വാഗ്ദത്തനാട്ടിൽനിന്നുള്ള രംഗങ്ങൾ
നിങ്ങൾക്ക അറിവില്ലാതിരുന്നേക്കാവുന്ന ഒരു യോർദ്ദാൻ
യോർദ്ദാൻനദി എന്ന പരാമർശനംതന്നെ പരിചിതമായ പല രംഗങ്ങളും നിങ്ങളുടെ ഓർമ്മയിലേക്ക് കൊണ്ടുവന്നേക്കാം: യോശുവായുടെ കീഴിൽ ഇസ്രായേല്യർ യെരിഹോക്കു സമീപം അതിന്റെ വെള്ളംവററിയ അടിത്തട്ടിലൂടെ കുറുകെ കടക്കുന്നു. നയമാൻ തന്റെ കുഷ്ഠം സുഖപ്പെടുന്നതിനുവേണ്ടി അതിലെ വെള്ളത്തിൽ ഏഴു പ്രാവശ്യം മുങ്ങുന്നു. അനേകം യഹൂദൻമാരും പിന്നീട് യേശുവും യോഹന്നാനാൽ അവിടെ സ്നാപനപ്പെടുത്തപ്പെടാൻ വരുന്നു.—യോശുവാ 3:5-17; 2 രാജാക്കൻമാർ 5:10-14; മത്തായി 3:3-5, 13.
തെളിവനുസരിച്ച് കീർത്തിപ്പെട്ട ഈ സംഭവങ്ങളെല്ലാം യോർദ്ദാന്റെ ഏററവും ദൈർഘ്യമുള്ളതും അറിയപ്പെടുന്നതുമായ ഭാഗത്ത്, ഗലീലാകടലിന്റെ തെക്കുഭാഗത്തും താഴെ ചാവുകടലിനോടടുത്തുമാണ് നടന്നത്. എന്നാൽ ദൈവവചനത്തിന്റെ ഉത്സാഹമുള്ള പഠിതാക്കൾ യോർദ്ദാന്റെ മറെറാരു ഭാഗം നിരീക്ഷിച്ചേക്കാം—നദിയുടെ വടക്കെഭാഗവും അതിന്റെ സമീപപ്രദേശങ്ങളും. മാപ്പ് ശ്രദ്ധിക്കുക.a മദ്ധ്യഭാഗത്തെ താഴ്ന്നപ്രദേശം സിറിയാ മുതൽ ആഫ്രിക്കാ വരെ വ്യാപിച്ചുകിടക്കുന്ന ഭൂഗർഭശാസ്ത്രപരമായ പിളർപ്പായ വലിയ റിഫ്ററ് താഴ്വരയുടെ ഭാഗമാണ്.
യോർദ്ദാൻ നദിയുടെ മൂന്നു മുഖ്യ ഉറവിടങ്ങൾ ഹെർമ്മോൻ പർവതശിഖരത്തിലെ മഞ്ഞുരുകി വരുന്ന അരുവികളാണ്. ഏററവും കിഴക്കുഭാഗത്തെ അരുവി (ഇവിടെ കാണിച്ചിരിക്കുന്നത്) പർവതത്തിന്റെ അടിവാരത്തോടടുത്തുള്ള കിഴുക്കാംതൂക്കായ ഒരു ചുണ്ണാമ്പുകല്ലിൽനിന്ന് പുറപ്പെടുന്നു. ഇവിടെയാണ് ഫിലിപ്പിയിലെ കൈസര്യാ സ്ഥിതിചെയ്യുന്നത്; യേശു “ഒരു ഉയർന്ന മലയിൽ” വെച്ച് രൂപാന്തരപ്പെടുന്നതിന് അൽപ്പംമുമ്പ് അവിടം സന്ദർശിച്ചത് ഓർക്കുക. (മത്തായി 16:13–17:2) മറെറാരു അരുവി, വടക്കേ രാജ്യത്തിലെ ഇസ്രായേല്യർ ഒരു സ്വർണ്ണക്കാളക്കുട്ടിയെ സ്ഥാപിച്ച നഗരമായ ദാൻ നിർമ്മിക്കപ്പെട്ടിരുന്ന കൊടുമുടിയിൽനിന്നാണ് ഉത്ഭവിക്കുന്നത്. (ന്യായാധിപൻമാർ 18:27-31; 1 രാജാക്കൻമാർ 12:25-30) മൂന്നാമത്തെ ഒരു അരുവിയിലെ വെള്ളം ഈ രണ്ടിനോടുംചേർന്ന് യോർദ്ദാൻനദിയായിത്തീരുന്നു, അത് ഏകദേശം ഏഴുമൈലിനകം ആയിരം അടിയോളം താഴേക്കു വീഴുന്നു.
പിന്നീട് യോർദ്ദാനിലെ വെള്ളം പരന്നൊഴുകി ഒരു വിശാലമായ ചതുപ്പുപ്രദേശം ഉളവാക്കിക്കൊണ്ട് താഴ്വര ഹുലാബേസിനായിത്തീരുന്നു. പുരാതനകാലത്ത് അധികം വെള്ളവും ഹുലാ (ഹുലേ) എന്നറിയപ്പെട്ടിരുന്ന ഒരു ആഴംകുറഞ്ഞ തടാകത്തിൽ നിറഞ്ഞിരുന്നു. എന്നാൽ ഹുലാതടാകം അവിടെ മേലാൽ സ്ഥിതിചെയ്യുന്നില്ല, എന്തുകൊണ്ടെന്നാൽ ഈ അടുത്തകാലത്ത് യോർദ്ദാന്റെ മുകൾഭാഗം നേരെയാക്കുകയും ചതുപ്പുപ്രദേശങ്ങളിലെ വെള്ളം വാർന്നുപോകാൻ കനാലുകൾ നിർമ്മിക്കുകയും തടാകത്തിന്റെ ബഹിർഗ്ഗമന മാർഗ്ഗത്തിന്റെ ആഴം കൂട്ടുകയും ചെയ്തു. അതുകൊണ്ട് നിങ്ങൾ ആ പ്രദേശത്തിന്റെ ഒരു ഭൂപടം നോക്കുമ്പോൾ ഗലീലാകടലിന്റെ വടക്കുഭാഗത്ത് ഒരു തടാകം (ഹുലാ) കാണുന്നെങ്കിൽ ആ ഭൂപടം പുരാതനകാലത്തെ പ്രദേശത്തിന്റേതാണ്, ഇന്നു കാണുന്നതുപോലുള്ളതല്ല എന്ന് മനസ്സിലാക്കണം.
എന്നിരുന്നാലും നിങ്ങൾ സന്ദർശിക്കുകയാണെങ്കിൽ ആ പ്രദേശം ബൈബിൾകാലങ്ങളിൽ എങ്ങനെയായിരുന്നുവെന്ന് ഒരു ധാരണ നൽകുന്ന ഒരു പ്രാകൃതിക സംവൃതസ്ഥലം കാണും, അന്ന് അത് പേപ്പിറസും ഈററകളും പോലെയുള്ള പ്രത്യേകതരം സസ്യജാലങ്ങളുടെ ആടിയുലയുന്ന വനഭവനമായിരുന്നു.—ഇയ്യോബ് 8:11.
ആ പ്രദേശം സ്ഥിരമായി മാറിവരുന്ന പലജാതി പക്ഷികളുടെ ഭവനമായിരുന്നു. ഞാറപ്പക്തികളും കൊക്കുകളും പെലിക്കനുകളും മാടപ്രാവുകളും ധാരാളമുണ്ടായിരുന്നു. ഭാഗികമായി അതിന്റെ കാരണം ചതുപ്പും തടാകവും യൂറോപ്പിനും ആഫ്രിക്കായിക്കും ഇടയിലെ ദേശാന്തരപറക്കൽമാർഗ്ഗത്തിലെ ഒരു നല്ല വിശ്രമസ്ഥലം ആയിരുന്നുവെന്നതാണ്. (ആവർത്തനം 14:18; സങ്കീർത്തനം 102:6; യിരെമ്യാവ് 8:7) ആ പ്രദേശത്തിനു യോജിച്ച മററു ജീവികൾ ചുരുക്കമായിട്ടേ ദൃശ്യമാകുമായിരുന്നുള്ളു, എന്നാൽ അവയുടെ സാന്നിദ്ധ്യം ഹുലാബേസിന് കുറുകെയുള്ള വഴിയെ അനാകർഷകമാക്കി. സാധ്യതയനുസരിച്ച് ഇവയിൽ സിംഹവും കാണ്ടാമൃഗവും ചെന്നായും കാട്ടുപന്നിയും ഉൾപ്പെട്ടിരുന്നു. (ഇയ്യോബ് 40:15-24; യിരെമ്യാവ് 49:19; 50:44; ഹബക്കൂക്ക് 1:8) ചില കാലഘട്ടങ്ങളിൽ കൊതുകുകൾ പരത്തുന്ന മലമ്പനി ഉണ്ടായിരുന്നു, തെളിവനുസരിച്ച് ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഒരു രോഗംതന്നെ.
ഒററക്കാരായ യാത്രക്കാരും വലിയ സാർത്ഥവാഹകകൂട്ടങ്ങളും ഈ ചതുപ്പപ്രദേശത്തിനരികിലൂടെ കടന്നുപോയിരുന്നതു മനസ്സിലാക്കാം. അതുകൊണ്ട് ഗലീലാകടലിനു വടക്കുള്ള താഴ്വരയിൽ എവിടെയായിരുന്നു അവർക്ക് യോർദ്ദാൻ നദി കടക്കാൻ കഴിഞ്ഞിരുന്നത്?
ഗലീലാകടലിന്റെ സമീപം കരിങ്കല്ലുകൾ മണ്ണിനുമുകളിൽ പൊങ്ങിനിൽക്കുന്നുണ്ടായിരുന്നു; ഡാം പോലുള്ള ഈ കെട്ടായിരുന്നു വെള്ളം കെട്ടിക്കിടക്കുന്നതിനും ഹുലാ തടാകം ഉണ്ടാകുന്നതിനും ഇടയാക്കിയിരുന്നത്. നിങ്ങൾക്ക് പാറക്കെട്ടിന്റെ ഭാഗം 16-ാം പേജിൽ കാണാൻ കഴിയും. യോർദ്ദാൻ അതിലൂടെ തെക്കോട്ട് ഗലീലാക്കടലിലേക്ക് ശക്തമായി ഒഴുകുമ്പോൾ (ദൂരെ ദൃശ്യമാണ്) അത് വളരെ വേഗം നീങ്ങുന്നതിനാൽ വെളുത്ത ജലം ഉണ്ടാകുന്നു. വ്യക്തമായും പുരാതന സഞ്ചാരികൾ ആ ആഴമേറിയ കയത്തിൽ ഇറങ്ങി ശക്തമായി ഒഴുകുന്ന യോർദ്ദാൻവെള്ളത്തെ മുറിച്ചുകടക്കുന്നത് അപകടകരമെന്ന് കണ്ടിരിക്കും.
ഹുലാബേസിനിലെ ചതുപ്പുപ്രദേശത്തിനും കയത്തിനും ഇടയിൽ വെള്ളം ശാന്തമായി ഒഴുകിയിരുന്ന നിരപ്പായ ഒരു ഹ്രസ്വഭാഗമുണ്ടായിരുന്നു. ഇവിടെ പുരാതന സഞ്ചാരികൾക്ക് സുരക്ഷിതമായി മറുകരകടക്കാൻ കഴിഞ്ഞിരുന്നു, അത് വാഗ്ദത്തനാട്ടിലൂടെയുള്ള ഒരു മുഖ്യ സഞ്ചാരമാർഗ്ഗത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ഇപ്പോൾ ഈ സ്ഥാനത്ത് ഒരു പാലമുണ്ട്, യോർദ്ദാൻനദി കടക്കുന്നതിനുള്ള ഒരു പ്രധാന സ്ഥാനം ഇപ്പോഴും അതാണ്.
ഇന്ന് ഹുലാബേസിൻ ഒരു ഫലഭൂയിഷ്ടമായ കൃഷിയിടമാണ്; അവിടെ മത്സ്യം വളർത്തുന്ന കുളങ്ങൾപോലുമുണ്ട്. യോർദ്ദാൻനദിയുടെ ഈ ഭാഗത്തുകൂടെ ഒഴുകുന്ന സമൃദ്ധമായ വെള്ളംനിമിത്തമാണ് ഇവയെല്ലാം സാദ്ധ്യമായിത്തീരുന്നത്. (w90 7/1)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികളുടെ 1990-ലെ കലണ്ടറിലെ വലിയ ഭൂപടവും ചിത്രവും താരതമ്യപ്പെടുത്തുക.
[17-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഹുലാ
ഗലീലാക്കടൽ
[കടപ്പാട]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel.
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.
Animal photos: Safari-Zoo of Ramat-Gan, Tel Aviv