മലിനീകരണത്തെ നീക്കം ചെയ്യൽ—ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും
യഹോവ മനുഷ്യന് അഴുക്കിനോടോ ക്രമരാഹിത്യത്തോടോ ഉള്ള ഒരു വാഞ്ഛ നൽകിയിട്ടില്ല. അവരുടെ ഗ്രഹഭവനം ശുചിത്വവും ക്രമവും അഴകും ഉള്ള ഒരു പറുദീസയായിരിക്കാനാണു രൂപകല്പന ചെയ്യപ്പെട്ടത്. അതു സുന്ദരമല്ലാത്ത ഒരു ചവററുകൂനയായി അധഃപതിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല.—ഉല്പത്തി 2:8, 9.
എന്നുവരികിലും, ദിവ്യമാർഗ്ഗനിർദ്ദേശം തള്ളിക്കളഞ്ഞതിനുശേഷം മനുഷ്യർ തങ്ങളുടെ സ്വന്തം ലോകക്രമം പടുത്തുയർത്താൻ തുടങ്ങി. ദിവ്യജ്ഞാനത്തിന്റെ ആനുകൂല്യമില്ലാഞ്ഞതിനാലും അനുഭവപരിചയത്തിന്റെ കുറവിനാലും അവർ ശ്രമങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പഠിക്കാൻ നിർബന്ധിതരായി. മനുഷ്യർക്കു തങ്ങളേത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയില്ലെന്ന ബൈബിൾസത്യത്തെ ലൗകികചരിത്രം സ്ഥിരീകരിക്കുന്നു; ആയിരക്കണക്കിനു വർഷങ്ങളായി “മനുഷ്യനു മനുഷ്യന്റെമേൽ ദ്രോഹത്തിനായി അധികാര”മുണ്ടായിരുന്നു. (സഭാപ്രസംഗി 8:9; യിരെമ്യാവു 10:23) എല്ലാ രൂപങ്ങളിലുമുള്ള മലിനീകരണത്തിന്റെ ആധുനിക പ്രശ്നം, മമനുഷ്യന്റെ ദുർഭരണത്തിന്റെ ഒരു പരിണതഫലമാണ്.
ദൈവത്തിന്റെ വീക്ഷണം സ്വീകരിക്കൽ
ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ശുചിത്വം സംബന്ധിച്ച സ്രഷ്ടാവിന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കാൻ കഠിനമായി ശ്രമിക്കുന്നു. അങ്ങനെ, 1991-ന്റെ മദ്ധ്യത്തിൽ ചെക്കോസ്ലൊവാക്യയിലെ പ്രാഗിൽ ഒരു സാർവ്വദേശീയ കൺവെൻഷൻ നടത്താൻ തീരുമാനിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ ഒരു പ്രശ്നത്തെ അഭിമുഖീകരിച്ചു.a ഏതാണ്ട് 75,000 പേർ ഹാജരാകുമായിരുന്നു, സ്ട്രാഹോഫ് സ്റേറഡിയത്തിൽ അത്രയും വരുന്ന ഒരു ജനക്കൂട്ടത്തെ സുഖപ്രദമായി ഇരുത്താൻ കഴിയുമായിരുന്നു. പക്ഷേ സ്റേറഡിയം അഞ്ചു വർഷത്തേക്ക് ഉപയോഗിച്ചിരുന്നില്ല. നന്നാക്കാതെ കിടന്നതിനാൽ അതു ശീതോഷ്ണസ്ഥിതിക്കിരയായി വൃത്തികെട്ടതായിത്തീർന്നു. ഏകദേശം 1,500 യഹോവയുടെ സാക്ഷികൾ 65,000-ലധികം മണിക്കൂറുകൾ ചെലവഴിച്ചുകൊണ്ട് അതിന്റെ ജീർണ്ണോത്താരണം നടത്തുകയും പെയിൻറ് ചെയ്യുകയും ചെയ്തു. കൺവെൻഷൻ സമയമായപ്പൊഴേക്കും ഈ ശുദ്ധീകരണപ്രവർത്തനം സ്റേറഡിയത്തെ സത്യദൈവമായ യഹോവയെ ആരാധിക്കുന്നതിനു യോഗ്യമായ ഒരു സ്ഥലമാക്കിത്തീർത്തു.
ശുചിത്വത്തെയും ക്രമത്തെയും ലോകം ഒട്ടും വിലമതിക്കാത്തപ്പോൾ, വ്യത്യസ്തരായിരിക്കാൻ യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നത് എന്താണ്? സ്വാർത്ഥത, പരിഗണനയില്ലായ്മ, അത്യാഗ്രഹം, സ്നേഹരാഹിത്യം, എന്നിങ്ങനെയുള്ള ചീത്ത ശീലങ്ങളെ ക്രിസ്ത്യാനികൾ നീക്കം ചെയ്യണമെന്ന ബൈബിൾ ബുദ്ധ്യുപദേശത്തോടുള്ള വിലമിതപ്പ്. “നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളയുക” എന്നാണു ബൈബിൾ പറയുന്നത്. “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ” അതിനു പകരം സ്ഥാപിക്കുക. ശുചിത്വം, ക്രമം, സൗന്ദര്യം എന്നിവയോടുള്ള ഇഷ്ടം സ്വഭാവമായിരിക്കുന്ന ഒരു വ്യക്തിത്വത്തിൽ മലിനീകരണപ്രവണതകൾക്ക് ഇടമില്ല.—കൊലൊസ്സ്യർ 3:9, 10; 2 കൊരിന്ത്യർ 7:1; ഫിലിപ്പിയർ 4:8; തീത്തൊസ് 2:14.
അനിയന്ത്രിതമായി മലിനീകരണം നടത്തുകയോ ഗവൺമെൻറുകൾ നിർമ്മിക്കുന്ന മലിനീകരണവിരുദ്ധ നിയമങ്ങളെ ലംഘിച്ചുകൊണ്ട് അവയെ അവഗണിക്കുകയോ ചെയ്യാതെ ക്രിസ്ത്യാനികൾ മലിനീകരണം സംബന്ധിച്ചു ബോധമുള്ളവരായിരിക്കണമെന്നു പുതിയ വ്യക്തിത്വം ആവശ്യപ്പെടുന്നു. സാധനങ്ങൾ ചിതറിക്കിടക്കാൻ ഇടയാക്കുംവിധം ഉപയോഗമില്ലാത്തതായി എറിഞ്ഞുകളയുന്ന, അലസ മനോഭാവം ഒഴിവാക്കാൻ അത് അവരെ സഹായിക്കും. മററുള്ളവരുടെ വസ്തുവിനോടു ബഹുമാനമുണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാൽ അതു കുത്തിവരക്കുന്ന സ്വഭാവത്തെ ആശയവിനിമയമാർഗ്ഗമായോ നിർദ്ദോഷകരമായ തമാശയായോ മറെറാരു കലാരൂപമായോ ഉപയോഗിക്കുന്നതിനെ തടയുന്നു. ഭവനങ്ങളും, കാറുകളും, വസ്ത്രങ്ങളും, ശരീരങ്ങളും വൃത്തിയുള്ളതായി സൂക്ഷിക്കാൻ അത് ആവശ്യപ്പെടുന്നു.—യാക്കോബ് 1:21 താരതമ്യം ചെയ്യുക.
ഈ പുതിയ വ്യക്തിത്വം ധരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ കാര്യത്തിൽ ദൈവം തന്റെ വരാൻപോകുന്ന പറുദീസയിലെ ജീവിതത്തിൽനിന്ന് അവരെ തടയുന്നതിനു ദൈവത്തെ കുററപ്പെടുത്താൻ കഴിയുമോ? ഒരിക്കലുമില്ല. മലിനപ്പെടുത്തുന്നതിനുള്ള പ്രവണതകൾ ഹൃദയത്തിലോ മനസ്സിലോ പിന്നെയും ഒളിഞ്ഞുകിടക്കുന്ന ഏതൊരാളും ഭൗമഗ്രഹത്തിന്റെ പുനഃസ്ഥാപിത പറുദീസാതുല്യ മനോഹാരിതക്കു ഭീഷണിയാകുകയും ആ അവസ്ഥ നിലനിർത്താൻ ആഗ്രഹിക്കുന്നവരെ ദുഃഖത്തിലാഴ്ത്തുകയും ചെയ്യും. “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനുള്ള” ദൈവത്തിന്റെ തീരുമാനം നീതിനിഷ്ഠവും സ്നേഹനിർഭരവുമാണ്.—വെളിപ്പാടു 11:18; 21:8.
സജീവ പങ്കാളിത്തം?
എന്നിരുന്നാലും ക്രിസ്ത്യാനികൾ മലിനീകരണവിരുദ്ധ നടപടികളെ അല്ലെങ്കിൽ ശുദ്ധീകരണ നടപടികളെ സജീവമായി പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ?
മലിനീകരണം ആരോഗ്യത്തിനും പൊതുസുരക്ഷിതത്വത്തിനും ഹാനികരമാണെന്നു വ്യക്തമാണ്. യഹോവ ഇസ്രയേല്യർക്കു കൊടുത്ത നിയമങ്ങളിൽനിന്നു നമുക്കു കാണാൻ കഴിയുന്നതുപോലെ, ഇത്തരം കാര്യങ്ങളിൽ യഹോവക്ക് ഉചിതമായ താത്പര്യമുണ്ട്. (പുറപ്പാട് 21:28-34; ആവർത്തനം 22:8; 23:12-14) എന്നാൽ പൊതുസുരക്ഷിതത്വകാര്യങ്ങളിൽ മററുള്ളവരെ പക്ഷത്തുചേർക്കാൻ അവിടുന്ന് ഒരിക്കലും നിർദ്ദേശിച്ചില്ല; ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളോടും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടില്ല.
ഇന്ന്, പരിസ്ഥിതിവിഷയങ്ങൾക്ക് അനായാസേന രാഷ്ട്രീയ പ്രശ്നങ്ങളായി മാറാൻ കഴിയും. വാസ്തവത്തിൽ, പ്രത്യേകിച്ചും പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തിൽ ചില രാഷ്ട്രീയ പാർട്ടികൾ രൂപവൽക്കരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ചേരികളിൽ പക്ഷംപിടിക്കാൻ സ്വയം അനുവദിക്കുന്ന ഒരു ക്രിസ്ത്യാനി മേലാൽ രാഷ്ട്രീയമായി നിഷ്പക്ഷനല്ല. യേശു തന്റെ ശിഷ്യർക്കുവേണ്ടി “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികൻമാരല്ല” എന്ന തത്ത്വം സ്ഥാപിച്ചു. ഈ വ്യവസ്ഥയെ അവഗണിക്കുന്ന ഒരു ക്രിസ്ത്യാനി “നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കൻമാരോ”ടൊപ്പം അണിനിരക്കുന്നതിന്റെ അപകടത്തിലാകുകയായിരിക്കും.—യോഹന്നാൻ 17:16; 1 കൊരിന്ത്യർ 2:6.
യേശു തന്റെ നാളിലെ സകല സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിച്ചില്ല; അങ്ങനെ ചെയ്യാൻ അവിടുന്നു തന്റെ ശിഷ്യൻമാരോടും പറഞ്ഞില്ല. അവരോടുള്ള അവിടുത്തെ കല്പന ഇതായിരുന്നു: “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” പരിസ്ഥിതി നയങ്ങളെപ്പററി അവിടുന്ന് അവരോടു കല്പിച്ചില്ല.—മത്തായി 28:19, 20.
ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ മുൻഗണനയുണ്ടായിരിക്കേണ്ടത് എന്തിനാണെന്നു വിശദീകരിച്ചുകൊണ്ടു ക്രിസ്തു പറഞ്ഞു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.” (മത്തായി 6:33) മിശിഹൈകരാജ്യം മുഖേന യഹോവ തന്റെ നീതിയുള്ള തത്ത്വങ്ങൾ ആഗോളതലത്തിൽ നടപ്പിലാക്കുമ്പോൾ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു പരിസ്ഥിതിപ്രശ്നങ്ങൾ സ്ഥിരമായി പരിഹരിക്കപ്പെടും.
അങ്ങനെ, യഹോവയുടെ സാക്ഷികൾ ഒരു സന്തുലിതമായ നിലപാടു സ്വീകരിക്കുന്നു. റോമർ 13:1-7-ന്റെ വീക്ഷണത്തിൽ പരിസ്ഥിതിയെ ക്രമപ്പെടുത്തുന്ന ഗവൺമെൻറ്നിയമങ്ങൾ ബോധപൂർവ്വം അനുസരിക്കണമെന്നതു നിർബന്ധമാണ്. കൂടാതെ, അയൽക്കാരോടുള്ള ദൈവികമായ സ്നേഹം അന്യരുടെ വസ്തുക്കളെ—പൊതുവായാലും സ്വകാര്യമായാലും—അവ വിരൂപമാക്കാതെയും വിവേചനാരഹിതമായി ഉച്ഛിഷ്ടങ്ങൾ എറിഞ്ഞുകളയാതെയും, മാനിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. എന്നാൽ ലൗകിക ശുദ്ധീകരണനടപടികൾക്കു നേതൃത്വം നൽകാൻ അവരോടു വ്യക്തമായി നിർദ്ദേശിക്കുന്നില്ല. അവർ ഉചിതമായി ദൈവരാജ്യസന്ദേശത്തിന്റെ പ്രസംഗത്തെ ഒന്നാമതു വെച്ചിരിക്കുന്നു, അത്യന്തം നിലനില്ക്കുന്ന നൻമ ചെയ്യാനുള്ള മാർഗ്ഗം ഇതാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ.
ഒരു ആത്മീയ ശുദ്ധീകരണം
രക്തം ചിന്തിക്കൊണ്ടോ അധാർമ്മികമായ ജീവിതരീതി സ്വീകരിച്ചുകൊണ്ടോ പാവനമായ കാര്യങ്ങളോട് അനാദരം കാട്ടിക്കൊണ്ടോ പുരാതന ഇസ്രയേല്യർ ഭൂമിയെ മലിനപ്പെടുത്തുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് അവർക്ക് ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. (സംഖ്യാപുസ്തകം 35:33; യിരെമ്യാവു 3:1, 2; മലാഖി 1:7, 8) ശ്രദ്ധാർഹമായി, ഈ ആത്മീയ മലിനീകരണത്തിനാണ് അവർ കുററം വിധിക്കപ്പെട്ടത്, അല്ലാതെ ഏതെങ്കിലും ഭൗതിക മലിനീകരണത്തിനല്ല—അതു സംബന്ധിച്ചും അവർ കുററക്കാരായിരുന്നിരിക്കാം.b
അതുകൊണ്ട്, ആത്മീയ മലിനീകരണത്തെ അഥവാ അശുദ്ധിയെ ആണ് ഒരു ക്രിസ്ത്യാനി ഒന്നാമതായി ഒഴിവാക്കാൻ കഠിനശ്രമം ചെയ്യുന്നത്. ഇത് അയാൾ ചെയ്യുന്നതു മലിനീകരണത്തിനുള്ള ചായ്വുകളെ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും പിഴുതുകളയുന്ന “പുതിയ വ്യക്തിത്വം” ധരിക്കുന്നതിനാലാണ്. തങ്ങളുടെ അണികൾക്കുള്ളിൽ മതപരവും ധാർമ്മികവുമായ ശുദ്ധിയും അതോടൊപ്പം ശ്രദ്ധേയമായ ശാരീരിക ശുദ്ധിയും നേടുന്ന ഈ ആത്മീയ ശുദ്ധീകരണത്തിൽനിന്നു 40 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ പ്രയോജനം അനുഭവിക്കുന്നുണ്ട്.—എഫേസ്യർ 4:22-24, NW.
ഇപ്പോൾ ഒരു ആത്മീയ ശുദ്ധീകരണ പ്രസ്ഥാനത്തിന്റെ കാലമാണ്. അതിനുശേഷം ഭൂവ്യാപകമായ ഒരു ഭൗതിക ശുദ്ധീകരണ പ്രസ്ഥാനം നടക്കുകയും നമ്മുടെ ഗൃഹം അർഹിക്കുന്ന മലിനീകരണവിമുക്തമായ ഒരു പരിസ്ഥിതി നൽകിക്കൊണ്ട് അതിനെ ഒരു ചവററുകൂനയാകുന്നതിൽനിന്നു രക്ഷിക്കുകയും ചെയ്യും.—സഭാപ്രസംഗി 3:1.
[അടിക്കുറിപ്പുകൾ]
a കിഴക്കൻ യൂറോപ്പിലെ ഈ കൺവെൻഷൻ പരമ്പരയെക്കുറിച്ചുള്ള ഒരു വിശദമായ റിപ്പോർട്ടിനുവേണ്ടി 1991 ഡിസംബർ 22-ലെ ഉണരുക! കാണുക.
b ലോഹം ഉരുക്കുന്ന പ്രക്രിയ ഇസ്രയേല്യർക്കു പരിചിതമായിരുന്നു. അവരുടെ ചില ചെമ്പുഖനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്; ആലയത്തിലെ ഉപകരണങ്ങൾ നിർമ്മിക്കാൻ ചെമ്പ് ഉരുക്കിയിരുന്നു. (1 രാജാക്കൻമാർ 7:14-46 താരതമ്യപ്പെടുത്തുക.) ഈ ഉരുക്കൽ പ്രക്രിയ അതിന്റെ പുക, കിട്ടം, കറ എന്നിയവയുടെ രൂപത്തിലുള്ള മലിനീകരണം—ഒരു പക്ഷേ മററു പാർശ്വ ഫലങ്ങളോടെ—ഒരളവിൽ ഉളവാക്കാതെ നടത്തിക്കൊണ്ടുപോകാൻ കഴിയുമായിരുന്നു എന്നത് അസാദ്ധ്യമായി തോന്നുന്നു. എന്നുവരികിലും, ജനവാസം കുറഞ്ഞ ഒററപ്പെട്ട ഈ പ്രദേശത്തെ ചുരുങ്ങിയ തോതിലുള്ള തദ്ദേശീയ അശുദ്ധി പൊറുക്കാൻ യഹോവ മനസ്സുള്ളവനായിരുന്നുവെന്നു സ്പഷ്ടമായിരുന്നു.