ഞങ്ങളുടെ വായനക്കാരിൽ നിന്ന്
സർപ്പദംശനം ഒരു ഔദ്യോഗിക സർപ്പശാസ്ത്രജ്ഞനെന്ന നിലയിൽ പാമ്പുകളെ സംരക്ഷിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും അതുപോലെതന്നെ അവയുടെ വിഷമെടുക്കുന്നതിനും ചുമതലപ്പെട്ട വ്യക്തിയാണ് ഞാൻ. “മൂർഖനെ കണ്ടുമുട്ടാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?” (മാർച്ച് 22, 1996), “ഹാബൂ—അകറ്റിനിർത്തേണ്ട ഒരു പാമ്പ്” (ജൂലൈ 8, 1996), “അപകടം! എനിക്കു വിഷമുണ്ട്” (ആഗസ്ററ് 22, 1996) തുടങ്ങിയ ലേഖനങ്ങളെല്ലാം യഹോവയുടെ സൃഷ്ടിയോട് ക്രിയാത്മക മനോഭാവം പ്രകടിപ്പിച്ചു. എന്നിരുന്നാലും, സർപ്പദംശനമേറ്റശേഷം ടൂർണിക്കെ കെട്ടുന്നത് ശുപാർശചെയ്യപ്പെടുന്നില്ലെന്നു ശ്രദ്ധയിൽപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു. അത് ശരിയാംവണ്ണം ഉപയോഗിക്കാൻ മിക്കവർക്കും സാധിക്കുന്നില്ല. തത്ഫലമായി ചിലർക്കു കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ദംശനമേറ്റ അവയവം മുഴുവനും ഒരു സമ്മർദ ബാൻഡേജുകൊണ്ട് കെട്ടുന്നതിനെ ഞാൻ ശക്തമായി പിന്തുണയ്ക്കുന്നു. ഉളുക്കിയ കണങ്കാലിലോ കൈക്കുഴയിലോ അതുകെട്ടാൻ ആവശ്യമായിരിക്കുന്നത്ര മർദമുപയോഗിച്ചാൽ മതിയാകും. അങ്ങനെ ചെയ്യുമ്പോൾ കടിയേറ്റ അവയവത്തിനു ചുറ്റും വിഷം തങ്ങിനിൽക്കവേ, അവയവത്തെ “ജീവനുള്ള”തായി നിർത്തിക്കൊണ്ട് രക്തപര്യയനം നിലനിർത്തപ്പെടുന്നു.
പി. ആർ., ഇംഗ്ലണ്ട്
നിരവധി സമീപകാല വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ഈ ആശയത്തോടു യോജിക്കുന്നു. പ്രസ്തുത വിശദീകരണത്തിനു ഞങ്ങളുടെ വായനക്കാരനു നന്ദി.—പത്രാധിപർ
മലങ്കാക്ക “മലങ്കാക്ക—അതിനെ വ്യത്യസ്തമാക്കുന്നതെന്ത്?” എന്ന ലേഖനം (ജനുവരി 8, 1997) ലഭിച്ചപ്പോൾ ഞാൻ രോഗഗ്രസ്തയായിരുന്നു. എന്നെ സന്തോഷവതിയാക്കാൻ യാതൊന്നിനുംതന്നെ കഴിയുമായിരുന്നില്ല. എന്നാൽ മലങ്കാക്കയുടെ പാടവം എന്നെ ചിരിപ്പിച്ചു. പിന്നീട് ഉണരുക! ലേഖനങ്ങളിൽനിന്നുള്ള വിവരം ഉപയോഗിച്ച് സ്കൂളിലേക്ക് ഞാൻ പക്ഷികളെക്കുറിച്ചൊരു വിവരണം തയ്യാറാക്കി. ഈ വിവരണത്തിന് എനിക്കു വളരെ ഉയർന്ന മാർക്കു കിട്ടി!
ജെ. ബി., സ്ലൊവാക്യ
പഠനവൈകല്യങ്ങൾ “പഠനവൈകല്യങ്ങളുള്ള കുട്ടികൾക്കു സഹായം” (ഫെബ്രുവരി 22, 1997) എന്ന ലേഖനപരമ്പരയ്ക്കു നന്ദി. ഞാനൊരു സ്വകാര്യസ്കൂൾ നടത്തുന്നുണ്ട്. അവിടുത്തെ അധ്യാപകർക്കായി ഞാൻ ഫോട്ടോകോപ്പികൾ എടുത്തിരിക്കുന്നു. നിങ്ങളുടെ മാസികയിൽ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളെ ആസ്പദമാക്കി ഞാൻ വാർത്താക്കുറിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളോടുള്ള നിങ്ങളുടെ സന്തുലിത സമീപനത്തിനു നന്ദി.
ഇ. ജി., ഹോണ്ടുറാസ്
എഡിഡി ഉള്ള കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ദേശീയ ലാഭരഹിത സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഞാൻ. ശ്രദ്ധക്കുറവും അമിത ചുറുചുറുക്കും ഉൾപ്പെട്ട ക്രമക്കേട് (എഡിഎച്ച്ഡി), ശ്രദ്ധക്കുറവു നിമിത്തമുള്ള ക്രമക്കേട് (എഡിഡി) എന്നിവയെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ലേഖനങ്ങൾക്കു നിങ്ങൾ അഭിനന്ദനമർഹിക്കുന്നു. ഇവ ശക്തിക്ഷയിപ്പിക്കുന്നതും മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതുമായ ക്രമക്കേടുകളാണ്. ഉചിതമായ രോഗനിർണയവും പരിശോധിച്ചു തെളിഞ്ഞ ചികിത്സാരീതികളും സഹായംതേടുന്ന അനേകർക്ക് ഇപ്പോൾ പ്രയോജനം ചെയ്യുന്നെന്ന നിങ്ങളുടെ തിരിച്ചറിവിനെ ഞങ്ങൾ വിലമതിക്കുന്നു. മാതൃ-പിതൃ സ്നേഹത്തിനും അവർ കുട്ടികളെ മനസ്സിലാക്കേണ്ടതിനും നിങ്ങൾ ഊന്നൽ നൽകുന്നത് ഒരു സുപ്രധാന സന്ദേശം പ്രദാനം ചെയ്യുന്നു.
എൽ. ആർ., ഐക്യനാടുകൾ
എന്റെ ഒരു മകന് എഡിഎച്ച്ഡി ഉണ്ട്. അവൻ കേവലമൊരു ബഹളക്കാരൻ മാത്രമല്ലെന്ന യാഥാർഥ്യം അംഗീകരിക്കുക എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നിട്ടുണ്ട്. “അവർ അവന് ശിക്ഷണം നൽകാത്തതെന്താണ്?”, എന്നതുപോലുള്ള അനേകം ദയാശൂന്യമായ പ്രസ്താവനകൾ മറ്റുള്ളവർ നടത്തിയിട്ടുണ്ട്. അത്തരം പ്രസ്താവനകൾ വളരെ വേദനാജനകമാണ്. കാരണം അവനു ശിക്ഷണം നൽകാൻ ഞാൻ വളരെയധികം സമയം ചെലവഴിച്ചിരിക്കുന്നു. ഈ ക്രമക്കേടിനെക്കുറിച്ചുള്ള നിങ്ങളുടെ വിശദീകരണം, ഒരു പ്രശ്നം യഥാർഥത്തിൽ നിലവിലുണ്ടെന്നും തങ്ങൾക്കു കൂടുതൽ പ്രോത്സാഹജനകരായിരിക്കാൻ കഴിയുമെന്നും തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
എം. റ്റി., ഐക്യനാടുകൾ
പഠനവൈകല്യമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ ഈ ലക്കം എത്രമാത്രം ആസ്വദിച്ചെന്നു നിങ്ങൾക്കു ഭാവനയിൽ കാണാനാകും. ഇതു മാതാപിതാക്കളെ ബാധിക്കുന്നതെങ്ങനെയെന്നും മറ്റുള്ളവരിൽനിന്നുള്ള മുറിപ്പെടുത്തുന്ന അഭിപ്രായങ്ങൾ കേൾക്കാതെതന്നെ ഞങ്ങൾക്കൊരു ഭാരം പേറാനുണ്ടെന്നുമുള്ള നിങ്ങളുടെ വിവരണം ഞങ്ങൾ പ്രത്യേകം വിലമതിക്കുന്നു.
ജെ. സി.-യും ബി. സി.-യും, കാനഡ
ദൈവത്തിന്റെ സുഹൃത്ത് “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കെങ്ങനെ ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരാൻ കഴിയും” (ഫെബ്രുവരി 22, 1997) എന്ന ലേഖനത്തിനു വളരെ നന്ദി. അതെന്നെ വളരെ സഹായിച്ചു. എനിക്കിപ്പോൾ സംതൃപ്തി തോന്നുന്നു. എന്തെന്നാൽ യഹോവയെന്റെ സുഹൃത്താണെന്ന് എനിക്കിപ്പോൾ മനസ്സിലായി! ഈ സുഹൃദ്ബന്ധം എങ്ങനെ നിലനിർത്താമെന്നുള്ള ലേഖനത്തിനായി ഞാൻ കാത്തിരിക്കുന്നു.a
റ്റി. ഇ., ഇറ്റലി
[അടിക്കുറിപ്പുകൾ]
a 1997 മേയ് 22 ലക്കം ഉണരുക! കാണുക.