ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വിഭജിപ്പിക്കുന്ന ഭിന്നതകൾ “ഭിന്നതകൾ നമ്മെ വിഭജിക്കണമോ?” (ജൂലൈ 8, 1996) എന്ന ലേഖന പരമ്പരയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ കൃതജ്ഞത പ്രകടിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. ഇവിടെ മെക്സിക്കോയിൽ ഏകദേശം ഒരു വർഷമായി ഒരു സാർവദേശീയ സന്നദ്ധസേവക സംഘത്തിൽ അംഗങ്ങളായി പ്രവർത്തിച്ചുവരികയായിരുന്നു ഞങ്ങൾ. നിരവധി മാസങ്ങൾ പിന്നിട്ടിട്ടും പരസ്പരം സഹകരിക്കുന്നതിൽ ഞങ്ങൾക്കു ബുദ്ധിമുട്ടനുഭവപ്പെട്ടു, പക്ഷേ അതെന്തുകൊണ്ടാണെന്നു ഞങ്ങൾക്കു മനസ്സിലായില്ല. സാംസ്കാരിക ആഘാതമായിരുന്നു പ്രശ്നമെന്നു തിരിച്ചറിയാൻ ലേഖനം ഞങ്ങളെ സഹായിച്ചു. “മറ്റു സംസ്കാരങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതു നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കുന്നു” എന്ന ബുദ്ധ്യുപദേശം ഞങ്ങൾ അവധാനപൂർവം കൈക്കൊള്ളുകയും ഞങ്ങളുടെ നിയമനത്തിൽ ഇപ്പോൾത്തന്നെ കൂടുതൽ സന്തോഷം കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
സി. എച്ച്., ജെ. എച്ച്., മെക്സിക്കോ
ശ്രദ്ധേയമായ ഈ വിഷയം നിങ്ങൾ അവതരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത രീതി എന്റെ ഹൃദയത്തെ സ്പർശിച്ചു. ഭിന്നതകൾ നിശ്ചയമായും മാനവ ചരിത്രത്തിലുടനീളം വളരെയേറെ വിദ്വേഷം ഇളക്കിവിട്ടിരിക്കുന്നു. ഈ ലേഖന പരമ്പര, ഇനിമുതൽ മറ്റു സംസ്കാരങ്ങളെ കുറെക്കൂടി ഗ്രാഹ്യത്തോടെ വീക്ഷിക്കാൻ എന്നെ സഹായിക്കും. ലോകത്തിലെല്ലാവരും ഈ ലേഖനങ്ങൾ വായിക്കുകയും തങ്ങളുടെ നിഷേധാത്മക വീക്ഷണത്തിൽ മാറ്റംവരുത്തുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാനാശിക്കുന്നു!
ജി. ഒ., നൈജീരിയ
ആ ലേഖനങ്ങൾ വായിച്ചു ഞാൻ കരഞ്ഞുപോയി. എനിക്കൊരു സുഹൃത്തുണ്ട്. വളരെയധികം സമയം ഞങ്ങൾ ഒരുമിച്ചു ചെലവഴിക്കുന്നു. പക്ഷേ എല്ലായ്പോഴും ഞങ്ങളുടെ ഇടയിൽ അദൃശ്യമായ ഒരു മതിൽ ഉണ്ടെന്ന് എനിക്കു തോന്നിയിരുന്നു. ഞങ്ങൾ വളരെ വ്യത്യസ്തമായ സംസ്കാരങ്ങളിൽ നിന്നുള്ളവരാണെന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഭാവിയിൽ അവളുമായിട്ടുള്ള ഇടപെടലുകളിൽ ഒരു വലിയ വ്യത്യാസം വരുത്താൻ ഈ വിവരങ്ങൾ എന്നെ സഹായിക്കും.
എ. എഫ്., ഐക്യനാടുകൾ
എന്റെ കോളെജിൽ നരവംശശാസ്ത്രത്തെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കുന്നതിനുവേണ്ടി ഗവേഷണം നടത്തുന്നതിനിടയിൽ ഞാൻ ഏതാനും ആഴ്ചകൾ ഒരു ആഫ്രിക്കൻ രാജ്യത്തു ചെലവഴിച്ചു. അവിടെയുള്ള നിരവധി യഹോവയുടെ സാക്ഷികളുമായി സഹവസിക്കുന്നതിനും അവരുടെ യോഗങ്ങൾക്കു സംബന്ധിക്കുന്നതിനുമുള്ള അവസരം എനിക്കു ലഭിച്ചു. അതു തികച്ചും പുളകമണിയിക്കുന്ന ഒരു അനുഭവമായിരുന്നു! ലേഖനം പറഞ്ഞതുപോലെ, മറ്റു സംസ്കാരങ്ങളിലുള്ള ആളുകളുമായി ഇടപഴകുന്നതു പരിപുഷ്ടിപ്പെടുത്തുന്നു. എനിക്കു പുതിയ, അർഥവത്തായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിനു സാധിച്ചു.
എസ്. ബി., ഇറ്റലി
ഹാബൂ “ഹാബൂ—അകറ്റിനിർത്തേണ്ട ഒരു പാമ്പ്” (ജൂലൈ 8, 1996) എന്ന ലേഖനം എന്നെ വളരെയേറെ ആകർഷിച്ചു. അതു ജീവസ്സുറ്റ വിധത്തിലാണ് അവതരിപ്പിച്ചത്. ആ ഫോട്ടോകളാണെങ്കിൽ ഗംഭീരമായിരുന്നു!
ഇ. പി., ഉക്രെയിൻ
ലേഖനം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. പക്ഷേ ഒരു വസ്തുത ഞാൻ പഠിച്ചതിനോടു പൊരുത്തപ്പെടുന്നില്ല. ദംശനമേറ്റയിടത്തുനിന്നു വിഷം വലിച്ചെടുത്തു തുപ്പിക്കളയാൻ ശുപാർശചെയ്ത ഒരു പുസ്തകം നിങ്ങൾ ഉദ്ധരിച്ചു. അതു വാസ്തവത്തിൽ സുരക്ഷിതമാണോ?
സി. ഡി., നൈജീരിയ
വൈദ്യശാസ്ത്രത്തിന്റെ മിക്ക പ്രാമാണികരും ഞങ്ങൾ ഞങ്ങളുടെ ലേഖനത്തിൽ ഉദ്ധരിച്ച ഉറവിടത്തോടു വിയോജിക്കുന്നതായി കാണപ്പെടുന്നു. തീർച്ചയായും, വിഷം വലിച്ചെടുക്കുന്നതു ശുശ്രൂഷിക്കുന്ന ആൾക്ക് അപകടമുളവാക്കിയേക്കാം എന്നും പാമ്പുകടിയേറ്റ ആൾക്ക് അതുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല എന്നും ചില ഡോക്ടർമാർക്കു തോന്നുന്നു. കടിയേറ്റ വ്യക്തിയെ എത്രയും വേഗം ഒരു ആശുപത്രിയിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷ എന്നതിനോടു ഡോക്ടർമാർ യോജിക്കുന്നു.—പത്രാധിപർ
യുഎഫ്ഒ-കൾ “ബൈബിളിന്റെ വീക്ഷണം: യുഎഫ്ഒ-കൾ—ദൈവത്തിൽനിന്നുള്ള സന്ദേശവാഹകരോ” (ജൂലൈ 8, 1996) എന്ന ലേഖനത്തിനു നന്ദി. ഞങ്ങളുടെ പ്രദേശത്തുള്ള ചിലർ ഭൗമേതരജീവികളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ വിശ്വസിക്കുന്നു. ബൈബിൾ ഈ വിഷയം ചർച്ചചെയ്യുന്നില്ല എന്ന ധാരണയിൽ, അവർ ബൈബിളിനെ സംശയിക്കുന്നു. സാത്താനും അവന്റെ ഭൂതങ്ങളും ആളുകളെ വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഭൗമേതരജീവികളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളിൽ വിശ്വസിക്കുന്നതു മൗഢ്യമാണെന്നും മനസ്സിലാക്കുന്നതിനു ലേഖനം ഞങ്ങളെ സഹായിച്ചു.
എ. ഡബ്ലിയു., തയ്വാൻ
ടൂലിപുകൾ “ടൂലിപ്—പ്രക്ഷുബ്ധ ഭൂതകാലമുള്ള ഒരു പുഷ്പം” (ജൂലൈ 8, 1996) എന്ന ശീർഷകത്തോടുകൂടിയ ഹൃദ്യമായ ലേഖനത്തിനു നന്ദി. അതിന്റെ വിദഗ്ധ നിർദേശങ്ങളും എനിക്കു വളരെ താത്പര്യജനകമായി തോന്നി.
ഡി. ജി., ഐക്യനാടുകൾ