“അത് എന്റെ കുറ്റമല്ല”
‘ക്ഷമിക്കണം. അതെന്റെ കുറ്റമാണ്. അതിന്റെ പൂർണ ഉത്തരവാദിത്വം എനിക്കാണ്!’ ആരെങ്കിലും ഇങ്ങനെ പറയുന്നത് ഇക്കാലത്തു നിങ്ങൾ എത്ര കൂടെക്കൂടെ കേൾക്കുന്നുണ്ട്? നിഷ്കപടവും ആത്മാർഥവുമായ ഇത്തരം പ്രസ്താവനകൾ ഇന്നു വിരളമായേ കേൾക്കാറുള്ളൂ. വാസ്തവത്തിൽ, പലപ്പോഴും ഒരു തെറ്റു സമ്മതിച്ചാൽതന്നെയും ആ തെറ്റ് മറ്റാരുടെയെങ്കിലും മേലോ തന്റെ നിയന്ത്രണത്തിനു തികച്ചും അതീതമാണെന്നു കുറ്റക്കാരൻ അവകാശപ്പെടുന്ന ഗൗരവം കുറയ്ക്കുന്ന സാഹചര്യങ്ങളുടെ മേലോ ചാരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു.
ചിലർ തങ്ങളുടെ ജീനുകളിലേക്കുപോലും വിരൽ ചൂണ്ടുന്നു! പക്ഷേ, ഇതിൽ ന്യായമുള്ളതായി തോന്നുന്നുണ്ടോ? ജീൻ ഗവേഷണത്തിന്റെ ചില വശങ്ങളുടെ ലക്ഷ്യങ്ങളെയും ഫലപ്രദത്വത്തെയും, ജീൻ കെട്ടുകഥയെ ഖണ്ഡിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ചോദ്യം ചെയ്യുന്നു. ഓസ്ട്രേലിയൻ പത്രപ്രവർത്തകനായ ബിൽ ഡീൻ പുസ്തകത്തെ സംബന്ധിച്ച തന്റെ അവലോകനത്തിൽ യുക്തിയുക്തമായ ഈ നിഗമനത്തിലെത്തി: “ആരും സ്വന്തം പ്രവൃത്തികൾക്കു കണക്കു ബോധിപ്പിക്കേണ്ടതില്ലെന്ന തങ്ങളുടെ തത്ത്വചിന്തയെ പിന്താങ്ങുന്ന ഏതാണ്ടു പിഴവറ്റ തെളിവ് കണ്ടെത്തിയിരിക്കുന്നുവെന്നു സാമൂഹിക ചിത്തസ്വാതന്ത്ര്യനിഷേധവാദികൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നതായി തോന്നുന്നു: ‘യുവർ ഓണർ, അവന് അവളുടെ കഴുത്തറക്കാതിരിക്കാൻ കഴിഞ്ഞില്ല—അത് അവന്റെ ജീനുകളിൽ ഉള്ളതാണ്.’”
വാസ്തവത്തിൽ ഒരു പുതിയ പ്രവണതയല്ല
ഈ തലമുറ, ഒരെഴുത്തുകാരൻ പറയുന്നതുപോലെ “ഞാൻ അല്ല” തലമുറയായി ദ്രുതഗതിയിൽ വികാസം പ്രാപിച്ചുകൊണ്ടിരിക്കെ, ഈ പ്രവണത പടർന്നു പന്തലിക്കുന്നതുപോലെ കാണപ്പെട്ടേക്കാം. എങ്കിലും, “വാസ്തവത്തിൽ കുറ്റപ്പെടുത്തേണ്ടത് എന്നെയല്ല” എന്ന ഒഴികഴിവോടെ മറ്റുള്ളവരുടെമേൽ പഴിചാരുന്നതു മനുഷ്യാരംഭം മുതൽ സ്ഥിതി ചെയ്യുന്നതായി രേഖപ്പെടുത്തപ്പെട്ട ചരിത്രം വെളിപ്പെടുത്തുന്നു. ദൈവം വിലക്കിയിരുന്ന കനി ഭക്ഷിച്ചുകൊണ്ട് ആദ്യമായി പാപം ചെയ്തതിനുശേഷമുള്ള ആദാമിന്റെയും ഹവ്വായുടെയും പ്രതികരണം, മറ്റുള്ളവരെ പഴിചാരുന്നതിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമായിരുന്നു. ദൈവം തുടക്കമിട്ട ആ സംഭാഷണത്തെക്കുറിച്ച് ഉല്പത്തിയിലെ വിവരണം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവൻ ചോദിച്ചു. അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.”—ഉല്പത്തി 3:11-13.
ആ സമയം മുതൽ, മനുഷ്യർ തങ്ങളുടെ പ്രവൃത്തികൾക്കു ശരിയായ കണക്കു ബോധിപ്പിക്കുന്നതിൽനിന്നു തങ്ങളെ വിമുക്തമാക്കുന്ന വിവിധതരത്തിലുള്ള വിശ്വാസങ്ങൾ കണ്ടെത്തുകയും വ്യത്യസ്തതരത്തിലുള്ള ഒഴികഴിവുകൾ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ ശ്രദ്ധേയമായത്, പുരാതന വിധി വിശ്വാസമായിരുന്നു. കർമത്തിൽ ആത്മാർഥമായി വിശ്വസിച്ചിരുന്ന ബുദ്ധമതക്കാരിയായ ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു: “ജന്മനാലുള്ളതും എന്നാൽ എനിക്കൊന്നുംതന്നെ അറിയാൻവയ്യാത്തതുമായ ഒരു കാര്യത്തിനായി ഞാൻ ദുരിതമനുഭവിക്കണമെന്നത് അർഥശൂന്യമായി എനിക്കു തോന്നി. എന്റെ വിധിയെന്ന നിലയിൽ എനിക്കത് അംഗീകരിക്കേണ്ടി വന്നു.” ജോൺ കാൽവിന്റെ മുൻനിർണയം എന്ന പഠിപ്പിക്കൽ ഊട്ടിവളർത്തിയ വിധി വിശ്വാസം ക്രൈസ്തവലോകത്തിലും സർവസാധാരണമാണ്. ഒരു പ്രത്യേക അത്യാഹിതം ദൈവേഷ്ടപ്രകാരം സംഭവിച്ചതാണെന്നു പലപ്പോഴും പുരോഹിതന്മാർ ദുഃഖാർത്തരായ ബന്ധുക്കളോടു പറയുന്നു. കൂടാതെ, സദുദ്ദേശ്യമുള്ള ചില ക്രിസ്ത്യാനികളും തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ പാകപ്പിഴകൾക്കും സാത്താനെ കുറ്റപ്പെടുത്തുന്നു.
എന്നാൽ, നിയമപരമായും സാമൂഹികമായും അനുവദിക്കപ്പെട്ട, കണക്കു ബോധിപ്പിക്കേണ്ടതില്ലാത്ത ചെയ്തികൾ നാം കാണാൻ തുടങ്ങിയിരിക്കുന്നു. വർധിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളുടെയും ശോഷിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെയും ഒരു യുഗത്തിലാണു നാം ജീവിക്കുന്നത്.
അധാർമികത മുതൽ കൊലപാതകം വരെയുള്ള പെരുമാറ്റങ്ങളെ കയറൂരിവിടാമെന്നു ചിലർ കരുതുന്ന സങ്കൽപ്പിത ശാസ്ത്രീയ തെളിവ് മനുഷ്യ പെരുമാറ്റങ്ങളിൽ നടത്തിയ ഗവേഷണം പുറത്തു വിട്ടിരിക്കുന്നു. വ്യക്തിയെ ഒഴികെ മറ്റെന്തിനെയെങ്കിലും അല്ലെങ്കിൽ മറ്റാരെയെങ്കിലും പഴിചാരാനുള്ള സമൂഹത്തിന്റെ ഉത്സുകതയുടെ ഒരു പ്രതിഫലനമാണിത്.
നമുക്ക് ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആവശ്യമാണ്: ശാസ്ത്രം വാസ്തവത്തിൽ കണ്ടെത്തിയിരിക്കുന്നത് എന്താണ്? മനുഷ്യ പെരുമാറ്റം നമ്മുടെ ജീനുകളാൽ മാത്രം നിർണയിക്കപ്പെടുന്നുവോ? അതോ ആന്തരികവും ബാഹ്യവുമായ ശക്തികൾ നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നുവോ? തെളിവുകൾ വാസ്തവത്തിൽ പ്രകടമാക്കുന്നത് എന്താണ്?