സ്വദേശികളായ അമേരിക്കക്കാർ ഒരു യുഗാന്ത്യം
ഇടയൻമാരുടെയും ഇന്ത്യക്കാരുടെയും ഇടയിലെ സംഘട്ടനങ്ങൾ വിശേഷവത്കരിക്കുന്ന ഒരു സാധാരണ ഫിലിം ആരാണു കണ്ടിട്ടില്ലാത്തത്? വൈയറ്റ് അർപ്പ്, ബഫലോ ബിൽ, ലോൺ റേഞ്ചർ എന്നിവരെക്കുറിച്ചും ഇന്ത്യക്കാരായ ജെറോനിമോ, സിറ്റിങ് ബുൾ, ക്രേസി ഹോർസ്, പ്രമാണിയായ ജോസഫ് എന്നിവരെക്കുറിച്ചും മറ്റു പലരെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾ കേട്ടിട്ടുണ്ട്. എന്നാൽ ഹോളിവുഡിന്റെ ചിത്രീകരണങ്ങൾക്ക് എത്രമാത്രം പ്രാമാണികതയുണ്ടായിരുന്നു? ഇന്ത്യക്കാരെക്കുറിച്ചുള്ള അവരുടെ ചിത്രീകരണങ്ങൾ എത്ര നിഷ്പക്ഷമായിരുന്നു?
സ്വദേശികളായ വടക്കേ അമേരിക്കക്കാരെ (ഇന്ത്യക്കാർ) യൂറോപ്യൻമാർ കീഴടക്കിയതിനെക്കുറിച്ചുള്ള കഥ ചോദ്യങ്ങളുന്നയിക്കുന്നു.a ചരിത്ര ഗ്രന്ഥങ്ങൾ ഇന്ത്യക്കാരെക്കുറിച്ചു നിഷ്പക്ഷമായാണോ വർണിച്ചിരിക്കുന്നത്? അത്യാർത്തി, പീഡനം, വർഗീയത, നിഷ്ഠുരതകൾ എന്നിവയെക്കുറിച്ച് എന്തെങ്കിലും പാഠങ്ങൾ പഠിക്കാനുണ്ടോ? ഇടയൻമാരെന്നും ഇന്ത്യക്കാരെന്നും വിളിക്കപ്പെടുന്നവരുടെ യഥാർഥ കഥ എന്താണ്?
കസ്റ്റെറിന്റെ അവസാന നിലപാടും വൂണ്ടെഡ് നീയിലെ കൂട്ടക്കൊലയും
ലക്കോട്ടയിലെ (സൂ വർഗത്തിന്റെ മൂന്നു പ്രധാന വിഭാഗങ്ങളിലൊന്ന്) സിറ്റിങ് ബുൾ എന്ന മന്ത്രവാദി, 1876-ൽ മോൺടാനയിലെ ലിറ്റിൽ ബിഗ്ഹൊൺ നദിയിങ്കൽവച്ചു നടന്ന പ്രസിദ്ധ യുദ്ധത്തിലെ ഒരു നേതാവായിരുന്നു. ലെഫ്റ്റനൻറ് കേണലായ “ലോങ് ഹെയർ” കസ്റ്റെർ വിചാരിച്ചത് തന്റെ 650 ഭടൻമാരെക്കൊണ്ട് 1,000 സൂ-ഷൈയാൻ യോദ്ധാക്കളെ അനായാസം തോൽപ്പിക്കാമെന്നാണ്. അത് അങ്ങേയറ്റം പാളിപ്പോയ ഒരു കണക്കുകൂട്ടലായിരുന്നു. സാധ്യതയനുസരിച്ച്, സ്വദേശികളായ അമേരിക്കൻ യോദ്ധാക്കളുടെ, കൂടിവന്നിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ കൂട്ടത്തെ അദ്ദേഹം നേരിടുകയായിരുന്നു—3,000-ത്തോളം പേരെ.
കസ്റ്റെർ തന്റെ 7-ാം അശ്വസൈന്യവ്യൂഹത്തെ മൂന്നു വിഭാഗങ്ങളായി തിരിച്ചു. മറ്റു രണ്ടു വിഭാഗങ്ങളിൽനിന്നുള്ള പിന്തുണയ്ക്കായി കാത്തുനിൽക്കാതെ അദ്ദേഹത്തിന്റെ സംഘം ഇന്ത്യൻ ക്യാംപിന്റെ ദുർബല ഭാഗമെന്ന് അദ്ദേഹത്തിനു തോന്നിയ ഭാഗം ആക്രമിച്ചു. ക്രേസി ഹോർസ്, ഗൊൾ, സിറ്റിങ് ബുൾ എന്നീ തലവൻമാരുടെ നേതൃത്വത്തിൽ ഇന്ത്യക്കാർ കസ്റ്റെറെയും ഏതാണ്ട് 225 ഭടൻമാരടങ്ങുന്ന അദ്ദേഹത്തിന്റെ യൂണിറ്റിനെയും തുടച്ചുനീക്കി. അത് ഇന്ത്യൻ ജനതകൾക്കു താത്കാലിക വിജയത്തെയും യു.എസ്. സൈന്യത്തിന് കൊടും പരാജയത്തെയും അർഥമാക്കി. പക്ഷേ, വെറും 14 വർഷത്തിനുശേഷം പൊരിഞ്ഞ പ്രതികാരം നടന്നു.
ഒരു ക്ഷമാ വാഗ്ദാനത്തിങ്കൽ സിറ്റിങ് ബുൾ ഒടുവിൽ കീഴടങ്ങി. എന്നാൽ ഡക്കോട്ട പ്രദേശത്തെ ഫോർട്ട് റാൻഡലിൽ അദ്ദേഹത്തെ കുറേനാളത്തേക്കു തടവിലാക്കുകയാണുണ്ടായത്. വയസ്സു കാലത്ത് അദ്ദേഹം ബഫലോ ബില്ലിന്റെ വൈൽഡ് വെസ്റ്റ് യാത്രാ പ്രദർശനത്തിൽ പൊതുജനസമക്ഷം പ്രത്യക്ഷപ്പെട്ടു. ഒരുകാലത്തു പ്രശസ്തനായിരുന്ന ആ നായകൻ സ്വാധീനംചെലുത്തിയിരുന്ന ആ മുൻ മന്ത്രവാദിയുടെ വെറുമൊരു നിഴലായി ശേഷിച്ചു.
1890-ൽ സിറ്റിങ് ബുൾ (ലക്കോട്ട നാമം, റ്റാറ്റാങ്കാ ഇയോറ്റാക്ക) തന്നെ അറസ്റ്റുചെയ്യാൻ അയയ്ക്കപ്പെട്ട ഇന്ത്യൻ പൊലീസ് ഓഫീസർമാരുടെ വെടിയേറ്റു മരിച്ചുവീണു. അദ്ദേഹത്തിന്റെ കൊലയാളികൾ സൂ “മെറ്റൽ ബ്രെസ്റ്റ്സ്” (പൊലീസ് ബാഡ്ജുള്ളവർ), ലെഫ്റ്റനൻറ് ബുൾ ഹെഡ്, സർജൻ റെഡ് ടോമിഹൊക്ക് എന്നിവരായിരുന്നു.
അതേ വർഷം തന്നെ അമേരിക്കൻ ഗ്രേറ്റ് പ്ലെയ്ൻസിലെ വൂണ്ടെഡ് നീ ക്രീക്കിൽ നടന്ന കൂട്ടക്കുരുതിയിൽ വെള്ളക്കാരന്റെ ആധിപത്യത്തിനെതിരെയുള്ള ഇന്ത്യൻ പ്രതിരോധം ഒടുവിൽ തകർക്കപ്പെട്ടു. അവിടെ, ഫെഡറൽ സൈന്യങ്ങളും ദ്രുതഗതിയിൽ വെടിയുണ്ടകൾ പായിക്കുന്ന അവരുടെ ഹോച്ച്കിസ് പീരങ്കികളും പലായനം ചെയ്തുകൊണ്ടിരുന്ന ഏതാണ്ട് 320 സൂ പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി. ലിറ്റിൽ ബിഗ്ഹൊൺ നദിയുടെ മുകളിലുള്ള മലനിരകളിൽവച്ച് തങ്ങളുടെ കൂട്ടാളികളായ കസ്റ്റെറെയും അദ്ദേഹത്തിന്റെ ആളുകളെയും കൊന്നതിന്റെ പകവീട്ടലായിരുന്നു ഇതെന്ന് ഭടൻമാർ വീമ്പിളക്കി. ആക്രമിച്ചു കയറിക്കൊണ്ടിരുന്ന അമേരിക്കൻ കുടിയേറ്റക്കാരും സൈന്യത്താൽ വളയപ്പെട്ട തദ്ദേശ ഗോത്രങ്ങളും തമ്മിൽ 200-ലേറെ വർഷമായി അങ്ങിങ്ങായി നടന്നുകൊണ്ടിരുന്ന യുദ്ധങ്ങളും കലഹങ്ങളും അങ്ങനെ അവസാനിച്ചു.
എന്നാൽ സ്വദേശികളായ അമേരിക്കക്കാർ വടക്കേ അമേരിക്കയിൽ ആദ്യം വാസമുറപ്പിച്ചതെങ്ങനെയാണ്? വെള്ളക്കാരൻ വടക്കേ അമേരിക്കയിൽ ആദ്യമായി കാലുകുത്തുന്നതിനുമുമ്പ് അവർക്ക് ഏതു തരത്തിലുള്ള ജീവിതശൈലിയാണ് ഉണ്ടായിരുന്നത്?b അവരുടെ അന്തിമ പരാജയത്തിനും കീഴ്പെടലിനും ഇടയാക്കിയതെന്താണ്? ആദ്യത്തെ യൂറോപ്യൻ കുടിയേറ്റക്കാരുടെ വംശജർ ഇപ്പോൾ ആധിപത്യം പുലർത്തുന്ന ഒരു രാജ്യത്തെ ഇന്ത്യക്കാരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ഇവയും മറ്റു ചോദ്യങ്ങളും പിൻവരുന്ന ലേഖനങ്ങളിൽ ചർച്ചചെയ്യപ്പെടുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a “സ്വദേശിയായ അമേരിക്കക്കാരൻ” എന്ന പദമാണ് ഇപ്പോൾ ചിലർ ഇഷ്ടപ്പെടുന്നതെങ്കിലും “ഇന്ത്യക്കാരൻ” എന്ന പദം പല പരാമർശ കൃതികളിലും ഇപ്പോഴും സാധാരണമായി ഉപയോഗിക്കുന്നുണ്ട്. നാം ഈ പദങ്ങൾ മാറിമാറി ഉപയോഗിക്കുന്നതായിരിക്കും. വെസ്റ്റ് ഇൻഡീസ് എന്ന് ഇപ്പോൾ അറിയപ്പെടുന്നിടത്തു ചെന്നുപെട്ടപ്പോൾ ഇന്ത്യയിലാണെത്തിയതെന്നു വിചാരിച്ച കൊളംബസ് അവിടത്തെ സ്വദേശിക്കു നൽകിയ തെറ്റായപേരാണ് “ഇന്ത്യക്കാരൻ” എന്നത്.
b ഈ ലേഖനങ്ങളിൽ നാം വടക്കേ അമേരിക്കൻ ഇന്ത്യക്കാരെക്കുറിച്ചു മാത്രമേ ചർച്ചചെയ്യുന്നുള്ളൂ. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ അമേരിൻഡ്യക്കാരെക്കുറിച്ച്—ആസ്റ്റെക്കുകാർ, മൈയ്യകൾ, ഇൻകാകൾ, ഓൾമെക്കുകാർ എന്നിവരെയും മറ്റുള്ളവരെയും കുറിച്ച്—ഈ മാസികയുടെ ഭാവി ലക്കങ്ങളിൽ നാം പരിചിന്തിക്കുന്നതായിരിക്കും.
[3-ാം പേജിലെ ചിത്രം]
വൂണ്ടെഡ് നീയിൽ മരിച്ചവരെ അടക്കം ചെയ്യുന്നു
[കടപ്പാട്]
Montana Historical Society