ഇന്നത്തെ ശാസ്ത്ര കൽപ്പിതകഥയിലേക്ക് ഒരു എത്തിനോട്ടം
ഓട്ടോമൊബൈൽസ്, ടെലഫോണുകൾ, കമ്പ്യൂട്ടറുകൾ—130 വർഷങ്ങൾക്കു മുമ്പ് ആർക്കെങ്കിലും ഈവക കാര്യങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയുമായിരുന്നോ? ശാസ്ത്ര-കൽപ്പിത (എസ്എഫ്) എഴുത്തുകാരനായ ജൂൾസ് വേണിന് അതിനു കഴിഞ്ഞു! അമ്പരപ്പിക്കുന്ന ഈ ശാസ്ത്രീയ ഉൾക്കാഴ്ചകൾ കണ്ടെത്തിയത് അടുത്ത കാലത്തു കണ്ടെത്തപ്പെട്ട ജൂൾസ് വേണിന്റെ ഒരു നോവലിന്റെ കയ്യെഴുത്തുരേഖയിലാണ്, ആ നോവലിന്റെ ശീർഷകം ഇരുപതാം നൂറ്റാണ്ടിലെ പാരീസ് എന്നായിരുന്നു. നേരത്തെ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ നോവലിൽ, ആധുനിക ഫാക്സ് മെഷീനോട് അതിശയകരമാംവിധം സാമ്യമുള്ള ഒരു ഉപകരണത്തെക്കുറിച്ചു വേൺ വിവരിക്കുക പോലുമുണ്ടായി!a
എന്നാൽ, ഏറ്റവും നിപുണരായ ശാസ്ത്ര-കൽപ്പിത എഴുത്തുകാർ പോലും യഥാർഥ പ്രവാചകന്മാർ ആയിരിക്കുന്നതിൽനിന്നു പ്രകാശവർഷങ്ങൾ അകലെയാണ്. ഉദാഹരണത്തിന്, ജൂൾസ് വേണിന്റെ, ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള യാത്ര വായിക്കാൻ നല്ല രസമുള്ളതാണ്. എന്നാൽ അത്തരമൊരു യാത്ര നടത്തുക എന്നത് അസാധ്യമാണെന്നു ശാസ്ത്രജ്ഞന്മാർക്ക് ഇപ്പോഴറിയാം. ചിലർ സൂചിപ്പിച്ചതുപോലെ, 2001 എന്ന വർഷത്തിൽ വ്യാഴത്തിലേക്കോ മറ്റു ഗ്രഹങ്ങളിലേക്കോ മനുഷ്യർ യാത്രകൾ നടത്താനുള്ള സാധ്യതയില്ല.
ഉണ്ടായിട്ടുള്ള അനേകം ശാസ്ത്രീയ വികാസങ്ങളെക്കുറിച്ചു മുൻകൂട്ടിപ്പറയാൻ ശാസ്ത്ര-കൽപ്പിത എഴുത്തുകാർ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ദി അറ്റ്ലാൻറിക് മന്ത്ലി എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഖനത്തിൽ ശാസ്ത്ര-കൽപ്പിത എഴുത്തുകാരനായ തോമസ് എം. ഡിഷ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “സൈബർനെറ്റിക് [കമ്പ്യൂട്ടർ] യുഗത്തെക്കുറിച്ചോ . . . ഹരിതഗൃഹപ്രഭാവത്തെക്കുറിച്ചോ ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചോ എയ്ഡ്സിനെക്കുറിച്ചോ വിഭാവന ചെയ്യാൻ സകല ശാസ്ത്ര കൽപ്പിതകഥകളും പരാജയപ്പെട്ടുവെന്നതു കണക്കിലെടുക്കുക. അധികാരസംബന്ധമായ പുതിയ ഭൂരാഷ്ട്ര അസന്തുലനത്തെക്കുറിച്ചു പരിചിന്തിക്കുക. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചിട്ട് ശാസ്ത്ര കൽപ്പിതകഥകൾ അവയെക്കുറിച്ച് എന്തു പറഞ്ഞിട്ടുണ്ടെന്ന് ഓർത്തു നോക്കൂ. ഫലത്തിൽ ഒറ്റവാക്കുപോലുമില്ല.”
ശാസ്ത്ര കൽപ്പിതകഥ—വൻ ബിസിനസ്
തീർച്ചയായും, ശാസ്ത്ര കൽപ്പിതകഥയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം, അവർ അതിനെ വസ്തുനിഷ്ഠമായ ഒരു ശാസ്ത്രമായിട്ടല്ല, പിന്നെയോ ഒരു വിനോദമായിട്ടാണു കാണുന്നത്. എന്നിട്ടും ആ രീതിയിലുള്ള അതിന്റെ മൂല്യത്തെ പോലും ചോദ്യംചെയ്യുന്നവരുണ്ട്. പ്രത്യേകിച്ചും ശാസ്ത്ര കൽപ്പിതകഥകൾക്കു പ്രാധാന്യം കൊടുക്കുന്ന വിലകുറഞ്ഞ മാസികകൾ ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയതോടെയാണു ശാസ്ത്ര കൽപ്പിതകഥയ്ക്കു ചപ്പുചവറു സാഹിത്യമെന്ന പേരു ലഭിച്ചുതുടങ്ങിയത്. അത്തരം മാസികകളിൽ ആദ്യത്തേത് 1926-ൽ വിൽപ്പനയ്ക്കിറങ്ങിയ അമ്പരപ്പിക്കുന്ന കഥകൾ (ഇംഗ്ലീഷ്) എന്ന മാസികയാണ്. അതിന്റെ സ്ഥാപകൻ ഹ്യൂഗോ ജേൺസ്ബാക്ക് ആയിരുന്നു. “സയൻസ് ഫിക്ഷൻ” (“ശാസ്ത്ര കൽപ്പിതകഥ”) എന്ന പദപ്രയോഗമായിത്തീർന്ന വാക്ക് ഉണ്ടാക്കിയതിനുള്ള ബഹുമതി അദ്ദേഹത്തിനാണ്. മനസ്സിനെ ത്രസ്സിപ്പിക്കുന്ന സാഹസികമായ അത്തരം കഥകൾക്ക്, സാഹിത്യപരമായി എന്തെങ്കിലും മൂല്യം ഉണ്ടെങ്കിൽതന്നെ അതു വെറും തുച്ഛമാണെന്നു പലർക്കും തോന്നി.
രണ്ടാം ലോകമഹായുദ്ധാനന്തരം ശാസ്ത്ര കൽപ്പിതകഥയെ കൂടുതൽ ഗൗരവമായി എടുക്കാൻ തുടങ്ങി. ആ യുദ്ധത്തിൽ ശാസ്ത്രം വഹിച്ച നാടകീയ പങ്ക് അതിന് ഒരു പുത്തൻ അന്തസ്സ് നേടിക്കൊടുക്കുകയുണ്ടായി. ശാസ്ത്ര-കൽപ്പിത എഴുത്തുകാരുടെ പ്രവചനങ്ങൾ കൂടുതൽ ആശ്രയയോഗ്യമാണെന്നു തോന്നാൻ തുടങ്ങി. അങ്ങനെ ശാസ്ത്ര-കൽപ്പിത ഹാസ്യപുസ്തകങ്ങളും മാസികകളും ഗ്രന്ഥങ്ങളും കൂണുപോലെ മുളയ്ക്കാൻ തുടങ്ങി. കട്ടിബയൻറിട്ട ശാസ്ത്ര-കൽപ്പിത പുസ്തകങ്ങൾ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ പട്ടികയിലും കയറിക്കൂടി. ആളുകളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ശാസ്ത്ര കൽപ്പിതകഥകൾ വെമ്പൽ കൊള്ളുമ്പോൾ, അവയുടെ സാഹിത്യ ഗുണനിലവാരവും—ശാസ്ത്രീയ കൃത്യതയും—മിക്കപ്പോഴും ബലി ചെയ്യപ്പെടുന്നു. “താണതരം ഊഹാപോഹ നോവലുകൾ” അടക്കം “വായിച്ചുവിടാവുന്നതും കുറയൊക്കെ വിനോദം പകരുന്നതുമായ എന്തും” ഇപ്പോൾ പ്രസിദ്ധീകരിക്കുകയാണ് എന്നു ശാസ്ത്ര-കൽപ്പിത എഴുത്തുകാരനായ റോബർട്ട് എ. ഹൈൻലൈൻ വിലപിക്കുന്നു. “രണ്ടാംകിട ചരക്കുകൾ” പോലും അച്ചടിക്കപ്പെടുകയാണെന്ന് എഴുത്തുകാരനായ അർസുല കെ. ലീ ലജിൻ കൂട്ടിച്ചേർക്കുന്നു.
അത്തരം വിമർശനമൊക്കെ ഉണ്ടെങ്കിലും, ശാസ്ത്ര കൽപ്പിതകഥ ജനപ്രീതിയുടെ പുതിയ മാനങ്ങളിൽ എത്തിയിരിക്കുന്നു. അതിന്റെ കാരണം ശാസ്ത്രജ്ഞന്മാരിൽനിന്നല്ല മറിച്ച്, ചലച്ചിത്ര വ്യവസായത്തിൽനിന്നു ലഭിച്ച പിന്തുണയാണ്.
ശാസ്ത്ര കൽപ്പിതകഥ വെള്ളിത്തിരയിലെത്തുന്നു
1902 മുതലേ ശാസ്ത്ര-കൽപ്പിത സിനിമകൾ നിലവിലുണ്ടായിരുന്നു. ആ വർഷമാണ് ഷോർഷ് മേയ്ലിസ് ചന്ദ്രനിലേക്കുള്ള ഒരു യാത്ര (ഇംഗ്ലീഷ്) എന്ന ചിത്രം നിർമിച്ചത്. എന്നാൽ പിന്നീടു വന്ന ഒരു തലമുറയിലെ യുവസിനിമാപ്രേക്ഷകർ ഫ്ളാഷ് ഗോർഡൻ എന്ന ചിത്രത്തിന്റെ മാസ്മരവലയത്തിൽ അകപ്പെട്ടു. എന്നാൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ തലേവർഷമായ 1968-ൽ പുറത്തിറങ്ങിയ 2001: ഒരു ബഹിരാകാശ ദീർഘപര്യടനം (ഇംഗ്ലീഷ്) എന്ന ചിത്രത്തിനു കലാപരമായ അംഗീകാരം ലഭിച്ചു. അതു വാണിജ്യപരമായ ഒരു വിജയവും കൂടിയായിരുന്നു. അങ്ങനെ ഹോളിവുഡ് ശാസ്ത്ര-കൽപ്പിത സിനിമകൾക്കു വേണ്ടി വൻതുകകൾ മുടക്കാൻ തുടങ്ങി.
1970-കളുടെ അവസാനത്തിലും 1980-കളുടെ ആരംഭത്തിലും ഏലിയൻ, സ്റ്റാർ വാഴ്സ്, ബ്ലേയ്ഡ് റണ്ണർ, ഇറ്റി: ദി എക്സ്ട്രാടെറസ്ട്രിയൽ തുടങ്ങിയ ചിത്രങ്ങളാണ് യു.എസ്. ബോക്സോഫീസിന്റെ വരുമാനത്തിൽ പകുതിയും നേടിക്കൊടുത്തത്. ജുറാസിക്ക് പാർക്ക് എന്ന എക്കാലത്തെയും ഏറ്റവും വിജയപ്രദമായ ഒരു ചിത്രത്തിനു നിദാനം വാസ്തവത്തിൽ ഒരു ശാസ്ത്ര കൽപ്പിതകഥയായിരുന്നു. ആ ചിത്രത്തോടൊപ്പം ഏതാണ്ട് 1,000 ജുറാസിക്ക് പാർക്ക് ഉത്പന്നങ്ങളുടെ ഒരു പ്രളയംതന്നെ ഉണ്ടായി. ടിവി-യും ആ തേരിലേറി എന്നത് അമ്പരപ്പിക്കുന്നതല്ല. ജനപ്രീതിയുള്ള ഒരു പരിപാടിയായ സ്റ്റാർ ട്രെക്ക് ബഹിരാകാശത്തെക്കുറിച്ചുള്ള അനേകം പരിപാടികൾ നിർമിക്കുകയുണ്ടായി.
എന്നിരുന്നാലും, ആളുകളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകവഴി, ശാസ്ത്ര കൽപ്പിതകഥയ്ക്ക് ഒരളവിലുണ്ടായിരുന്ന ഗുണങ്ങൾ അതിന്റെ എഴുത്തുകാർ ബലി കഴിച്ചിരിക്കുന്നതായി പലരും വിചാരിക്കുന്നു. ‘ശാസ്ത്ര കൽപ്പിതകഥ എന്നൊക്കെ ഇപ്പോൾ പേരേ ഉള്ളൂ, കഥയുടെ മെച്ചം കൊണ്ടല്ല, വിപണന തന്ത്രം ഒന്നുകൊണ്ടു മാത്രമാണ് അവയിപ്പോൾ അറിയപ്പെടുന്നത്’ എന്നു ജർമൻ ഗ്രന്ഥകാരനായ കാൾ മിഖായേൽ അവകാശപ്പെടുന്നു. ഇന്നത്തെ ശാസ്ത്ര-കൽപ്പിത സിനിമകളിലെ യഥാർഥ “താരങ്ങൾ” മനുഷ്യരല്ല, പിന്നെയോ പ്രത്യേക ദൃശ്യ-ശബ്ദ ഫലങ്ങൾ (special effects) ആണെന്നു മറ്റു ചിലർ വിലപിക്കുന്നു. ശാസ്ത്ര കൽപ്പിതകഥ “അതിന്റെ പല പ്രകടനങ്ങളിലും മ്ലേച്ഛവും തരംതാണതുമാണ്” എന്നുപോലും ഒരു വിമർശകൻ പറയുന്നു.
ഉദാഹരണത്തിന്, ശാസ്ത്ര-കൽപ്പിത സിനിമകൾ എന്നു വിളിക്കപ്പെടുന്ന പല ചിത്രങ്ങളും ശാസ്ത്രത്തെയോ ഭാവിയെയോ സംബന്ധിച്ചുള്ളവയേ അല്ല. സ്പഷ്ടമായ അക്രമത്തിന്റെ അരങ്ങായി മാത്രമാണു വളരെ ആധുനികമായ പശ്ചാത്തലങ്ങൾ ചിലപ്പോൾ ഉപയോഗിക്കപ്പെടുന്നത്. അനേകം ശാസ്ത്ര-കൽപ്പിത കഥകളിലും ആരെങ്കിലും “വെടിയേറ്റോ കത്തിക്കുത്തേറ്റോ മരിക്കുന്നു, നീരാവിയായിപ്പോകുന്നു, ലേസർ ആയുധത്തിന് ഇരയാകുന്നു, മാന്തിക്കീറപ്പെടുന്നു, വിഴുങ്ങപ്പെടുന്നു, അല്ലെങ്കിൽ സ്ഫോടനത്താൽ തരിപ്പണമാകുന്നു” എന്ന് എഴുത്തുകാരനായ നോർമൻ സ്പിൻറാഡ് നിരീക്ഷിക്കുന്നു. പല സിനിമകളിലും ഇത്തരം അനാവശ്യമായ അക്രമം ഞെട്ടിക്കുന്ന വിശദാംശങ്ങളോടെ ചിത്രീകരിക്കുന്നു!
ഉത്കണ്ഠയുളവാക്കുന്ന മറ്റൊരു മണ്ഡലം ഒട്ടനവധി ശാസ്ത്ര-സങ്കൽപ്പ പുസ്തകങ്ങളിലും സിനിമകളിലും എടുത്തുകാട്ടുന്ന പ്രകൃത്യാതീത ഘടകമാണ്. അത്തരം കഥകൾ നന്മയും തിന്മയും തമ്മിലുള്ള ആലങ്കാരിക പോരാട്ടത്തെക്കാൾ കവിഞ്ഞ ഒന്നുമല്ലെന്നു ചിലർ കരുതിയേക്കാമെങ്കിലും, അത്തരം കഥകളിൽ ചിലത് ദൃഷ്ടാന്തകഥയ്ക്കുമപ്പുറം പോവുകയും ആത്മവിദ്യാചാരങ്ങളെ ഊട്ടിവളർത്തുകയും ചെയ്യുന്നതായി തോന്നുന്നു.
സമനിലയുടെ ആവശ്യം
തീർച്ചയായും സങ്കൽപ്പാത്മക വിനോദത്തെ അതിൽത്തന്നെ ബൈബിൾ കുറ്റം വിധിക്കുന്നില്ല. വൃക്ഷങ്ങളെക്കുറിച്ചുള്ള യോഥാമിന്റെ ഉപമയിൽ ജീവനില്ലാത്ത ചെടികൾ അന്യോന്യം സംസാരിക്കുന്നതായി—അവ ഗൂഢാലോചനയും ആസൂത്രണങ്ങളും പോലും നടത്തുന്നതായും—ചിത്രീകരിക്കപ്പെട്ടു. (ന്യായാധിപൻമാർ 9:7-15) ദീർഘകാലമായി മരിച്ചുപോയ ദേശീയ ഭരണാധിപന്മാർ ശവക്കുഴിയിൽവെച്ച് അന്യോന്യം സംഭാഷിക്കുന്നതായി യെശയ്യാവ് ചിത്രീകരിച്ചപ്പോൾ സങ്കൽപ്പാധിഷ്ഠിതമായ ഒരു ഉപാധി അവൻ ഉപയോഗിക്കുകയാണു ചെയ്തത്. (യെശയ്യാവു 14:9-11) യേശുവിന്റെ ഉപമകളിൽപോലും അക്ഷാരാർഥത്തിൽ സംഭവിക്കാൻ കഴിയാത്ത ചില ഘടകങ്ങൾ ഉൾപ്പെട്ടിരുന്നു. (ലൂക്കൊസ് 16:23-31) അത്തരം ഭാവനാപൂർണമായ ഉപാധികൾ ഉപയോഗിച്ചതു വെറുതെ വിനോദിപ്പിക്കാനായിരുന്നില്ല, പിന്നെയോ പഠിപ്പിക്കാനായിരുന്നു.
പ്രബോധനമോ വിനോദമോ പകരുക എന്ന ഉദ്ദേശ്യത്തിൽ ചില എഴുത്തുകാർ വളരെ ആധുനികമായ ഒരു പശ്ചാത്തലം ഉചിതമായി ഉപയോഗിച്ചേക്കാം. ശുദ്ധവും ആരോഗ്യാവഹവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു എന്ന കാര്യം മനസ്സാക്ഷിബോധമുള്ള ക്രിസ്ത്യാനികൾ മനസ്സിൽ പിടിക്കുന്നു. (ഫിലിപ്പിയർ 4:8) ബൈബിൾ നമ്മെ ഇങ്ങനെയും അനുസ്മരിപ്പിക്കുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) പരിണാമം, മമനുഷ്യന്റെ അമർത്ത്യത, അവതാരം എന്നിവ പോലെ, ബൈബിളുമായി പൊരുത്തപ്പെടാത്ത ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കാനുള്ള ഒരു വേദിയായാണ് ശാസ്ത്ര-കൽപ്പിത സിനിമകളും പുസ്തകങ്ങളും വർത്തിക്കുന്നത്. ‘തത്വജ്ഞാനത്തിനും വെറും വഞ്ചനയ്ക്കും’ ഇരകളാകാതിരിക്കാൻ ബൈബിൾ നമുക്കു മുന്നറിയിപ്പു തരുന്നു. (കൊലൊസ്സ്യർ 2:8) അതുകൊണ്ട് എല്ലാത്തരം വിനോദത്തിന്റെയും കാര്യത്തിലെന്നപോലെ ശാസ്ത്ര കൽപ്പിതകഥയുടെ കാര്യത്തിലും ജാഗ്രത ആവശ്യമാണ്. നാം വായിക്കുകയോ കാണുകയോ ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ചു തിരഞ്ഞെടുപ്പു മനോഭാവം നമുക്ക് ആവശ്യമാണ്.—എഫെസ്യർ 5:10.
മുമ്പു പരാമർശിച്ചതുപോലെ, ജനപ്രീതിയുള്ള പല സിനിമകളും അക്രമം നിറഞ്ഞതാണ്. അനാവശ്യമായ രക്തച്ചൊരിച്ചിൽ അടങ്ങിയ കാര്യങ്ങൾകൊണ്ടു നമ്മുടെ മനസ്സു നിറച്ചാൽ അത്, “ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു” എന്ന് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ ആ യഹോവയെ പ്രീതിപ്പെടുത്തുന്നതായിരിക്കുമോ? (സങ്കീർത്തനം 11:5) തിരുവെഴുത്തുകളിൽ ആത്മവിദ്യയെ കുറ്റംവിധിച്ചിരിക്കുന്നതുകൊണ്ട്, പ്രധാനമായും മാജിക്കോ മന്ത്രവാദമോ പോലെയുള്ള ഘടകങ്ങൾ എടുത്തുകാട്ടുന്ന പുസ്തകങ്ങളുടെയോ സിനിമകളുടെയോ കാര്യത്തിൽ നല്ല ന്യായബോധം പ്രകടമാക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നു. (ആവർത്തനപുസ്തകം 18:10) സങ്കൽപ്പത്തെ യാഥാർഥ്യത്തിൽനിന്നു വേർതിരിച്ചറിയാൻ മുതിർന്നവർക്കു പ്രയാസമില്ലാതിരുന്നേക്കാമെങ്കിലും എല്ലാ കുട്ടികളും അങ്ങനെയുള്ളവരല്ല എന്ന കാര്യം ഓർത്തിരിക്കുക. അതുകൊണ്ട് അവിടെയും, കുട്ടികൾ വായിക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ അവരെ എങ്ങനെ ബാധിക്കുന്നെന്നു നിരീക്ഷിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കും.b
വായനയ്ക്കും വിനോദത്തിനും വേണ്ടി മറ്റു തരത്തിലുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കാൻ ചിലർ തീരുമാനിച്ചേക്കാം. എന്നാൽ ഇക്കാര്യത്തിൽ അവർ മറ്റുള്ളവരെ കുറ്റംവിധിക്കുകയോ വ്യക്തിപരമായ തിരഞ്ഞെടുപ്പിൽപ്പെടുന്ന കാര്യങ്ങൾ സംബന്ധിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.—റോമർ 14:4.
നേരേമറിച്ച്, വല്ലപ്പോഴുമുള്ള വിനോദമെന്നനിലയിൽ കൽപ്പിത കഥാരൂപങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനികൾ ശലോമോന്റെ ഈ മുന്നറിയിപ്പ് ഓർത്തിരിക്കേണ്ടതുണ്ട്: “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” (സഭാപ്രസംഗി 12:12) ഇന്നു ലോകത്തിലുള്ള പലരും ശാസ്ത്ര-കൽപ്പിത പുസ്തകങ്ങളോടും സിനിമകളോടുമുള്ള തങ്ങളുടെ അർപ്പണത്തിൽ അതിർകടന്നു പോയിരിക്കുന്നു. ശാസ്ത്ര-കൽപ്പിത ക്ലബുകളും കൺവെൻഷനുകളും കൂണുപോലെ മുളച്ചുവന്നിരിക്കുന്നു. ടൈം മാഗസിൻ പറയുന്നതനുസരിച്ച്, സ്റ്റാർ ട്രെക്ക് ടിവി പരിപാടികളിലും സിനിമകളിലും വിശേഷവത്കരിക്കുന്ന കൽപ്പിത ഭാഷയായ ക്ലിംഗോൺ പഠിക്കാൻ അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള സ്റ്റാർ ട്രെക്കിന്റെ ആരാധകർ സ്വയം അർപ്പിച്ചിരിക്കുകയാണ്. അത്തരം അതിർകടന്ന പെരുമാറ്റം 1 പത്രൊസ് 1:13-ലെ [NW] ബൈബിളിന്റെ ബുദ്ധ്യുപദേശവുമായി പൊരുത്തപ്പെടുന്നില്ല: “നിങ്ങളുടെ സുബോധം പൂർണമായി സൂക്ഷിക്കുക [“സമനിലയുള്ളവരായി നിൽക്കുക,” അടിക്കുറിപ്പ്].”
ശാസ്ത്ര കൽപ്പിതകഥ എത്രതന്നെ നല്ലതായിരുന്നാലും, ഭാവി എന്തായിരിക്കുമെന്നുള്ള മമനുഷ്യന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ അതിനു കഴിയില്ല. ഭാവിയെ സംബന്ധിച്ചു യഥാർഥത്തിൽ അറിയാനാഗ്രഹിക്കുന്നവർ സുനിശ്ചിതമായ ഒരു ഉറവിലേക്കു തിരിയേണ്ടതുണ്ട്. അടുത്ത ലേഖനത്തിൽ ഞങ്ങൾ അതേക്കുറിച്ചു ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a വേണിന്റെ വാക്കുകളിൽത്തന്നെ പറയുകയാണെങ്കിൽ, അത് “എഴുത്ത്, ഒപ്പ്, ഡിസൈൻ എന്നിവയുടെ പ്രതിമാതൃക ദീർഘദൂരത്തേക്ക് അയയ്ക്കുന്നതു സാധ്യമാക്കിത്തീർക്കുന്ന ഫോട്ടോഗ്രാഫിക് ടെലഗ്രാഫാണ്.”—ന്യൂസ്വീക്ക്, ഒക്ടോബർ 10, 1994.
b 1978 മാർച്ച് 22 ലക്കം ഉണരുക!യിൽ (ഇംഗ്ലീഷ്) വന്ന “നിങ്ങളുടെ കുട്ടി എന്താണു വായിക്കേണ്ടത്?” എന്ന ലേഖനം കാണുക.
[7-ാം പേജിലെ ചിത്രം]
കുട്ടികളുടെ വിനോദകാര്യത്തിൽ മാതാപിതാക്കൾ മേൽനോട്ടം വഹിക്കണം
[7-ാം പേജിലെ ചിത്രം]
ശാസ്ത്രകൽപ്പിത കഥയുടെ കാര്യത്തിൽ ക്രിസ്ത്യാനികൾ തിരഞ്ഞെടുപ്പു മനോഭാവമുള്ളവരായിരിക്കണം