ഒരു അമ്മയ്ക്കു തന്റെ കുഞ്ഞുങ്ങളുമായുള്ള ഉറ്റബന്ധം
അവൾ അലഞ്ഞുനടക്കുന്ന, നീളംകുറഞ്ഞ രോമങ്ങളോടുകൂടിയ, ഒരു പേരില്ലാ പൂച്ചയായിരുന്നു. അഞ്ചു കുഞ്ഞുങ്ങളുള്ള അവൾ കിഴക്കൻ ന്യൂയോർക്കിലെ തരംതാണ തെരുവുകളിൽ ജീവിതം കഴിച്ചുകൂട്ടാൻ ശ്രമിച്ചുപോന്നു. പല തവണ സംശയാസ്പദമായ തീപിടുത്തങ്ങൾക്കു വിധേയമായ ഉപേക്ഷിക്കപ്പെട്ടതും ഇടിഞ്ഞുപൊളിഞ്ഞതുമായ ഒരു ഗരാജിൽ അവൾ താമസമുറപ്പിച്ചിരുന്നു. വളർന്നുകൊണ്ടിരിക്കുന്ന തന്റെ കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്നതിനായി ഉച്ഛിഷ്ട നുറുക്കുകൾ തിരഞ്ഞ് അവൾ അയൽപക്കത്തു പോയിരുന്നു.
1996 മാർച്ച് 29 രാവിലെ 6:06-ന് ഇതിനെല്ലാം ഒരു മാറ്റംവരാൻ പോകുകയായിരുന്നു. ഒരു സംശയാസ്പദമായ തീപിടുത്തം വേഗത്തിൽ ഗരാജിനെ ഗ്രസിച്ചു. പൂച്ചക്കുടുംബത്തിന്റെ ഭവനം തീജ്ജ്വാലകളിലമർന്നു. ലാഡർ കമ്പനി 175 പ്രതികരിക്കുകയും വേഗംതന്നെ തീയണയ്ക്കുകയും ചെയ്തു. അഗ്നിശമനജോലിക്കാരിൽ ഒരാളായ ഡേവിഡ് ഷാനെല്ലി പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടു. അദ്ദേഹം മൂന്നെണ്ണത്തെ കെട്ടിടത്തിനു തൊട്ടു വെളിയിൽ കണ്ടെത്തി, മറ്റൊന്നു തെരുവിനു കുറുകെ മുക്കാൽ ദൂരം അകലെയായിരുന്നു, അഞ്ചാമത്തേതു പാതയോരത്തും. തനിയെ രക്ഷപ്പെടാൻ കഴിയാത്തവിധം പൂച്ചക്കുഞ്ഞുങ്ങൾ അത്രയ്ക്കു ചെറുതായിരുന്നു. തള്ളപ്പൂച്ച കുഞ്ഞുങ്ങളെ ഓരോന്നിനെയായി പുറത്തു കൊണ്ടുപോയപ്പോൾ രക്ഷപ്പെടുന്നതിനായി ചിലതിന് ഏറെ നേരം കാത്തിരിക്കേണ്ടി വന്നതിനാൽ ഓരോന്നിന്റെയും പൊള്ളലുകൾ അധികമധികം ഗുരുതരമായിരുന്നതായി ഷാനെല്ലി നിരീക്ഷിച്ചു.
1996 ഏപ്രിൽ 7-ലെ ന്യൂയോർക്ക് ഡെയ്ലി ന്യൂസ് തള്ളയുടെ സ്ഥിതിഗതികളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “സമീപത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്ന് തള്ള വേദനകൊണ്ടു പുളയുന്നതു ഷാനെല്ലി കണ്ടു. ആ കാഴ്ച അദ്ദേഹത്തിനു ഹൃദയഭേദകമായിരുന്നു. പുകയേറ്റ് അവളുടെ കൺപോളകൾ വീർത്ത് അടഞ്ഞിരുന്നു. അവളുടെ ഉള്ളംകാലുകൾ വല്ലാതെ പൊള്ളിയിട്ടുണ്ടായിരുന്നു. അവളുടെ മുഖത്തും ചെവിയിലും കാലുകളിലും ഭയങ്കരമായി പൊള്ളിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഷാനെല്ലി ഒരു കാർഡ്ബോർഡ് പെട്ടി കണ്ടെത്തി. അദ്ദേഹം തള്ളപ്പൂച്ചയെയും കുഞ്ഞുങ്ങളെയും പതുക്കെയെടുത്ത് അതിനുള്ളിൽ വച്ചു. ‘അവൾക്ക് കണ്ണുകൾ തുറക്കാൻ പോലും കഴിയുമായിരുന്നില്ല, എന്നാൽ തന്റെ പാദംകൊണ്ട് അവൾ അവയെ ഒരോന്നിനെയായി എണ്ണിനോക്കി,’ ഷാനെല്ലി പറഞ്ഞു.”
അവ നോർത്ത് ഷോർ ആനിമൽ ലീഗിൽ എത്തിയപ്പോൾ ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു. വിവരണം ഇപ്രകാരം തുടരുന്നു: “ആഘാതത്തെ ചെറുക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കപ്പെട്ടു. ധീരയായ മാർജാരിയുടെ രക്തക്കുഴലിലേക്ക് ആൻറിബയോട്ടിക്കുകൾ നിറച്ച ഒരു ട്യൂബ് കടത്തിവച്ചു. ആൻറിബയോട്ടിക് ലേപനങ്ങൾ അവളുടെ പൊള്ളലുകളിൽ മെല്ലെ പുരട്ടി. പിന്നെ ശ്വസിക്കാനുള്ള സഹായമായി അവളെ ഓക്സിജൻ-ടാങ്ക് കൂട്ടിലിട്ടപ്പോൾ ആനിമൽ ലീഗിലെ ഉദ്യോഗസ്ഥഗണം മുഴുവനും ശ്വാസമടക്കി നോക്കിനിന്നു . . . 48 മണിക്കൂറായപ്പോൾ കഥാനായിക എഴുന്നേറ്റിരുന്നു. അവളുടെ വീർത്ത കണ്ണുകൾ തുറന്നു, ഡോക്ടർമാർ ഒരു കുഴപ്പവും കണ്ടില്ല.”
ഒരു നിമിഷം നിന്നു ചിന്തിക്കുക. സ്വതവേ തീയോടു പേടിയുള്ള ഈ ധീര മാതാവ്, പുക നിറഞ്ഞ, കത്തിക്കൊണ്ടിരുന്ന കെട്ടിടത്തിലേക്കു ചെന്നു തന്റെ നിലവിളിക്കുന്ന കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതു നിങ്ങൾ ഒരു നിമിഷം മനോമുകുരത്തിൽ കാണൂ. നിസ്സഹായരായ തന്റെ കൊച്ചു കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുവരാനായി ഒരു പ്രാവശ്യം പോകുന്നതുതന്നെ അവിശ്വസനീയമാണ്; അപ്പോൾ, കാലുകളിലും മുഖത്തും ഓരോ തവണയും കൂടുതൽ പൊള്ളലുകൾ ഏറ്റുകൊണ്ട് അഞ്ചു പ്രാവശ്യം അങ്ങനെ ചെയ്യുകയെന്നു പറഞ്ഞാൽ അതു സങ്കൽപ്പിക്കാൻ കൂടി പറ്റുന്നില്ല! ഈ ധീര മൃഗത്തിന്റെ ചർമം പൊള്ളലേറ്റ് അരുണവർണം അഥവാ ചെമപ്പു നിറമുള്ളതായിത്തീർന്നതുകൊണ്ട് അതിനെ സ്കാർലെറ്റ് എന്നു വിളിച്ചു.
ഒരു അമ്മയ്ക്കു തന്റെ കുഞ്ഞുങ്ങളുമായുള്ള ഉറ്റബന്ധത്തെക്കുറിച്ചുള്ള ഈ ഹൃദയസ്പർശിയായ കഥ നോർത്ത് ഷോർ ആനിമൽ ലീഗിൽനിന്നും ലോകമെമ്പാടും പ്രക്ഷേപണം ചെയ്യപ്പെട്ടപ്പോൾ ഫോൺവിളികളുടെ ബഹളമായിരുന്നു. ജപ്പാൻ, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക എന്നീ വിദൂര സ്ഥലങ്ങളിൽനിന്നുൾപ്പെടെ 6,000-ത്തിലേറെ ആളുകൾ ഫോൺ വിളിച്ചു സ്കാർലെറ്റിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. 1,500-ഓളം പേർ സ്കാർലെറ്റിനെയും അവളുടെ കുഞ്ഞുങ്ങളെയും ദത്തെടുക്കാമെന്നു വാഗ്ദാനം ചെയ്യുകയുണ്ടായി. ഒരു പൂച്ചക്കുഞ്ഞ് പിന്നീടു ചത്തുപോയി.
സ്കാർലെറ്റ് ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയങ്ങളെ തൊട്ടുണർത്തി. ഒരു അമ്മയും തന്റെ കുഞ്ഞുങ്ങളും തമ്മിലുള്ള ഉറ്റബന്ധം സംബന്ധിച്ച സ്കാർലെറ്റിന്റെ ദൃഷ്ടാന്തം, ഗർഭാശയത്തിൽവെച്ചോ ജനിച്ച ഉടനെയോ കുഞ്ഞുങ്ങളെ ദ്രോഹപൂർവം കൊല്ലുന്ന ഇന്നത്തെ കോടിക്കണക്കിനു മാതാക്കളുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കുന്നില്ലേയെന്നു ചോദിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
North Shore Animal League