ഹാബൂ—അകറ്റിനിർത്തേണ്ട ഒരു പാമ്പ്
ഓക്കിനാവയിലെ ഉണരുക! ലേഖകൻ
കാറ്റ് തീരെയില്ലായിരുന്ന ഒരു ഈറൻ സന്ധ്യ. മഴ നിന്നതേയുണ്ടായിരുന്നുള്ളൂ, ചൂടകറ്റാൻ ഓരോരുത്തരും മെല്ലെ തന്നെത്താൻ വീശിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, “ഹാബൂ!” “അതാ അവിടെ ഒരു ഹാബൂ!” എന്നീ നിലവിളികളുയർന്നു. ആ നിലവിളി ഗ്രാമീണരെ പ്രകമ്പനം കൊള്ളിച്ചു. മുതിർന്നവർ വടികളുമായി ഓടി, പിന്നാലെ ജിജ്ഞാസരായ കുട്ടികളും പാഞ്ഞു. അത് എവിടെയായിരുന്നു? എല്ലാവരും സംഭ്രാന്തരായിരുന്നു. രണ്ടു മീറ്ററോളം നീളംവരുന്ന ഈ പാമ്പിൽനിന്നുള്ള ദംശനം മരണകരമായേക്കാം. മുതിർന്നവർ നീണ്ട വടികൾക്കൊണ്ടു പാമ്പിന്റെ തലയ്ക്കടിച്ചു ബോധംകെടുത്തിയതോടെ ഗ്രാമീണർക്ക് ആശ്വാസമായി. എന്നിട്ട്, ജീവനോടെ വിൽക്കുന്നതിനു വേഗംതന്നെ അതിനെ സഞ്ചിയിലാക്കി.
കിഴക്കൻ ചൈനാക്കടലിൽ സ്ഥിതി ചെയ്യുന്ന റിയൂക്യൂ ദ്വീപുകളിൽ കുട്ടികൾ മുതൽ അപ്പൂപ്പനമ്മൂമ്മമാർ വരെ എല്ലാവരും ഹാബൂവിനെ അകറ്റിനിർത്തുന്നു. മഞ്ഞനിറത്തിലുള്ള പുള്ളികളോടുകൂടിയ കൂർത്ത തലയുള്ള ഈ കുഴി അണലി ദ്വീപുകളിലുള്ള ചിലരെ സംബന്ധിച്ചിടത്തോളം സ്വദേശിയാണ്, എന്നാൽ എല്ലാവരെ സംബന്ധിച്ചുമല്ല. ഭയങ്കരനായ ഈ പാമ്പിനെ നമുക്കിപ്പോൾ അടുത്തു നിരീക്ഷിക്കാം. എന്നാൽ അതിനെ അകറ്റിനിർത്താൻ, എപ്പോഴും ഒരു കൈയ്യകലത്തിൽ നിർത്താൻ ഓർമിക്കുക!
ഭയജനകമായ രൂപകൽപ്പന
വിവിധ തരത്തിലുള്ള ഹാബൂകളുണ്ട്. പച്ചകലർന്ന തവിട്ടു പുള്ളികളുള്ളവയാണ് ഒരിനം. ഈ നിറം മൂലം പുല്ലുകൾക്കും ചീഞ്ഞുകൊണ്ടിരിക്കുന്ന ഇലകൾക്കുമിടയിൽ അതിനെ ഒട്ടുംതന്നെ തിരിച്ചറിയാനാവില്ല. ഹാബൂകളുടെ രാത്രികാല പ്രവർത്തനങ്ങൾക്കും ഇരുട്ടുള്ളയിടങ്ങളിൽ ഒളിഞ്ഞിരിക്കാനുള്ള പ്രവണതയ്ക്കും യോജിക്കുന്നവിധം മറ്റു ചിലതിന് ഇരുണ്ട നിറമാണുള്ളത്.
ദൂരക്കാഴ്ച അൽപ്പം കുറവാണെങ്കിലും നമുക്കില്ലാത്ത തരത്തിലുള്ള കഴിവുകൾ ഇതിനുണ്ട്. തലയുടെ ഇരുവശങ്ങളിലും ഓരോ നിമ്നാവയവങ്ങൾ (pit organs) എന്നു വിളിക്കപ്പെടുന്നവയാൽ ഇത് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നാസാരന്ധ്രങ്ങൾക്കും കണ്ണിനുമിടയ്ക്കുള്ള ഈ കുഴികൾ ചൂടിനോട് ഏറെ സംവേദനീയമായവയാണ്. മനുഷ്യർക്കു ചൂടായി അനുഭവപ്പെടുന്ന ഇൻഫ്രാറെഡ് പ്രസരണം “കാണാൻ” ഈ രണ്ടു നിമ്നാവയവങ്ങൾ അതിനെ സഹായിക്കുന്നു. ഇവ ഉപയോഗിച്ച് കൂരിരുട്ടിൽപോലും ഇളം ചൂടുള്ള ഒരു ചെറിയ എലിയെ കൃത്യമായി ലക്ഷ്യം വെക്കാൻ ഹാബൂവിനു കഴിയും.
പാമ്പ് അതിന്റെ നാക്ക് ഇടയ്ക്കിടെ നീട്ടുന്നതു നിങ്ങൾ കണ്ടിരിക്കും. അസാധാരണമായ ഒരു മറു നാസാരന്ധ്രം പോലെ അതിന്റെ നാക്ക് വർത്തിക്കുന്നു. ഇത്തരത്തിൽ നാക്ക് ഇടയ്ക്കിടെ പുറത്തേക്കു നീട്ടിക്കൊണ്ട് ഹാബൂ, വായുവിൽനിന്നു രാസവസ്തുക്കൾ ശേഖരിക്കുകയും അണ്ണാക്കിലുള്ള രാസസംവേദനീയമായ ഒരു അവയവത്തോട് അതിന്റെ നാക്ക് അമർത്തുകയും ചെയ്യുന്നു. ഈ മറു നാസാരന്ധ്രം ഉപയോഗിച്ചുകൊണ്ട് ഹാബൂ വായുവിൽനിന്ന് വളരെയേറെ രാസവിവരങ്ങൾ ശേഖരിക്കുന്നു.
“ആക്രമണത്തെത്തുടർന്ന് ഹാബൂ തുടരെത്തുടരെ വളരെയധികം പ്രാവശ്യം നാക്ക് പുറത്തേക്കു നീട്ടുന്നു” എന്ന് ടെനിസ്സി സർവകലാശാലയിലെ ഗവേഷകരായ ആർ. എം. വാട്ടേഴ്സും ജി. എം. ബുർഗ്ഹാർട്ടും നിരീക്ഷിച്ചു. ആക്രമണത്തിനു ശേഷം വായുവിൽ രാസപ്രചോദകങ്ങൾക്കുവേണ്ടി നോക്കുന്നതെന്തിനാണ്? വശംകെട്ട ഇരയിൽനിന്ന് എപ്പോഴും പ്രത്യാക്രമണത്തിനു സാധ്യതയുള്ളതുകൊണ്ട്, കൊത്തുകയും വിഷം കുത്തിവെക്കുകയും ചെയ്തതിനുശേഷം ഹാബൂ മിക്കപ്പോഴും ഇരയെ വിട്ടയയ്ക്കുന്നു. പിന്നീട്, വിഷം പ്രവർത്തിച്ചു തുടങ്ങുമ്പോൾ, നാക്കുകൊണ്ട് “മണംപിടിച്ച്” അണലി അതിന്റെ ഇരയെ തേടിപ്പോകുന്നു.
നിസ്സഹായനായ ഇരയെ കണ്ടെത്തിക്കഴിയുമ്പോൾ, എലിയോ കോഴിക്കുഞ്ഞോ പക്ഷിയോ എന്തെങ്കിലുമായിക്കൊള്ളട്ടെ, ഹാബൂ മുഴുവനോടെ അതിനെ വിഴുങ്ങാൻ തുടങ്ങുന്നു—തല, കാൽ, വാൽ, തൂവൽ, അങ്ങനെ അപ്പാടെ. താടിയെല്ലിന് അകലാൻ കഴിയുന്ന വിധത്തിൽ അതിന്റെ കീഴ്ത്താടി പുറകിലായി തുറക്കുന്നു. വലിപ്പക്കൂടുതലുള്ള ഇരയെ വിഴുങ്ങാൻ തക്കവണ്ണം ഇതു സഹായിക്കുന്നു. ഓക്കിനാവയിലെ ഒരു ഹാബൂ ഗവേഷണകേന്ദ്രത്തിൽ പ്രദർശനത്തിനു വെച്ചിരിക്കുന്ന ഹാബൂവിന്റെ വയറ്റിൽ ഒരു പൂച്ചയെ മുഴുവനായി കണ്ടെത്തുകയുണ്ടായി.
ആക്രമണത്തിനിടയിൽ ഒരു ഹാബൂവിന് സിറിഞ്ചു പോലുള്ള അതിന്റെ വിഷപ്പല്ലു നഷ്ടപ്പെട്ടെങ്കിലോ? അതിന്റെ സ്ഥാനത്തു പുതിയൊരെണ്ണം വളരും. എന്തിന്, വായുടെ ഇരുവശങ്ങളിലും ഈരണ്ടു വിഷപ്പല്ലുകളുള്ള ഹാബൂകളെ കണ്ടെത്തിയിട്ടുണ്ട്. അതിനുപുറമേ, ഹാബൂവിന് അതിന്റെ പല്ലു നഷ്ടപ്പെട്ടാലും അതു പട്ടിണിയാവില്ല. ഒരു ഹാബൂ മൂന്നു വർഷം വെള്ളംകൊണ്ടു മാത്രം ജീവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അതിന്റെ ആക്രമണം ഒഴിവാക്കൽ
തെക്കുകിഴക്കൻ ഏഷ്യയിലെ മൂർഖനും ആഫ്രിക്കയിലെ ബ്ലാക്ക് മാമ്പയും നാഡീവിഷം കുത്തിവെക്കുമ്പോൾ ഹാബൂ രക്തസ്രാവമുണ്ടാക്കുന്ന കൂടിയതരത്തിലുള്ള വിഷം കുത്തിവെക്കുന്നു. രക്തധമനികളെ നശിപ്പിച്ചുകൊണ്ട് രക്തസ്രാവമുണ്ടാക്കുന്നതുകൊണ്ടാണ് അതിനെ രക്തസ്രാവമുണ്ടാക്കുന്നത് എന്നു വിളിക്കുന്നത്. വിഷം, എരിച്ചിലും നീർക്കെട്ടും ഉണ്ടാക്കുന്നു, ഇതു മരണകരവുമായേക്കാം.
പതുങ്ങിയിരിക്കുന്ന സ്ഥലത്തുനിന്ന് പാമ്പ് ചാടിവീണ് മനുഷ്യരുടെ പിന്നാലെ പായുമെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ ഇതു ശരിയല്ല. ഹാബൂവിനെ സംബന്ധിച്ചിടത്തോളം മനുഷ്യർ വിശിഷ്ടഭോജ്യമൊന്നുമല്ല. നിങ്ങൾ ഒരു ഹാബൂവിനെ അറിയാതെ ചവിട്ടുകയോ അതിന്റെ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയോ ചെയ്താൽമാത്രം ഒരുപക്ഷേ അത് ആക്രമിക്കുമായിരിക്കും. ഇരകളായവരിൽ ഒട്ടുമിക്കവരും പച്ചക്കറിത്തോട്ടമോ കരിമ്പിൻതോട്ടമോ പോലെ ഹാബൂകൾ ഇരതേടാൻ വരുന്ന പ്രദേശങ്ങളിലുണ്ടായിരുന്നവരാണ്. ഉചിതമായ പാദരക്ഷകളില്ലാതെ ദ്വീപുവാസികൾ ഒരിക്കലും പുല്ല് ഉയരത്തിൽ വളർന്നു നിൽക്കുന്നിടത്തു പോവുകയില്ല. രാത്രിയിൽ അവർ ടോർച്ചുമേന്തിയാണു പോകാറ്. ഹാബൂ പ്രത്യേകിച്ചും ഉഷാറാകുന്നതു രാത്രിയിലാണ്. ഓ, മരത്തിൽ കയറുന്ന കാര്യത്തിൽ ഈ പാമ്പുകൾ വിദഗ്ധരാണെന്നതു നിങ്ങൾ മറക്കരുതേ. ഇത് വേനലിൽ ചൂടകറ്റാൻ അവയെ സഹായിക്കുന്നെന്നു മാത്രമല്ല, ഹാബൂ വരുമെന്നു പ്രതീക്ഷിച്ചിരിക്കാത്ത പക്ഷികൾക്കരികിലേക്കു ചെല്ലാനും അവയെ സഹായിക്കും. അതുകൊണ്ട് അവയുടെ ആവാസത്തിനരികിലായിരിക്കുമ്പോൾ നിങ്ങളുടെ തലയും അതുപോലെതന്നെ നിങ്ങളുടെ കാൽച്ചുവടും സൂക്ഷിച്ചുകൊൾക!
ഈ അണലിയെ കൈകാര്യം ചെയ്യാൻ പറ്റിയ ഏറ്റവും നല്ല വിധം അതിനു കെട്ടിടത്തിലേക്കു വന്നുകയറാനുള്ള അവസരം നൽകാതിരിക്കുക എന്നതാണ്. കെട്ടിടത്തിന്റെ അസ്ഥിവാരത്തിലും പുറംചുവരുകളിലുമുള്ള പൊത്തുകളെല്ലാം അടയ്ക്കുക. നിങ്ങളുടെ മുറ്റത്തു പുല്ല് ഉയരത്തിൽ വളരാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റു തരത്തിൽ പറഞ്ഞാൽ, ഹാബൂവിനു പതുങ്ങിയിരിക്കാൻ പറ്റിയ ഒരിടം പ്രദാനം ചെയ്യാതിരിക്കുക.
നിങ്ങൾക്കു ദംശനമേറ്റാലോ?
ഈ വിഷപ്പാമ്പുകളിൽ ഒന്നിനെ നിങ്ങൾക്കു നേരിടേണ്ടിവന്നാൽ എന്തു സംഭവിക്കും? ഒരുപക്ഷേ, ഹാബൂ ശരീരത്തിന്റെ മുൻഭാഗം പകുതി S ആകൃതിയിൽ വളച്ചുവെക്കും. അതാ വരുന്നു! വായ് വിസ്താരത്തിൽ തുറന്ന് അതിന്റെ ശരീരത്തിന്റെ മൂന്നിൽ രണ്ടുഭാഗം നിങ്ങൾക്കുനേരെ പെട്ടെന്ന് നീളുന്നു. വിഷപ്പല്ലുകളായിരിക്കും ആദ്യം എത്തുന്നത്.
പരിഭ്രമിക്കരുത്. നിങ്ങളെ ആക്രമിച്ചത് വാസ്തവത്തിൽ ഒരു ഹാബൂ തന്നെയാണോയെന്നു പരിശോധിക്കുക. വിഷപ്പല്ലുകൾ നിങ്ങളുടെ ശരീരത്തിൽ ആഴ്ന്നിടത്ത് രണ്ടു സെൻറിമീറ്റർ ഇടവിട്ട് രണ്ട് ചെമന്ന പൊട്ടുകൾ കാണുന്നുവെങ്കിൽ ഹാബൂവിൽനിന്നുള്ള ദംശനമേറ്റുവെന്നു മനസ്സിലാക്കാം. ചിലതിനു മൂന്നോ നാലോ വിഷപ്പല്ലുകൾ കാണും, ഇത് ചെമന്ന പൊട്ടുകളുടെ എണ്ണം വർധിപ്പിക്കുന്നു. താമസിയാതെ, നിങ്ങളുടെ കൈയ്യ് ആരോ തീയിൽ കാണിച്ചതുപോലെ, നീറ്റൽ കൂടിവരുന്നു. നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? സഹായത്തിനായി നിലവിളിക്കുക. എന്നിട്ട്, വിഷം വലിച്ചെടുത്തു നിലത്തേക്കു തുപ്പിക്കളയുക. “കുറഞ്ഞതു പത്തു പ്രാവശ്യമെങ്കിലും ചോര വലിച്ചെടുക്കുക,” ഹാൻഡ് ബുക്ക് ഫോർ ദ കൺട്രോൾ ഓഫ് ഹാബൂ, ഓർ വെനമസ് സ്നേക്ക്സ് ഇൻ ദ റിയൂക്യൂ ഐലൻറ്സ് പറയുന്നു. ഹാബൂ വിഷത്തിനുവേണ്ട സീറമുള്ള ആശുപത്രിയിലേക്കു പോവുക. എന്നിരുന്നാലും ഓടരുത്. ഇത്, വിഷം നിങ്ങളുടെ ശരീരത്തിലൂടെ വേഗത്തിൽ വ്യാപിക്കാനും ദോഷം വർധിക്കാനും സൗഖ്യമാകുന്നതു താമസിക്കാനും ഇടയാക്കും. 30 മിനിറ്റിനകം നിങ്ങൾക്ക് ഒരു ആശുപത്രിയിലെത്താൻ സാധിക്കുകയില്ലെങ്കിൽ, വിഷം വ്യാപിക്കുന്നതു തടയാൻ തക്കവണ്ണം ദംശനമേറ്റ സ്ഥലത്തിനരികിലായല്ല പകരം ദംശനമേറ്റ കൈത്തണ്ടയിലോ കാലിലോ ഹൃദയത്തിനരികിലായുള്ള ഒരു സ്ഥലത്തു കെട്ടുക. കെട്ടു വല്ലാതെ മുറുകരുത്, കാരണം നാഡിമിടിപ്പു നിലനിർത്തണം. രക്തപര്യയനം ഉണ്ടാകാനായി ഓരോ പത്തു മിനിറ്റിലും കെട്ടയയ്ക്കണം.
ഓക്കിനാവ പ്രീഫെക്ചുറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് എൻവയൺമെൻറിലെ ഹാബൂ ഗവേഷണ വിഭാഗത്തിലെ മാസാറ്റോഷീ നോസാക്കീയും സേകീ കാറ്റ്സ്യൂറെനും, ദംശനമേറ്റതിനുശേഷംപോലും ഹാബൂ വിഷത്തിനെതിരെ മനുഷ്യശരീരം ശാശ്വതമായ പ്രതിരോധശക്തി നേടിയെടുക്കുന്നില്ലെന്ന് ഉണരുക!യോടു പറഞ്ഞു. പണ്ടുകാലങ്ങളിൽ ദംശനമേൽക്കുന്നതു പലപ്പോഴും അംഗവികലനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇക്കാലത്ത് അങ്ങനെ അവയവനഷ്ടം സംഭവിക്കുന്നതു കുറവാണ്, ഹാബൂവിന്റെ കടിയേറ്റു മരിക്കുന്ന കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ഫലപ്രദമായ ഔഷധങ്ങളും ചികിത്സാവിധികളും ഉള്ളതിനാൽ, ദംശനമേറ്റവരിൽ 95 ശതമാനം പേരും ഇപ്പോൾ സൗഖ്യം പ്രാപിക്കുന്നുണ്ട്. അമിതമായ ആത്മവിശ്വാസമുള്ളവരോ വൈദ്യചികിത്സ ലഭിക്കുകയില്ലാത്തവിധം ദൂരത്തുള്ളവരോ മാത്രമേ ഗുരുതരമായി ബാധിക്കപ്പെടുന്നുള്ളൂ.
ഹാബൂകൾ വിൽപ്പനയ്ക്ക്
ഹാബൂവിന് ഏതാനും ജന്മശത്രുക്കളുണ്ട്. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കും പട്ടികൾക്കും അതിനെ ഉപദ്രവിച്ചു രസിക്കാനുള്ള ഒരു പ്രവണതയുണ്ട്. വിഷമില്ലാത്ത പാമ്പായ ആക്കാമാറ്റാ, ചില മരപ്പട്ടികൾ, കാട്ടുപന്നികൾ, പ്രാപ്പിടിയന്മാർ എന്നിവ അതിനെ തിന്നുന്ന കൂട്ടത്തിൽ പെട്ടതാണ്. റിയൂക്യൂ ദ്വീപുകളിലേക്കു കീരിയെ കൊണ്ടുവന്നതു ഹാബൂവിന്റെ വംശവർധനവു തടയുന്നതിനുവേണ്ടിയായിരുന്നെങ്കിലും അവയെ ഉന്മൂലനം ചെയ്യുന്നതിൽ അത് അത്ര ഫലപ്രദമായില്ല.
അതിന്റെ ജന്മശത്രുക്കളിൽ ഏറ്റവും ഹാനികരമായതു മനുഷ്യനാണ്. “ഹാബൂ” എന്ന വിളികേട്ട നിമിഷംതന്നെ ഓടിച്ചെന്ന ഗ്രാമീണരെപ്പോലെ, ഹാബൂ തലകാണിക്കുമ്പോൾതന്നെ അതിനെ പിടികൂടാൻ ഉത്സുകരായ അനേകരുണ്ട്. അപകടകരമെങ്കിലും, വിപണിയിൽ 80-നും 100-നും ഇടയ്ക്ക് ഡോളർ (യു.എസ്.) വിലവരുന്ന ഒരു ഹാബൂ പലരേയും മോഹിപ്പിക്കുന്നു.
ഹാബൂവിനെ എപ്രകാരമാണ് ഉപയോഗിക്കുന്നത്? ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഹാബൂ ദ്രാവകൗഷധവും ഉണക്കിയ പാമ്പിൻപൊടിയും ഇതിൽനിന്നാണ് ഉണ്ടാക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ചിലതിനെ ജീവനോടെ പ്രദർശനങ്ങളിൽ ഉപയോഗിക്കുന്നു. തീർച്ചയായും, പണപേഴ്സുകളും ബെൽറ്റുകളും നിർമിക്കുന്നതിനു തോൽ നല്ലതാണ്. അതേസമയം വിഷം ആൻറിടോക്സിൻ സീറം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അത്തരം ഉപയോഗങ്ങളുണ്ടെങ്കിലും, ഉപദേശം ഇപ്പോഴും ഇതാണ്, ഹാബൂവിൽനിന്ന് അകന്നുനിൽക്കുക!
[10-ാം പേജിലെ ചിത്രം]
ഹാബൂ അതിന്റെ സിറിഞ്ചുപോലുള്ള വിഷപ്പല്ലുകളോടുകൂടി. വലിപ്പംകൂടിയ ഇരയെ വിഴുങ്ങാൻ തക്കവണ്ണം അതിന്റെ കീഴ്ത്താടി പുറകിലായി തുറക്കുന്നു