ഞങ്ങളുടെ വായനക്കാരിൽ നിന്ന്
നീട്ടിവെപ്പ് “നീട്ടിവെപ്പ്—സമയത്തിന്റെ കവർച്ചക്കാരൻ” എന്ന ലേഖനം (ഏപ്രിൽ 8, 1995) പ്രായോഗികമായ ഒരു രീതിയിലും നർമബോധത്തോടെയുമാണ് എഴുതിയിരിക്കുന്നത്. നീട്ടിവെക്കുന്ന തീർത്തും മോശമായ ശീലം എനിക്കുള്ളതുകൊണ്ട് അതു വായിച്ചപ്പോൾ ഞാൻ തന്നെത്താൻ ചിരിച്ചുപോയി.
എഫ്. ബി. എച്ച്., ബ്രസീൽ
എന്റെ ജീവിതത്തിൽ, നീട്ടിവെപ്പ് ഒരു പതിവുശീലമായിരുന്നു. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം അതു തക്കസമയത്തു ലഭിച്ച വിവരമായിരുന്നു. അതിന്റെ എഴുത്തു നന്നായിരുന്നു. സമയം മെച്ചമായി ആസൂത്രണം ചെയ്യുന്നതിന് ആ വിവരം ഉപയോഗിക്കാനാണ് എന്റെ പരിപാടി. വ്യത്യസ്ത ലേഖനങ്ങൾക്കു നന്ദിപറഞ്ഞുകൊണ്ടു കത്തെഴുതാൻ പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ എനിക്കത് ഒരിക്കലും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിലിതാ ഇപ്പോൾ ഞാൻ അതു നിവർത്തിച്ചിരിക്കുന്നു!
എം. എച്ച്., ഐക്യനാടുകൾ
ഞാൻ മാസികയുടെ താളുകൾ മറിച്ചുനോക്കുമ്പോഴായിരുന്നു ആ ലേഖനം എന്റെ ശ്രദ്ധയിൽപ്പെട്ടത്. ലേഖനത്തിന്റെ ബാക്കി ഭാഗം പിന്നീടു വായിക്കാമെന്നു കരുതിക്കൊണ്ട് ഞാൻ മുഖവുര വായിച്ചു. എന്നാൽ അതിന്റെ പ്രാരംഭ വാക്കുകൾ ഇങ്ങനെയാണു പറഞ്ഞത്: “നിൽക്കൂ! ഈ ലേഖനത്തിന്റെ വായന നിർത്തരുത്!” നീട്ടിവെപ്പു മൂലം സമയം അപഹരിക്കപ്പെടാൻ ഞാൻ എന്നെത്തന്നെ അനുവദിച്ചിരുന്നതായി ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.
എ. ഇ., ഇറ്റലി
ഞാൻ ഒരു തയ്യൽക്കാരനാണ്. നീട്ടിവെപ്പ് എന്റെ ഒരു ജീവിതരീതിയായിരുന്നു. പട്ടിക തയ്യാറാക്കുന്നതും സാധനങ്ങൾ ഉചിതമായ സമയത്ത് ഏൽപ്പിക്കുന്നതും ഇടയ്ക്കു കയറിവരുന്ന കാര്യങ്ങൾക്ക് ആസൂത്രണം ചെയ്യുന്നതും ഞാൻ അവഗണിച്ചിരുന്നു. എന്നാൽ നിങ്ങളുടെ നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്താൻ ഇപ്പോൾ ഞാൻ പഠിച്ചിരിക്കുന്നു. ഞാൻ പ്രതിഫലങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
എസ്. എൻ., നൈജീരിയ
അന്ത്യനാളുകൾ ഒരു മുഴുസമയ ശുശ്രൂഷകയെന്ന നിലയിൽ, നമ്മുടെ പത്രികകൾക്കായി നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 1995 ഏപ്രിൽ 22 ലക്കത്തിൽ വിശേഷവത്കരിക്കപ്പെട്ട “ഇവ അന്ത്യനാളുകളോ?” എന്ന ലേഖന പരമ്പര വായിച്ചപ്പോൾ ഞാൻ സ്വയം ഇങ്ങനെ ചിന്തിച്ചു, ‘എത്ര വ്യക്തവും നേരാംവണ്ണമുള്ളതും നന്നായി ചിത്രീകരിക്കപ്പെട്ടതുമാണ് ഈ ലേഖനങ്ങൾ!’ ലേഖനത്തിന്റെ ക്രമീകരണരീതിയും അതിന്റെ ഒന്നാന്തരം ഫോട്ടോഗ്രാഫിയും ചിത്രങ്ങളുടെ അടിക്കുറിപ്പുകളും തീർച്ചയായും വസ്തുതകൾ മനസ്സിലാക്കാൻ സഹായിക്കുകയും ലേഖനങ്ങളെ വായിച്ചു ഗ്രഹിക്കാൻ എളുപ്പമുള്ളവയാക്കിത്തീർക്കുകയും ചെയ്തു. നമ്മുടെ അയൽക്കാർക്ക് അത്തരം വിവരങ്ങൾ നൽകുക എന്നത് ഒരു ആഹ്ലാദമായിരുന്നു!
ജെ. ബി., ഐക്യനാടുകൾ
ഷിങ്കൽസ് “ഷിങ്കൽസ്—വേദനയെ തരണം ചെയ്യൽ” എന്ന നിങ്ങളുടെ ലേഖനം ഞാൻ വായിച്ചു. (ഏപ്രിൽ 22, 1995) മൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ചർമത്തിൽ ഒരു തടിപ്പ് ഉണ്ടായി. അത് നിങ്ങളുടെ ലേഖനത്തിലെ ഷിങ്കൽസിന്റെ വിവരണത്തോട് വളരെ സമാനമായിരുന്നു. ഞാൻ ഡോക്ടറുടെ അടുത്തു പോകുകയും എനിക്കു ഷിങ്കൽസ് ആയിരിക്കാമെന്നു ഞാൻ വിചാരിച്ചതായി അദ്ദേഹത്തോടു പറയുകയും ചെയ്തു. തീർച്ചയായും, ഞാൻ “വളരെ അറിവുള്ളയാളാണെന്ന്” അദ്ദേഹം എന്നോടു പറഞ്ഞു—എന്റെ രോഗനിർണയം കൃത്യമായിരുന്നു! രോഗം തുടക്കത്തിൽത്തന്നെ കണ്ടുപിടിച്ചതുകൊണ്ട് മിക്ക ഷിങ്കൽസ് രോഗികൾക്കും ഉണ്ടാകുന്ന വേദനയുടെ നല്ലൊരു ഭാഗം എനിക്കുണ്ടാകുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ലേഖനത്തിനു നന്ദി!
കെ. ബി., ഐക്യനാടുകൾ
മട്രിയോഷ്ക “മട്രിയോഷ്ക—എന്തൊരു പാവ!” എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. (ഏപ്രിൽ 22, 1995) അതു വായിച്ചപ്പോൾ അതിന്റെ പ്രതിപാദനശൈലി എന്നെ അമ്പരപ്പിച്ചു. ഫോട്ടോകൾ മനോഹരമായിരുന്നു! ചെറുപ്പംമുതലേ ഈ പാവ എന്നെ ആകർഷിച്ചിരുന്നു. എന്നാൽ അതിന്റെ ഉത്ഭവത്തെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. ഒരെണ്ണം വാങ്ങിത്തരാൻ ഇപ്പോൾ എനിക്കാരെയെങ്കിലും നിർബന്ധിക്കേണ്ടിയിരിക്കുന്നു!
എം. റ്റി., ഇറ്റലി
ഗർഭച്ഛിദ്രം “യുവജനങ്ങൾ ചോദിക്കുന്നു . . . ഗർഭച്ഛിദ്രം—അതാണോ പരിഹാരം?” എന്ന ലേഖനം എന്റെ ശ്രദ്ധ പിടിച്ചെടുത്തു. (മാർച്ച് 8, 1995) ഇരുപത്തിനാലു വർഷംമുമ്പ്, അതായത് എനിക്കു 15 വയസ്സുണ്ടായിരുന്നപ്പോൾ ഞാൻ ഗർഭിണിയായി. ലേഖനത്തിൽ പരാമർശിച്ച പെൺകുട്ടികൾക്കുണ്ടായ വികാരങ്ങളുടെ അതേ തിരത്തള്ളൽ എനിക്കും അനുഭവപ്പെട്ടു. കുഞ്ഞിന്റെ പിതാവ് ഗർഭച്ഛിദ്രം നടത്താൻ എന്നെ പ്രോത്സാഹിപ്പിച്ചു. എന്നാൽ കുഞ്ഞിനെ വളർത്താനാണു ഞാൻ തീരുമാനിച്ചത്. എന്റെ പുരോഹിതൻ ഞാൻ കുഞ്ഞിനെ ദത്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അതിൽപ്പിന്നെ ഒരിക്കലും ഞാൻ കത്തോലിക്കാ പള്ളിയിൽ കാലു കുത്തിയില്ല! എങ്കിലും എന്റെ മാതാപിതാക്കൾ എന്റെ പിന്തുണയ്ക്കെത്തി. എന്റെ കുഞ്ഞിനെ ആത്മീയമായി അടിയുറച്ച ഒരു രീതിയിൽ വളർത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങി. യഹോവയുടെ സാക്ഷികൾ എന്റെ ഭവനത്തിൽ വന്നപ്പോൾ ഞാൻ ബൈബിളധ്യയനം നടത്താൻ സമ്മതിക്കുകയും താമസിയാതെതന്നെ സ്നാപനമേൽക്കുകയും ചെയ്തു. ഇന്നു ഞാൻ സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നു. എന്റെ മകനോ? അവൻ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു സേവിക്കുന്നു. ആദ്യത്തെ മറുവഴിയായ ഗർഭച്ഛിദ്രത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു. അതല്ല പരിഹാരം!
ജി. ജെ., ഐക്യനാടുകൾ