ബൈബിളിന്റെ വീക്ഷണം
നൃത്തം ക്രിസ്ത്യാനികൾക്കുള്ളതോ?
“എനിക്കിതു കാണാൻ വയ്യ. ഞാൻ പുറത്തു പോകേണ്ടിവരും,” എന്ന് ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കവേ ആ ചെറുപ്പക്കാരൻ തന്റെ ഭാര്യയോടു മന്ത്രിച്ചിട്ട് തണുത്ത രാത്രിയിൽ ഒന്നു നടക്കാനായി അദ്ദേഹം ആ മുറി വിട്ടുപോയി. അദ്ദേഹം അസ്വസ്ഥനായിരുന്നു.
സുഹൃത്തുക്കൾ അദ്ദേഹത്തെയും ഭാര്യയെയും ഒരു സാമൂഹിക പരിപാടിക്കു ക്ഷണിച്ചതായിരുന്നു. മൂന്നു സ്ത്രീകൾ നൃത്തം ചെയ്യുന്നത് ഉൾപ്പെട്ട കലാപരിപാടികൾ നടത്താൻ ആതിഥേയർ തീരുമാനിച്ചു. ശേഷിച്ച സദസ്സ് അസ്വസ്ഥതയൊന്നും തട്ടാത്തതായി കാണപ്പെട്ടു. അദ്ദേഹം അമിത ലോലമനസ്ക്കനായിരുന്നോ? നർത്തകികൾ ആന്തരിക വികാരങ്ങൾ കേവലം പ്രകടിപ്പിക്കുകയും നൃത്തസ്വാതന്ത്യം ആസ്വദിക്കുകയുമായിരുന്നില്ലേ? നൃത്തത്തെ ക്രിസ്തീയ വീക്ഷണകോണത്തിൽനിന്നു മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.
നൃത്തം ആശയവിനിമയമാർഗം
മനുഷ്യർ ആശയവിനിയമം ചെയ്യുന്ന മാർഗങ്ങളിൽ ഒന്ന് അംഗവിക്ഷേപങ്ങൾ അല്ലെങ്കിൽ ചലനങ്ങൾ ആണ്. ഉദാഹരണത്തിന്, ഒരു വിദേശ രാജ്യത്തായിരിക്കുമ്പോൾ, തങ്ങൾ നിർദോഷമായി പരിഗണിക്കുന്ന ഒരു ചലനത്തിനു വ്യത്യസ്തമായ, ഒരുപക്ഷേ അനഭികാമ്യമായ അർഥം ഉണ്ടെന്നു മനസ്സിലാക്കുന്നത് അനേകം സന്ദർശകരെ അതിശയിപ്പിച്ചിരിക്കുന്നു. സോളമൻ ദ്വീപുകൾ, മലേഷ്യ, പാപ്പുവ ന്യൂ ഗിനി എന്നിവിടങ്ങളിലെ ഒരു മുൻ മിഷനറി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ചില സ്ഥലങ്ങളിൽ ചില ശാരീരിക ചലനങ്ങൾ ലൈംഗിക സൂചനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു സ്ത്രീ തറയിലിരിക്കുമ്പോൾ അവളുടെ കാലുകൾക്കു മീതെകൂടി ഒരു പുരുഷൻ കവച്ചുകടക്കുന്നത് അനുചിതമാണെന്നു പരിഗണിക്കപ്പെടുന്നു. തറയിലിരിക്കുന്ന ഒരു പുരുഷന്റെ മുന്നിലൂടെ സ്ത്രീ നടക്കുന്നത് അതുപോലെതന്നെ അവിവേകമാണ്. രണ്ടു സംഗതിയിലും ലൈംഗിക ധ്വനി പെട്ടെന്നു ദർശിക്കപ്പെടുന്നു. നാം അതേക്കുറിച്ചു ബോധവാന്മാരായിരുന്നാലും ഇല്ലെങ്കിലും, നമ്മുടെ ശരീരചലനങ്ങൾ സംസാരിക്കുന്നു. ആയതിനാൽ, ഒരു ആശയവിനിമയ രൂപമെന്നനിലയിൽ നൃത്തം ചരിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നു എന്നതു നമ്മെ അതിശയിപ്പിക്കരുത്.
ഒരു ആഘോഷത്തിന്റെ സന്തോഷവും ആഹ്ലാദവുംമുതൽ മതചടങ്ങിന്റെയോ പാരമ്പര്യത്തിന്റെയോ കർമാനുഷ്ഠാനംവരെയുള്ള വികാരങ്ങളുടെ പൂർണവ്യാപ്തി നൃത്തത്തിൽ പ്രകടിപ്പിക്കപ്പെടാവുന്നതാണ്. (2 ശമൂവേൽ 6:14-17; സങ്കീർത്തനങ്ങൾ 149:1, 3) ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “നർത്തകൻ രണ്ടു വ്യതിരിക്ത വിധങ്ങളിൽ സദസ്സുമായി ആശയവിനിയമം ചെയ്യുന്നു, ശരീരംകൊണ്ടും അതുപോലെതന്നെ മുഖംകൊണ്ടും ഉള്ള ഒരു വികാര ചൊരിയലിലൂടെ അല്ലെങ്കിൽ ഹാസ്യാനുകരണത്തിന്റെയും അംഗവിക്ഷേപത്തിന്റെയും ഒരു സങ്കീർണ ഭാഷയിലൂടെ.” ചില നൃത്തങ്ങളിലെ ആശയവിനിയമം വളരെ എളുപ്പം ഗ്രഹിക്കാവുന്നത് ആയിരുന്നേക്കാം. മറ്റു നൃത്തരൂപങ്ങളിൽ, പാണ്ഡിത്യമുള്ള ചിലർക്കു മാത്രമേ പ്രസ്തുത ഭാഷ മനസ്സിലായേക്കുകയുള്ളൂ. ഉദാഹരണത്തിന്, ക്ലാസിക്കൽ ബാലേനൃത്തത്തിൽ ഹൃദയത്തിന്മേലുള്ള കൈ സ്നേഹത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഇടതു കൈയിലെ നാലാം വിരലിലേക്കു ചൂണ്ടുന്നതു വിവാഹത്തെ അർഥമാക്കുന്നു. ചൈനീസ് സംഗീത നാടകത്തിൽ വൃത്തത്തിൽ നടക്കുന്നതു യാത്രയെ സൂചിപ്പിക്കുന്നു; എന്നാൽ തിരശ്ചീനമായുള്ള ഒരു ചമ്മട്ടി പിടിച്ചുകൊണ്ടു സ്റ്റേജിനു വലംവെക്കുന്നതു കുതിരസവാരിയെ അർഥമാക്കുന്നു; സ്റ്റേജിനു വിലങ്ങനെ ഇഴച്ചുവലിക്കുന്ന ഒരു കറുത്ത കൊടി കൊടുങ്കാറ്റിനെ കുറിക്കുമ്പോൾ ഇളംനീല കൊടി ഇളംകാറ്റിനെ സൂചിപ്പിക്കുന്നു. അങ്ങനെ നൃത്തചലനങ്ങളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും ശരീരം ആശയവിനിയമം ചെയ്യുന്നു. പക്ഷേ ആ സന്ദേശം എല്ലായ്പോഴും ഉചിതമായതാണോ?
നൃത്തം—ഉചിതവും അനുചിതവും
നൃത്തം വിനോദത്തിന്റെയും വ്യായാമത്തിന്റെയും ഒരു ഉല്ലാസകരമായ രൂപമായിരിക്കാവുന്നതാണ്. ജീവിച്ചിരിക്കുന്നതിന്റെ ആനന്ദത്തോടുള്ള സന്തോഷകരമായ ശാരീരിക പ്രതികരണത്തെ അല്ലെങ്കിൽ യഹോവയുടെ നന്മയോടുള്ള വിലമതിപ്പിനെ കാണിക്കുന്ന ഒരു ശുദ്ധമായ നിഷ്കളങ്ക പ്രകടനമായിരിക്കാം ഇത്. (പുറപ്പാടു 15:20; ന്യായാധിപന്മാർ 11:34) ചില സമൂഹ നൃത്തങ്ങളും നാടോടിനൃത്തങ്ങളും ആസ്വാദ്യമായിരിക്കാവുന്നതാണ്. ധൂർത്ത പുത്രനെ കുറിച്ചുള്ള തന്റെ ഉപമയിൽ ആഘോഷങ്ങളുടെ ഭാഗമെന്നനിലയിൽ നർത്തകരുടെ സമൂഹത്തെ, തെളിവനുസരിച്ചു കൂലിക്കെടുത്ത ഒരു നൃത്തസംഘത്തെ, യേശു പോലും പരാമർശിച്ചു. (ലൂക്കൊസ് 15:25) അതുകൊണ്ടു സ്പഷ്ടമായും, ബൈബിൾ നൃത്തത്തെ അതിൽത്തന്നെ കുറ്റംവിധിക്കുന്നില്ല. എന്നാൽ, തെറ്റായ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ഉദ്ദീപനത്തിനെതിരെ അതു മുന്നറിയിപ്പു നൽകുകതന്നെ ചെയ്യുന്നു. ഈ സംഗതിയിലാണ് ചിലതരം നൃത്തം മാന്യതയില്ലാത്തതോ ഒരുവന്റെ ആത്മീയതക്ക് അപകടകരംപോലുമോ ആയിരുന്നേക്കാവുന്നത്. (കൊലൊസ്സ്യർ 3:5) പുരാതനകാലം മുതൽക്കെ ചില അവസരങ്ങളിൽ നൃത്തം രതിയെ ഉണർത്തുന്നതും ഉപദ്രവകരമായ ഉദ്ദേശ്യങ്ങൾക്ക് ഉതകുന്നതുമായിരുന്നിട്ടുണ്ട്.—മത്തായി 14:3-11 താരതമ്യം ചെയ്യുക.
നൃത്തചലനങ്ങളെ അനുചിത ചിന്തകളുമായി ബന്ധിപ്പിക്കുന്നതു തന്റെ കരങ്ങളിലെ ശക്തമായ ഒരു ആയുധമാണെന്നു നമ്മുടെ എതിരാളിയായ പിശാചായ സാത്താനറിയാം. (യാക്കോബ് 1:14, 15 താരതമ്യം ചെയ്യുക.) ശരീരചലനത്തിന്റെ വിഷയാസക്ത പ്രലോഭനത്തെയും അതിന് എങ്ങനെ കാമചിന്തകൾ ഉണർത്താൻ കഴിയുമെന്നതിനെയും കുറിച്ച് അവനു നന്നായി അറിയാം. നമ്മുടെ “മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമലതയും വിട്ടു വഷളായിപ്പോ”കേണ്ടതിനു നമ്മെ വശീകരിക്കാൻ സാത്താൻ തുനിഞ്ഞിറങ്ങിയിരിക്കുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി. (2 കൊരിന്ത്യർ 11:3) അശ്ലീലനൃത്തം വീക്ഷിക്കുന്നതിനാലോ അതിൽ പങ്കെടുക്കുന്നതിനാലോ നമ്മുടെ മനസ്സ് അധാർമിക ചിന്തയിൽ കുരുങ്ങാൻ നാം അനുവദിക്കുന്നുവെങ്കിൽ പിശാച് എത്ര സന്തുഷ്ടനായിരിക്കുമെന്നു സങ്കല്പിക്കുക. അനിയന്ത്രിത അഭിലാഷങ്ങൾ നാം കെട്ടഴിച്ചുവിട്ട് അനുചിത പെരുമാറ്റത്തിന്റെ വേദനാകരമായ പരിണതഫലത്തിൽ അകപ്പെടുന്നെങ്കിൽ അവൻ കൂടുതൽ ആഹ്ളാദിതനായിരിക്കും. പുരാതനകാലത്ത് ആ ഉദ്ദേശ്യത്തിൽ ചലനവും നൃത്തവും അവൻ ഉപയോഗിച്ചിട്ടുണ്ട്.—പുറപ്പാടു 32:6, 17-19 താരതമ്യം ചെയ്യുക.
ഉചിതമോ അനുചിതമോ—നിർണയിക്കുന്ന വിധം
തത്ഫലമായി, നൃത്തം ചെയ്യുന്നത് സംഘങ്ങളോ ജോടികളോ ഒരാൾ മാത്രമോ ആയിരുന്നാലും, ചലനങ്ങൾ നിങ്ങളിൽ ദുഷിച്ച ചിന്തകൾ ഉണർത്തുന്നെങ്കിൽ, ആ നൃത്തം നിങ്ങൾക്കു ഹാനികരമാണ്, മറ്റുള്ളവർക്ക് അല്ലാതിരുന്നേക്കാമെങ്കിലും.
ആധുനിക നൃത്തങ്ങളിൽ പങ്കാളികൾ പരസ്പരം സ്പർശിക്കുന്നുപോലുമില്ലെന്നു ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ സ്പർശിക്കുന്നതാണോ യഥാർഥത്തിൽ പ്രശ്നം? ബ്രിട്ടാനിക്ക ഇങ്ങനെ പറഞ്ഞുകൊണ്ട് ഉപസംഹരിക്കുന്നു: “ആലിംഗനം ചെയ്താലും അർധബോധത്തോടെ നിരീക്ഷിച്ചാലും അന്തിമ ഫലം ഒന്നുതന്നെയാണ്—നൃത്തത്തിലെ ശാരീരിക ഉല്ലാസവും ഒരു പങ്കാളിയുടെ ലൈംഗിക ഉണർച്ചയും.” വിവാഹബന്ധത്തിനു വെളിയിൽ “ഒരു പങ്കാളിയുടെ ലൈംഗിക ഉണർച്ച” ജ്ഞാനപൂർവകമാണോ? “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” എന്ന യേശുവിന്റെ പ്രസ്താവനയനുസരിച്ച്, അല്ല.—മത്തായി 5:28.
നൃത്തംചെയ്യണമോ വേണ്ടയോ എന്നതു നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുന്നതു വിവേകത്തോടെ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ഈ നൃത്തത്തിന്റെ ഉദ്ദേശ്യം എന്താണ്? എന്താണിതിന്റെ കീർത്തി? നൃത്തചലനങ്ങൾ എന്താണ് ഊന്നിപ്പറയുന്നത്? എന്തു ചിന്തകളും വികാരങ്ങളുമാണ് അവ എന്നിൽ ഇളക്കിവിടുന്നത്? എന്റെ പങ്കാളിയിൽ അല്ലെങ്കിൽ നിരീക്ഷിക്കുന്നവരിൽ അവ എന്ത് ആഗ്രഹങ്ങളാണ് ഉണർത്തുക? തീർച്ചയായും, മറ്റുള്ളവർ എന്തുചെയ്യുന്നുവെന്നതു പരിഗണിക്കാതെ, നമ്മുടെ ആമുഖത്തിലെ ചെറുപ്പക്കാരനായ ഭർത്താവു ചെയ്തതുപോലെ ഒരുവൻ തന്റെ മനസ്സാക്ഷിയോടു പ്രതികരിക്കണം.
സൗന്ദര്യം, താളം, ലാവണ്യം തുടങ്ങിയ ദാനങ്ങൾ നാം ആസ്വദിക്കണമെന്നു സ്രഷ്ടാവ് ആഗ്രഹിക്കുന്നതായി ബൈബിൾ സൂചിപ്പിക്കുന്നു. അതേ, അവ ആസ്വദിക്കുക—പക്ഷേ നിങ്ങൾ നൃത്തം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം സംസാരിക്കുന്നുവെന്നു മനസ്സിൽ പിടിക്കുക. ഫിലിപ്പിയർ 4:8-ലെ പൗലോസിന്റെ മാർഗനിർദേശങ്ങൾ ഓർമിക്കുക: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ച്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Picture Fund/Courtesy, Museum of Fine Arts, Boston