ലോകത്തെ വീക്ഷിക്കൽ
അക്രമം പുതിയ ആഴങ്ങളിലേക്ക്
ബോക്സിങ് മത്സരങ്ങളോ ആയോധനകലാ ടൂർണമെൻറുകളോ പോലുള്ള സ്പോർട്സ് പരിപാടികൾ വേണ്ടത്ര അക്രമാസക്തമല്ലെന്നു വിചാരിക്കുന്നവർക്കായി ഐക്യനാടുകളിലെ അഭിവർധകർ “അതിരുകവിഞ്ഞ പോരാട്ടം” അല്ലെങ്കിൽ “ആത്യന്തിക പോരാട്ടം” എന്നു വിളിക്കപ്പെടുന്ന ഒരു നൂതന പകരകായികാഭ്യാസം വികസിപ്പിച്ചെടുത്തിരിക്കുന്നു. ദ ന്യൂയോർക്ക് ടൈംസലെ ഒരു റിപ്പോർട്ടനുസരിച്ചു പ്രസ്തുത ആശയം ലളിതമാണ്: “ഒരുവൻ കീഴടങ്ങുന്നതുവരെയോ ഇടിയേറ്റ് അബോധാവസ്ഥയിലാകുന്നതുവരെയോ രണ്ടു പുരുഷൻമാർ പരസ്പരം രൂക്ഷമായി പ്രഹരിക്കുന്നു.” ഇടികളെ മൃദുലമാക്കാൻ അവർ കൈയുറകൾ ധരിക്കുന്നില്ല; റൗണ്ടുകളോ ഇടവേളകളോ ഇല്ല; കടിക്കുന്നതിനും കണ്ണിൽ കുത്തുന്നതിനും എതിരെയുള്ള നിയന്ത്രണങ്ങൾ ഒഴികെ കാര്യമായ നിയമങ്ങൾ ഒന്നുമില്ല. ബോക്സിങ്, ജൂഡോ, കരാട്ടേ, ഗുസ്തി, തെരുവു ശണ്ഠ എന്നിവയിൽനിന്നുള്ള തന്ത്രങ്ങൾ എതിരാളികൾ ഉപയോഗിക്കുന്നു, മിക്കപ്പോഴും രൂക്ഷമായ രക്തച്ചൊരിച്ചിലാണ് ഫലം. ടിക്കറ്റുകൾക്കുവേണ്ടി 200 ഡോളറുവരെ മുടക്കുന്ന, വന്യമായി ആഹ്ലാദംകൊള്ളുന്ന ആരാധക സമൂഹങ്ങളുടെ മുമ്പാകെയാണു മത്സരം നടത്തുന്നത്. കേബിൾ ടിവി-യിലും വാടകയ്ക്കെടുത്ത വീഡിയോകാസെറ്റുകളിലും ഈ പോരാട്ടം ജനസമ്മതിയുള്ളതാണ്. എന്നാൽ ഒട്ടേറെ സംസ്ഥാനങ്ങൾ ഈ പരിപാടികൾ നിരോധിച്ചു കഴിഞ്ഞിരിക്കുന്നു.
സ്ത്രീകൾക്ക് അധിക ജോലി ഭാരം
പുരുഷൻമാരും സ്ത്രീകളും വീട്ടുജോലികൾ തുല്യമായി പങ്കുവയ്ക്കുന്നുവോ? സ്ഥിതിവിവരക്കണക്കുകളുടെ ജർമൻ ഫെഡറൽ കാര്യാലയം നടത്തിയ സർവേയനുസരിച്ച്, ഇല്ല. സാമ്പത്തിക ശാസ്ത്രജ്ഞൻമാരായ നോർബെർട്ട് ഷവോർട്ട്സും ഡിറ്റെർ ഷാഫെറും 7,200 വീട്ടുകാരോടു വീട്ടുജോലികൾക്കായി വിനിയോഗിക്കുന്ന സമയം അപഗ്രഥിച്ചു രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. പാത്രം കഴുകൽ, സാധനങ്ങൾ വാങ്ങിക്കൽ, രോഗികളായ ബന്ധുക്കൾക്കായി കരുതൽ, കാറിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയവപോലുള്ള ജോലികൾ സർവേയിൽ ഉൾപ്പെട്ടിരുന്നു. “സ്ത്രീകൾക്ക് ഒരു ലൗകിക തൊഴിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും വേതനരഹിത ജോലി ചെയ്യുന്നതിനായി അവർ പുരുഷൻമാരുടേതിനെക്കാൾ ഏതാണ്ട് ഇരട്ടി സമയം ചെലവഴിക്കുന്നു” എന്നു സ്യൂററ്ഡോയിച്ച് ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു.
മതം “സൈബർസ്പേസി”ൽ
പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ ഡേറ്റാ ബെയിസുകളുടെ ശൃംഖലകളായ “സൈബർസ്പേസ്” വിശകലനം ചെയ്യാനായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് ഇക്കാലത്തു തിരഞ്ഞെടുക്കുന്നതിനു കൂടുതൽ മതപരമായ വിവരങ്ങളുണ്ട്. ഇപ്പോൾ വേൾഡ് വൈഡ് വെബ്ബിനു മേരി പേജ് ഉണ്ട്. അതിൽ കന്യാമറിയം എല്ലായ്പോഴും ഇളംനീല വസ്ത്രം ധരിച്ചിരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതുപോലെ അവരെക്കുറിച്ച് ഏറ്റവും അധികം ചോദിക്കപ്പെടുന്ന പത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു ജിജ്ഞാസുവിനു കണ്ടെത്താൻ കഴിയും. വൈദ്യുതിപോലെയുള്ള സാങ്കേതികവിദ്യയെ തള്ളിക്കളയുന്നവരായ അമിഷ്, അമിഷിനോടു ചോദിക്കുക എന്നറിയപ്പെടുന്ന ഒരു ഫീച്ചറിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. ചോദ്യങ്ങളുടെ സ്ക്രീനിലുള്ള ഒരു പ്രിൻറ്ഔട്ട് അവർക്ക് അയക്കുന്നു. അവർ ഉത്തരം കൈക്കെഴുതി കമ്പ്യൂട്ടർകൊണ്ട്, ഒരു മധ്യവർത്തി സംവിധാനത്തിലൂടെ പ്രേക്ഷണം ചെയ്യുന്നു. ദ ക്രിസ്ത്യൻ സെഞ്ചുറി പറയുന്നതനുസരിച്ച്, ഇപ്പോൾ ഇന്റെർനെറ്റിൽ കുമ്പസാരക്കൂട് എന്നു വിളിക്കപ്പെടുന്ന ഒരു “സൈറ്റ്” ഉണ്ട്. ഈ സംവിധാനത്തിൽ, ഒരു പുരോഹിത രൂപം, “നിങ്ങൾ കുമ്പസാരിക്കാൻ ആഗ്രഹിക്കുന്നത് എന്താണ്?” എന്നു ചോദിക്കുന്നു. അടുത്ത ലൈൻ തിരഞ്ഞെടുക്കാനുള്ള അനവധി ഉത്തരങ്ങളാണ്. “പിൻവരുന്ന പാപം ഞാൻ ചെയ്തു: (കൊലപാതകം) (വ്യഭിചാരം) (അലസത) (കാമാസക്തി) (ധനമോഹം) (വഞ്ചന) (അമിതതീറ്റ) (അഹങ്കാരം) (കോപം) (അത്യാഗ്രഹം) (തെറ്റായ മുൻഗണനകൾ).”
യഥാർഥത്തിൽ വലിയ, യഥാർഥത്തിൽ ദുർഗന്ധമുള്ള ഒരു പുഷ്പം
ലോകത്തെ ഏറ്റവും വലിയ പുഷ്പം തീർച്ചയായും ഒരു അസാധാരണ സൃഷ്ടിയാണ്. റഫ്ളേസിയ എന്നു വിളിക്കപ്പെടുന്ന ഇതിന് ഏകദേശം ഒരു ബസ് ടയറിന്റെ വലിപ്പമുണ്ട്. പുഷ്പം വികാസം പ്രാപിക്കുന്നതിന് ഒരു മനുഷ്യൻ ഗർഭധാരണം മുതൽ ജനനം വരെ വളരുന്നതിന് എടുക്കുന്ന അത്രയും സമയമെടുക്കുന്നു. ഈ പുഷ്പം ഒരു പൂച്ചെണ്ടിന് അനുയോജ്യമല്ലാത്തതിന്റെ കാരണം വലിപ്പം മാത്രമല്ല. ഇതിനു ദുർഗന്ധമുണ്ട്. ഈച്ചകളെ ആകർഷിക്കുന്നതിനു പരാഗരേണുക്കൾ ഉണ്ടായിരിക്കേണ്ടതുണ്ട്. റഫ്ളേസിയ ചീഞ്ഞഴുകുന്ന മാംസസമാന ദുർഗന്ധം വമിപ്പിക്കുന്നു. റഫ്ളേസിയ വളരുന്ന മഴക്കാടുകളിൽ വസിക്കുന്ന മലേഷ്യൻ ഗ്രാമീണർ കഴിഞ്ഞകാലത്ത് ഇതു പിശാചിന്റെ പാത്രമാണെന്നു സംശയിച്ച് കാണുന്നമാത്രയിൽതന്നെ മുറിച്ചുകളഞ്ഞിരുന്നു. എന്നിരുന്നാലും, സൗത്ത് ചൈനാ മോർണിങ് പോസ്റ്റ് പറയുന്നപ്രകാരം, ശാസ്ത്രജ്ഞൻമാർക്ക് ഇതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ കഴിയേണ്ടതിന് ഈ അപൂർവ പുഷ്പത്തെ സംരക്ഷിക്കുന്നതിനായി കിനാബാലുവിലെ മലേഷ്യൻ ദേശീയ ഉദ്യാനം നടപടി സ്വീകരിച്ചിട്ടുണ്ട്. റഫ്ളേസിയാകളുടെ ഫോട്ടോയെടുക്കാൻ വിനോദസഞ്ചാരികളെ വനത്തിലേക്കു വഴിനടത്തിക്കൊണ്ടു പ്രാദേശിക ഗ്രാമീണർ കൂടുതലായ പണം സമ്പാദിക്കുന്നു. ഒരു സംശയവുമില്ല, മിക്കവരും വിവേകപൂർവകമായ ഒരു അകലം നിലനിർത്തുന്നു.
ഒരു ഇറ്റാലിയൻ ലൂർദ്സോ?
ഇറ്റാലിയൻ നഗരമായ സിവിത്താവെച്ചിയായിൽ മഡോണയുടെ ഒരു പ്രതിമ അടുത്തകാലത്തു രക്തക്കണ്ണീർ പൊഴിച്ചതായി പറയപ്പെട്ടു. അതോടെ ജിജ്ഞാസുക്കളായ ദശ സഹസ്രക്കണക്കിനു കാഴ്ചക്കാരുടെയും തീർഥാടകരുടെയും ഒരു പ്രവാഹംതന്നെ ഉണ്ടായി. തന്നിമിത്തം സ്വയം ഒരു അവിശ്വാസിയെന്നു വിളിക്കുന്ന മേയർ പീത്രോ റ്റിദേയി ഒരു കത്തോലിക്കാ മെത്രാനോടൊപ്പം ഫ്രാൻസിലേക്കു യാത്രയായി. “അത്ഭുതങ്ങൾ” നടക്കുന്നതായി കരുതപ്പെടുന്ന കത്തോലിക്കാ വിശുദ്ധമന്ദിരമെന്നു കീർത്തികേട്ട പ്രശസ്ത ലൂർദ്സ് പട്ടണം അവർ സന്ദർശിച്ചു. ആ സന്ദർശനം ഒരു തീർഥാടനമായിരുന്നില്ല. മറിച്ച്, ലൂർദ്സിലെ “സാമ്പത്തിക അത്ഭുതം” പഠിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം, വ്യക്തമായും ആ സന്ദർശനം, സമാനമായി ആദായകരമായ ഒരു മെക്കാ എന്നനിലയിൽ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കുമായി സിവിത്താവെച്ചിയായെ എങ്ങനെ ക്രമീകരിക്കുകയും ഭരിക്കുകയും ചെയ്യണം എന്നതുസംബന്ധിച്ച് ആശയങ്ങൾ നേടുന്നതിനായിരുന്നു.
ബ്രസീലിലെ “വിശുദ്ധ യുദ്ധം”
ഒരു വിശുദ്ധ യുദ്ധം എന്നു രാജ്യത്തെ പത്രങ്ങൾ വിശേഷിപ്പിച്ചതിനു ബ്രസീലിലെ ഒരു പെന്തക്കോസ്ത് പാസ്റ്റർ അടുത്തകാലത്തു തുടക്കമിട്ടു. ഒരു ദേശീയ ടെലിവിഷൻ പ്രക്ഷേപണത്തിൽ പാസ്റ്റർ സെർസ്ജിയോ ഫോൻ ഹെൽഡാ കത്തോലിക്കാ സഭയുടെ ബിംബാരാധനയെ അപലപിച്ചു. തന്റെ ആശയം തെളിയിക്കുന്നതിന്, ബ്രസീലിലെ 11,00,00,000 കത്തോലിക്കരുടെ പാലക പുണ്യവതിയായി സേവിക്കുന്ന കന്യാമറിയത്തിന്റെ കറുത്ത പതിപ്പായ ഔവർ ലേഡി ഓഫ് അപ്പറേസിഡായുടെ ഒരു കളിമൺ പ്രതിമ അദ്ദേഹം പ്രദർശിപ്പിച്ചു. പ്രസ്തുത പ്രതിമയെ തുടരെത്തുടരെ അടിക്കുകയും തൊഴിക്കുകയും ചെയ്യവേ ഫോൻ ഹെൽഡാ അതിനെ “ഭീകരമായ, ലജ്ജാവഹമായ പാവ” എന്നു വിളിച്ചു. തെരുവിലൂടെ പാലക പുണ്യവതിയുടെ പ്രതിമകൾ വഹിച്ചുകൊണ്ട് ആയിരക്കണക്കിനു കത്തോലിക്കർ പ്രതിഷേധിച്ചിരിക്കുന്നു. ദൈവത്തിന്റെ രാജ്യത്തിന്റെ സാർവത്രിക സഭയെന്നു വിളിക്കപ്പെടുന്ന ഫോൻ ഹെൽഡായുടെ പെന്തക്കോസ്ത് വിഭാഗത്തിന്റെ ചില ദേവാലയങ്ങൾ വളഞ്ഞ ജനക്കൂട്ടം ആക്രോശിക്കുകയും കല്ലെറിയുകയും ചെയ്തു. ഈ സഭയുടെ തലവനാൽ ഔദ്യോഗിക സ്ഥാനത്തുനിന്നും സസ്പെൻഡു ചെയ്യപ്പെട്ട ഫോൻ ഹെൽഡാ, തന്റെ ആക്രമണത്തിന്റെ ഫിലിം വീണ്ടും വീണ്ടും പ്രക്ഷേപണം ചെയ്യുന്നതിനു മാധ്യമത്തെ കുറ്റപ്പെടുത്തുന്നു. “ടിവി ഗ്ലോബോ [രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷൻ ശൃംഖല] എന്നെ ഒരു രാക്ഷസനായി മാറ്റിക്കളഞ്ഞു” എന്നു പാസ്റ്റർ അവകാശപ്പെടുന്നു.
നിയമം കയ്യിലെടുത്തുള്ള കൊലപാതകങ്ങൾ
ദക്ഷിണാഫ്രിക്കയിൽ രോഷാകുലരായ ജനക്കൂട്ടം വാഹന അപഹർത്താക്കളെന്നു സംശയിക്കപ്പെടുന്ന ഒരു സംഘത്തെ അവരുടെ വീടുകളിൽനിന്നു പിടിച്ചുകൊണ്ടുപോയി വെട്ടിക്കൊന്നു ചായംകൊണ്ടു പൊതിഞ്ഞു. അത്തരം സംഭവങ്ങളുടെ വർധനവ് “പൊലീസിൽ വിശ്വാസം നഷ്ടപ്പെടുകയും കുറ്റകൃത്യത്താൽ നിരന്തരം ശല്യപ്പെടുത്തപ്പെട്ട് അതിനെക്കുറിച്ച് അങ്ങേയറ്റം വ്യാകുലപ്പെടുകയും ചെയ്തിരിക്കുന്ന സമുദായത്തിന്റെ ഒരു ലക്ഷണം” ആണെന്നു സാറ്റർഡേ സ്റ്റാർ വാർത്താപത്രം അഭിപ്രായപ്പെട്ടു. അത്തരം പെരുമാറ്റം പൊറുക്കാതിരിക്കുമ്പോൾതന്നെ, കൊലപാതകത്തിനുശേഷം ഇരകളെ ചായം പൂശുന്നതിനെ കുറ്റശാസ്ത്രവിദഗ്ധർ പ്രാധാന്യമുള്ളതായി കരുതുന്നു. അതു കുറ്റവാളികളാകാൻ സാധ്യതയുള്ള മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായിരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഒരു കുറ്റശാസ്ത്രവിദഗ്ധ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എല്ലാ സൂചനകളുമനുസരിച്ചു പ്രസ്തുത സാഹചര്യം പൂർണമായും നിയന്ത്രണാതീതമാണ്. തങ്ങൾ കുറ്റവാളികളുടെ ഉപരോധത്തിൻ കീഴിലാണെന്നുള്ള ധാരണയെ തരണം ചെയ്യാനുള്ള സ്വന്തം നിയന്ത്രണ പ്രാപ്തി പൊതുജനത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.”
കൗമാര കഴുകൻമാരെക്കൊണ്ടുള്ള കുഴപ്പം
ഈ നൂറ്റാണ്ടിൽ മിക്കവാറും വംശനാശമെത്തിയ, ചീഞ്ഞഴുകിയ മാംസംതിന്നുന്ന ഭീമാകാരനായ കാലിഫോർണിയാ കഴുകൻ, പിടിച്ചെടുത്തു വളർത്തിയ കഴുകൻമാരെ മരുഭൂമിയിലേക്കു തുറന്നുവിടാൻ ശ്രമിക്കുന്ന പരിസ്ഥിതിസംരക്ഷണവാദികൾക്ക് ഒരു പ്രത്യേക വെല്ലുവിളി സൃഷ്ടിക്കുന്നു. ചെറുപ്രായത്തിൽ പുറത്തുവിടുന്ന ഈ പക്ഷികൾ “അന്വേഷണം നടത്തുന്ന, എല്ലാം പരീക്ഷിച്ചുനോക്കുന്ന, കൗമാര ഘട്ടത്തിലാണ്” എന്ന് ന്യൂ സയൻറിസ്റ്റൽ ഉദ്ധരിച്ചിരിക്കുന്ന ഒരു പരിസ്ഥിതിസംരക്ഷണവാദി പറയുന്നു. മനുഷ്യരോടോ വൈദ്യുത കമ്പികളോടോ ഉള്ള ഭയമില്ലായ്മ പലതിന്റെയും ജീവനെയോ സ്വാതന്ത്ര്യത്തെയോ നഷ്ടപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു പരിസ്ഥിതിസംരക്ഷണവാദികൾ കഴുകൻകുഞ്ഞുങ്ങളെ വളർത്തുന്നതിൽ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നു. വൈദ്യുത കമ്പികൾ ഒഴിവാക്കാൻ പക്ഷിയെ പഠിപ്പിക്കുന്നതിന് അവർ ശക്തികുറഞ്ഞ വൈദ്യുതാഘാതങ്ങൾ ഉപയോഗിക്കുന്നു. ആളുകളോടു വെറുപ്പു പഠിപ്പിക്കുന്നതിന്, പക്ഷിയുടെ അടുത്തേക്കു പലയാളുകൾ പെട്ടെന്നു തിക്കിത്തിരക്കിച്ചെന്ന് അവയെ പിടിച്ചു നിയന്ത്രണത്തിൽ വയ്ക്കുന്ന അവസരത്തിലൊഴികെ എപ്പോഴും അവർ കഴുകന്റെ കാഴ്ചയ്ക്കു മറഞ്ഞുനിൽക്കുന്നു. “കഴുകൻമാർ ഇതു വെറുക്കുന്നു”വെന്ന് ന്യൂ സയൻറിസ്റ്റ് പറയുന്നു, അങ്ങനെ അവ മനുഷ്യനെ ഒഴിവാക്കാൻ പഠിക്കുന്നു. ഈ തന്ത്രത്തിന് ഇതുവരെ ഒരളവിലുള്ള വിജയം ഉണ്ടായിട്ടുണ്ട്.
തുരങ്കരഹസ്യ സങ്കൽപ്പം
അസീറിയൻ സൈന്യം ഉപരോധം ഏർപ്പെടുത്തിയപ്പോൾ യെരുശലേമിനു വെള്ളം ഉറപ്പുവരുത്തുന്നതിനു പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) എട്ടാം നൂറ്റാണ്ടിൽ തുരന്ന ഹിസ്കിയാവിന്റെ തുരങ്കം ലക്ഷ്യശൂന്യമായി, വളഞ്ഞുപുളഞ്ഞു പോയത് എന്തുകൊണ്ടാണെന്നു പുരാവസ്തുഗവേഷകർ ദീർഘനാളായി അതിശയിച്ചിട്ടുണ്ട്. നേരെയുള്ള കൂടുതൽ ഫലപ്രദമായ ഒരു വഴിക്ക്, തുരങ്കത്തിന് ആവശ്യമായിത്തീർന്ന 533 മീറ്റർ കുഴിക്കലിനു പകരം, 320 മീറ്റർ കുഴിക്കൽ മാത്രമേ ആവശ്യമാകുമായിരുന്നുള്ളൂ. പുരാതന എബ്രായയിൽ എഴുതിയ ഒരു ആലേഖനം 1880-ൽ തുരങ്കഭിത്തിയിൽ കണ്ടെത്തി. രണ്ടു സംഘം ജോലിക്കാർ പാറതുരന്നുണ്ടാക്കിയ പ്രസ്തുത തുരങ്കത്തിന്റെ വിപരീത അഗ്രങ്ങളിൽ ആരംഭിച്ച് മധ്യത്തിൽ എങ്ങനെ കണ്ടുമുട്ടിയെന്ന് അതു വിശദീകരിച്ചു. തുരങ്കത്തിന്റെ വളഞ്ഞുപുളഞ്ഞുള്ള വഴി പരിഗണിക്കുമ്പോൾ അവർക്കെങ്ങനെ അപ്രകാരം ചെയ്യാൻ കഴിഞ്ഞുവെന്ന മറ്റൊരു ചോദ്യം ഇത് ഉയർത്തി. തങ്ങൾക്ക് ഉത്തരമുണ്ടെന്നു ഭൂഗർഭ ശാസ്ത്രജ്ഞൻമാർ ഇപ്പോൾ വിചാരിക്കുന്നു. ഇസ്രായേലിന്റെ ഭൂമിശാസ്ത്ര സർവേയിലെ ഡാൻ ഗിൽ പറയുന്നതനുസരിച്ച്, ഭൂകമ്പ സമ്മർദഫലമായുണ്ടായ അല്ലെങ്കിൽ വ്യത്യസ്ത പാളികൾ കൂടിച്ചേരുന്നിടത്ത് ഉണ്ടായ പാറവിള്ളലിലൂടെ വെള്ളം ഒഴുകിയതിന്റെ ഫലമായി രൂപപ്പെട്ട പ്രകൃതിദത്ത വഴിയെ ജോലിക്കാർ പിന്തുടർന്നു വിശാലമാക്കി. ഒരു കാലഘട്ടത്തിനുശേഷം ചില സ്ഥലങ്ങളിൽ ഇവ തികച്ചും വിശാലമായി. തുരങ്കത്തിന്റെ ഉയരം 1.7 മീറ്റർ മുതൽ 5 മീറ്റർ വരെ വ്യത്യാസപ്പെടുന്നത് എന്തുകൊണ്ടാണെന്നും എണ്ണവിളക്കുകൾ ഉപയോഗിച്ചിരുന്ന ജോലിക്കാർക്ക് ആവശ്യത്തിനു വായു എങ്ങനെ ലഭിച്ചെന്നും ഇതു വിശദീകരിച്ചേക്കാം. ജോലിക്കാർ വിദഗ്ധരുമായിരുന്നു. കാരണം തുരങ്കത്തിന്റെ വിജയം ഗതിയിലുടനീളം താഴേക്കുള്ള കേവലം നിസ്സാരമായ, 31.75 സെൻറിമീറ്റർ ചെരിവിനെ ആശ്രയിച്ചിരുന്നു.