ഞങ്ങളുടെ വായനക്കാരിൽനിന്ന്
വികലാംഗയായ മുഴുസമയ ശുശ്രൂഷക വർഷങ്ങളിലൂടെ ഒട്ടേറെ ലേഖനങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്—പക്ഷേ, ഒന്നുംതന്നെ “ഒരു വെടിയുണ്ട എന്റെ ജീവിതത്തെ മാറ്റിമറിച്ചു” എന്ന ഗ്ലോറിയ വില്യംസിന്റെ അനുഭവത്തിന്റെയത്രയും ആഴത്തിൽ ഇല്ലായിരുന്നെന്നുമാത്രം. (ഒക്ടോബർ 22, 1995) അവരുടേതുമായി തട്ടിച്ചുനോക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ തീരെ നിസ്സാരമായി മാറുന്നു! ഇത്രയും സമ്പുഷ്ടമായ ആത്മീയാഹാരവും പ്രോത്സാഹനവും ഞങ്ങൾക്കു നൽകിയതിനു നിങ്ങൾക്കു നന്ദി പറയുന്നു.
ഇ. എൽ., കാനഡ
നാം ഏത് അവസ്ഥയിലായിരുന്നാലും, അത് എത്രതന്നെ വഷളായിരുന്നാലും, നമുക്കു യഹോവയോടു പ്രാർഥിക്കാനും സഹായമാവശ്യപ്പെടാനും കഴിയുമെന്ന് ഈ അനുഭവം എന്നെ അനുസ്മരിപ്പിച്ചു. സ്കൂളിൽ എനിക്കിപ്പോൾ മോശമായ ഒരു സമയമാണ്, ഞാൻ നിരുത്സാഹിതയാവാറുണ്ട്. എന്നാൽ, ഈ ലേഖനം വായിച്ചപ്പോൾ ഞാൻ അത്യന്തം പ്രോത്സാഹിതയായി.
എം. എസ്., ജപ്പാൻ
ഗ്ലോറിയ വില്യംസിന്റെ കഥ വായിക്കവേ എന്റെ കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞിരുന്നു. മതപരമായ ഭിന്നതകളുള്ള ഒരു കുടുംബത്തിലാണു ജീവിക്കുന്നതെങ്കിലും, വയൽസേവനത്തിൽ എന്നെത്തന്നെ ഏറ്റവും മെച്ചമായി വിനിയോഗിക്കുന്നതിൽ തുടരാൻ അതെന്നെ പ്രോത്സാഹിപ്പിച്ചു.
എഫ്. സി., ഇറ്റലി
മുഴുസമയ പ്രസംഗവേലയിൽ തുടരുക എന്ന എന്റെ ലക്ഷ്യത്തിൽ ഉറ്റിരിക്കാൻ ആ ലേഖനം എന്നെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഗ്ലോറിയ വില്യംസിന് അതു കഴിയുമെങ്കിൽ—ശരീരാവയവങ്ങളിലൊന്നിനും കേടുപാടില്ലാതിരിക്കുമ്പോൾ—എന്തുകൊണ്ട് എനിക്കായിക്കൂടാ?
ഐ. ഒ. എ., നൈജീരിയ
തടി എനിക്കു 11 വയസ്സു പ്രായമുണ്ട്, “തടികൊണ്ടു നിർമിക്കുന്നത് എന്തിന്?” എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. (ഒക്ടോബർ 22, 1995) യഹോവയുടെ ശക്തിയെയും കഴിവിനെയും വിലമതിക്കാൻ അതെന്നെ സഹായിച്ചു. കൂടാതെ, അവനിലേക്കും അവന്റെ പുത്രനായ യേശുക്രിസ്തുവിലേക്കും അതെന്നെ അടുപ്പിച്ചു. കാരണം, അവരിരുവരും എത്ര അറിവുള്ളവരും ജ്ഞാനികളുമാണെന്നു ഞാൻ മനസ്സിലാക്കുന്നു.
എ. ബി., ഐക്യനാടുകൾ
ഇപ്പോഴും ഏകാകിയായിരിക്കുന്നത് എന്തുകൊണ്ടാണ്? “യുവജനങ്ങൾ ചോദിക്കുന്നു . . . എല്ലാവരും വിവാഹിതരാകുന്നു, എനിക്കെന്തുകൊണ്ടു കഴിയുന്നില്ല?” എന്ന ലേഖനത്തിനു വളരെ നന്ദി. (ഒക്ടോബർ 22, 1995) ഇളം പ്രായത്തിലേയുള്ള വിവാഹങ്ങളുടെ ഒരു പ്രളയംതന്നെ ഈ പ്രദേശത്തു ദൃശ്യമാണ്. പലരും നന്നേ ചെറുപ്രായത്തിൽതന്നെ വിവാഹിതരാകുന്നു. ചിലർ എന്നെക്കുറിച്ചു വേവലാതിപ്പെടുന്നു, എനിക്കു 18 വയസ്സായി, ഒരു കാമുകനില്ല എന്നതിന്റെ പേരിൽ. ഒരു സന്തുലിത മനോഭാവം പുലർത്തുന്നതിൽ എന്നെ സഹായിക്കാൻ ലേഖനം തക്കസമയത്തുതന്നെ വന്നെത്തി.
എസ്. ഇസഡ്., ജർമനി
ആരും താത്പര്യം കാണിക്കാതിരിക്കാൻ മാത്രം എന്നിൽ എന്തു ദൂഷ്യമാണുള്ളതെന്നു 19 വയസ്സുള്ള അവിവാഹിതയായ ഞാൻ പലവുരു ചിന്തിച്ചിട്ടുണ്ട്. ചില അവിശ്വാസികൾ താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാൽ, അത്തരത്തിലുള്ള ഒരു ശ്രദ്ധയല്ല എനിക്കു വേണ്ടത്. ക്ഷമ ആവശ്യമാണെന്നും യഥാർഥത്തിൽ പ്രധാനമായ സംഗതി ഞാൻ യഹോവയെ പ്രീതിപ്പെടുത്തുന്നതാണെന്നും മനസ്സിലാക്കാൻ ലേഖനം എന്നെ സഹായിച്ചു.
ജെ. ജി., ഐക്യനാടുകൾ
38 വയസ്സുള്ള അവിവാഹിതനെന്നനിലയിൽ, ലേഖന ശീർഷകത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചോദ്യം ഞാൻ സ്വയം ചോദിക്കാറുണ്ടായിരുന്നു. അവിവാഹിതരായ ക്രിസ്തീയ സഹോദരിമാരുടെ തിരസ്ക്കരണത്തെ എണ്ണമറ്റ പ്രാവശ്യം സഹിച്ചിട്ടുള്ള എനിക്ക്, “ആശാവിളംബനം” ഉളവാക്കുന്ന വേദന നന്നായിട്ടറിയാം. (സദൃശവാക്യങ്ങൾ 13:12) ഈ സാഹചര്യത്തിലുള്ള അവിവാഹിതരായ ക്രിസ്ത്യാനികളുടെ വികാരങ്ങളെ യഹോവ ന്യായാനുസൃതം വീക്ഷിക്കുന്നുവെന്നും വിശ്വസ്തതയോടെയുള്ള നമ്മുടെ സഹനത്തെ അവൻ വിലമതിക്കുന്നുവെന്നും അറിയുന്നത് ആത്മവിശ്വാസം പകരുന്നു.
ഡി. റ്റി., ഐക്യനാടുകൾ
ഏറ്റവും വലിയ കലാകാരൻ “ഏറ്റവും വലിയ കലാകാരനെ തേടി” (നവംബർ 8, 1995) എന്നതിലെ പരമ്പരകൾ വായിച്ചശേഷം എന്റെ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ പ്രേരിതനായിരിക്കുന്നു. മഹദ്സംവിധായകനു പ്രശംസ നൽകുന്നതിൽ പരാജയപ്പെടുന്ന, പ്രകൃതിയെക്കുറിച്ചുള്ള നിരവധി പരിപാടികൾ ഞാൻ ടെലിവിഷനിൽ കണ്ടിട്ടുണ്ട്. എന്നാൽ ഉണരുക! നിരന്തരം നമ്മുടെ പ്രതാപവാനായ യഹോവയാം ദൈവത്തിനു പ്രശംസ നൽകുന്നു.
ഇ. ഇസഡ്., ഐക്യനാടുകൾ
യഹോവയെ ആദരവോടെ വീക്ഷിക്കുന്നതിന് എത്ര മഹനീയമായ ഒരു പുതിയ മാർഗം! അവന്റെ പ്രവൃത്തിയുടെ ഗുണമേന്മ തികച്ചും വിശിഷ്ടമാണ്, അവന്റെ പ്രവൃത്തിയുടെ അളവ് അനുപമമാണ്. യഹോവയാം ദൈവത്തിലേക്ക് ആളുകളെ ആകർഷിക്കാൻ തക്കവണ്ണം ഉണരുക!യെ ഹൃദ്യമാക്കുന്ന പ്രതിഭാശാലികളായ നിരവധി കലാകാരന്മാർക്ക് ഒരു സബാഷ് കൂടെ കൂട്ടിച്ചേർത്തുകൊള്ളട്ടെ.
എം. ക്യു., ഐക്യനാടുകൾ