അത് ആരുടെ കുററമാണ്?
ആദാമും ഹവ്വായുമായിരുന്നു ആ പ്രവണതയ്ക്കു തുടക്കമിട്ടത്. പാപം ചെയ്തതിനുശേഷം അവൻ ദൈവത്തോടു പറഞ്ഞു: “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു.” ഫലത്തിൽ അവൻ പറഞ്ഞത്, “അത് എന്റെ കുററമല്ല!” എന്നായിരുന്നു. അങ്ങനെതന്നെയാണ് ആദ്യ സ്ത്രീയായ ഹവ്വായും ചെയ്തത്. “പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി,” അവൾ പറഞ്ഞു.—ഉല്പത്തി 3:12, 13.
അങ്ങനെ, സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദിത്വം ഏറെറടുക്കാൻ മനുഷ്യർ വിസ്സമ്മതിക്കുന്ന കീഴ്വഴക്കത്തിനുള്ള വേദി ഒരുങ്ങുകയായിരുന്നു ഏദെൻ തോട്ടത്തിൽ. ഇക്കാര്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും തെററുകാരനായിരുന്നിട്ടുണ്ടോ? പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ നിങ്ങൾ ഉടനടി മററുള്ളവരെ പഴിചാരുന്നുവോ? അല്ലെങ്കിൽ വാസ്തവത്തിൽ ആരുടെ കുററമാണെന്നു കാണാൻ നിങ്ങൾ സ്ഥിതിവിശേഷം വിശകലനം ചെയ്യുന്നുവോ? അനുദിന ജീവിതത്തിൽ, നമ്മുടെ തെററുകൾക്കു മററുള്ളവരെ പഴിചാരുന്ന കെണിയിൽ അകപ്പെടാനും “അത് എന്റെ കുററമല്ല” എന്നു പറയാനും വളരെ എളുപ്പമാണ്! നമുക്കു സാധാരണ സ്ഥിതിവിശേഷങ്ങൾ ഒന്നു പരിശോധിച്ച് അത്തരം സാഹചര്യങ്ങളിൽ ചിലയാളുകൾ എന്തു ചെയ്യാൻ പ്രവണതയുള്ളവരാണെന്നു നോക്കാം. അതിലും പ്രധാനമായി, അതേസാഹചര്യത്തിലകപ്പെടുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമെന്നതിനെപ്പററിയും വിചിന്തനം ചെയ്യാം.
സാമ്പത്തിക പ്രയാസം
കടുത്ത സാമ്പത്തിക കുഴപ്പങ്ങളിൽ ചെന്നുപെട്ട ചിലർ പറഞ്ഞേക്കാം, “അത് എന്റെ കുററമൊന്നുമല്ല. തകരാറു സമ്പദ്ഘടനയുടേതാണ്, നേരും നെറിവുമില്ലാത്തവരാണു വ്യാപാരികൾ, ജീവിതച്ചെലവുകൾ ഉയർന്നു” എന്നൊക്കെ. എന്നാൽ വാസ്തവത്തിൽ ഈ ഘടകങ്ങളെയാണോ പഴിചാരേണ്ടത്? ഒരുപക്ഷേ, അനിശ്ചിത സാഹചര്യങ്ങൾ അവരെ ഊഹക്കച്ചവടത്തിലേക്കോ ഭദ്രമല്ലാത്ത ബിസിനസ്സിലേക്കോ നയിച്ചിരിക്കാം. വസ്തുനിഷ്ഠമായി കാര്യങ്ങൾ ചെയ്യുന്ന സ്വഭാവത്തിൻമേൽ ചിലപ്പോൾ അത്യാഗ്രഹം നിഴൽപരത്തുന്നു. അങ്ങനെ ആളുകൾ പരിചയമില്ലാത്ത ബിസിനസ്സിലിറങ്ങി വെള്ളം കുടിക്കുന്നു, അവസാനം സ്രാവുകൾക്ക് ഇരയായിത്തീരുന്നു. “മിന്നുന്നതെല്ലാം പൊന്നല്ല” എന്ന ചൊല്ല് അവർ മറന്നുപോകുന്നു. തങ്ങൾക്കിഷ്ടമുള്ള ഉപദേശം വേണം, അതിനായി അവർ അലയുന്നു. എന്നാൽ സാമ്പത്തിക ഞെരുക്കം അതിന്റെ തനിനിറം കാട്ടുന്നതോടെ അവർ പിന്നെ മററാരെയെങ്കിലും പഴിചാരുകയായി. ദൗർഭാഗ്യകരമെന്നു പറയട്ടെ, ചിലപ്പോൾ ഇതു ക്രിസ്തീയ സഭയിൽപ്പോലും സംഭവിക്കുന്നു.
ഇല്ലാത്ത വൈരക്കല്ലുകൾ വാങ്ങൽ. ഹിററ് ടെലിവിഷൻ പരിപാടികൾക്കു പണമിറക്കും, പക്ഷേ പൊട്ടിപ്പാളീസാകുന്നു. സ്ഥാവരവസ്തു ഇടപാടുകൾ നടത്തി പൊളിയുന്നു. ഇങ്ങനെ ജ്ഞാനപൂർവമല്ലാത്തതോ തട്ടിപ്പോ ആയ നിക്ഷേപ പദ്ധതികളിൽ ചിലർ കുടുങ്ങിയിട്ടുണ്ട്. സമ്പത്തിനോടുള്ള അവരുടെ അടങ്ങാത്ത ആഗ്രഹം ബൈബിളിലെ ഈ ബുദ്ധ്യുപദേശത്തെ അവ്യക്തമാക്കിക്കളഞ്ഞിരിക്കാം: “ധനികരാകാൻ തീരുമാനിച്ചിരിക്കുന്നവർ പരീക്ഷയിലും കെണിയിലും . . . വീഴു”കയും “അനേകം വേദനകളോടെ ആസകലം തങ്ങളെത്തന്നെ കുത്തുകയും ചെയ്തിരിക്കുന്നു.”—1 തിമോത്തി 6:9, 10, NW.
കയ്യും കണക്കുമില്ലാതെ ചെലവിടുന്നതും സാമ്പത്തിക നഷ്ടത്തിലേക്കു നയിച്ചേക്കാം. ചിലർക്കു തോന്നും, തങ്ങളെക്കണ്ടാൽ ഏററവും പുതിയ മാഗസിനുകളിൽ കാണുന്ന ആളുകളെപ്പോലെയിരിക്കണം, പിന്നെ പണം വാരിയെറിയുന്ന അവധിക്കാലം, വൻകിട ഹോട്ടലിൽനിന്നുള്ള ഭക്ഷണം, മുതിർന്നവർക്കായുള്ള അതിനൂതന “കളിക്കോപ്പുകൾ”—ഉല്ലാസ വാഹനങ്ങൾ, ബോട്ടുകൾ, ക്യാമറകൾ, സ്ററീരിയോ സെററുകൾ—വാങ്ങണം എന്നൊക്കെ. തീർച്ചയായും മിടുക്കോടെയുള്ള ആസൂത്രണവും മിച്ചംവെക്കലും നിമിത്തം ചിലർക്ക് ഈവക സംഗതികൾ നേടിയെടുക്കാനാവും. എങ്കിലും, അതെല്ലാം ഉണ്ടാകാൻ ധൃതികൂട്ടുന്നവർ ഭീമമായ കടത്തിലായിപ്പോയേക്കാം. അങ്ങനെ സംഭവിച്ചാൽ അത് ആരുടെ കുററമാണ്? വ്യക്തമായും സദൃശവാക്യങ്ങൾ 13:18 [NW]-ലെ ശരിയായ ഉപദേശമാണ് അവർ അവഗണിച്ചിരിക്കുന്നത്: “ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും മാനഹാനിയും വരും.”
കുട്ടികളുടെ കാര്യത്തിൽ നിരാശ
“മൂപ്പൻമാരുടെ കുററംകൊണ്ടാണ് എന്റെ കുട്ടികൾ സത്യം ഉപേക്ഷിച്ചത്. അവർ എന്റെ കുട്ടികളെ വേണ്ടവിധം ശ്രദ്ധിച്ചില്ല,” ചില മാതാപിതാക്കൾ പറഞ്ഞേക്കാം.
മൂപ്പൻമാർക്ക് ആടുകൾക്കുവേണ്ടി ഇടയവേല ചെയ്യാനും അവരെ പരിപാലിക്കാനും ഉത്തരവാദിത്വമുണ്ട്, എന്നാൽ മാതാപിതാക്കൾക്കോ? തങ്ങളുടെ സകല ഇടപെടലുകളിലും ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്നതിൽ അവർ മാതൃക വെക്കുന്നുണ്ടോ? കുടുംബ ബൈബിളധ്യയനം മുടങ്ങാതെ നടത്തിയിരുന്നോ? യഹോവയുടെ സേവനത്തിൽ മാതാപിതാക്കൾ തീക്ഷ്ണത പ്രകടമാക്കുകയും അതിനായി ഒരുങ്ങാൻ കുട്ടികളെ സഹായിക്കുകയും ചെയ്തിരുന്നോ? കുട്ടികൾ ആരുമായി സഹവസിക്കുന്നുവെന്നു ശ്രദ്ധിച്ചിരുന്നുവോ?
അതുപോലെ, സ്കൂൾപ്രവർത്തനത്തെക്കുറിച്ചും ഒരു മാതാവിനോ പിതാവിനോ എളുപ്പം പറയാം: “എന്റെ മകൻ സ്കൂളിൽ ശോഭിക്കാത്തത് അധ്യാപകരുടെ കുററമാണ്. അവർക്ക് എന്റെ മകനെ ഇഷ്ടമല്ല. സ്കൂളിന്റെ വിദ്യാഭ്യാസനിലവാരമാണെങ്കിലോ തീരെ താഴ്ന്നതും.” എന്നാൽ ആ മാതാവോ പിതാവോ സ്കൂളുമായി അടുത്തു സമ്പർക്കം പുലർത്തിയിരുന്നുവോ? ആ മാതാവോ പിതാവോ കുട്ടിയുടെ പാഠ്യപദ്ധതിയിലും പഠനത്തിലും താത്പര്യം കാണിച്ചിരുന്നുവോ? ഹോംവർക്ക് ചെയ്യാൻ അവനു സമയം പട്ടികപ്പെടുത്തിയിരുന്നുവോ, ആവശ്യമുള്ളപ്പോൾ അവനു സഹായം കൊടുത്തിരുന്നുവോ? അടിസ്ഥാന പ്രശ്നം കുട്ടിയുടെയോ മാതാപിതാക്കളുടെയോ ഭാഗത്തുനിന്നുള്ള മനോഭാവമോ അലസതയോ ആയിരുന്നോ?
സ്കൂൾസംവിധാനത്തെ പഴിചാരുന്നതിനുപകരം, കുട്ടികൾക്ക് ഉചിതമായ മനോഭാവമുണ്ടെന്നും സ്കൂളിൽ തങ്ങൾക്കു പഠിക്കാൻ ലഭ്യമായിരിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഉറപ്പുവരുത്താൻ മാതാപിതാക്കൾ ക്രിയാത്മക നടപടികളെടുക്കണം. വളരെയധികം ഫലപ്രാപ്തിയുള്ള ഒരു സംഗതിയാവും അത്.
ആത്മീയമായി പുഷ്ടിപ്രാപിക്കുന്നതിലെ പരാജയം
“ആത്മീയമായി ഞാൻ ഇതിനെക്കാൾ മെച്ചപ്പെടേണ്ടതായിരുന്നു, എന്നുവെച്ച് അത് എന്റെ കുററമൊന്നുമല്ല. മൂപ്പൻമാർ എന്നെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. സുഹൃത്തുക്കളായി എനിക്ക് ആരുമില്ല. യഹോവയുടെ ആത്മാവ് ഈ സഭയുടെമേൽ ഇല്ല,” എന്ന് വല്ലപ്പോഴുമൊക്കെ ആരെങ്കിലും പറയുന്നതു നാം കേൾക്കാറുണ്ട്. എന്നാൽ അതേസമയംതന്നെ, സഭയിലെ മററുള്ളവർക്കു സുഹൃത്തുക്കളുണ്ട്, അവർ സന്തുഷ്ടരും നല്ല ആത്മീയ പുരോഗതി വരുത്തുന്നവരുമാണ്. വളർച്ചയും ആത്മീയ അഭിവൃദ്ധിയും ഉള്ളതുകൊണ്ട് സഭയുടെമേൽ അനുഗ്രഹമുണ്ട്. അപ്പോൾപ്പിന്നെ ചിലർക്കു പ്രശ്നങ്ങൾ ഉള്ളതിന്റെ കാരണമെന്താണ്?
നിഷേധാത്മകമായ, പരാതിയുടേതായ, ആത്മാവു പ്രകടമാക്കുന്നവരുമായി അടുത്ത സഹവാസത്തിലായിരിക്കാൻ ആരും ആഗ്രഹിക്കുകയില്ല. മൂർച്ചയേറിയ, അറുത്തുമുറിച്ചുള്ള സംസാരവും നിരന്തരമുള്ള പരാതിപറച്ചിലും അങ്ങേയററം നിരുത്സാഹജനകമാണ്. ആത്മീയമായി താണുപോകാൻ ആഗ്രഹിക്കാത്ത ചിലർ അത്തരം വ്യക്തികളുമായുള്ള സാമൂഹിക സഹവാസങ്ങൾ കുറച്ചെന്നുവരാം. സഭയുടെ ഭാഗത്തുനിന്നുള്ള തണുപ്പൻ പ്രതികരണമായിട്ടായിരിക്കും ചിലപ്പോൾ ഒരുവൻ ഇതിനെ വീക്ഷിക്കുക. അതോടെ ആരംഭിക്കുകയായ് കുടിയേററം. ഒരു സഭയിൽനിന്നു മറെറാന്നിലേക്ക്, പിന്നെ അടുത്തതിലേക്ക്. ആഫ്രിക്കൻ സമതലപ്രദേശങ്ങളിലെ കന്നുകാലിക്കൂട്ടങ്ങളെപ്പോലെ, എല്ലായ്പോഴും കൂടുതൽ പച്ചയായ മേച്ചിൽസ്ഥലങ്ങൾതേടിയുള്ള അലച്ചിൽത്തന്നെ അലച്ചിൽ. ഈ “ദേശാടന” ക്രിസ്ത്യാനികളും എല്ലായ്പോഴും ശരിയായ സഭ തേടി അലയുകയാണ്. അതിനുപകരം, മററുള്ളവരിലെ നല്ല ഗുണങ്ങൾ നോക്കിയിരുന്നെങ്കിൽ, തങ്ങളുടെ സ്വന്തം ജീവിതത്തിൽ ദൈവാത്മാവിന്റെ ഫലങ്ങൾ കൂടുതൽ തികവോടെ പ്രകടിപ്പിക്കാൻ അധ്വാനിച്ചിരുന്നെങ്കിൽ അവർ എത്രയധികം സന്തുഷ്ടരായിരുന്നേനേ!—ഗലാത്യർ 5:22, 23.
രാജ്യഹാളിലെ ഓരോ യോഗത്തിലും ഓരോ വ്യത്യസ്ത വ്യക്തിയോടു സംസാരിച്ച് അയാളുടെ ഒരു നല്ല വശത്തെ പ്രശംസിക്കാൻ പ്രത്യേക ശ്രമം ചെയ്തുകൊണ്ടാണ് ചിലർ അങ്ങനെ ചെയ്യുന്നത്. അത് നന്നായി പെരുമാറുന്ന അദ്ദേഹത്തിന്റെ കുട്ടികളെപ്പററിയാകാം, ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി പങ്കെടുക്കുന്ന ശീലത്തെയാവാം, വീക്ഷാഗോപുര അധ്യയനത്തിൽ നന്നായി തയ്യാർചെയ്തു നടത്തുന്ന അഭിപ്രായങ്ങളെയാവാം, സഭാപുസ്തകാധ്യയനത്തിനും വയൽസേവന യോഗങ്ങൾക്കുംവേണ്ടി അദ്ദേഹത്തിന്റെ വീടു വിട്ടുതരുന്ന ഔദാര്യത്തെയാവാം, അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. അപൂർണതയുടെ പുറന്തോടിന് ഉള്ളിലേക്ക് ഉളിഞ്ഞുനോക്കുന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക. അപ്പോൾ നിങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരൻമാരിലെ ശ്രേഷ്ഠ ഗുണങ്ങൾ നിങ്ങൾ തീർച്ചയായും കണ്ടെത്തും. ഇതുനിമിത്തം നിങ്ങൾ അവർക്കു പ്രിയപ്പെട്ടവരാകും, പിന്നെ വിശ്വസ്തരായ സുഹൃത്തുക്കളെ കിട്ടാനില്ലെന്ന പ്രശ്നം അതോടെ തീരുകയും ചെയ്യും.
അവസാനത്തെ ഒഴികഴിവ്
“അതു ദൈവഹിതമാണ്.” “പിശാച് കാരണമാണ് അങ്ങനെ സംഭവിച്ചത്.” നമ്മുടെ സ്വന്തം പരാജയങ്ങൾക്ക് ഒരുപക്ഷേ ദൈവത്തെയോ പിശാചിനെയോ പഴിചാരുന്നതാവാം അവസാന ഒഴികഴിവ്. ദൈവത്തിനോ സാത്താനോ നമ്മുടെ ജീവിതത്തിലെ ചില സംഭവങ്ങളെ സ്വാധീനിക്കാനാവുമെന്നതു സത്യംതന്നെ. എന്നുവരികിലും, ചിലർ വിശ്വസിക്കുന്നത് തങ്ങളുടെ ജീവിതത്തിലെ മിക്കവാറും സകല സംഗതികളും, നല്ലതായാലും മോശമായാലും, ദൈവത്തിന്റെയോ സാത്താന്റെയോ ഇടപെടൽ നിമിത്തമാണെന്നാണ്. തങ്ങളുടെ സ്വന്തം പ്രവൃത്തികളുടെ അനന്തരഫലമായി അവർക്കു യാതൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയാണ്. “എനിക്ക് ആ പുതിയ കാർ വേണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവൻ അതു നടത്തിത്തരും.”
അത്തരം ആളുകൾ പലപ്പോഴും ശ്രദ്ധയില്ലാത്ത ജീവിതം നയിക്കുന്നു. ദൈവം തങ്ങളെ കാത്തുകൊള്ളുമെന്ന ധാരണയിലാണു സാമ്പത്തികംപോലുള്ള പല തീരുമാനങ്ങളും അവർ കൈക്കൊള്ളുന്നത്. അവരുടെ വിവേകശൂന്യമായ പ്രവർത്തനങ്ങളുടെ ഫലമായി സാമ്പത്തികമോ മറേറതെങ്കിലുമോ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവർ പിശാചിനെ പഴിചാരുന്നു. ആദ്യമിരുന്നു ‘കണക്കു നോക്കാ’തെ എടുത്തുചാടി എന്തെങ്കിലും ചെയ്തിട്ട്, പരാജയത്തിനു പിശാചിനെ പഴിചാരുന്നത്, അല്ലെങ്കിൽ അതിലും മോശമായി, യഹോവയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നത്, വെറുതെ സാഹസം കാട്ടലേ ആകുന്നുള്ളൂ, തന്നെയുമല്ല, അതു തിരുവെഴുത്തു വിരുദ്ധവുമാണ്.—ലൂക്കൊസ് 14:28, 29.
യേശുവിനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. തന്റെ പ്രവൃത്തികൾക്കുള്ള ഉത്തരവാദിത്വം യേശു ഏറെറടുക്കാതിരിക്കണമെന്നായിരുന്നു സാത്താന്റെ ഉദ്ദേശ്യം. രണ്ടാമത്തെ പ്രലോഭനത്തെക്കുറിച്ച് മത്തായി 4:5-7 ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: ‘പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിൻമേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതൻമാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങിക്കൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.’ വ്യക്തമായും മൗഢ്യമായ, ആത്മഹത്യാപരംപോലുമായ ഒരു നടപടിയെടുത്തിട്ട് അതിൽ യഹോവ ഇടപെടുമെന്നു പ്രതീക്ഷിക്കാൻ തനിക്കാവില്ലെന്നു തിരിച്ചറിഞ്ഞ യേശു അവനോട് ഇങ്ങനെ മറുപടി പറഞ്ഞു: ‘“നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു.’
തങ്ങളുടെ ബുദ്ധിശൂന്യമായ പ്രവർത്തനങ്ങൾക്കു പിശാചിനെയോ ദൈവത്തെയോ പഴിചാരാൻ പ്രവണതയുള്ളവരും ജ്യോതിഷത്തിന്റെ അനുഗാമികളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ദൈവത്തിന്റെയോ പിശാചിന്റെയോ സ്ഥാനത്ത് അവർ കേവലം നക്ഷത്രങ്ങളെ പ്രതിഷ്ഠിക്കുന്നു. മിക്കവാറും എല്ലാ സംഭവങ്ങളും തങ്ങളുടെ നിയന്ത്രണത്തിനപ്പുറമാണെന്ന് അവർ അടിയുറച്ചു വിശ്വസിക്കുന്നു. അങ്ങനെ ഗലാത്യർ 6:7-ൽ പ്രസ്താവിച്ചിരിക്കുന്ന “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന ലളിത തത്ത്വത്തെ അവർ അവഗണിക്കുന്നു.
യാഥാർഥ്യത്തെ അഭിമുഖീകരിക്കൽ
ഒരു അപൂർണലോകത്തിലാണു നാം ജീവിക്കുന്നത് എന്ന കാര്യത്തോട് ആരും വിയോജിക്കാൻ പോകുന്നില്ല. ഇവിടെ ചർച്ചചെയ്തിരിക്കുന്ന പ്രശ്നങ്ങൾ യാഥാർഥ്യങ്ങളാണ്. ആളുകൾ നമ്മെ സാമ്പത്തികമായി മുതലെടുക്കും. ചില തൊഴിലുടമകൾ ന്യായരഹിതരായിരിക്കും. പരിചയക്കാർ നമ്മുടെ കുട്ടികളെ തെററായി സ്വാധീനിച്ചേക്കാം. ചില അധ്യാപകർക്കും സ്കൂളുകൾക്കും പുരോഗതി ആവശ്യമുണ്ട്. ചിലപ്പോൾ, മൂപ്പൻമാർ കൂടുതൽ സ്നേഹത്തോടെയും താത്പര്യത്തോടെയും ഇടപെടേണ്ടതുണ്ടായിരിക്കാം. എന്നാൽ, അപൂർണതയുടെ സ്വാധീനത്തെയും ബൈബിൾ പറയുന്നതുപോലെ, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന സംഗതിയെയും നാം അംഗീകരിക്കേണ്ടതുണ്ട്. അതുകൊണ്ട്, ജീവിതത്തിൽ നമ്മുടെ വഴി എല്ലായ്പോഴും സുഗമമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതിൽ യാഥാർഥ്യ ബോധമില്ല.—1 യോഹന്നാൻ 5:19.
കൂടാതെ, നാം നമ്മുടെതന്നെ അപൂർണതകളും പരിമിതികളും അംഗീകരിക്കുകയും മിക്കപ്പോഴും നമ്മുടെ പ്രശ്നങ്ങൾ നമ്മുടെ സ്വന്തം മണ്ടത്തരങ്ങളുടെ ഫലമാണെന്നു തിരിച്ചറിയുകയും വേണം. പൗലോസ് റോമിലെ ക്രിസ്ത്യാനികളെ ഇങ്ങനെ ഉപദേശിച്ചു: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയര”രുതെന്ന് “ഞാൻ . . . നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമർ 12:3) നമ്മെ സംബന്ധിച്ച് ആ ഉപദേശത്തിന് ഇന്നും അതേ പ്രസക്തിയുണ്ട്. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുമ്പോൾ, ഉടനെ നമ്മുടെ പൂർവമാതാപിതാക്കളെ അനുകരിച്ച് “അത് എന്റെ കുററമല്ല!” എന്നു നാം പറയില്ല. അതിനുപകരം നാം സ്വയം ചോദിക്കണം, ‘ഈ അസുഖകരമായ പരിണതി ഒഴിവാക്കാൻ ഞാൻ വേറെ ഏതുവിധത്തിലായിരുന്നു പ്രവർത്തിക്കേണ്ടിയിരുന്നത്? പ്രസ്തുത സംഗതിയിൽ ഞാൻ നല്ല വിവേചന ഉപയോഗിച്ചുവോ, ജ്ഞാനപൂർവമായ ഒരു ഉറവിൽനിന്നു ബുദ്ധ്യുപദേശം തേടിയോ? ഉൾപ്പെട്ടിരുന്ന മറേറ വ്യക്തിയെയോ വ്യക്തികളെയോ മാന്യരെന്നു കണ്ണുമടച്ചങ്ങു വിശ്വസിച്ചുവോ?’
നാം ക്രിസ്തീയ തത്ത്വങ്ങൾ പിൻപററി ശരിയായ വിവേചന പ്രകടമാക്കുന്നെങ്കിൽ നമുക്കു കൂടുതൽ സുഹൃത്തുക്കളുണ്ടായിരിക്കും, പ്രശ്നങ്ങൾ കുറച്ചും. നമ്മുടെ അനുദിന ജീവിതത്തിലെ പല പരുക്കൻ സംഗതികളും മൃദുവായിത്തീരും. മററുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ നമുക്കു സന്തോഷം തോന്നും. തന്നെയുമല്ല, നമ്മെ അസഹ്യപ്പെടുത്താൻ പിന്നെ “അത് ആരുടെ കുററമാണ്?” എന്ന ചോദ്യമൊട്ട് ഉണ്ടായിരിക്കയുമില്ല.
[28-ാം പേജിലെ ചിത്രങ്ങൾ]
കുട്ടികൾ ആത്മീയമായി പുഷ്ടിപ്രാപിക്കാൻ സഹായിക്കുന്നതിനു മാതാപിതാക്കൾക്കു വളരെയധികം ചെയ്യാനാവും