ഹൂല—ഹവായിയിലെ നൃത്തം
ഹവായിയിലെ ഉണരുക! ലേഖകൻ
ഹവായിയെക്കുറിച്ചു പരാമർശിക്കുമ്പോൾ പലപ്പോഴും ഹൂലയുടെ കാര്യം മനസ്സിലേക്കു വരാറുണ്ട്. ഹൂല, ഹവായിയുമായി അതുല്യമായി ബന്ധപ്പെട്ടിരിക്കുന്നെങ്കിലും അതിന്റെ ഉത്ഭവങ്ങൾ ദക്ഷിണ പസഫിക്കിലാണ്.
ഹവായിക്കാർക്ക് പുരാതന നാളുകളിൽ എഴുത്തു ഭാഷയില്ലായിരുന്നു. അതുകൊണ്ട് തങ്ങളുടെ ചരിത്രവും ആചാരങ്ങളും വിവരിക്കാൻ അവർ പാട്ടുകളും മന്ത്രോച്ചാരണങ്ങളും ഉപയോഗിച്ചു. ഹൂല നൃത്തം ഈ മന്ത്രോച്ചാരണങ്ങൾക്കും പാട്ടുകൾക്കും അകമ്പടി സേവിച്ചു. ഇടുപ്പുകൾ, കരങ്ങൾ, പാദങ്ങൾ എന്നിവയുടെ ചലനങ്ങളും മുഖത്തെ ഭാവപ്പകർച്ചകളും ഉൾപ്പെട്ടതാണു ഹൂല.
1778-നു മുമ്പത്തെ ഹൂലയെക്കുറിച്ച് എന്തെങ്കിലും രേഖപ്പെടുത്താൻ യാതൊരു നിവൃത്തിയുമില്ല. ക്യാപ്റ്റൻ കുക്കും അദ്ദേഹത്തിന്റെ ആളുകളും ആ വർഷത്തിലാണ് അവിടെയെത്തിച്ചേർന്നത്. ഇന്നറിയാവുന്ന കാര്യങ്ങൾ മുഖ്യമായും 19-ാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലെ ആചാരങ്ങളെയും പാട്ടുകളെയും മന്ത്രോച്ചാരണങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ആദ്യകാലത്തെ ഹൂലകൾ വിശുദ്ധ അനുഷ്ഠാനങ്ങൾ ആയിരുന്നിരിക്കാനിടയുണ്ട്. എങ്കിലും എല്ലാ ഹൂലകളും ആരാധനാ ക്രിയകളോ മതശുശ്രൂഷയുടെ ഭാഗമോ ആയിരുന്നെന്നു വിചാരിക്കപ്പെടുന്നില്ല.
മിഷനറിമാരുടെ സ്വാധീനം
18-ഉം 19-ഉം നൂറ്റാണ്ടുകളിൽ വന്ന സന്ദർശക കപ്പലുകളിലെ പര്യവേക്ഷകർക്കും നാവികർക്കും വേണ്ടി ഹൂല അവതരിപ്പിക്കപ്പെട്ടു. ഹൂല നൃത്തങ്ങൾ ലൈംഗികമായി തുറന്നുകാട്ടുന്നവയായിരിക്കാൻ, പണം നൽകി അതു കണ്ട ഈ കാഴ്ചക്കാർ ആഗ്രഹിച്ചിരിക്കാൻ സാധ്യതയുണ്ട്.
1820-ൽ മിഷനറിമാർ എത്തിച്ചേർന്നപ്പോൾ ഹൂലയെ കുറ്റംവിധിക്കാൻ അവർക്കു ശക്തമായ കാരണമുണ്ടായിരുന്നു. മിഷനറിമാർ മുഖ്യൻമാരുടെ അംഗീകാരം ഉറപ്പുവരുത്തിയശേഷം ഹൂല കിരാതമാണെന്നും അശ്ലീലമാണെന്നും—പിശാചിന്റെ പ്രവർത്തനമാണെന്നും പറഞ്ഞുകൊണ്ട് അതിനെ അധിക്ഷേപിച്ചു. ഇതിനു മുമ്പുതന്നെ, അതായത് 1819-ൽ, കാമെഹാമെഹാ ഒന്നാമൻ രാജാവിന്റെ വിധവയായ റെജെൻറ് കാഹുമാനു രാജ്ഞി പുരാതന മതാചാരങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. വിഗ്രഹങ്ങൾ ഇടിച്ചുതാഴെയിട്ടതും സങ്കീർണമായ ആചാരാനുഷ്ഠാനങ്ങൾ നിർമാർജനം ചെയ്തതും ഇതിലുൾപ്പെടുന്നു. കൂടാതെ, അസംഖ്യം നൃത്തങ്ങളും മന്ത്രോച്ചാരണങ്ങളും എന്നേക്കുമായി നഷ്ടമായി.
കാഹുമാനുവിന് 1825-ൽ സഭാംഗീകാരം ലഭിച്ചു. ഹൂല പരസ്യമായി അവതരിപ്പിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഒരു ശാസനം 1830-ൽ അവർ പുറപ്പെടുവിച്ചു. 1832-ൽ അവർ നാടുനീങ്ങിയതോടെ ചില മുഖ്യൻമാർ ആ ശാസനം അവഗണിച്ചു. രണ്ടു വർഷത്തേക്ക് യുവരാജാവായ കാമെഹാമെഹാ മൂന്നാമനും അദ്ദേഹത്തിന്റെ സഹകാരികളും ധാർമിക നിയന്ത്രണങ്ങളെ തുറന്ന് അപലപിച്ചപ്പോൾ ഹൂല ഹ്രസ്വകാലത്തേക്കു വീണ്ടും പ്രസിദ്ധിയാർജിച്ചു. എന്നാൽ തന്റെ വഴികൾ തെറ്റായിരുന്നുവെന്ന് 1835-ൽ രാജാവു സമ്മതിച്ചു പറയുകയും രാജ്യം വീണ്ടും കാൽവിനിസ്റ്റുകളുടെ അധികാരത്തിലാകുകയും ചെയ്തു.
ഹൂലയുടെ പുനരുദ്ധാരണം
പരസ്യ പ്രകടനങ്ങൾക്കുള്ള പൂർണമായ പുനഃരംഗീകാരത്തോടെ കാലാകവ്വാ രാജാവിന്റെ ഭരണകാലത്ത് (1874-91) ഹൂല പുനരുജ്ജീവിച്ചു. 1883-ലെ അദ്ദേഹത്തിന്റെ കിരീടധാരണച്ചടങ്ങിൽ പരസ്യമായി അവതരിപ്പിച്ച അനേകം മന്ത്രോച്ചാരണങ്ങളുടെയും ഹൂലകളുടെയും പരിശീലനവും ഉത്സാഹത്തിമിർപ്പും മാസങ്ങൾ മുമ്പേ തുടങ്ങിയതായിരുന്നു. ചിലത് ആ സന്ദർഭത്തിനുവേണ്ടി പ്രത്യേകം രചിച്ചവയായിരുന്നു. 1891-ലെ അദ്ദേഹത്തിന്റെ മരണത്തിന്റെ സമയമായപ്പോഴേക്കും ഹൂലയ്ക്ക് ചുവടുകളിലും ശരീര ചലനങ്ങളിലും അനേകം മാറ്റങ്ങൾ സംഭവിച്ചു. ഹൂലയോടൊപ്പം വിപഞ്ചിക, ഗിത്താർ, വയലിൻ തുടങ്ങിയ ഉപകരണങ്ങളുടെ വായനയും ആരംഭിച്ചു.
1893-ൽ രാജഭരണം അവസാനിച്ചപ്പോൾ ഹൂലയ്ക്കു വീണ്ടും പതനം സംഭവിച്ചു. എന്നിരുന്നാലും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അതു തഴച്ചുവളർന്നു. കൂടുതൽ വൈവിധ്യമാർന്ന സദസ്സിന് ആകർഷണീയമാക്കുന്നതിനായി അനവധി നവീകരണങ്ങൾ വരുത്തി. ഹവായി ഭാഷ പലർക്കും മനസ്സിലാക്കാൻ കഴിയാഞ്ഞതിനാൽ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ചു. ആധുനിക ഹൂല, നൃത്തത്തിനാണു കൂടുതൽ ഊന്നൽ നൽകുന്നത്—കരങ്ങളുടെയും പാദങ്ങളുടെയും ചലനത്തിനും ഇടുപ്പുകളുടെ ആട്ടലിനും മുഖത്തെ ഭാവപ്പകർച്ചകൾക്കും തന്നെ.
ദ്വീപുകളിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഹൂല കൂടുതൽക്കൂടുതൽ പ്രസിദ്ധമായിത്തീർന്നു. വൻകരയിൽനിന്നുള്ള സഞ്ചാരികൾ തങ്ങൾ പഠിച്ച നൃത്തങ്ങളുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി. അവർ അതു ഹോളിവുഡ് സിനിമകളിൽ ഹവായിക്കാരല്ലാത്ത നർത്തകരെക്കൊണ്ട് അവതരിപ്പിക്കാൻ തുടങ്ങി. 1935-ൽ മിന്നി മൗസ്, മിക്കിക്കുവേണ്ടി ഹൂല നൃത്തം കളിച്ചു. മിക്കിയാകട്ടെ സ്റ്റീലുകൊണ്ടുള്ള ഗിത്താറും വായിച്ചു.
ഹൂല ഇന്ന്
ഏതാനും മന്ത്രോച്ചാരികളുടെയും നർത്തകരുടെയും പ്രവീണരായ അധ്യാപകരുടെയും പരിജ്ഞാനമാണ്, 1970-കളിൽ “ഹവായിയിൽ നവോത്ഥാനം” സംഭവിച്ചപ്പോൾ പഴയ ഹൂലാ രൂപങ്ങളുടെ പുനർജീവനത്തിന് ആധാരമായിത്തീർന്നത്. പഴയ നൃത്തങ്ങൾ പുനഃസൃഷ്ടിക്കുകയും പുതിയ നൃത്തങ്ങൾ രചിക്കുകയും ചെയ്യുന്ന ഹൂല വിദ്വാൻമാർ ഇന്നുണ്ട്. ഇവ രണ്ടിലും, അവരുടെ ശ്രമങ്ങൾ ചെലവേറിയതും പകിട്ടേറിയതുമായ പ്രദർശനങ്ങൾക്കിടയാക്കിയിരിക്കുന്നു.
അനേകം ഹവായി ദൈവങ്ങളോടുള്ള ഒരു ആത്മീയ മമത ആധുനിക നാളുകളിലേക്കും ഒരളവോളം കടന്നുവന്നിട്ടുണ്ട്. ഓരോ വർഷവും ഹവായിയിലെ ഹിലൊയിൽ മെറി മൊണാർക്ക് ഉത്സവം തുടങ്ങുന്നതിനുമുമ്പ് ഹൂല സ്കൂളുകൾ, പെലെ ദേവിയുടെ അഗ്നിപർവതമുഖത്തേക്കോ അടുത്തകാലത്ത് ലാവാ ഒഴുക്കു തുടങ്ങിയിട്ടുള്ള സ്ഥലങ്ങളിലേക്കോ തീർഥയാത്ര നടത്തുന്നു. മത്സരത്തിനുള്ള തങ്ങളുടെ ശ്രമങ്ങളിൽ ദേവിയുടെ അനുഗ്രഹങ്ങൾ യാചിച്ചുകൊണ്ട് അവർ മന്ത്രോച്ചാരണം നടത്തുകയും നൃത്തമാടുകയും ഫലപുഷ്പാദികളും മദ്യവും അർപ്പിക്കുകയും ചെയ്യുന്നു. ഹൂല ഒളിമ്പിക്സ് ആയി വീക്ഷിക്കപ്പെടുന്ന മൂന്നു രാത്രിയിലെ മത്സരത്തിൽ ലോകത്തിനുചുറ്റുനിന്നുമെത്തുന്ന സംഘങ്ങൾ മത്സരിക്കുന്നു.
ഹൂല, ഹവായിയിലെ സാംസ്കാരിക പുനർജനനത്തിന്റെ ഒരു വലിയ ഭാഗമായിത്തീർന്നിരിക്കുന്നു. ദേവീദേവൻമാരോടുള്ള ഭക്ത്യാദരപൂർവമായ മന്ത്രോച്ചാരണങ്ങളോടൊപ്പം ചെയ്യുന്ന ഗാംഭീര്യം ധ്വനിക്കുന്ന നൃത്തങ്ങളും അതുപോലെതന്നെ യാതൊരു മത പ്രാധാന്യവുമില്ലാത്ത, ദ്വീപുകളിലെ ദൈനംദിന ജീവിതത്തിലെ ലളിതമായ പദപ്രയോഗങ്ങളും അതിലുൾപ്പെടുന്നു.
ചില പ്രത്യേക ഹൂല നൃത്തങ്ങൾ കളിക്കുന്നതിൽ അല്ലെങ്കിൽ വീക്ഷിക്കുന്നതിൽ ക്രിസ്ത്യാനികൾ വളരെ തിരഞ്ഞെടുപ്പുള്ളവരായിരിക്കണം. ഒരു ദേവനോ ദേവിക്കോ അറിയാതെ ആരാധന അർപ്പിക്കുന്നില്ലെന്ന് അവർ ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, പാട്ടുകളോ മന്ത്രോച്ചാരണങ്ങളോ ശ്രവിക്കുമ്പോഴും ആലപിക്കുമ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. ഇവയിൽ പലതിലും വ്യംഗ്യാർഥമോ ദ്വയാർഥമോ ഉള്ള പദങ്ങൾ ഉണ്ട്. ഇതു മനസ്സിൽ പിടിച്ചുകൊള്ളുന്ന പക്ഷം ഹൂല വീക്ഷിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുന്ന ഒരാൾക്ക് ആരോഗ്യാവഹമായ ഒരു വിനോദരൂപമെന്നനിലയിൽ അത് ആസ്വദിക്കാൻ കഴിയും.