ഉത്തമ പരിഹാരം കണ്ടെത്തൽ
മോട്ടോർവാഹനങ്ങൾമൂലമുള്ള മലിനീകരണത്തിന്റെ ഇപ്പോഴത്തെ പ്രശ്നം ഉൾപ്പെടെയുള്ള മനുഷ്യവർഗത്തിന്റെ എല്ലാ പ്രശ്നങ്ങളെയും ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറ് പരിഹരിക്കുന്ന ഒരു സമയത്തെക്കുറിച്ചു ദൈവവചനമായ ബൈബിൾ സംസാരിക്കുന്നു. അനേകർ പ്രാർഥിക്കാൻ പഠിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മിശിഹൈക രാജ്യം, ഒട്ടും മലിനീകരണം ഇല്ലാത്ത ഒരു മോട്ടോർവാഹനം ഉത്പാദിപ്പിച്ചുകൊണ്ടാണോ ഉത്തമ പരിഹാരം പ്രദാനം ചെയ്യുന്നത്? അതോ ഈ ഭൂമിയിൽനിന്ന് എല്ലാ മോട്ടോർവാഹനങ്ങളെയും നീക്കം ചെയ്തുകൊണ്ടാണോ ഉത്തമ പരിഹാരം സാധ്യമാക്കുക? ബൈബിൾ നമുക്കു കൃത്യമായ ഉത്തരമൊന്നും നൽകാത്തതിനാൽ കാത്തിരുന്നു കാണുകയല്ലാതെ നിവൃത്തിയില്ല.—മത്തായി 6:9, 10.
എന്നാൽ, ദൈവത്തിന്റെ ഗവൺമെൻറ് കൊണ്ടുവരുന്ന പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിലെ സൃഷ്ടികളുടെ സൗന്ദര്യത്തെ വികലമാക്കാൻ ആ രാജ്യം മലിനീകരണത്തെ അനുവദിക്കുകയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—യെശയ്യാവു 35:1, 2, 7; 65:17-25.
ദൈവവചനം അനുസരിക്കുന്നവർ മലിനീകരണമില്ലാത്ത ഒരു പുതിയ ലോകത്തിലെ ജീവിതത്തിനുവേണ്ടി ഇപ്പോൾത്തന്നെ പരിശീലിപ്പിക്കപ്പെടുന്നതിനാൽ മോട്ടോർവാഹനങ്ങളുടെ ഇന്നത്തെ ഉപയോഗം സംബന്ധിച്ച് അവർ എങ്ങനെയാണു വിചാരിക്കേണ്ടത്? 1987 ജൂൺ 22-ലെ ഉണരുക! (ഇംഗ്ലീഷ്) “നമ്മുടെ വനങ്ങൾക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു” എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന വായു മാലിന്യകാരികളും വനങ്ങളുടെ നശീകരണവും തമ്മിൽ ബന്ധമുള്ളതായി ചില ശാസ്ത്രജ്ഞൻമാർ വിചാരിക്കുന്നുവെന്ന് അതു റിപ്പോർട്ടു ചെയ്തു. ഈ വസ്തുതയുടെ വെളിച്ചത്തിൽ ക്രിസ്ത്യാനികൾ കാറുകൾ ഓടിക്കുന്നത് ഉചിതമാണോയെന്നു ചോദിച്ചുകൊണ്ട് വാച്ച്ടവർ സൊസൈറ്റിക്ക് എഴുതാൻ ഇതു ചിന്താകുലനായ ഒരു വായനക്കാരനെ പ്രേരിപ്പിച്ചു. അങ്ങനെ ചെയ്യുന്നതു യഹോവയുടെ സൃഷ്ടിയോടുള്ള അനാദരവു പ്രകടമാക്കുകയാണോ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം.
അദ്ദേഹത്തിന്റെ എഴുത്തിനു മറുപടി നൽകി. അതിന്റെ ഒരു ഭാഗം പിൻവരുന്നതുപോലെയാണ്: “മലിനീകരണം കുറയ്ക്കുന്നതിനു ഗവൺമെൻറ് അധികാരികൾ നടപ്പിലാക്കുന്ന പരിസ്ഥിതി നിയമങ്ങൾ യഹോവയുടെ സാക്ഷികൾ വിശ്വസ്തമായി അനുസരിക്കുന്നു. (റോമർ 13:1, 7; തീത്തൊസ് 3:1) ഗവൺമെൻറ് ആവശ്യപ്പെടുന്നതിലധികമായി നടപടികൾ സ്വീകരിക്കുന്നതു വ്യക്തിയുടെ വിവേചനയ്ക്കു വിട്ടുകൊടുത്തിരിക്കുന്നു. മേലാൽ കാർ ഓടിക്കുകയില്ലെന്ന് ഒരാൾ തീരുമാനിക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ സ്വകാര്യ സംഗതിയാണ്. എന്നാൽ, 8-ാം പേജിൽ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ഉണരുക! ചിലയാളുകൾ എങ്ങനെ വിചാരിക്കുന്നുവെന്നു പ്രകടമാക്കി: ‘ന്യായമായ വിധത്തിൽ സാധ്യമാകുന്ന അളവോളം വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രായോഗിക നടപടികൾ പലയാളുകളും സ്വീകരിക്കുന്നുണ്ട്. അവർ വേഗം കുറച്ച് ഓടിക്കുകയും യാത്രയുടെ അളവു കുറയ്ക്കുകയും കാർ കൂട്ടുചേർന്ന് ഉപയോഗിക്കുകയും ഈയമില്ലാത്ത പെട്രോൾ ഉപയോഗിക്കുകയും മലിനീകരണത്തെ തടയാനുള്ള ഗവൺമെൻറിന്റെ നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നു.’”
ക്രിസ്തീയ സമനില
ഈ മറുപടി ക്രിസ്തീയ സമനില പ്രകടമാക്കി. മോട്ടോർവാഹനങ്ങൾ മാത്രമല്ല മലിനീകരണം ഉണ്ടാക്കുന്നതെന്ന കാര്യം ഓർമിക്കേണ്ടതുണ്ട്. വിമാനങ്ങളും തീവണ്ടികളും—വാസ്തവത്തിൽ ആധുനിക ഗതാഗത മാർഗങ്ങൾ മിക്കവയും—മലിനീകരണം ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഈ വാഹനങ്ങളൊന്നും മലിനീകരണം ഉണ്ടാക്കുകയെന്ന കരുതിക്കൂട്ടിയുള്ള ഉദ്ദേശ്യത്തോടെ വികസിപ്പിച്ചെടുത്തവയല്ല. മലിനീകരണം ഒരു പാർശ്വഫലമാണ്, ഖേദകരമായ സംഗതിയാണ്, പരിമിതമായ അറിവും അപൂർണമായ മനോഭാവങ്ങളും നിമിത്തം ഉണ്ടാകുന്നതാണ്.
1993 ഏപ്രിൽ 1-ലെ വീക്ഷാഗോപുരത്തിന്റെ 31-ാം പേജ് പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് ഈ വിഷയം ചർച്ചചെയ്തു: “യഹോവയുടെ സാക്ഷികളെന്ന നിലയിൽ, നാം ഇപ്പോൾ നമ്മുടെ ഭൗമികഭവനത്തെ ബാധിക്കുന്ന പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങളിൽ ആഴത്തിൽ തത്പരരാണ്. ഭൂമി ഒരു പൂർണ്ണമനുഷ്യകുടുംബത്തിനു ശുദ്ധവും ആരോഗ്യപ്രദവുമായ ഭവനമായിരിക്കാനാണു സൃഷ്ടിക്കപ്പെട്ടതെന്നു മിക്ക ആളുകളെക്കാളുമുപരി നാം വിലമതിക്കുന്നുണ്ട്. (ഉല്പത്തി 1:31; 2:15-17; യെശയ്യാവു 45:18) . . . അതുകൊണ്ട്, മനുഷ്യരാലുള്ള നമ്മുടെ ഭൂഗോളത്തിന്റെ തുടർന്നുകൊണ്ടിരിക്കുന്ന പാഴാക്കലിനെ അനാവശ്യമായി വർദ്ധിപ്പിക്കുന്നതൊഴിവാക്കാൻ സന്തുലിതവും ന്യായയുക്തവുമായ ശ്രമങ്ങൾ നടത്തുന്നത് ഉചിതമാണ്. എന്നിരുന്നാലും ‘ന്യായയുക്തം’ എന്ന പദം ശ്രദ്ധിക്കുക. . . . ദൈവജനം പരിസ്ഥിതികാര്യങ്ങളെ അവഗണിക്കുന്നവരായിരിക്കരുത്. തന്റെ പുരാതനജനം വിസർജ്ജ്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് യഹോവ അവരോട് ആവശ്യപ്പെട്ടു, അവ പരിസ്ഥിതിസംബന്ധവും ആരോഗ്യസംരക്ഷണപരവുമായി പ്രാധാന്യമുള്ള നടപടികളായിരുന്നു. (ആവർത്തനപുസ്തകം 23:9-14) ഭൂമിയെ നശിപ്പിക്കുന്നവരെ സംബന്ധിച്ചുള്ള അവന്റെ വീക്ഷണം നമുക്കറിയാവുന്നതുകൊണ്ട്, പരിസ്ഥിതിയെ ശുചിയായി സൂക്ഷിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ നാം തീർച്ചയായും അവഗണിക്കരുത്. . . . എന്നിരുന്നാലും, നിയമം ആവശ്യപ്പെടാത്തപക്ഷം, ക്രിസ്ത്യാനികൾ ഈ ദിശയിൽ എത്രത്തോളം പോകുമെന്നുള്ളത് വ്യക്തിപരമായ ഒരു സംഗതിയാണ്. അപൂർണ്ണമനുഷ്യർ അനായാസം തീവ്രവാദികളായിത്തീരുന്നു. . . . മലിനീകരണം ഉൾപ്പെടെയുള്ള ഭൂമിയുടെ മുഖ്യ പരിസ്ഥിതിപ്രശ്നങ്ങളെ നീക്കംചെയ്യാനുള്ള മനുഷ്യശ്രമങ്ങൾ പൂർണ്ണമായി വിജയിക്കുകയില്ല. . . . അവിടെയും ഇവിടെയും കുറെ പുരോഗതി ഉണ്ടായിരിക്കാം, എന്നാൽ നിലനിൽക്കുന്ന ഏക പരിഹാരത്തിനു ദൈവത്തിന്റെ ഇടപെടൽ ആവശ്യമാണ്. ഈ കാരണത്താൽ നാം ഉപരിപ്ലവമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുന്നതിനു പകരം, നമ്മുടെ ശ്രമങ്ങളും വിഭവങ്ങളും ദിവ്യ ഇടപെടലിൽ കേന്ദ്രീകരിക്കുന്നു.”
ക്രിസ്ത്യാനികൾ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ലോകമെമ്പാടും പ്രസംഗിക്കുന്നതിനായി തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദിവ്യ നിയോഗം മനസ്സിൽ പിടിച്ചുകൊണ്ടു ബൈബിൾ തത്ത്വങ്ങൾ അനുസരിക്കുമ്പോൾ സമനിലയുള്ളവരാണ്. (മത്തായി 24:14) അതിനെക്കാൾ പ്രാധാന്യമോ അടിയന്തിരതയോ ഉള്ള ഒന്നുമില്ല! ഈ ചുമതല നിർവഹിക്കാൻ ആധുനിക ഗതാഗത വാർത്താവിനിമയ മാർഗങ്ങൾക്കു ക്രിസ്ത്യാനികളെ സഹായിക്കാൻ കഴിയുമെങ്കിൽ അവ ഉപയോഗപ്പെടുത്താൻ അവർക്കു സകല കാരണവുമുണ്ട്. അതേസമയം, അമിതമായി അല്ലെങ്കിൽ മനഃപൂർവമായി മലിനീകരണം നടത്തുന്നത് അവർ ഒഴിവാക്കുന്നു. അങ്ങനെ അവർ മനുഷ്യന്റെയും ദൈവത്തിന്റെയും മുമ്പാകെ ഒരു നല്ല മനസ്സാക്ഷി നിലനിർത്തുന്നു.
അതുകൊണ്ട്, മലിനീകരണവും മോട്ടോർവാഹനവും ഉൾപ്പെട്ട പ്രശ്നം എങ്ങനെയാണ് ഒടുവിൽ പരിഹരിക്കപ്പെടുന്നതെന്നു യഥാർഥത്തിൽ നമുക്കിന്ന് അറിയാൻ പാടില്ലെങ്കിലും അതു പരിഹരിക്കപ്പെടുമെന്നു നമുക്കു തീർച്ചയായും അറിയാം. തീർച്ചയായും, ഉത്തമ പരിഹാരം വളരെ സമീപമാണ്.
[9-ാം പേജിലെ ചതുരം]
മലിനീകരണം തടയൽ
•സാധ്യമായിരിക്കുമ്പോൾ കാൽനടയായോ സൈക്കിളിലോ യാത്രചെയ്യുക
•കാർ കൂട്ടുചേർന്ന് ഉപയോഗിക്കുക
•മോട്ടോർവാഹനങ്ങൾ ക്രമമായി സർവീസ് ചെയ്യുക
•ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നതിനെക്കുറിച്ചു ബോധമുള്ളവരായിരിക്കുക
•അനാവശ്യമായ യാത്ര ഒഴിവാക്കുക
•മിതമായ, സ്ഥിരവേഗത്തിൽ വണ്ടിയോടിക്കുക
•സാധ്യവും പ്രായോഗികവും ആയിരിക്കുമ്പോൾ പൊതു ഗതാഗതമാർഗങ്ങൾ ഉപയോഗിക്കുക
•വാഹനം എത്രനേരം നിർത്തിയാലും എഞ്ചിൻ അലസമായി ഓൺചെയ്തിടുന്നതിനു പകരം അത് ഓഫുചെയ്യുക