യുദ്ധമില്ലാത്ത ഒരു ലോകം സാധ്യമോ?
യുദ്ധത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും ഭയാനകമായ യാഥാർഥ്യങ്ങളെ വീണ്ടുമൊരിക്കലും കാണേണ്ടതോ അല്ലെങ്കിൽ അനുഭവിക്കേണ്ടതോ ഇല്ലാത്തതായി സങ്കൽപ്പിക്കുക. വെടിയുടെയോ ബോംബുകളുടെയോ ഒച്ച കേൾക്കേണ്ടതില്ലാത്തതായി, അരപ്പട്ടിണികളായ അഭയാർഥികളുടെ പാച്ചൽ ഒരിക്കലും വീക്ഷിക്കേണ്ടതില്ലാത്തതായി, നിങ്ങളോ അല്ലെങ്കിൽ പ്രിയപ്പെട്ട ആരെങ്കിലുമോ, ക്രൂരവും അർഥശൂന്യവുമായ ഏതെങ്കിലും ഏറ്റുമുട്ടലിൽ മരിക്കുമെന്ന് ഒരിക്കലും ആകുലപ്പെടേണ്ടതില്ലാത്തതായി സങ്കൽപ്പിക്കുക. യുദ്ധമില്ലാത്ത ഒരു ലോകത്തു ജീവിക്കുന്നത് എന്തോരനുഭവമായിരിക്കും!
‘സംഭാവ്യമായ ഒരു പ്രത്യാശയല്ല,’ നിങ്ങൾ പറയുമായിരിക്കും. എങ്കിലും സമാധാനപൂർണമായ ഒരു ലോകത്തിന്റെ ദൃശ്യം ഏതാനും വർഷങ്ങൾക്കുമുമ്പ് കത്തിജ്വലിച്ചു നിന്നിരുന്നു. 1990-ലും 1991-ലും, രാഷ്ട്രങ്ങൾ സുരക്ഷിതത്വത്തിന്റെയും സഹകരണത്തിന്റെയും ഒരു നവയുഗ കവാടത്തിങ്കലാണെന്നു പലരും പറയുന്നുണ്ടായിരുന്നു. ആ കാലഘട്ടത്തിന്റെ മനോഭാവത്തെ വ്യക്തമാക്കിക്കൊണ്ട്, ഐക്യനാടുകളുടെ ആ സമയത്തെ പ്രസിഡൻറ് ജോർജ് ബുഷ് കിളിർത്തുവരുന്ന “ഒരു പുതിയ ലോകക്രമ”ത്തെക്കുറിച്ചു പല സന്ദർഭങ്ങളിലും പ്രതിപാദിക്കുകയുണ്ടായി.
ഈ ശുഭാപ്തിവിശ്വാസം എന്തുകൊണ്ടായിരുന്നു? ശീതയുദ്ധം സമാപ്തിയിലെത്തിയിരുന്നു. 40 വർഷത്തിലേറെയായി ന്യൂക്ലിയർയുദ്ധത്തെക്കുറിച്ചുള്ള ഭീഷണി മനുഷ്യവർഗത്തിനു മീതെ, ഒരു നേർത്ത ചരടിൽ തൂക്കിയിട്ട വാൾ പോലെ അപകടകരമാംവിധം തൂങ്ങിക്കിടന്നിരുന്നു. എന്നാൽ കമ്മ്യുണിസത്തിന്റെ പതനത്തിനും സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും ശേഷം, ഒരു ന്യൂക്ലിയർ കൂട്ടക്കൊലയെക്കുറിച്ചുള്ള ഭീഷണി അപ്രത്യക്ഷമായി. ലോകം ഭയവിമുക്തമാക്കപ്പെട്ടു.
ആളുകൾ ഭാവിയെ ദൃഢവിശ്വാസത്തോടെ വീക്ഷിച്ചതിന്—ഇന്നും പലരും അങ്ങനെ ചെയ്യുന്നതിനും—മറ്റൊരു പ്രധാനപ്പെട്ട കാരണമുണ്ടായിരുന്നു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ശത്രുത, നാലു ദശകങ്ങളോളം ഐക്യരാഷ്ട്രങ്ങളെ വെറും കലഹിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാക്കിത്തീർത്തിരുന്നു. എന്നാൽ ശീതയുദ്ധത്തിന്റെ അന്ത്യം, എന്തുചെയ്യുന്നതിനുവേണ്ടിയാണോ യുഎൻ രൂപകൽപന ചെയ്യപ്പെട്ടത് അതു ചെയ്യാൻ തക്കവണ്ണം അതിനെ വിമുക്തമാക്കി—സാർവദേശീയ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കുന്നതിനുതന്നെ.
സമീപവർഷങ്ങളിൽ, യുദ്ധങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ യുഎൻ ശക്തമാക്കിയിട്ടുണ്ട്. അംഗരാഷ്ട്രങ്ങളിൽനിന്നുള്ള സൈനിക സന്നാഹങ്ങളോടെ 1994-നു മുമ്പുള്ള 4 വർഷങ്ങളിൽ, മുൻപത്തെ 44 വർഷങ്ങളിലേതിനേക്കാൾ കൂടുതലായി സമാധാനത്തിനായുള്ള സൈനികപ്രവർത്തനങ്ങളിൽ ഐക്യരാഷ്ട്രങ്ങൾ ഏർപ്പെട്ടിട്ടുണ്ട്. ലോകവ്യാപകമായി, സാധാരണ പൗരന്മാരും സൈനികരും ആയ ഏതാണ്ട് 70,000 ആളുകൾ 17 സൈനിക പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിച്ചു. 1994-ൽ സമാധാനപാലനത്തിനായി ചെലവഴിച്ചത് 330 കോടി ഡോളറായിരുന്നു. എന്നാൽ വെറും രണ്ടു വർഷത്തിനുള്ളിൽ അത് ഇരട്ടിയിലധികമായിരിക്കുന്നു.
സമീപകാലത്ത് യുഎൻ-ന്റെ സെക്രട്ടറി ജനറൽ ബുട്രോസ് ബുട്രോസ് ഖാലി ഇപ്രകാരം എഴുതി: “ഏതാണ്ട് 50 വർഷത്തിനു മുമ്പ് [യുഎൻ-ന് അടിസ്ഥാനമിട്ടപ്പോൾ] സാൻ ഫ്രാൻസിസ്ക്കോവിൽ സ്ഥാപിച്ച കൂട്ടസുരക്ഷിതത്വ വ്യവസ്ഥ, തുടക്കത്തിൽ ഉദ്ദേശിച്ചിരുന്നതുപോലെ ഒടുവിൽ പ്രവർത്തനമാരംഭിക്കുന്നതായി സൂചനകളുണ്ട്. . . . പ്രവർത്തനക്ഷമമായ ഒരു സാർവദേശീയ വ്യവസ്ഥ നേടിയെടുക്കുന്നതിനുള്ള പാതയിലാണു നാം.” ഈ വികസനങ്ങളൊക്കെയുണ്ടായിട്ടും ഒരു പുതിയ ലോകക്രമത്തിന്റെ ദൃശ്യം സത്വരം മങ്ങിക്കൊണ്ടിരിക്കുകയാണ്. യുദ്ധമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയെ ഇരുണ്ടതാക്കാൻ തക്കവണ്ണം എന്താണു സംഭവിച്ചത്? നാം എന്നെങ്കിലും ആഗോളസമാധാനം കാണുമെന്നു വിശ്വസിക്കുന്നതിനു കാരണമുണ്ടോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
War planes: USAF photo
Anti-aircraft guns: U.S. National Archives photo