യാറെയിലെ നൃത്തംചവിട്ടുന്ന ചെകുത്താൻമാർ
വെയിലുറച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. എങ്കിലും നല്ല ചൂടുണ്ടായിരുന്നു. പരമ്പരാഗതമായ മുഴു വേഷവിധാനങ്ങളുമണിഞ്ഞ ഒരു കൂട്ടം പുരുഷൻമാരെ കണ്ടപ്പോൾ അവർക്ക് ഈ പൊള്ളുന്ന ചൂട് എങ്ങനെ സഹിക്കാൻ കഴിയുന്നുവെന്ന് ഞങ്ങൾ അതിശയിച്ചു! വെനെസ്വേലയിലെ ഒരു കൊച്ചു കാർഷിക പട്ടണമായ സാൻ ഫ്രാൻസിസ്കോ ദെ യാറെ സന്ദർശിക്കുകയായിരുന്നു ഞങ്ങൾ. വേഷവിധാനങ്ങളണിഞ്ഞു നിൽക്കുന്ന പുരുഷൻമാർ പ്രശസ്തരായ ദ്യാബ്ലോസ് ദാൻസാന്റെസ് ദെ യാറെ അഥവാ യാറെയിലെ നൃത്തംചവിട്ടുന്ന ചെകുത്താൻമാർ ആയിരുന്നു.
വെനെസ്വേലയിലെ ജനങ്ങളിലധികവും കത്തോലിക്കരാണ്. ബൈബിളിൽ വിശ്വസിക്കുന്നുവെന്ന് അവർ അവകാശപ്പെടുകയും ചെയ്യുന്നു. എങ്കിലും, മുഖ്യമായും ഭൂതങ്ങളെ ചിത്രീകരിക്കുന്ന ആചാരപരമായ നൃത്തങ്ങൾ തലമുറകളായി പ്രാദേശിക സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നിട്ടുണ്ട്. കത്തോലിക്കാ സഭ ആ നൃത്തങ്ങൾക്ക് അനുവാദം നൽകുന്നുവെന്നു മാത്രമല്ല, വാസ്തവത്തിൽ അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യാറെയിലെ നൃത്തംചവിട്ടുന്ന ചെകുത്താൻമാരുടെ കാര്യത്തിൽ ഇതാണു സംഭവിക്കുന്നത്.
യാറെയിൽ ചെന്നപ്പോൾ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒരു കത്തോലിക്കാ സംഘടനയായ ബ്രദർഹുഡ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെൻറിന്റെ പ്രാദേശിക ആസ്ഥാനം നൃത്തംചവിട്ടുന്ന ചെകുത്താൻമാരുടെയും ആസ്ഥാനമായി വർത്തിക്കുന്നു. ആ കെട്ടിടം അറിയപ്പെടുന്നത് കാസാ ദെ ലോസ് ദ്യാബ്ലോസ് (ചെകുത്താന്മാരുടെ ഗൃഹം) എന്നാണ്. അതൊരു ബുധനാഴ്ചയായിരുന്നു, കത്തോലിക്കരുടെ തിരുവത്താഴസ്മാരകാഘോഷത്തിന്റെ തലേന്നാൾ. കെട്ടിടത്തിനു വെളിയിൽ അനേകം പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ അണിനിരന്നിട്ടുണ്ടായിരുന്നു. പെട്ടെന്ന്, ഉച്ചത്തിലുള്ള ചെണ്ടകൊട്ട് ആരംഭിച്ചു, ചെകുത്താൻവേഷം കെട്ടിയ കുറെപ്പേർ നൃത്തം തുടങ്ങി.
ചെകുത്താൻ നർത്തകരുടെ വേഷവിധാനങ്ങൾ
ഓരോ നർത്തകനും ചുവന്ന ഷർട്ടും ചുവന്ന പാൻറ്സും ചുവന്ന സോക്സും വാർച്ചെരുപ്പുകളും ധരിച്ചിരുന്നു. ഓരോരുത്തരുടെയും കഴുത്തിൽ കൊന്തയും കുരിശും കത്തോലിക്കരുടെ കാശുരൂപവും ഉണ്ടായിരുന്നു. മറ്റൊരു കുരിശ് വസ്ത്രത്തിൽ പിടിപ്പിച്ചിരുന്നു. എല്ലാവരും ഒരു കയ്യിൽ പൈശാചികമായി തോന്നിക്കുന്ന ചുരയ്ക്ക കുടുക്കയും മറ്റേ കയ്യിൽ ഒരു ചെറിയ ചാട്ടവാറും പിടിച്ചിരുന്നു. എന്നാൽ ഇതിനെക്കാളെല്ലാം വിചിത്രമായി തോന്നിച്ചത്, അറപ്പുളവാക്കുന്ന വളരെ വലിയ ബഹുവർണ മുഖംമൂടികളായിരുന്നു. കൊമ്പുകളും തുറിച്ച കണ്ണുകളും പലപ്പോഴും കൊമ്പൻ പല്ലുകളും അവയ്ക്കുണ്ടായിരുന്നു. ഓരോ മുഖംമൂടിയും ചുവന്ന തുണികൊണ്ടുള്ള ഒരു നീണ്ട ശിരസ്കവുമായി ബന്ധിപ്പിച്ചിരുന്നു.
പലതരം നർത്തകരുള്ളതായി ഞങ്ങൾ മനസ്സിലാക്കി. പ്രധാന കാപ്പാറ്റാസ് അഥവാ മേൽവിചാരകൻ ദ്യാബ്ലോ മായോർ അഥവാ ചെകുത്താൻ പ്രധാനി എന്നും അറിയപ്പെട്ടിരുന്നു. അയാളുടെ മുഖംമൂടിയിൽ നാലു കൊമ്പുകളുണ്ട്. സാധാരണഗതിയിൽ അയാളെ തിരഞ്ഞെടുക്കുന്നത് അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലാണ്. ഉപമേൽവിചാരകന് അഥവാ സെഗുണ്ടോ കാപ്പാറ്റാസിന് മൂന്നു കൊമ്പുകളുണ്ട്. പ്രത്യേക പദവിയൊന്നുമില്ലാത്ത സാധാരണ നർത്തകർക്ക് രണ്ടെണ്ണമേയുള്ളൂ. നർത്തകരിൽ ചിലർ പ്രോമെസെറോസ് അതായത്, വർഷത്തിലൊരു തവണ വീതം ഇത്ര കൊല്ലത്തേക്ക് അല്ലെങ്കിൽ ഒരുപക്ഷേ ആയുഷ്കാലം മുഴുവൻ നൃത്തം ചെയ്തുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ആളുകളാണ്. ദൈവം തങ്ങളുടെ ഒരു പ്രത്യേക അപേക്ഷ നിവർത്തിച്ചുതന്നുവെന്നു വിശ്വസിക്കുന്ന ആളുകളാണ് സാധാരണഗതിയിൽ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നത്, അല്ലെങ്കിൽ നേർച്ച നേരുന്നത്.
പള്ളിയിലേക്ക്
ഉച്ചയാകുമ്പോഴേക്കും നർത്തകർ തങ്ങളുടെ ആസ്ഥാനത്തുനിന്ന് ആ പ്രദേശത്തുള്ള പള്ളിയിലേക്കു പോകുന്നു. തങ്ങളുടെ ബാക്കി ഘോഷയാത്രയ്ക്കുവേണ്ടി പുരോഹിതന്റെ അനുമതി വാങ്ങാനാണ് അവർ അവിടേക്കു പോകുന്നത്. നൃത്തംചവിട്ടുന്ന ചെകുത്താൻമാർ പള്ളിക്കു വെളിയിൽവെച്ച് പുരോഹിതനെ കണ്ടുമുട്ടുന്നു. അനുഗ്രഹം ഏറ്റുവാങ്ങുന്നതിനായി അവർ മുട്ടുകുത്തുന്നു. അതിനുശേഷം അവർ പട്ടണത്തിലെ തെരുവുകളിലൂടെ, ചിലപ്പോൾ വീടുകൾതോറും, നൃത്തംചവിട്ടിക്കൊണ്ടു നീങ്ങുന്നു. മിക്ക വീട്ടുകാരും മിഠായികളും പാനീയങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും നൽകി നൃത്തംചവിട്ടുന്ന ചെകുത്താൻമാരെ അഭിവാദനം ചെയ്യുന്നു. ഈ ഘോഷയാത്ര അപരാഹ്നം മുഴുവനും ഇടതടവില്ലാതെ തുടരുന്നു.
പിറ്റേന്നു രാവിലെ പള്ളിയിൽ കുർബാന ആരംഭിക്കുമ്പോൾ നർത്തകർ വീണ്ടും കാസാ ദെ ലോസ് ദ്യാബ്ലോസിൽ കൂടിവരുന്നു. ചെണ്ടകളുടെ താളത്തിനൊത്ത് തങ്ങളുടെ ചുരയ്ക്ക കുടുക്കകൾ കിലുക്കിക്കൊണ്ട് അവർ ശ്മശാനത്തിലേക്ക് നൃത്തംചവിട്ടി യാത്രയാവുന്നു. ശ്മശാനത്തിൽ സ്ഥാപിച്ചിരിക്കുന്ന അൾത്താരയ്ക്കു മുന്നിൽനിന്ന് അവർ മരിച്ചുപോയ സുഹൃത്തുക്കൾക്കു ബഹുമതി അർപ്പിക്കുന്നു. ഈ ചടങ്ങിന്റെ സമയത്ത് ചെണ്ടകളുടെ താളം മന്ദഗതിയിലാണ്. അതുകഴിയുമ്പോൾ അന്ധവിശ്വാസപരമായ ഒരു ഭയം നിമിത്തം അൾത്താരയ്ക്കു പുറംതിരിയാതെ പുറകോട്ടു നടന്ന് അവർ ശ്മശാനത്തിനു വെളിയിൽ കടക്കുന്നു. അവിടെനിന്ന് അവർ പള്ളിയിലേക്കു പോയി കുർബാന കഴിയാനായി കാത്തുനിൽക്കുന്നു.
പുരോഹിതന്റെ ആശീർവാദം
കുർബാന കഴിയുമ്പോൾ പുരോഹിതൻ പുറത്തേക്കു വന്ന് നർത്തകരെ ആശീർവദിക്കുന്നു. ശിരസ്സു നമിച്ച്, മുട്ടുകുത്തി നിന്നാണ് നർത്തകർ അനുഗ്രഹം ഏറ്റുവാങ്ങുന്നത്. അവരുടെ മുഖംമൂടികൾ ശിരസ്കത്തിൽനിന്നു തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. ഇത് തിന്മയുടെമേലുള്ള നന്മയുടെ വിജയത്തെ പ്രതീകവത്കരിക്കുന്നു. പുരോഹിതൻ ചെകുത്താൻ പ്രധാനിയുടെ അടുത്ത് ഉപവിഷ്ടനാകുന്നു. രണ്ടുപേരും പുതിയ പ്രോമെസെറോസിന്റെ പ്രതിജ്ഞകൾക്കു ശ്രദ്ധകൊടുക്കുന്നു. നൃത്തം ചെയ്യാമെന്നു പ്രതിജ്ഞ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും എത്ര വർഷത്തേക്കു ചെയ്യുമെന്നുമൊക്കെ പ്രോമെസെറോസ് വിശദീകരിക്കുന്നു.
ചെണ്ടകൊട്ടുകാർ തങ്ങളുടെ ചെണ്ടകൊട്ടിന്റെ വേഗതകൂട്ടുന്നു. ആ ദ്രുതതാളത്തിനൊത്ത് ശരീരം ഇളക്കുകയും ചുരയ്ക്ക കുടുക്കകൾ ശക്തിയായി കിലുക്കുകയും ചെയ്തുകൊണ്ട് നൃത്തംചവിട്ടുന്ന ചെകുത്താൻമാർ പ്രതികരിക്കുന്നു. സ്ത്രീകളും നൃത്തംചെയ്യാറുണ്ട്, എങ്കിലും അവർ ചെകുത്താൻവേഷം കെട്ടാറില്ല. അവർ ചുവന്ന പാവാടയും വെള്ള ബ്ലൗസും ധരിച്ച് തലയിൽ വെള്ളയോ ചെമപ്പോ നിറത്തിലുള്ള കൈലേസുകൾ കെട്ടുന്നു. ഘോഷയാത്രയുടെ ഒരു ഘട്ടത്തിൽ നൃത്തംചവിട്ടുന്ന ചെകുത്താൻമാരിൽ ചിലർ തങ്ങളുടെ പാലക പുണ്യവാളന്റെ പ്രതിമ തോളിൽ വഹിക്കുന്നു. പട്ടണത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു കുരിശിനെ വണങ്ങിയശേഷം നർത്തകർ പള്ളിയങ്കണത്തിൽ അണിനിരക്കുന്നു. അതോടെ ഘോഷയാത്ര അവസാനിക്കുകയായി.
യഹോവയുടെ സാക്ഷികൾക്കുള്ളതല്ല
ഇത് വിനോദസഞ്ചാരികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം രസകരമായ ഒരു അനുഭവമായിരുന്നു. യാറെ എന്ന കൊച്ചുപട്ടണം സന്ദർശിച്ചപ്പോൾ നൃത്തംചവിട്ടുന്ന ചെകുത്താൻമാരുടെ പൊതുനിരത്തിലെ പ്രകടനങ്ങൾ ഞങ്ങൾക്കു കാണേണ്ടിവന്നു. എങ്കിലും, വെനെസ്വേലയിലെ 70,000-ത്തിലധികം വരുന്ന മറ്റു യഹോവയുടെ സാക്ഷികളെപ്പോലെതന്നെ ക്രിസ്ത്യാനികളെന്ന നിലയിൽ ഞങ്ങളും യാറെയിലെ നൃത്തംചവിട്ടുന്ന ചെകുത്താൻമാരുടെ ആഘോഷങ്ങളിലോ സമാനമായ മറ്റു ഘോഷയാത്രകളിലോ പങ്കെടുക്കുന്നില്ല.
എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ ഞങ്ങൾ അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകൾ അനുസരിക്കുന്നു: “നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.” (1 കൊരിന്ത്യർ 10:20, 21)—സംഭാവന ചെയ്യപ്പെട്ടത്.