈ “പ്രത്യാശ നിരാശയിലേക്കു നയിക്കുന്നില്ല” എന്ന് അവർക്കു ദൈവവചനത്തിൽനിന്ന് അറിയാം. കാരണം, ‘ദൈവത്തിനു ഭോഷ്കു പറയാൻ കഴിയില്ല’. വാസ്തവത്തിൽ, “ദൈവത്തിനു ഭോഷ്കു പറയുക അസാധ്യമാണ്.” (റോമർ 5:5, NW; തീത്തോസ് 1:2, NW; എബ്രായർ 6:18, NW) ദീർഘകാലം മുമ്പു ദൈവത്തിന്റെ ഒരു ദാസനായ യോശുവ പ്രസ്താവിച്ചതുപോലെ: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.”—യോശുവ 23:14.
ഇന്നത്തെ ശാസ്ത്ര-കൽപ്പിത കഥയിലധികവും ദുഷിച്ച ഈ പഴയ വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ്. അതെങ്ങനെയാണ്? പ്രബുദ്ധതയുടെ കാലഘട്ടം എന്നു വിളിക്കപ്പെട്ട സമയത്താണ് ശാസ്ത്ര-കൽപ്പിത കഥകൾക്കു തുടക്കം കുറിക്കപ്പെട്ടത്. അന്നു പല വ്യക്തികളും പരമ്പരാഗത അധികാരത്തെ ത്യജിക്കുകയും മനുഷ്യനു തന്റെ ഭാവി രൂപപ്പെടുത്താൻ കഴിയുമെന്നു വിശ്വസിക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ അനേകം കുഴപ്പങ്ങൾക്കും അവർ ഉചിതമായി കുറ്റപ്പെടുത്തിയതു ലോകമതത്തെയായിരുന്നു. എന്നാൽ അതേ സമയംതന്നെ ദൈവത്തിന്റെ അസ്ഥിത്വത്തെയും ഉദ്ദേശ്യത്തെയും കുറിച്ചുള്ള സത്യം കൂടി അവർ തള്ളിക്കളഞ്ഞു. കാര്യങ്ങൾ നടന്നുകൊണ്ടിരുന്ന വിധത്തിൽ അവർ അതൃപ്തരായിത്തീരുകയും സ്വന്തം ആശയഗതികൾ തേടുകയും ചെയ്തു.
എന്നിരുന്നാലും, മമനുഷ്യന്റെ ആശയഗതികൾ എത്രമാത്രം ചിന്തിച്ചെടുത്തതാണെങ്കിലും വ്യാപ്തിയിൽ അവ പരിമിതമാണ്. നമ്മുടെ സ്രഷ്ടാവു പറയുന്നത് ഇങ്ങനെയാണ്: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.”—യെശയ്യാവു 55:9.
യഥാർഥ ശാസ്ത്രീയ കണ്ടുപിടിത്തം
ദൈവത്തിന്റെ പുതിയ ലോകത്തിൽ ജ്ഞാനത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ സ്വാഭാവിക ദാഹത്തിനു യഥാർഥ ശാസ്ത്രീയ അന്വേഷണത്താൽ ഭാഗികമായ ശമനം ലഭിക്കും. സാങ്കൽപ്പികരംഗങ്ങൾ ചമച്ചുണ്ടാക്കേണ്ടതില്ല. കാരണം, ആരോഗ്യാവഹവും വാസ്തവികവുമായ ഒരു വിധത്തിൽ യാഥാർഥ്യം നമ്മുടെ മനസ്സിനെ വശീകരിക്കുകയും ഉദ്ബുദ്ധമാക്കുകയും ചെയ്യും.
“[തന്റെ] മുമ്പാകെ സത്യത്തിന്റെ മഹാസാഗരം മുഴുവൻ കണ്ടുപിടിക്കപ്പെടാതെ കിടക്കവേ . . . കടലോരത്തു കളിക്കുന്ന ഒരു ബാല”നോടു തന്നെത്താൻ ഉപമിച്ചപ്പോൾ പ്രഖ്യാതനായ ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടന് എങ്ങനെ തോന്നിയെന്നു പലരും അപ്പോൾ മനസ്സിലാക്കും. നിസ്സംശയമായും ദൈവത്തിന്റെ പുതിയ ലോകത്തിൽ, ഒന്നിനു പുറകെ ഒന്നായി ഓരോ കണ്ടുപിടിത്തങ്ങളിലേക്കും അവൻ വിശ്വസ്ത മനുഷ്യരെ നയിക്കും.
അതേ, അപ്പോൾ ശാസ്ത്രീയ ഗവേഷണം തികച്ചും സത്യത്തിൽ അധിഷ്ഠിതമായിരിക്കും. കാരണം, യഹോവ “സത്യത്തിന്റെ ദൈവ”മാണ്. മമനുഷ്യന്റെ ഭൗമിക ചുറ്റുപാടിൽനിന്നും മൃഗമണ്ഡലത്തിൽനിന്നും പഠിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. (സങ്കീർത്തനം 31:5; ഇയ്യോബ് 12:7-9) സത്യത്താൽ നയിക്കപ്പെടുന്ന സത്യസന്ധമായ ശാസ്ത്രീയ യത്നങ്ങൾ തീർച്ചയായും ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയുടെ ഒരു ആകർഷകമായ ഭാഗമായിരിക്കും. അപ്പോൾ എല്ലാ കണ്ടുപിടിത്തങ്ങൾക്കും കണ്ടെത്തലുകൾക്കും മാനവജീവിതത്തിലെ അത്ഭുതകരമായ അഭിവൃദ്ധികൾക്കും നല്ല ജീവിതനിലവാരങ്ങൾക്കുമുള്ള ബഹുമതി നൽകുന്നതു മനുഷ്യർക്കായിരിക്കില്ല, പിന്നെയോ അഖിലാണ്ഡത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനായിരിക്കും.
വളരെ വേഗം അടുത്തുകൊണ്ടിരിക്കുന്ന ആ പുതിയ ലോകത്തിൽ ദൈവത്തിന്റെ സ്നേഹപുരസ്സരമായ പരിപാലനവും വഴിനടത്തിപ്പും ഹേതുവായി അനുസരണമുള്ള എല്ലാ മനുഷ്യരും ദൈവത്തെ മഹത്വപ്പെടുത്തും. വലിയ സന്തോഷത്തോടെ അവർ അവനെ സേവിക്കുകയും വെളിപ്പാടു 4:11-ൽ വിവരിച്ചിരിക്കുന്നപ്രകാരം അവനോട് ഇങ്ങനെ പറയുകയും ചെയ്യും: “കർത്താവേ, [“യഹോവേ,” NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ ഇടും.”
[9-ാം പേജിലെ ചിത്രം]
മനുഷ്യരാശിയുടെ ഭാവി ഭൂമിയിലാണ്