“പോട്ടൊസിയിൽ വെള്ളിയുണ്ട്!”
ബൊളീവിയയിലെ ഉണരുക! ലേഖകൻ
വർഷം 1545. ഫ്രാൻസിസ്കോ പിസാറോ വിസ്തൃതമായ ഇൻകാ സാമ്രാജ്യം കീഴടക്കിയിട്ടു വെറും 12 വർഷമേ പിന്നിട്ടിരുന്നുള്ളൂ. ഇപ്പോഴത്തെ ബൊളീവിയയിലെ ആൻഡിസ് പർവതങ്ങളിലുള്ള ഒരു രഹസ്യ സ്ഥാനത്തുനിന്ന് ഒരു ഇന്ത്യൻ യുവാവ് വെള്ളി അയിര് ആരും കാണാതെ വേർതിരിക്കുന്നതു സ്പെയിൻകാർ കണ്ടുപിടിച്ചു. ആ സ്ഥലം പോട്ടൊസി എന്നു വിളിക്കപ്പെട്ടു. പെട്ടെന്നുതന്നെ വാർത്ത പരന്നു: “പോട്ടൊസിയിൽ വെള്ളിയുണ്ട്!” ശൈത്യകാലം അടുത്തുവരുന്നുണ്ടായിരുന്നെങ്കിലും ആളുകൾ ആ പ്രദേശത്ത് അവകാശം ഉറപ്പിക്കാനായി അവിടേക്കു പാഞ്ഞു. അയിര് അവിശ്വസനീയമാംവിധം മേന്മയേറിയതായിരുന്നു—50 ശതമാനം ശുദ്ധമായ വെള്ളി! 18 മാസങ്ങൾക്കുള്ളിൽ പോട്ടൊസിയിൽ 14,000 പേർ താമസം തുടങ്ങി.
സമുദ്രനിരപ്പിൽനിന്ന് 4,688 മീറ്റർ ഉയരത്തിലുള്ള ഒരു പർവതത്തിന്റെ ചെരിവിലായിരുന്നു അയിരു നിക്ഷേപം. സസ്യങ്ങൾ ഒട്ടുംതന്നെ ഇല്ലായിരുന്നതും വൃക്ഷസീമയ്ക്ക് വളരെ മുകളിലായിരുന്നതുമായ അത് വാസയോഗ്യമല്ലായിരുന്നു. അത്യധികം സമൃദ്ധമായ അയിര് കൊണ്ടുനടക്കാവുന്ന അടുപ്പുകളിലിട്ട് ഉരുക്കി. കാറ്റടിച്ച് അവയിലെ മരക്കരി ആളിക്കത്തുകയും ശരിയായ താപനിലയിലെത്തുകയും ചെയ്തു. ഒരുസമയത്ത് 15,000 അടുപ്പുകൾ പ്രവർത്തിക്കുന്നതു കണ്ടതായി അക്കാലത്തെ ഒരു ചരിത്രകാരൻ വർണിച്ചു. രാത്രിയിൽ അവ നക്ഷത്രങ്ങളുടെ ഒരു ആകാശഗംഗപോലെ കാണപ്പെട്ടു.
പർവതത്തിന്റെ ചുവട്ടിലുള്ള പട്ടണം മരംകോച്ചുന്ന കാറ്റുകളിൽനിന്നു കുറച്ചു സംരക്ഷണം നൽകുന്നതിനായി ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞു കിടക്കുന്നതുമായ തെരുവുകളോടുകൂടെ ആകെ അലങ്കോലപ്പെട്ട അവസ്ഥയിലാണു നിർമിക്കപ്പെട്ടത്. ചരിത്രകാരനായ ആർ. സി. പാഡെൻ ഇപ്രകാരം എഴുതി: “അവിടെ ആസൂത്രണം ചെയ്യലോ ക്രമീകരണമോ ഇല്ലായിരുന്നു. ഇത്രയധികം വെള്ളിയുണ്ടായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല എന്നതായിരുന്നു ഇതിന്റെ മുഖ്യകാരണമെന്നു വിചാരിക്കപ്പെടുന്നു.” എന്നാൽ അത് വളരെയധികമുണ്ടായിരുന്നു. സെറോ റിക്കോ (സമ്പന്ന പർവതം) എന്നു വിളിക്കപ്പെട്ട പർവതത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ വെള്ളി നിക്ഷേപങ്ങളിൽ ഒന്നുണ്ടായിരുന്നു.
അടിമത്തം
സ്പെയിൻകാർക്ക് വെള്ളിക്കുവേണ്ടിയുള്ള തിരച്ചിലിൽ ഭയങ്കരമായ ദുർഘടങ്ങൾ സഹിക്കേണ്ടിവന്നു. പലപ്പോഴും ഭക്ഷണം കമ്മിയായിരുന്നു, വെള്ളം മലിനമായിരുന്നു, ഖനികൾ അപകടകരവുമായിരുന്നു. മരംകോച്ചുന്ന കാലാവസ്ഥ ഗുരുതരമായ ഒരു പ്രശ്നമുളവാക്കി. മരക്കരി ഉപയോഗിച്ച് തീ കായാൻ ശ്രമിച്ചവർ കാർബൺ മോണോക്സൈഡ് വിഷബാധ അനുഭവിച്ചു.
സ്പെയിൻകാർ പെട്ടെന്നുതന്നെ തങ്ങളുടെ അസൗകര്യം കുറയ്ക്കാനുള്ള ഒരു വഴി കണ്ടെത്തി. ജേതാക്കളെന്ന നിലയിൽ അവർ സ്വദേശികളായ ഇന്ത്യക്കാരെ ബലംപ്രയോഗിച്ച് അടിമത്തത്തിലാക്കി. കോളനി വാഴ്ചയുടെ കാലഘട്ടത്തിൽ പോട്ടൊസിയിലെ ഖനികളിൽ “80 ലക്ഷം ഇന്ത്യൻ അടിമകൾ കൊല്ലപ്പെടുകയും” മരിക്കുകയും ചെയ്തതായി “പറയപ്പെടുന്നു” എന്ന് ലാ പാസിലെ ബൊളീവിയൻ ടൈംസ് പ്രസ്താവിച്ചു. ക്രൂരതയും, അമിതജോലിയും രോഗവും ഭയങ്കരമായ ജനനിഗ്രഹത്തിന് ഇടയാക്കി. 1550-ൽ ഒരു ചരിത്രകാരൻ പോട്ടൊസിയെ “നരക വക്ത്രം” എന്നു വിളിച്ചതിൽ അതിശയമില്ല!
ബാബിലോൻ
1572 ആയപ്പോഴേക്കും പോട്ടൊസി സ്പെയിനിലെ ഏതൊരു നഗരത്തെക്കാളും വലുതായിരുന്നു. 1611-ൽ അതിൽ 1,60,000 നിവാസികളുള്ളതായും അതിനു പാരീസിന്റെയും ലണ്ടന്റെയും അത്രയുംതന്നെ വലിപ്പമുള്ളതായും പറയപ്പെട്ടു. അതു ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന നഗരങ്ങളിൽ ഒന്നുംകൂടിയായിരുന്നു. സ്വർണക്കസവും വെള്ളിക്കസവുംകൊണ്ടു മോടിപിടിപ്പിച്ച പട്ടു ധരിക്കുന്നതായിരുന്നു ഫാഷൻ. പണംകൊടുത്ത് ഏതൊരു ആഡംബരവസ്തുവും വാങ്ങാവുന്നതായി തോന്നി: ചൈനയിൽനിന്നു പട്ടുകൾ, ഇംഗ്ലണ്ടിൽനിന്നു തൊപ്പികൾ, നേപ്പിൾസിൽനിന്നു കാലുറകൾ, അറേബ്യയിൽനിന്നു സുഗന്ധദ്രവ്യങ്ങൾ. പേർഷ്യയിൽനിന്നുള്ള പരവതാനികളും ഫ്ളാൻഡെഴ്സിൽനിന്നുള്ള ഗൃഹോപകരണങ്ങളും ഇറ്റലിയിൽനിന്നുള്ള പെയിൻറിങ്ങുകളും വെനീസിൽനിന്നുള്ള സ്ഫടികവും ഉപയോഗിച്ചു നിവാസികൾ തങ്ങളുടെ വീടുകൾ അലങ്കരിച്ചു.
എന്നാൽ പോട്ടൊസി ധനികമായിരുന്നതുപോലെതന്നെ അക്രമാസക്തവുമായിരുന്നു. രക്തച്ചൊരിച്ചിലുണ്ടാക്കുന്ന കലഹങ്ങൾ നഗരചത്വരങ്ങളിലെ ഒരു പതിവു കാഴ്ചയായിരുന്നു. ചൂതുകളി കേന്ദ്രങ്ങളും വേശ്യാലയങ്ങളും വർധിച്ചു. പോട്ടൊസി ബാബിലോൻ എന്നറിയപ്പെടാനിടയായി.
സ്പെയിൻകാരായ ജേതാക്കളുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് അമേരിക്കകളിൽ അവരുടെ കത്തോലിക്കാ മതം സ്ഥാപിക്കുകയെന്നതായിരുന്നു. എന്നാൽ, ഈ നാമമാത്ര ക്രിസ്ത്യാനികൾ അടിമത്തത്തിൽനിന്നുള്ള തങ്ങളുടെ വൻതോതിലുള്ള ലാഭമുണ്ടാക്കലിനെ എങ്ങനെയാണു ന്യായീകരിച്ചത്? ചില പള്ളിക്കാർ ഈ അനീതികൾക്കെതിരെ ശബ്ദമുയർത്തിയപ്പോൾ മറ്റുചിലർ, സ്പെയിൻകാരുടെ ദുർഭരണം ഇൻകാകളുടെ ദുർഭരണത്തെക്കാൾ കുറഞ്ഞതാണെന്ന് അവകാശപ്പെട്ടുകൊണ്ട് അടിമത്തത്തെ ന്യായീകരിച്ചു. ഇന്ത്യക്കാർ തരംതാണവരാണെന്നും തിൻമയ്ക്കു സ്വാഭാവിക ചായ്വുള്ളവരാണെന്നും അവർ അവകാശപ്പെട്ടു—അതുകൊണ്ട് ഖനികളിൽ പണിയെടുക്കുന്നതായിരുന്നു അവർക്കു മെച്ചം. ഖനികളിൽ പണിയെടുക്കാൻ ഇന്ത്യക്കാരെ കൊണ്ടുവരുന്നത് അവരെ കത്തോലിക്കാ മതത്തിലേക്കു മാറ്റുന്നതിലെ അനിവാര്യമായ ഒരു പടിയായിരുന്നുവെന്ന് ഇനിയും മറ്റുചിലർ അവകാശപ്പെട്ടു.
എന്നിരുന്നാലും, പോട്ടൊസിയിലെ ഏറ്റവും ധനികരായ ആളുകളിൽ പുരോഹിതന്മാർ ഉണ്ടായിരുന്നുവെന്നു ചരിത്രം പ്രകടമാക്കുന്നു. ചരിത്രകാരനായ മാര്യാനോ ബാപ്റ്റിസ്റ്റാ ഇപ്രകാരം പറയുന്നു: “ഒരു സ്ഥാപനം എന്ന നിലയിൽ സഭയും അതിന്റെ പ്രതിനിധികൾ ഒറ്റയ്ക്കും” ഇന്ത്യക്കാരെ “ചൂഷണംചെയ്യുന്ന വൃത്തത്തിലെ ഒരു ശ്രേഷ്ഠ ഭാഗം രൂപീകരിച്ചു.” വൈദികർ “സാധാരണക്കാരെക്കാൾ കൂടുതലായ അത്യാർത്തിയോടും അതിമോഹത്തോടുംകൂടി ഇന്ത്യക്കാരുടെ രക്തം ഊറ്റിക്കുടിക്കുന്നു” എന്ന് 1591-ൽ പരാതിപ്പെട്ട ഒരു വൈസ്രോയിയെ ഈ ചരിത്രകാരൻ ഉദ്ധരിക്കുകയുണ്ടായി.
നാനാവിധമാക്കപ്പെട്ട സമ്പത്ത്
സ്പെയിൻ ഒരു ദരിദ്ര രാജ്യമായിരുന്നു. എന്നാൽ അതിന്റെ സമ്പത്ത് ഏതാനും ദശകങ്ങളിലേക്ക് അതിനെ ഭൂമിയിലെ ഏറ്റവും വലിയ ശക്തിയാക്കിത്തീർത്തു. എന്നാൽ ആ ശ്രേഷ്ഠ പദവി നീണ്ടുനിന്നില്ല. അതിന്റെ സമ്പത്തിനു സ്പെയിനിന് നിലനിൽക്കുന്ന പ്രയോജനങ്ങൾ നൽകാൻ കഴിയാഞ്ഞതെന്തുകൊണ്ടെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ജെ. എച്ച്. എല്ലിയോട്ടിന്റെ ഇംപീരിയൽ സ്പെയിൻ—1469-1716 എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “പോട്ടൊസിയിലെ ഖനികൾ രാജ്യത്തിനു വളരെയധികം സമ്പത്തുണ്ടാക്കി; ഇന്നു പണം കമ്മിയാണെങ്കിൽ നാളെ സമ്പത്തുമായി നാവികപ്പട സെവിലിൽ എത്തുമ്പോൾ പണം വീണ്ടും ധാരാളമുണ്ടാകും. ആസൂത്രണം ചെയ്യുന്നതും സൂക്ഷിക്കുന്നതും പണിയെടുക്കുന്നതും എന്തിന്?”
പോട്ടൊസിയുടെ സമ്പത്തു നാനാവിധമാക്കപ്പെട്ടു; രാജകീയ പാപ്പരത്തങ്ങൾ ആ കാലഘട്ടത്തിൽ ഇടയ്ക്കിടയ്ക്കു സംഭവിച്ചു. അക്കാലത്തെ ഒരു പറച്ചിലനുസരിച്ച്, സമ്പത്തുംകൊണ്ടുള്ള നാവികപ്പടകളുടെ വരവുകൾ, മേൽക്കൂരയിലെ ഓടിനെ ഒരു നിമിഷത്തേക്കു നനച്ചിട്ട് ബാഷ്പമായി പോകുന്ന ചെറിയ വേനൽ മഴകൾപോലെയാണ്. 17-ാം നൂറ്റാണ്ടിലെ നിരീക്ഷകൻ സ്പെയിനിന്റെ പതനത്തെക്കുറിച്ച് ഉചിതമായി ഇപ്രകാരം പറഞ്ഞു: “അതിന്റെ എല്ലാ സമ്പത്തുകളും നിമിത്തം അതു സമ്പന്നമല്ല.”
വെള്ളി തീർന്നുപോയതോടെ 18-ാം നൂറ്റാണ്ടിൽ പോട്ടൊസിക്കു പതനം സംഭവിച്ചു. എന്നാൽ വെളുത്തീയത്തിനു പ്രാധാന്യം വന്നതോടെ അതിനു പുതുജീവൻ ഉദിച്ചു. പോട്ടൊസി ഇപ്പോഴും നിർമാണത്തിന്റെയും ഖനനത്തിന്റെയും ഒരു വ്യവസായ കേന്ദ്രമാണെങ്കിലും ഇപ്പോൾ വെളുത്തീയം അത്ര പ്രധാനമല്ല. എന്നാൽ പോട്ടൊസിയിലെ കോളനികളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനുവേണ്ടി അനേകം വിനോദയാത്രികർ അതു സന്ദർശിക്കുന്നു. അതിന്റെ അത്യലംകൃതമായ പള്ളികളും അവർ ശ്രദ്ധിച്ചേക്കാം, കത്തോലിക്കാ മതത്തിലുള്ള താത്പര്യക്കുറവിനു തെളിവെന്നവണ്ണം അവയിൽ പലതും ആളൊഴിഞ്ഞു കിടക്കുന്നു.
പോട്ടൊസി ഇന്ന്, അത്യാർത്തിയും രാഷ്ട്രീയ ഗൂഢാലോചനയും മതപരമായ വഴിപിഴപ്പിക്കലും വരുത്തിവെച്ച അത്യധികമായ മാനുഷിക ദുരിതത്തിന്റെ ഗംഭീര സ്മാരകമായി നിലകൊള്ളുന്നു. “പോട്ടൊസിയിൽ വെള്ളിയുണ്ട്!” എന്ന ആഹ്വാനത്തോടുകൂടി ആരംഭിച്ച ബൊളീവിയയുടെ ചരിത്രത്തിലെ ഒരു അധ്യായത്തിന്റെ സ്മാരകമായിത്തന്നെ.