പറുദീസയോ ചവററുകൂനയോ—ഏതാണു നിങ്ങൾ ഇഷ്ടപ്പെടുന്നത്?
അദ്ദേഹം വിശ്രമം ആവശ്യമുള്ള, ഒരു പറുദീസാദ്വീപിൽ വെയിൽ ആസ്വദിക്കാൻ ആകാംക്ഷയുള്ള, ഒരു യൂറോപ്പ്യൻ വിനോദസഞ്ചാരിയല്ലാതെ മററാരെങ്കിലുമാണെന്ന് ആരും തെററിദ്ധരിക്കുകയില്ലായിരുന്നു. കടലോരത്തോടു തൊട്ടുകിടക്കുന്ന വിശാലമായ മണൽക്കൂനകൾ കടന്ന് ഉപേക്ഷിക്കപ്പെട്ട കുപ്പികളുടെയും ടിന്നുകളുടെയും പ്ലാസ്ററിക് സഞ്ചികളുടെയും ചൂയിംഗ് ഗമ്മിന്റെയും മിഠായിക്കടലാസുകളുടെയും പത്രങ്ങളുടെയും മാസികകളുടെയും ഇടയിലൂടെ അയാൾ ശ്രദ്ധാപൂർവ്വം നടന്നു. സ്പഷ്ടമായി പ്രകോപിതനായി, ഇതാണോ താൻ കാണാനായി യാത്ര ചെയ്തുവന്ന പറുദീസ എന്ന് അദ്ദേഹം അതിശയിച്ചു.
നിങ്ങൾക്ക് എന്നെങ്കിലും സമാനമായ ഒരനുഭവമുണ്ടായിട്ടുണ്ടോ? ഏതെങ്കിലും പറുദീസയിൽ പോയി അവധിക്കാലം ചെലവഴിക്കുന്നതിനെക്കുറിച്ച് ആളുകൾ സ്വപ്നം കാണുന്നതും അവിടെയെത്തിക്കഴിഞ്ഞാൽ അവിടം ശരിക്കും ഒരു ചപ്പുചവറുകൂനയായി മാററുന്നതിൽ അവർക്കു യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തതും എന്തുകൊണ്ടാണ്?
“പറുദീസ”യിൽ മാത്രമല്ല
സൗന്ദര്യം, വൃത്തി, വെടിപ്പ് എന്നിവയോടുള്ള ഈ വ്യക്തമായ അവഗണന അനേകം വിനോദസഞ്ചാരികൾ തടിച്ചുകൂടുന്ന “പറുദീസ”കളിലെ മാത്രം കാര്യമല്ല. മിക്കവാറും എല്ലാടവുമുള്ള മലിനീകരണം മൂലം ആധുനിക സമുദായം രൂക്ഷമായി ബാധിക്കപ്പെട്ടിരിക്കയാണ്. അനേകം വ്യവസായങ്ങൾ ടൺ കണക്കിനു വിസർജ്ജ്യങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ടു വമ്പിച്ചതോതിൽ മലിനീകരിക്കുകയാണ്. ഉചിതമായി നീക്കം ചെയ്യപ്പെടാത്ത വിഷവിസർജ്ജ്യങ്ങളും അപകടത്തിൽ സംഭവിച്ച എണ്ണതൂകലുകളും നമ്മുടെ ഭൂമിയുടെ വിസ്തൃതമായ ഭാഗങ്ങളെ ജീവിതത്തിന് അയോഗ്യമാക്കുംവിധം പാഴാക്കുമെന്നു ഭീഷണിപ്പെടുത്തുന്നു.
യുദ്ധങ്ങളും മലിനീകരിക്കുന്നുണ്ട്. ലോകം പരിഭ്രാന്തിയോടെ നോക്കിക്കൊണ്ടിരിക്കെ, 1991-ലെ പേർഷ്യൻ ഗൾഫ് യുദ്ധം പുതിയ ഒരു മാനം കൂട്ടിച്ചേർത്തു. ഇറാക്കിസേനകൾ 600 എണ്ണക്കിണറുകൾക്കു മനഃപൂർവ്വം തീ വെച്ചു, ഒരു യൂറോപ്പ്യൻ പത്രം വർണ്ണിച്ചപ്രകാരം കുവൈററിനെ “വെളിപ്പാടിലെ നരകത്തിന്റെ ഒരു ദൃശ്യമാക്കിമാററിക്കൊണ്ടു”തന്നെ. ജർമ്മൻ മാസികയായ ജേയോ ഈ അഗ്നിപ്രളയത്തെ “മനുഷ്യർ വരുത്തിക്കൂട്ടിയിട്ടുള്ളതിലേക്കും ഏററവും വലിയ പരിസ്ഥിതിവിനാശം” എന്നു വിളിച്ചു.
യുദ്ധത്തിനുശേഷം ഉടൻ ഒരു ശുദ്ധീകരണദൗത്യം ആരംഭിച്ചു. കത്തുന്ന എണ്ണക്കിണറുകൾ അണയ്ക്കുന്നതിനുമാത്രം അനേകം മാസത്തെ കഠിനവേല വേണ്ടിവന്നു. കുവൈററിലെ വർദ്ധിച്ച മലിനീകരണം അവിടത്തെ മരണനിരക്കു 10 ശതമാനം വർദ്ധിപ്പിച്ചേക്കാമെന്നു ലോകാരോഗ്യസംഘടന റിപ്പോർട്ടുചെയ്തു.
അത്ര അപകടകരമല്ലെങ്കിലും വളരെ അസ്വസ്ഥമാക്കുന്നത്
വൻതോതിലുള്ള പരിസ്ഥിതിമലിനീകരണത്തിന്റെ മുന്തിനിൽക്കുന്നതും ഘോരവുമായ ഓരോ ദൃഷ്ടാന്തത്തിനും ചെറിയതോതിലുള്ള ആയിരക്കണക്കിനു ദൃഷ്ടാന്തങ്ങളുണ്ട്. പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകളിടുന്നവരും ചുവരുകളിൽ കുത്തിവരക്കുന്ന “കലാകാരൻമാരും” അപകടം കുറഞ്ഞ പ്രദൂഷകരായിരുന്നേക്കാം, എങ്കിലും ഒരു പറുദീസയായിരിക്കാനുള്ള ഭൂഗ്രഹത്തിന്റെ ശക്തി ഇല്ലാതാക്കാൻ അവർ ഇടയാക്കുകതന്നെ ചെയ്യുന്നു.
കുത്തിവരകൾ മേലാൽ പൗരൻമാർ ശ്രദ്ധിക്കാതെ “അവസംബന്ധിച്ച് അന്ധരായി”ത്തീരത്തക്കവണ്ണം ചിലയിടങ്ങളിൽ അവ അത്ര സർവ്വസാധാരണമാണ്. അതു ഭൂഗർഭ തീവണ്ടികളിലും കെട്ടിടചുവരുകളിലും ടെലിഫോൺ ബൂത്തുകളിലും ഉണ്ട്. കുത്തിവരകൾ മേലാൽ പൊതു കക്കൂസുകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നില്ല.
ചില നഗരങ്ങൾ ജീർണ്ണിച്ച, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾകൊണ്ടു നിറഞ്ഞവയാണ്. അധിവാസപ്രദേശങ്ങളെ വൃത്തികെട്ട ഭവനങ്ങളും മുററങ്ങളും കളങ്കം ചാർത്തുകയാണ്. ആനന്ദദായകമായി ആകർഷകമായിരിക്കുമായിരുന്ന കൃഷിയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ കാറുകളും ഉപേക്ഷിക്കപ്പെട്ട യന്ത്രങ്ങളും ജീർണ്ണാവശിഷ്ടങ്ങളും കൂടിക്കിടക്കുകയാണ്.
ചിലയിടങ്ങളിൽ ആളുകൾ തങ്ങളുടെ ശരീരം അശുദ്ധവും വെടിപ്പില്ലാത്തതുമായിരിക്കുന്നതിൽ യാതൊരു വിചാരവുമില്ലാത്തവരാണെന്നു തോന്നുന്നു. പ്രാകൃതവേഷത്തിലും ചമയത്തിലും ചുററിക്കറങ്ങിനടക്കുന്നത് സ്വീകാര്യമാണെന്നു മാത്രമല്ല ഫാഷനുംകൂടി ആയിരിക്കാം. വൃത്തിയെയും വെടിപ്പിനെയും വിലമതിക്കുന്നവരെ അറുപഴഞ്ചൻമാരായാണു വീക്ഷിക്കുന്നത്.
എന്തൊരു വമ്പിച്ചവേല!
നമ്മുടെ ഭൗമിക ഗൃഹത്തിലെ ബീച്ചുകളെയും കാടുകളെയും പർവ്വതങ്ങളെയും തിളങ്ങുന്ന ടൂറിസ്ററു മാസികകളുടെ പുറംചട്ടകളിൽ ചിത്രീകരിച്ചിരിക്കുന്ന പറുദീസകളായി രൂപാന്തരപ്പെടുത്താൻ എന്തൊരു വമ്പിച്ച ശുദ്ധീകരണപ്രസ്ഥാനമായിരിക്കും വേണ്ടിവരിക—നഗരങ്ങളെയും പട്ടണങ്ങളെയും കൃഷിയിടങ്ങളെയും ആളുകളെത്തന്നെയും എന്തു ചെയ്യണമെന്നു പറയുകയേ വേണ്ട!
നഷ്ടാവശിഷ്ടങ്ങളിലെ വലിപ്പമേറിയവയൊക്കെ നീക്കം ചെയ്തുകൊണ്ട് ഒരു ശുദ്ധീകരണസംഘം ആ ദിവസം മറെറാരു സമയത്ത് അതുവഴി കടന്നുപോയതു കണ്ടതിൽ നേരത്തെ പറഞ്ഞ ആ വിനോദസഞ്ചാരി സന്തുഷ്ടനായി. എന്നിരുന്നാലും, അവർ കുപ്പിച്ചില്ലുകളും കുപ്പിയടപ്പുകളും പാത്രക്കുഴകളും ഒട്ടനവധി സിഗരററുകുററികളും പിന്നിൽവിട്ടിട്ടുപോയി. അതുകൊണ്ട് ഒരു ശുദ്ധീകരണത്തിനുശേഷവും ആ പ്രദേശത്തിന് ഒരു പറുദീസയെക്കാൾ ഒരു ചപ്പുചവറുകൂനയോടാണ് ഏറെ ബന്ധമെന്നതിനു ധാരാളം തെളിവുകളുണ്ടായിരുന്നു.
ഒരു ആഗോള ചവററുകൂനയായിത്തീരുന്നതിൽനിന്ന് ഈ ഗ്രഹത്തെ രക്ഷിക്കുന്നതിനുള്ള ഒരു ആഗോള ശുദ്ധീകരണത്തിന് ഇത്തരത്തിലുള്ള സകല തടസ്സങ്ങളുടെയും കണികകൾ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഇത്തരം ഒരു ശുദ്ധീകരണം നടക്കുമെന്ന് എന്തെങ്കിലും പ്രതീക്ഷകളുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ? ആർ അതു നടപ്പിലാക്കും? എപ്പോൾ?