സൗഹൃദമുള്ള റോബിൻ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ചുവപ്പുകലർന്ന തവിട്ടുനിറം നമ്മുടെ നോർത്തുംബെർലാൻഡ് വനപ്രദേശങ്ങളെ ശരത്കാലത്തിന്റെ മഞ്ജുളമായ തുടക്കത്തിലേക്കു മാറ്റുന്നതിനു വളരെ മുമ്പുതന്നെ റോബിൻ അതിന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. അതിന്റെ ശോഭയുള്ള ചുവന്ന നെഞ്ചും പാട്ടിന്റെ മാറ്റൊലികൊള്ളുന്ന ശബ്ദാരോഹണവും നമ്മുടെ ഉദ്യാനത്തിനു നിറവും ആനന്ദവും പകരുന്നു. എന്തൊരു ഉല്ലാസപ്രദനായ ചങ്ങാതി!
തോളിന്റെയും തലയുടെയും പച്ചകലർന്ന തവിട്ടുനിറം, നെഞ്ചിന്റെയും കഴുത്തിന്റെയും നെറ്റിയുടെയും ഓറഞ്ചുകലർന്ന ചുവപ്പുനിറം, വെളുത്ത ഉദരം എന്നിവയാൽ റോബിനെ എളുപ്പം തിരിച്ചറിയാം. സദാ ജാഗ്രതയുള്ള, ഭംഗിയായി നിവർന്നു നിൽക്കുന്ന ഈ ഉരുണ്ട പക്ഷിക്കു കൊക്കിന്റെ അറ്റം മുതൽ വാലു വരെ 14 സെൻറീമീറ്റർ നീളമുണ്ട്. 1961-ൽ ബ്രിട്ടന്റെ ദേശീയ പക്ഷിയായി റോബിൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അതിശയിക്കാനില്ല.
അമേരിക്കൻ റോബിനെക്കാൾ ബ്രിട്ടീഷ് റോബിൻ ചെറുതാണ്. ഇംഗ്ലണ്ടിൽനിന്നുമുള്ള ആദിമ കുടിയേറ്റക്കാർ തങ്ങൾക്കു പരിചിതമായിരുന്ന റോബിൻ എന്ന പേർ അതിനു നൽകി. എന്നിരുന്നാലും, ബ്രിട്ടീഷ് റോബിനു തനതായൊരു സ്വഭാവമുണ്ട്.
ശരത്കാലം ആഗതമാകുമ്പോൾ ഏതൊരു ബ്രിട്ടീഷ് ഉദ്യാനത്തിലും റോബിനെ ഏറ്റവും കൂടുതലായി കാണാം. ഒരു വിര ഉപരിതലത്തിലേക്കു പൊന്തിവരുന്നതു കാത്ത്, അതു മണ്ണുവെട്ടുന്ന ഒരുവന്റെ അടുത്തുനിൽക്കും. പൂന്തോട്ടക്കാരൻ വിശ്രമിക്കുന്ന ചില അവസരങ്ങളിൽ, ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ട് റോബിൻ മൺവെട്ടിയിൻമേൽ കയറിയിരിക്കും. ഒരു തുരപ്പനെലിയുടെ പുതുതായി നിർമിച്ച മൺകൂനയിൽ സൂക്ഷ്മനിരീക്ഷണം നടത്തുവാനായി അതിന്റെ പാത പിന്തുടരുന്നതിൽ ഈ ധിക്കാരിയായ പക്ഷി പ്രസിദ്ധനാണ്. റോബിന്റെ ഭക്ഷണം, പ്രാണികൾ, വിത്തുകൾ, ബെറികൾ, വിരകൾ എന്നിങ്ങനെ വിഭിന്നമാണ്.
റോബിന്റെ കൂടു കണ്ടെത്തുന്നത് എന്തൊരു ആനന്ദമാണ്! ഒരു ഷെഡിന്റെ തുറന്ന ഏതൊരു വാതിലും ജനാലയും ഇണചേരുന്ന ജോടിക്കുള്ളൊരു ക്ഷണമാണ്. പഴയ പൂച്ചെട്ടികളിൽ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കെറ്റിലിൽ, കമ്പിചുരുളുകളിന്മേൽ, അല്ലെങ്കിൽ പൂന്തോട്ടക്കാരന്റെ കോട്ടിന്റെ പോക്കറ്റിൽ പോലും ദ്രുതഗതിയിൽ കൂടുകൾ നിർമിക്കപ്പെടാം! അസാധാരണമായ കൂടുനിർമാണസ്ഥലങ്ങൾ കണ്ടെത്തുന്നതിലുള്ള റോബിന്റെ നൈപുണ്യം അപരിമിതമാണ്.
നിങ്ങളുടെ കയ്യിൽനിന്നു തീറ്റികൊടുക്കുവാൻ ഏറ്റവും എളുപ്പം പരിശീലിപ്പിക്കുവാൻ കഴിയുന്ന പക്ഷികളിൽ ഒന്നാണു റോബിൻ. ശരത്കാലം സമീപിക്കവേ അതിന്റെ സ്വാഭാവിക ഭക്ഷ്യസംഭരണം കുറയുന്നു. അപ്പോൾ അല്പം ഭക്ഷണം, പാൽക്കട്ടിയുടെ കഷണങ്ങളോ ഭക്ഷ്യവസ്തുക്കളിലെ പുഴുക്കളോ നിങ്ങളുടെ കയ്യിൽ തുറന്നുപിടിക്കുകയും അല്പം നിങ്ങളുടെ സമീപത്ത് ഒരു കടലാസിലോമറ്റോ വെക്കുകയും ചെയ്യുക. കടലാസിലെ ഭക്ഷണം രണ്ടു മൂന്നു തവണ തിന്നുകഴിയുമ്പോൾ അതിന് ആത്മവിശ്വാസം കൈവരികയും അല്പം ഭക്ഷണം നിങ്ങളുടെ നീട്ടിപ്പിടിച്ചിരിക്കുന്ന കയ്യിൽനിന്നും എടുക്കുകയും ചെയ്യും. റോബിൻ ഒരിക്കലും നിങ്ങളുടെ വിരലുകളിന്മേൽ ഇരിക്കുകയില്ലെങ്കിലും അപ്പോൾ മുതൽ എന്നും നിങ്ങളെ തന്റെ സുഹൃത്തായി വീക്ഷിക്കും. അടുത്ത സീസണിൽ അതു മടങ്ങിവരുമ്പോൾ നിങ്ങളെ മറന്നിട്ടുണ്ടാവുകയില്ല—നിങ്ങളുടെ സുഹൃത്തായ റോബിനെ നിങ്ങൾ മറന്നിരിക്കുകയില്ലാത്തതു പോലെതന്നെ!