വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
നമ്മുടെ പരിസ്ഥിതിയുടെ—കരയുടെയും കടലിന്റെയും വായുവിന്റെയും—മലിനീകരണത്തെ മന്ദഗതിയിലാക്കുന്നതിനു ക്രിസ്ത്യാനികൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
യഹോവയുടെ സാക്ഷികളെന്ന നിലയിൽ, നാം ഇപ്പോൾ നമ്മുടെ ഭൗമികഭവനത്തെ ബാധിക്കുന്ന പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങളിൽ ആഴത്തിൽ തത്പരരാണ്. ഭൂമി ഒരു പൂർണ്ണമനുഷ്യകുടുംബത്തിനു ശുദ്ധവും ആരോഗ്യപ്രദവുമായ ഭവനമായിരിക്കാനാണു സൃഷ്ടിക്കപ്പെട്ടതെന്നു മിക്ക ആളുകളെക്കാളുമുപരി നാം വിലമതിക്കുന്നുണ്ട്. (ഉല്പത്തി 1:31; 2:15-17; യെശയ്യാവു 45:18) താൻ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്നുള്ള ഉറപ്പും ദൈവത്തിൽനിന്നു നമുക്കു കിട്ടിയിട്ടുണ്ട്. (വെളിപ്പാടു 11:18) അതുകൊണ്ട്, മനുഷ്യരാലുള്ള നമ്മുടെ ഭൂഗോളത്തിന്റെ തുടർന്നുകൊണ്ടിരിക്കുന്ന പാഴാക്കലിനെ അനാവശ്യമായി വർദ്ധിപ്പിക്കുന്നതൊഴിവാക്കാൻ സന്തുലിതവും ന്യായയുക്തവുമായ ശ്രമങ്ങൾ നടത്തുന്നത് ഉചിതമാണ്. എന്നിരുന്നാലും “ന്യായയുക്തം” എന്ന പദം ശ്രദ്ധിക്കുക. പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങളും നടപടികളും നമ്മുടെ പ്രമുഖ താത്പര്യങ്ങളാകാനനുവദിക്കുന്നതിനെതിരെ സൂക്ഷിക്കുന്നതും തിരുവെഴുത്തുപരമായി ഉചിതമാണ്.
സാധാരണ മനുഷ്യജീവിതംപോലും പാഴ്വസ്തുക്കൾ ഉളവാക്കുന്നു. ദൃഷ്ടാന്തത്തിന്, ഭക്ഷ്യോല്പന്നങ്ങളുടെ കൃഷിയും സംസ്കരണവും ആഹരിക്കലും മിക്കപ്പോഴും പാഴ്വസ്തുക്കളുണ്ടാകാനിടയാക്കുന്നു, അവയിലധികവും ജൈവജീർണ്ണത ഭവിക്കുന്നവയായിരിക്കാമെങ്കിലും. (സങ്കീർത്തനം 1:4; ലൂക്കൊസ് 3:17) പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ ശിഷ്യൻമാർക്കുവേണ്ടി തയ്യാറാക്കിയ ചുട്ടെടുത്ത മത്സ്യാഹാരം കുറെ പുകയും ചാരവും മത്സ്യമുള്ളുകളുടെ ഉച്ഛിഷ്ടവും ഉണ്ടാക്കിയിരിക്കാനിടയുണ്ട്. (യോഹന്നാൻ 21:9-13) എന്നാൽ ഭൂമിയിലെ സചേതനവ്യൂഹങ്ങളും അചേതനവ്യൂഹങ്ങളും അല്ലെങ്കിൽ ഭൂപരിവൃത്തികൾ, അവയെ കൈകാര്യംചെയ്യാൻ സംവിധാനംചെയ്യപ്പെട്ടിരിക്കുന്നു.
ദൈവജനം പരിസ്ഥിതികാര്യങ്ങളെ അവഗണിക്കുന്നവരായിരിക്കരുത്. തന്റെ പുരാതനജനം വിസർജ്ജ്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് യഹോവ അവരോട് ആവശ്യപ്പെട്ടു, അവ പരിസ്ഥിതിസംബന്ധവും ആരോഗ്യസംരക്ഷണപരവുമായി പ്രാധാന്യമുള്ള നടപടികളായിരുന്നു. (ആവർത്തനം 23:9-14) ഭൂമിയെ നശിപ്പിക്കുന്നവരെ സംബന്ധിച്ചുള്ള അവന്റെ വീക്ഷണം നമുക്കറിയാവുന്നതുകൊണ്ട്, പരിസ്ഥിതിയെ ശുചിയായി സൂക്ഷിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ നാം തീർച്ചയായും അവഗണിക്കരുത്. നമുക്കു ചപ്പുചവറുകളുടെ അല്ലെങ്കിൽ പാഴ്വസ്തുക്കളുടെ, വിശേഷാൽ വിഷജന്യപദാർത്ഥങ്ങളുടെ, ഉചിതമായ നിർമ്മാർജ്ജനത്തിൽ ഇതു പ്രതിഫലിപ്പിക്കാൻ കഴിയും. നാം ബോധപൂർവം പുനഃപരിവൃത്തിക്കുള്ള ശ്രമങ്ങളോടു സഹകരിക്കുന്നു. കൈസർ ഇവ അനുശാസിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാൻ നമുക്കു കൂടുതലായ കാരണമുണ്ട്. (റോമർ 13:1, 5) ചില വ്യക്തികൾ, കരയിലും സമുദ്രത്തിനടിയിലും ചപ്പുചവറുകൂനകൾ കൂട്ടുന്ന ഉല്പന്നങ്ങൾക്കു പകരം ജൈവജീർണ്ണത ഭവിക്കാവുന്ന ഉല്പന്നങ്ങൾ ഉപയോഗിക്കാൻ തീരുമാനിക്കുന്നതുപോലെയുള്ള കൂടുതലായ നടപടികൾ സ്വീകരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു.
എന്നിരുന്നാലും, നിയമം ആവശ്യപ്പെടാത്തപക്ഷം, ക്രിസ്ത്യാനികൾ ഈ ദിശയിൽ എത്രത്തോളം പോകുമെന്നുള്ളത് വ്യക്തിപരമായ ഒരു സംഗതിയാണ്. അപൂർണ്ണമനുഷ്യർ അനായാസം തീവ്രവാദികളായിത്തീരുന്ന കുരുക്കിലകപ്പെടുന്നുവെന്നു വാർത്താമാദ്ധ്യമങ്ങളിൽനിന്നു വ്യക്തമാണ്. യേശുവിന്റെ ഈ ബുദ്ധിയുപദേശം തീർച്ചയായും പ്രസക്തമാണ്: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത് . . . എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?” (മത്തായി 7:1, 3) ഇത് ഓർത്തിരിക്കുന്നതു മററു മർമ്മപ്രധാനമായ കാര്യങ്ങളുടെ കാഴ്ചപ്പാടു നഷ്ടപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും.
യിരെമ്യാപ്രവാചകൻ ഇങ്ങനെ എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെയാക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവ് 10:23) രണ്ടു തിമൊഥെയൊസ് 3:1-5-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഈ തത്ത്വത്തിന്റെ അവഗണന മനുഷ്യവർഗ്ഗത്തെ “ദുർഘടസമയങ്ങളു”മായി മുഖാമുഖം വരുത്തിയിരിക്കുകയാണ്. ദൈവം വെളിപ്പാടു 11:18-ൽ രേഖപ്പെടുത്തിയിരിക്കുന്നത്, മലിനീകരണം ഉൾപ്പെടെയുള്ള ഭൂമിയുടെ മുഖ്യ പരിസ്ഥിതിപ്രശ്നങ്ങളെ നീക്കംചെയ്യാനുള്ള മനുഷ്യശ്രമങ്ങൾ പൂർണ്ണമായി വിജയിക്കുകയില്ലെന്നു തെളിയിക്കുന്നു. അവിടെയും ഇവിടെയും കുറെ പുരോഗതി ഉണ്ടായിരിക്കാം, എന്നാൽ നിലനിൽക്കുന്ന ഏക പരിഹാരത്തിനു ദൈവത്തിന്റെ ഇടപെടൽ ആവശ്യമാണ്.
ഈ കാരണത്താൽ നാം ഉപരിപ്ലവമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുന്നതിനു പകരം, നമ്മുടെ ശ്രമങ്ങളും വിഭവങ്ങളും ദിവ്യ ഇടപെടലിൽ കേന്ദ്രീകരിക്കുന്നു. ഈ കാര്യത്തിൽ നാം യേശുവിന്റെ മാതൃകയാണു പിന്തുടരുന്നത്, അവൻ തന്റെ ശുശ്രൂഷയുടെ ഏറിയ ഭാഗവും ‘സത്യത്തിനു സാക്ഷ്യം വഹിക്കുന്ന’തിനാണു ചെലവഴിച്ചത്. (യോഹന്നാൻ 18:37) ലോകത്തെ പോഷിപ്പിക്കുകയോ മലിനീകരണം ഉൾപ്പെടെ വ്യാപകമായ സാമൂഹ്യദുർഗ്ഗതികളെ ലഘൂകരിക്കുകയോ ചെയ്യുന്നതിനുപകരം, മനുഷ്യവർഗ്ഗത്തെ ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിപൂർണ്ണപരിഹാരത്തിലേക്ക് അവൻ വിരൽചൂണ്ടി.—യോഹന്നാൻ 6:10-15; 18:36.
കരയെയും അന്തരീക്ഷത്തെയും ജലവിതരണത്തെയും അനാവശ്യമായി മലിനീകരിക്കുന്നതൊഴിവാക്കാൻ സമസൃഷ്ടിയോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുമ്പോൾത്തന്നെ, സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിൽ നാം തുടരുന്നു. ഇതിൽ ബൈബിൾസത്യം ബാധകമാക്കാനും അങ്ങനെ തങ്ങളുടെ ശരീരങ്ങളെ പുകകൊണ്ടോ അമിതമദ്യപാനത്താലോ ഹാനികരമായ മയക്കുമരുന്നുകളാലോ നശിപ്പിക്കുന്നതൊഴിവാക്കാനും ആളുകളെ പഠിപ്പിക്കുന്നത് ഉൾപ്പെടുന്നു. ലക്ഷക്കണക്കിനു പുതിയവർ ശിഷ്യരായിത്തീർന്നപ്പോൾ അവർ ശുചിത്വത്തിന്റെയും മററുള്ളവരോടുള്ള പരിഗണനയുടെയും ശീലങ്ങൾ പഠിച്ചിരിക്കുന്നു. അങ്ങനെ പ്രസംഗവേല ഇന്നത്തെ പൊതുമലിനീകരണപ്രശ്നത്തിന്റെ ലഘൂകരണത്തിന് അക്ഷരീയമായി സംഭാവന ചെയ്തിരിക്കുന്നു. എന്നാൽ ദൈവം തന്റെ സത്യാരാധകർക്കായി പെട്ടെന്നുതന്നെ പ്രദാനംചെയ്യാനിരിക്കുന്ന ശുദ്ധമായ പറുദീസാഭൂമിക്കു കൊള്ളാവുന്നവരാകത്തക്കവണ്ണം ക്രിസ്തീയശിഷ്യർ തങ്ങളുടെ വ്യക്തിത്വത്തെയും ശീലങ്ങളെയും നവീകരിക്കുന്നതിനു കഠിനംശ്രമം ചെയ്യുന്നുവെന്നതാണ് കൂടുതൽ പ്രധാനം.